Wednesday, August 29, 2007

പട്ടിയുണ്ട്‌ ... സൂക്ഷിക്കുക


ഗേറ്റിനോട്‌ ചേര്‍ന്ന മതിലിലെ നാമഫലകത്തില്‍ സ്വര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ഗ്ര്യഹനാഥന്റെ പേര്‌...റ്റി.കെ.ബേബി [ഇന്‍]. ("ഇന്‍/ഔട്ട്‌"ലെ ഇന്‍). അല്‍പം താഴെയായി കറുപ്പില്‍ വെളുത്ത അക്ഷരമുള്ള ഒരു ബോര്‍ഡുകൂടെയുണ്ട്‌..."കടിക്കുന്ന പട്ടിയുണ്ട്‌ ... സൂക്ഷിക്കുക". നാട്ടുകാരുടെ നന്മയെക്കരുതി ഗ്ര്യഹനാഥന്‍ വച്ച ഈ ബോര്‍ഡിനെ, സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയുമുള്ള നമ്മുടെ സാട്ടുകാര്‍ ഇത്തിരി വളഞ്ഞ സെന്‍സിലാണെടുത്തത്‌.

തന്നെപ്പോലെ തന്റെ അയല്‍ക്കാരനെമാത്രമല്ല, അയല്‍ക്കാരിയെയും അയല്‍ക്കാരന്റെ ഉറുമ്പിനെയും വരെ സ്നേഹിക്കുന്ന പ്രകൃതക്കാരനായ ബേബിയെ, ഇന്നേവരെ ഒരു കുട്ടിക്കുപോലും "അ" എന്നൊരക്ഷരം പറഞ്ഞുകൊടുത്തിട്ടില്ലാത്ത ബേബിയെ എല്ലാപേരും "ബേബിസാര്‍" എന്ന്‌ സ്നേഹപുരസരം വിളിച്ചിരുന്നു. ബഹുമാനിച്ചിരുന്നു.

ജോലിയുള്ളതിനാലും കെട്ടിച്ചയച്ചതിനാലും സന്താനഗോപാലങ്ങള്‍ പലയിടങ്ങളിലായി കഴിഞ്ഞുകൂടുന്നു. പള്ളിപ്പെരുന്നാളിനൊ ക്രിസ്തുമസ്സിനൊ ഈസ്റ്ററിനൊ ഒക്കെ വരുന്ന ഗസ്റ്റ്‌ ആര്‍ടിസ്റ്റുകളാണ്‌ ഇവര്‍. മി. അന്റ്‌ മിസ്സിസ്സ്‌. ബേബിസാറും വാവിനും സംക്രാന്തിക്കും വരുന്ന ഒരു ജോലിക്കാരിയുമാണ്‌ "ലില്ലി കോട്ടേജിലെ" അന്തേവാസികള്‍.

ഇവരെക്കൂടാതെ ഒരു മെംബര്‍ കൂടെയുണ്ട്‌ ഇവിടെ..."ജിമ്മി". ബേബിസാറിന്റെ സന്തതസഹചാരിയായ അല്‍സേഷന്‍. ഊട്ടിയാണ്‌ സ്വദേശം. മോളും കെട്ടിയവനും വന്ന സന്തോഷത്തില്‍ കുടുംബസമേതം ഊട്ടിക്ക്‌ പോയിവരുമ്പോള്‍ വാങ്ങിയതാണ്‌. കൊണ്ടുവരുമ്പോള്‍ ഒരു പെരുച്ചാഴിയുടെയത്രയേ ഉണ്ടായിരുന്നുള്ളു. അണ്ണാച്ചിമാരുടെ തൈര്‌സാതവും സാമ്പാറുമല്ലേ തീറ്റ. ബേബിസാറിന്റെ സ്പെഷ്യല്‍ റെസിപ്പികള്‍ പെരുച്ചാഴി ജിമ്മിയെ "അര്‍ണോള്‍ഡ്‌ ശിവശങ്കരന്‍" ചേട്ടനെപ്പോലെയാക്കി.

