Wednesday, August 15, 2007

ആത്മഹത്യോമാനിയ 2


നേരത്തേ പറഞ്ഞല്ലോ... പിന്നേയും രണ്ട്‌ മാസം കാത്തിരിക്കേണ്ടി വന്നു പപ്പണ്ണന്‌ മനസ്സമാധാനത്തോടെ ഒന്ന്‌ ആത്മഹത്യ ചെയ്യാന്‍....

കാര്യകാരണങ്ങള്‍ പഴയതുതന്നെ, പപ്പണ്ണന്റെ റ്റെന്റന്‍സിയും പഴയതുതന്നെ, മാര്‍ഗ്ഗമാണ്‌ പുതിയത്‌. ലക്ഷ്യം എന്തായാലും മാര്‍ഗ്ഗമാണല്ലോ പ്രധാനം എന്നല്ലേ. എന്താണെന്നറിയില്ല ഒരിക്കല്‍ പരീക്ഷിച്ച്‌ പരാജയപ്പെട്ടതിനോട്‌ പപ്പണ്ണന്‌ വല്ലാത്ത വെറുപ്പാണ്‌. തന്നെ ചതിച്ചതുകൊണ്ടുള്ള ദേഷ്യമാകാം, കഴിഞ്ഞ അറ്റെംറ്റിന്റെ കയ്പ്പേറിയ ഓര്‍മ്മകളാകാം അതുമല്ലെങ്കില്‍ പുതുമയോടുള്ള അടങ്ങാത്ത ആക്രാന്തമാകാം. വാട്ടെവര്‍ ...

ഒരു ദിവസം, മൂവന്തി നേരത്ത്‌ പതിവുസേവയും കഴിഞ്ഞ്‌, ഇന്നലെ അളന്ന്‌ തിട്ടപ്പെടുത്തിവച്ച റോഡിന്റെ അളവ്‌ ശരിയാണോയെന്ന്‌ ഒന്നുകൂടെ അളന്ന്‌ വരികയായിരുന്നു പപ്പന്‍. സ്വന്തം കൂരയ്ക്കടുത്തെത്തിയ പപ്പന്റെ സകലമാന കാല്‍ക്കുലേഷനേയും തെറ്റിച്ച ഹ്യ്‌രദയഭേധകമായ കാഴ്ച കണ്ട്‌ അളന്ന അളവും തെറ്റി എണ്ണിയ എണ്ണവും തെറ്റി, സ്വാഭാവികമായും ഇത്‌ രണ്ടും തെറ്റിയ പപ്പന്റെ സമനിലയും തെറ്റുമല്ലോ...അതും തെറ്റി.

പപ്പനെ സ്വീകരിച്ച കാഴ്ച മറ്റൊന്നുമല്ല, സ്വന്തം ഭാര്യ ലീല മറ്റൊരുവനുമായി വേലിക്കരുകില്‍ നിന്ന്‌ സംസാരിക്കുന്നു.

"ഞാനിവിടെയുള്ളപ്പോള്‍, വരാന്‍ ഇത്തിരി വൈകിയപ്പോള്‍ അവള്‍ വേലിക്കരുകില്‍ നിന്ന്‌ ആരോടോ കൊഞ്ചിക്കുഴയുന്നു." ഇത്‌ പപ്പന്റെ സ്റ്റേറ്റ്‌മെന്റ്‌.

"ഇതു കേട്ടാ, എന്റെ അനിയനെപ്പൊലെ കരുതുന്ന ആ ചെറുക്കനോട്‌ സുഖ വിവരം അന്വേഷിച്ചതിനാണ്‌ ഈ മനുഷ്യന്‍ ഇങ്ങനെ പറയുന്നത്‌." (ഇത്‌ സത്യവുമാണ്‌) ഇത്‌ ലീലയുടെ സ്റ്റേറ്റ്‌മെന്റ്‌.

