Wednesday, August 1, 2007

പാരഉപകാരം

പരോപകാരിയും മറ്റുള്ളവരുടെ വിഷമതകളില്‍ വല്ലാതെ സ്വയം വിഷമിക്കുകയും, തന്നാലാകുന്നതുപോലെ അവരെ സഹായിക്കാന്‍ മുന്വ്‌അരികയും ചെയ്യുന്ന പാവം ഈ മനുഷ്യസ്നേഹിയായ അലി, ഞങ്ങളുടെ സ്താപനത്തിലെ ഡ്രൈവര്‍ കം ലോക്കല്‍ പര്‍ച്ചേസറാണ്‌.

ഈ സ്വഭാവം അറിയാവുന്ന അലിയുടെ നാട്ടുകാരനും കൂട്ടുകാരനുമായ ചങ്ങാതിപ്പൂച്ച ഇത്തിരി ധനസഹായം ആവശ്യപ്പെട്ടു. അതും വെറും ഒരാഴ്ചത്തെ തിരിമറിക്ക്‌. അലിയും ഈയാഴ്ച ആരെയും സഹായിക്കാന്‍ പറ്റിയില്ലല്ലോയെന്ന്‌ നോക്കിയിരുന്ന്‌ മടുത്ത ഒരു കാളയാഴ്ചയായിരുന്നു അത്‌. അപ്പോഴാണ്‌ ചങ്ങാതിപ്പൂച്ചയുടെ വരവ്‌. ഇതില്‍പ്പരം സന്തോഷമുണ്ടോ. അലി ധനം കൊടുത്തൂ, ചങ്ങാതി വാങ്ങി. അലിയുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി തനിക്കും എന്തെങ്കിലും ചെയ്യണമല്ലോയെന്ന്‌ തലപുകഞ്ഞാലോചിച്ച ചങ്ങാതി ഉടനെതന്നെ ഒരു പേപ്പറെടുത്ത്‌ ഉടമ്പടി തയ്യാറാക്കി.

"അലിയില്‍ നിന്നും ഞാന്‍ ചങ്ങാതിപ്പൂച്ച വാങ്ങിയ തുകയായ 0000/- ഒരാഴ്ചക്കകം തിരികെത്തന്ന്‌ ബോദിപ്പിച്ച്‌കൊള്ളാം. എന്ന്‌...ഒപ്പ്‌"

ചങ്ങാതിയുടെ സന്തോഷത്തിന്‌ വേണ്ടി അലിയും ഏതാണ്ട്‌ കരാര്‍ ഒപ്പ്‌ വൈക്കുന്നതുപോലെ ഒപ്പ്‌ വച്ചു. കരാര്‍ അലിക്ക്‌ കൈമാറി, രണ്ടുപേരും ഹാപ്പിയായി പിരിഞ്ഞു.

മണിക്കൂറുകള്‍ ദിവസങ്ങളായി, ദിവസങ്ങള്‍ ആഴ്ചകളായി, അഴ്ചകള്‍ മാസങ്ങളായി പിന്നെ പതിവുപോലെ മാസങ്ങള്‍ വര്‍ഷങ്ങളുമായി, സ്വാഭാവികം. പക്ഷേ അലിയുടെ ചങ്ങാതിപ്പൂച്ചക്കുമാത്രം ഒരാഴ്ച ഇതുവരെയായില്ല. അലിയുടെ കണക്ക്‌ പ്രകാരം ഇപ്പോള്‍ വര്‍ഷം 16 കഴിഞ്ഞു.

ഈയ്യിടെ, ഞങ്ങളെല്ലാപേരും സൊറപറഞ്ഞിരിക്കുമ്പോള്‍ കടം കൊടുക്കല്‍ വാങ്ങല്‍ അതിനിടക്ക്‌ ഒരു സംസാരവിഷയമായി. എന്തോ പെട്ടെന്ന്‌ ഓര്‍ത്തിട്ടെന്നപൊലെ അലി തന്റെ പേഴ്‌സ്‌ എടുത്ത്‌ തന്റെ പഴയ റിക്കാര്‍ഡുകള്‍ പരിശോധിക്കുകയുണ്ടായി. അപ്പോഴാണ്‌, നമ്മുടെ അഞ്ചുരൂപാ നോട്ടുപോലെ, മേലാസകലം സെല്ലോടേപ്പ്‌ ഒട്ടിച്ച ഒരു പേപ്പര്‍കഷ്ണം കാണനിടയായത്‌. അതെടുത്ത്‌ കാണിച്ച്‌ എല്ലാപേരോടുമായി അലി ചോദിച്ചു,