അടുത്തെങ്ങും തന്നെപ്പോലെ കുടുംബമഹിമയുള്ള വാലെടുപ്പുള്ള (പോരാത്തതിന്‌ ബോണ്‍ അന്റ്‌ ബ്രോട്ടപ്‌ ഇന്‍ ഊട്ടി) ഒരു ശുനകനില്ലയെന്നത്‌ ജിമ്മിയെ അധികം താമസിയാതെ ഒരു ഒറ്റയാനാക്കിമാറ്റി. ഇടക്കൊക്കെ ബേബിസാറിന്റെ കണ്ണുവെട്ടിച്ച്‌ ഗേറ്റിന്‌ പുറത്തിറങ്ങി അല്ലറചില്ലറ കുരുത്തക്കേടുകളൊക്കെ കാണിച്ചു വന്നു. ആ ഏരിയയിലുള്ള പല ശുനകഫാമിലിയിലും ജിമ്മിയുടെ അവിഹിതഗര്‍ഭം കാരണം കുടുംബകലഹമുണ്ടായി. അങ്ങനെ ഇനിഷ്യല്‍ ഇല്ലാത്ത ഒരുപാട്‌ നാടന്‍-അല്‍സേഷനുകള്‍ക്ക്‌ ജന്മം നല്‍കി എം.എന്‍.നമ്പ്യാരെപ്പോലെ വില്ലനായി വിലസുന്ന കാലം...

അന്യഭാഷാ കറ്റഗറിയില്‍ ഞായറാഴ്ച ഉച്ചക്ക്‌ ദൂരദര്‍ശനില്‍ വന്ന "ആട്ടുക്കാര അലമേലു" വിന്റെ ആട്‌ ജീപ്പിനെ തലകൊണ്ട്‌ മുട്ടി നിര്‍ത്തിക്കുന്ന രംഗം കണ്ട്‌ പ്രചോദിതനായ ജിമ്മി ഒരുനാള്‍ അതുവഴി തടി കയറ്റി വന്ന പാണ്ടിലോറിയെ അതുപൊലെ ഒന്നു നിര്‍ത്താന്‍ ശ്രമിച്ചു. ലോറി നിര്‍ത്താന്‍ പറ്റിയില്ല എന്നുമാത്രമല്ല, ചുറ്റുവട്ടത്തുള്ള ഒരുപാട്‌ ശുനകികളെ വിധവയാക്കി കണ്ണീരിലാഴ്‌ത്തി "സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നൂ.." പാട്ടും പാടി, റോഡില്‍ പോസ്റ്ററൊട്ടിച്ചപോലെ കിടന്നു. (ഫിലിം റ്റെക്‍നോളജിയെക്കുറിച്ച്‌ ഈ ജിമ്മിക്കെന്തറിഞ്ഞിട്ടാണ്‌. വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ.)

സന്തതസഹചാരിയുടെ വിയോഗത്തില്‍ മനംനൊന്തു കഴിയുന്ന ബേബിസാറിന്റെ അവസ്ഥ "കുരങ്ങന്‍ ചത്ത കുറവനെപ്പോലെ" ആയി. ആ അവസ്ഥക്കൊരു മാറ്റമുണ്ടായത്‌ അയല്‍വാസി കുമാരന്‍ മുഖേനയാണ്‌.

"ബേബിസാറേ, പോയത്‌ പോയി. ഇനി അതൊന്നും ആലോചിച്ചിരുന്നിട്ട്‌ ഒരു കാര്യവുമില്ല. നമ്മുടെ ജിമ്മിക്ക്‌ ദൈവം അത്രയേ ആയുസ്സ്‌ വച്ചുള്ളൂ എന്നു കരുതിയാല്‍ മതി."
"എന്നാലും എന്റെ കുമാരാ, അവന്റെ നഷ്ടം..എനിക്കങ്ങോട്ട്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല."
"വിഷമിക്കാതെ സാറേ. കടുക്കറയിലെ വേലപ്പന്‍ ഒരു പട്ടിയെ വില്‍ക്കാനുണ്ടെന്ന്‌ പറഞ്ഞു. നല്ലയിനമാ. സാറിന്‌ താല്‍പര്യമുണ്ടെങ്കില്‍ പോയി നോക്കാം."
"ഇവനൊക്കെ എന്റെ ജിമ്മിയോളം വരുമോ കുമാരാ. ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്‌." ("സത്യത്തില്‍ ബാലന്‍ കെ. നായരോളം വരുമോ മേഘനാഥന്‍" എന്നാണ്‌ ചോദിക്കേണ്ടിയിരുന്നത്‌. അമ്മാതിരി അക്രമങ്ങളല്ലേ കാട്ടിക്കൂട്ടിയിരുന്നത്‌.)