എന്തായാലും അന്നത്തെ സായഹ്ന സംപ്രേഷണത്തിനുള്ള എപിസോഡ്‌ റെഡി. ഇനി പ്രേക്ഷകര്‍ക്കുള്ള മുന്നറിയിപ്പെന്നോണം മുഴങ്ങേണ്ട ഭക്തിഗാന (ലീലയുടെ കാറലും പിള്ളേരുടേ കീറലും) ത്തിന്റെ താമസമേയുള്ളൂ ... ഷോ തുടങ്ങുകയായി. പ്രേക്ഷകര്‍ ഒറ്റയായും ഇരട്ടയയും പിന്നെ കൂട്ടമായും അങ്ങോട്ട്‌ ഓടിയും നടന്നും എത്തുകയായി.

("ഗണപതി ഭഗവാന്‍ ശരണം ശരണം...", ആനപ്പാറ മുരളിയില്‍ നിനിമ തുടങ്ങുന്നതിനുമുന്‍പ്‌ പതിവായി വയ്കാറുള്ള ഭക്തിഗാനമാണിത്‌. അതുവരെ അടുത്ത പെട്ടിക്കടയിലും തട്ടുകടയിലും ബീഡിയും വലിച്ച്‌ മുറുക്കാനും ചവച്ച്‌ കറങ്ങി നടക്കുന്ന അണ്ണന്മാര്‍ക്കുള്ള അവസാന അറിപ്പായും ഇതിനെ കണക്കാക്കാം. പിന്നെയെല്ലാം പെട്ടെന്നായിരിക്കും. മുണ്ടും മടക്കിക്കുത്തീ നേരെ തിയേറ്ററിനുള്ളിലേക്ക്‌. പോകുന്ന പോക്ക്‌ കണ്ടാല്‍ തോന്നും ഭക്തി തലക്ക്‌ പിടിച്ച്‌ ഭഗവാനെ കാണാന്‍ മുട്ടിയിട്ട്‌ പോകുന്നതാണെന്ന്‌)

പതിവു ഭജനക്ക്‌ ശേഷം, അവാര്‍ഡ്‌ സിനിമപോലെ തുടങ്ങി (പക്ഷേ ഡയലോഗുണ്ട്‌) പപ്പന്റെ മാസ്റ്റര്‍പീസ്‌ ഐറ്റം പുറത്തെടുത്തുകഴിഞ്ഞാല്‍ പിന്നെ ഹോളീവുഡ്‌ ആക്ഷന്‍ സിനിമയുടെ ക്ലൈമാക്സ്‌ പോലെയും ആയതിനാല്‍ പ്രേക്ഷകര്‍ കുടുതലുള്ളതും താല്‍പര്യവും ക്ലൈമാക്സിലാണ്‌.

പലപല അറ്റംറ്റുകള്‍ നടത്തി ദയനീയമായി പരാജയപ്പെട്ട പപ്പന്‍ "എന്നെ തോല്‍പ്പിക്കാനാവില്ല മക്കളേ..." എന്ന്‌ വടക്കന്‍ വീരഗാഥ സ്റ്റെയിലില്‍ ഇത്തവണ പുതിയ പരിപാടിയാണ്‌ ആസൂത്രണം ചെയ്തിരുന്നതെന്ന്‌ പാവം നാട്ടുവാസികള്‍ക്കോ ലീലക്കോ മക്കള്‍ക്കോ അറിയില്ലായിരുന്നു.

തീപ്പെട്ടിക്കൊള്ളിക്ക്‌ തൊപ്പി വയ്ക്കാന്‍ ഉപയോഗിച്ചിരുന്ന വെടിമരുന്ന്‌ കൂട്ടാണ്‌ പപ്പന്‍ ഇത്തവണ തിരഞ്ഞെടുത്തത്‌. എന്തിലും ഏതിലും പുതുമ ഇഷ്ടപ്പെടുന്ന ആളാണ്‌ പപ്പന്‍. അല്ലെങ്കില്‍പ്പിന്നെ താന്‍ കഴിക്കുന്ന മദ്യം ഡൈല്യൂട്ട്‌ ചെയ്യാന്‍ എല്ലാപേരും ചെയ്യുന്നപോലെ വെള്ളം ഒഴിക്കാതെ ആസിഡ്‌ ഒഴിക്കുമോ?. (ഇതും ഒരു അറ്റംറ്റായിരുന്നു)