"ഇതെന്താന്നറിയാമോ ?"
"എന്താത്‌ .. എന്താത്‌" എല്ലാപ്പെരും ആകാംശാഭരിതരായി."
ഞാന്‍ ഒരുത്തന്‌ കടം കൊടുത്തതിന്റെ കരാറാണ്‌. വര്‍ഷം 16 കഴിഞ്ഞു, ഇതുവരെ തിര്‍ച്ച്‌ കിട്ടിയിട്ടില്ല."
"ഇനിയിപ്പോള്‍ അത്‌ കിട്ടാനൊന്നും പോകുന്നില്ല. തരാനുള്ളവനാണെങ്കില്‍ ഇതിനുമുന്‍പ്‌ തന്നേനെ. നീ അത്‌ മറന്ന്‌ കളഞ്ഞേക്ക്‌ അലീ."
"ഏയ്‌, ഞാനതങ്ങനെ വിടന്‍ തീരുമാനിച്ചിട്ടില്ല. വര്‍ഷം എത്ര കഴിഞ്ഞാലും ഞാനത്‌ തിരികെ വാങ്ങും."
"ഇത്രേം വര്‍ഷം കഴിഞ്ഞിട്ടും കിട്ടാത്തതല്ലേ ഇനി കിട്ടാന്‍ പോകുന്നു"
ഞങ്ങളെല്ലാപേരും അതിന്റെ സാധ്യതകളെക്കുറിച്ച്‌ സംസാരിച്ചു.
"ഇത്‌ ഞാന്‍ വിടില്ല. അഥവാ അവന്‍ മരിച്ചുപോയല്‍ ഞാനീതുക അവന്റെ മകന്റെ കയ്യില്‍ നിന്നും വാങ്ങും, ഇനിയവന്റെ മകന്‍ മരിച്ചുപോയാല്‍ അവന്റെ മകന്റെ കയ്യില്‍ നിന്നും വാങ്ങും. എന്തായാലും ഇത്‌ വാങ്ങാതെ ഞാന്‍ വിടില്ല."
ഇതെല്ലാം കേട്ടിരുന്ന കാദര്‍ ...
"അപ്പോ, അലി നീയൊരു കാര്യം ചെയ്യ്‌ ഇതിന്റെ ഒരു കോപ്പിയെടുത്ത്‌ നിന്റെ മകന്റെ കയ്യില്‍ കൊടുക്ക്‌. അഥവാ നീ മരിച്ച്‌ പോയാല്‍ നിന്റെ മകന്‌ ഈ തുക തിരികെ വാങ്ങാമല്ലോ."
പെട്ടെന്ന്‌ പൊട്ടിയ കൂട്ടച്ചിരിയുടെ ഇടയില്‍ മോര്‍ച്ചറിയില്‍ നിന്നെടുത്ത്‌ പുറത്ത്‌ വച്ച വിളറി വെളുത്ത ശവത്തിന്റെ പോലുള്ള ഒരു മുഖവും അതില്‍ സൈക്കിളില്‍ നിന്ന്‌ വീണതുപോലുള്ള ഒരു ചിരിയും ഞങ്ങള്‍ കണ്ടു... പരോപകാരി അലിയുടേത്‌..

വാല്‍ : ചങ്ങാതിയെ വിളിച്ച്‌ കാശ്‌ ചോദിച്ചതും അതിന്റെ തര്‍ക്കങ്ങളുടെയും അവധിപറച്ചിലിന്റെയും മൊബൈല്‍ ബില്‍ തുക ഇതിലും കൂടുതലായി എന്നാലും "മേ ഉസ്സെ നഹീ ചോടുങ്കാ."

1 comment:

മുക്കുവന്‍ said...

കൊള്ളാം.. ബംഗ്ലൂരിലെ 10 വര്‍ഷക്കാല ജീവിതത്തില്‍ എന്നെയും കുറെ സുഹ്രുത്തുക്കള്‍ പറ്റിച്ചു. ഞാന്‍ പിന്നെ എഴുതി വച്ചില്ല. ഒരുതത്തന് കൊടുത്ത തുക മാത്രം ഓര്‍ക്കുന്നു അത് എന്റെ ഒരു മാസത്തെ ശംബളം ആയതുകൊണ്ടുമാത്രം. അതുകൊണ്ട് ബാംഗ്ലൂരില്‍ അയല്‍പക്കക്കാരനു കടം കൊടുക്കുന്വോള്‍ സൂക്ഷിക്കുക!

Related Posts Plugin for WordPress, Blogger...

Popular Posts