ജിമ്മിയെപ്പോലെയല്ലെങ്കിലും ആ വിടവ്‌ നികത്താന്‍ ഒന്നിനെ വാങ്ങിക്കാമെന്ന് ഒടുവില്‍ തീരുമാനമായി.

പട്ടിയെ വാങ്ങാന്‍ വന്ന ബേബിസാറിന്റെയും കുമാരന്റേയും മുന്നില്‍ വേലപ്പന്‍ വാചാലനായി. "ടോണി"യുടെ ഗുണഗണങ്ങള്‍ വിവരിച്ചു തുടങ്ങിയ വേലപ്പന്‍ ടോണിയുടെ മൂന്ന്‌ തലമുറ മുന്‍പുള്ള മുതുമുത്തച്ചന്റെ ഫമിലിയെക്കുറിച്ച്‌ വരെ വിസ്തരിച്ചു.

കക്ഷി സങ്കരയിനമാണ്‌. ബോക്സറുടെയും ഡോബര്‍മാന്റെയും (ജാര)സന്തതിയാണ്‌. ബോക്സര്‍ മാനാനെന്നോ, ഡോക്സറെന്നോ ഒക്കെ സൗകര്യം പോലെ വിശേഷിപ്പിക്കാം.

രാജകീയ പ്രൗഡിയോടെ ലില്ലി കോട്ടേജില്‍ കഴിഞ്ഞിരുന്ന ഇവന്‍, പേരും ഊരും ഇല്ലാതെ നടക്കുന്ന നമ്മുടെ നാടന്മാരുടെ ഇടയില്‍ ഒരു കാഴ്ചവസ്തുവായിയെന്നത്‌ പിന്നെ പറയേണ്ടല്ലോ. വായില്‍ വെള്ളിക്കരണ്ടിയുമായല്ലേ ജീവിതം, സ്വാഭാവികമയും ടോണി വളരുന്നതോടൊപ്പം അഹങ്കാരവും വളര്‍ന്നു.

"ഇവളെപ്പേടിച്ചതുവഴിയാരും നടപ്പതില്ലാ" എന്ന്‌ കവി പാടിയപോലെയായി അവസ്ത. വഴിയേ പോകുന്ന ഒരാളെയും വെറുതെ വിടാതെ 100 മീറ്ററിലും ഹര്‍ഡില്‍സിലും കോച്ചിംഗ്‌ കൊടുക്കുകയെന്നതായി ടോണിയുടെ ഇഷ്ടവിനോദം.

മാസങ്ങള്‍ വീണ്ടും കൊഴിഞ്ഞു. വളരുന്തോറും ടോണിയുടെ സ്വഭാവം മാത്രമല്ല രൂപവും മാറി. "വിത്തുഗുണം പത്തുഗുണം" എന്നല്ലേ. ടോണിയും വിത്തിന്റെ ഗുണം കാണിക്കാന്‍ തുടങ്ങി. ഉത്തരങ്ങള്‍ കാത്തുകിടന്ന സംശയങ്ങള്‍ക്കറുതി വരുത്തിയതും കണ്‍ഫിര്‍മേഷന്‍ സര്‍റ്റിഫിക്കേറ്റ്‌ കൊടുത്തതും കണ്ണന്നൂരിലെ മ്ര്യഗവൈദ്യന്‍.

"ഇത്‌ സങ്കരയിനമൊന്നുമല്ല. ഏതോ ലോക്കല്‍. നിങ്ങളെയാരോ പറ്റിച്ചതാണ്‌."

ഇനിയിപ്പോള്‍ വേലപ്പനെയെവിടെ തപ്പും. തനിക്ക്‌ ആവശ്യമില്ലാത്ത കാര്യമാണെങ്കില്‍ വേലപ്പന്‍ പഴയ ഒരു പരസ്യവാചകംപോലെയാണ്‌ "പൊടിപോലുമില്ല കണ്ടുപിടിക്കാന്‍". വേലപ്പനെക്കണ്ടിട്ട്‌ കാര്യമില്ലെന്ന്‌ നറിയാവുന്ന ബേബിസാറ്‌, കാര്‍ഷികകടം റൈറ്റോഫ്‌ ചെയ്തതുപോലെ ജാരസന്തതിയുടെ കാശും റൈറ്റോഫ്‌ ചെയ്തു.