മാസത്തിലൊരിക്കല്‍ ശമ്പളം കൊടുക്കന്‍ വരുന്ന മുതലാളിയെപ്പോലെയോ, ഗസ്റ്റ്‌ റോളില്‍ വരുന്ന താരത്തെപ്പോലെയോ ഇടക്കിടക്ക്‌ പപ്പന്റെ മൂഡിനനുസരിച്ച്‌ ലീല പണിക്ക്‌ പോകാറുള്ള തീപ്പെട്ടി ഫക്റ്ററിയില്‍ നിന്ന്‌, ലീലയെ സൂപ്പര്‍വൈസ്‌ ചെയ്യാനെന്ന ഭാവേന ഇടക്കിടക്ക്‌ സര്‍പ്രൈസ്‌ വിസിറ്റ്‌ നടത്താറുള്ള പപ്പന്‍ അവിടന്ന്‌ ഒപ്പിച്ചതാണ്‌ ഈ സാധനം (മോഷ്ടിച്ചതല്ല കേട്ടോ...ആരും കാണാതെയെടുത്താതാണെന്ന്‌ പിന്നെ പപ്പന്‍ തന്നെ കുറ്റസമ്മതം നടത്തി...നാല്‌ മാസങ്ങള്‍ക്ക്‌ ശേഷം).

കലാശക്കളിക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി പപ്പന്‍ പതിവുപോലെ മുറിക്കക്കത്തുകയറി വാതിലടച്ചു. പതിവുനിലവിളികള്‍ നാട്ടുകാരോടുള്ള അഭ്യര്‍ത്ഥനകള്‍, അതുകേട്ട നാട്ടുകാരുടെ പിന്‍തിരിപ്പിക്കല്‍ ശ്രമങ്ങള്‍ താക്കീതുകള്‍ ഭീഷണികള്‍ എന്നുവേണ്ട അന്തരീക്ഷം ആകെ ശബ്ദമുഖരിതം.

മരണക്കിണറില്‍ ബൈക്ക്‌ ഓടിക്കാന്‍ നില്‍ക്കുന്നവനെപ്പോലെ പപ്പന്‍ മുറിക്കകത്ത്‌ ഒന്നുരണ്ടു തവണ അങ്ങോട്ടുമിങ്ങോട്ടും നടന്ന്‌ മുറിയുടെ സേഫ്റ്റി ഉറപ്പുവരുത്തി. കൂടിനിന്നവരൊക്കെ തങ്ങളാലാകുംവിധം പറയുന്നത്‌ ത്രിണവല്‍ക്കരിച്ചുകൊണ്ട്‌ ഭീഷണിയുടെ ഒന്നാം ഖട്ടമെന്നോണം മിശ്രിതം തലയിലേക്ക്‌ കമിഴ്‌ത്തി. ജനാലയിലൂടെ പുറത്തേക്ക്‌ നോക്കി കൂടിനിന്നവരോട്‌ ഒന്നാര്‍ത്തട്ടഹസിച്ചു. രണ്ടം ഖട്ടമെണോണം തീപ്പെട്ടിയില്‍നിന്ന്‌ ഒരു കൊള്ളി കയ്യിലെടുത്ത്‌ ഒന്നുരച്ചു. പിന്നെയെല്ലാം ഞൊടിയിടയില്‍ കഴിഞ്ഞു.

പപ്പന്റെ വീടിരിക്കുന്നത്‌ അധികം ആള്‍വാസമില്ലാത്ത സ്ഥലമായതിനാലും വീട്ടില്‍ സാധാരണയായി മണ്ണെണ്ണ വിളക്കാണ്‌ ഉപയോഗിക്കുന്നതിനാലും അത്യാവശ്യത്തിന്‌ ഇരുട്ട്‌ ഉണ്ടായിരുന്ന ആ ഏരിയ പെട്ടെന്ന്‌ ഉത്സവപ്പറമ്പുപൊലേ ഒരു നിമിഷത്തേക്ക്‌ പല നിറത്തില്‍ പ്രകാശമാനമാവുകയും അപ്പോള്‍ തന്നെ കറന്റ്‌ പോയതുപൊലെ ഇരുളടയുകയും ചെയ്തു. ദീപാവലിക്ക്‌ മത്താപ്പൂ കത്തിച്ചതുപോലെ ഒന്നു കത്തി കെട്ടടങ്ങി, പിന്നെ എല്ലാം ശന്തം.