അന്നുമുതല്‍ ബേബിസാറിന്റെ പ്രാര്‍ത്ഥനയില്‍ രണ്ട്‌ വരികൂടെ കൂടി.

"ഒരിക്കല്‍കൂടി ദൂരദര്‍ശനില്‍ "ആട്ടുക്കാര അലമേലു" വരണേ."
"പാണ്ടിലോറി പിടിച്ചു നിര്‍ത്താന്‍ ടോണിക്കും തോന്നണേ."

അതിനുശേഷം ബേബിസാര്‍ പട്ടിവളര്‍ത്താന്‍ മിനക്കെട്ടില്ലയെന്നു മാത്രമല്ല, ബാബുനമ്പൂതിരിയെപ്പോലെ "സങ്കരയിനം എന്ന്‌ കേട്ടപ്പഴേ കരണത്തടിച്ചപോലെ" സ്ഥലം കാലിയാക്കാറാണ്‌ പതിവ്‌.

"കഴു...മോന്‍, അവന്റെയൊരു സങ്കരയിനം. ശരിക്ക്‌ അവനെയാണ്‌ അങ്ങനെ പറയേണ്ടത്‌. കായംകുളം കൊച്ചുണ്ണിയുടെയും വെള്ളായണി പരമുവിന്റെയും സങ്കരയിനം."

ഹൗവെവര്‍, വേലപ്പനെക്കുറിച്ച്‌ പറയുമ്പോഴൊക്കെ ബേബിസാര്‍ വയലന്റാകാറുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷവും.

വാല്‍ : കിരീടവും ചെങ്കോലും നഷ്ടപ്പെട്ട്‌ രാജ്യത്തുനിന്ന്‌ പടിയടച്ച്‌ പിണ്ഡം വച്ച രാജാവിനെപ്പോലെ കുറച്ച്‌ നാള്‍ ടോണിയെ ചന്തയുടെ പരിസരത്ത്‌ കണ്ടിരുന്നു. പിന്നെയാരും കണ്ടിട്ടില്ല.

4 comments:

അലമ്പന്‍ said...

..."കടിക്കുന്ന പട്ടിയുണ്ട്‌ ... സൂക്ഷിക്കുക". നാട്ടുകാരുടെ നന്മയെക്കരുതി ഗ്ര്യഹനാഥന്‍ വച്ച ഈ ബോര്‍ഡിനെ, സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയുമുള്ള നമ്മുടെ സാട്ടുകാര്‍ ഇത്തിരി വളഞ്ഞ സെന്‍സിലാണെടുത്തതെന്ന്‌ മാത്രം.

SUNISH THOMAS said...

ഞങ്ങളുടെ നാട്ടിലും ഇതുപോലെ പട്ടിയുള്ള ഒരു സാറുണ്ട്.

കൈസര്‍ കം ഹിയര്‍ എന്നു പറഞ്ഞാല്‍ പട്ടി അതുവഴി കാണുനന്നവരെ പോയി കമ്മും (കടിക്കും!)
അതായിരുന്നു ഇനം.

അവസാനം സഹികെട്ട നാട്ടുകാരു പുള്ളിക്കാരനൊരു പേരിട്ടു.

പട്ടിസാര്‍.

ഇപ്പോള്‍ അങ്ങനെ പറഞ്ഞാലേ റേഷന്‍ കടക്കാരു പോലും അറിയൂ...!

പോസ്റ്റ് നന്നായിട്ടുണ്ട് കെട്ടോ...
:)

ഏ.ആര്‍. നജീം said...

ഈ അര്‍‌നോള്‍ഡ് ഷോസ്‌നഗ്.....
ഇതൊക്കെ എങ്ങിനെ പറയും എന്നു വിചാരിച്ചിരിക്കുകയായിരുന്നു
എന്തായാലും അതു നന്നായി. അര്‍‌നോള്‍ഡ് ശിവശങ്കരന്‍..ഹഹാ

ഖാന്‍പോത്തന്‍കോട്‌ said...

കൊള്ളാം

Related Posts Plugin for WordPress, Blogger...

Popular Posts