പപ്പന്‍ ബോധമില്ലാതെ കിടക്കുകയാണ്‌ (അത്‌ മുന്‍പും ഇല്ലായിരുന്നല്ലോ). സലിമിന്റെ വണ്ടിവന്നു, എല്ലാപേരും കൂടെ കക്ഷിയെ പൊക്കി ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന്‌ രാവിലെ ആശുപത്രിയിലെ മറ്റന്തേവാസികളേയും കുറച്ച്‌ പരിസരവാസികളേയും ഉണര്‍ത്തിക്കൊണ്ടാണ്‌ പപ്പന്‌ ബോധം വന്നത്‌. അമ്മാതിരി നിലവിളിയോടെയാണ്‌ ബോധം പപ്പന്‌ തിരിച്ച്‌ കിട്ടിയത്‌. ഇരിക്കാനും നില്‍ക്കാനും കിടക്കാനും എന്തിന്‌ സ്വന്തമായിട്ട്‌ ഒരു ബീഡി വലിക്കാനോ മുണ്ടുടുക്കാനോ പോലും പറ്റാത്ത അവസ്തയിലായി പപ്പന്‍. ത്രിശങ്കുസ്വര്‍ഗ്ഗത്തിലായിയെന്ന്‌ പറഞ്ഞാമതിയല്ലോ. വല്ലാത്തൊരവസ്തയില്‍ കുറച്ചുനാള്‍ ആശുപത്രിയിലും പിന്നെ സ്വഭവനത്തില്‍ ലീലയുടെ പരിചരണത്തില്‍ കഴിച്ചുകൂട്ടിയ പപ്പന്‍ കുറച്ചൊന്നുമല്ല നന്നായത്‌. ദുര്‍ഗ്ഗുണപരിഹാരപാഠശാലയില്‍ നിന്ന്‌ മോചനം കിട്ടിയവനെപ്പോലെ, അത്രക്കങ്ങ്‌ നന്നായി. തീപ്പെട്ടിക്കൊള്ളി കത്തിക്കാന്‍ തോന്നിയ ആ ഒരു ക്ഷണത്തെ വല്ലാതങ്ങ്‌ ഭയപ്പെടുകയും വെറുക്കുകയും ചെയ്തു.

ഇപ്പോള്‍ ആത്മഹത്യയെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ തന്നെ പപ്പന്റെ ഫ്ലാഷ്‌ബാക്കില്‍ ഈസ്റ്റ്‌മാന്‍ കളറില്‍ തെളിയുന്ന ഒരു സീനുണ്ട്‌. ആശുപത്രിയില്‍ നിന്ന്‌ കിട്ടിയ പൊള്ളലിന്‌ തേയ്ക്കുന്ന നീലമഷി അഞ്ചിഞ്ച്‌ ബ്രഷില്‍ മുക്കി വീട്‌ വൈറ്റ്‌ വാഷ്‌ ചെയ്യുന്നപോലെ തന്റെ ദേഹമാസകലം ബ്ലൂ വാഷ്‌ ചെയ്യുന്ന രംഗം.

ആശുപത്രിയില്‍ നിന്ന്‌ വിട്ടയച്ച പപ്പന്‍ കോവില്ലൂരില്‍ പോപ്പുലറായത്‌ വളരെ പെട്ടെന്നായിരുന്നു. ലോകത്ത്‌ ഇന്നേവരെ കണ്ടുപിടിച്ചിട്ടുള്ളതും ഇനി കണ്ടുപിടിക്കാനിരിക്കുന്നതുമായ സകലമാന രാജ്യങ്ങളുടെയും എന്തിന്‌ ദ്വീപുകളുടെയും വരെ ഭൂപടവും കൊണ്ടല്ലേ കക്ഷി പിന്നെയുള്ള കുറേക്കാലം നടന്നിരുന്നത്‌. (ചരിത്രവിദ്യാര്‍ത്ഥികള്‍ അധികമില്ലാതിരുന്ന കോവില്ലൂരില്‍ ഒരു എന്‍സൈക്ലോപീഡിയ ആകാന്‍ പറ്റിയില്ല എന്നതൊരു ദുഃഖസത്യമാണെങ്കിലും.)

അതിനുശേഷം പപ്പന്‍ ഒരു തീരുമാനമെടുത്തു ഇനിയെന്ത്‌ തന്നെ സംഭവിച്ചാലും അതിന്‌ ആത്മഹത്യ ഒരു പരിഹാരമായി കാണില്ല എന്ന്‌ മുടിപ്പുരദേവിയെക്കൊണ്ട്‌ സത്യവും ചെയ്തു. സത്യം ഇന്നുവരെ പാലിച്ച്‌ പോരുന്നുമുണ്ട്‌.

പിന്നെ പതിവു കലാപരിപാടികള്‍ക്കൊരു ഫുള്‍സ്റ്റോപ്പ്‌ വയ്ക്കുന്നതിനോട്‌ പപ്പന്‌ എന്തുകൊണ്ടോ യോജിക്കാന്‍ സാധിച്ചില്ല. അതൊക്കെ ഇപ്പോഴും മുറക്കങ്ങനെ നടന്നുപോകുന്നു. ചട്ടിയും കലവുമാകുമ്പോള്‍ ചിലപ്പോള്‍ തട്ടിയെന്നും മുട്ടിയെന്നും മുട്ടിയതില്‍ വക്ക്‌ പൊട്ടിയെന്നുമിരിക്കും. അതിലൊന്നും നമ്മള്‍ നാട്ടുകാര്‍ തലയിടാന്‍ പാറ്റില്ല. അവര്‍ക്കും വേണ്ടേ ഇത്തിരി പ്രൈവസിയൊക്കെ.

ഈശ്വരാാാ... ഇനിയൊരിക്കലും പാപ്പന്‌ ആത്മഹത്യാ പ്രവണത തോന്നിപ്പിക്കല്ലേ...

വാല്‍ : ആരു പറഞ്ഞു ദുഃശ്ശീലങ്ങളൊന്നും നിര്‍ത്താന്‍ പറ്റില്ലാന്ന്‌. കിട്ടേണ്ടത്‌ കിട്ടി തോന്നേണ്ടത്‌ തോന്നിയാല്‍ എല്ലാം മംഗളം.

3 comments:

ഉറുമ്പ്‌ /ANT said...

nanaayi.!

പുള്ളി said...

കൊള്ളാം, നര്‍മ്മം ഇഷ്ടപ്പെട്ടു :)

കുഞ്ഞന്‍ said...

("ഗണപതി ഭഗവാന്‍ ശരണം ശരണം...", ആനപ്പാറ മുരളിയില്‍ നിനിമ തുടങ്ങുന്നതിനുമുന്‍പ്‌ പതിവായി വയ്കാറുള്ള ഭക്തിഗാനമാണിത്‌. അതുവരെ അടുത്ത പെട്ടിക്കടയിലും തട്ടുകടയിലും ബീഡിയും വലിച്ച്‌ മുറുക്കാനും ചവച്ച്‌ കറങ്ങി നടക്കുന്ന അണ്ണന്മാര്‍ക്കുള്ള അവസാന അറിപ്പായും ഇതിനെ കണക്കാക്കാം. പിന്നെയെല്ലാം പെട്ടെന്നായിരിക്കും. മുണ്ടും മടക്കിക്കുത്തീ നേരെ തിയേറ്ററിനുള്ളിലേക്ക്‌. പോകുന്ന പോക്ക്‌ കണ്ടാല്‍ തോന്നും ഭക്തി തലക്ക്‌ പിടിച്ച്‌ ഭഗവാനെ കാണാന്‍ മുട്ടിയിട്ട്‌ പോകുന്നതാണെന്ന്‌)


കൊള്ളാം അലമ്പില്ലാതെ അലമ്പനവതരിപ്പിച്ചു....

Related Posts Plugin for WordPress, Blogger...

Popular Posts