Sunday, August 26, 2007

നിങ്ങളെന്നെ നക്സലൈറ്റാക്കി...

കോവില്ലൂരില്‍ മൊബെയിലിന്റെ റേഞ്ച്‌ വരുമ്പോലെയാണ്‌ കോതീന്‍ സായിപ്പിന്‌ സ്വന്തം ബിസ്സിനസ്സ്‌ നോക്കി നടത്താനുള്ള മൂഡും വരുന്നത്‌.

(കോതീന്‍ സയിപ്പ്‌...ഓര്‍ക്കുന്നില്ലേ, ആക്രിക്കച്ചവടത്തില്‍ ഡോക്റ്ററേറ്റ്‌ എടുത്ത, കോവില്ലൂര്‍ സിറ്റിസണ്‍ഷിപ്പെടുത്ത, ഗ്രീന്‍ കര്‍ഡില്ലാത്തതിനാല്‍ കിട്ടിയ റേഷന്‍ കാര്‍ഡ്‌ കൊണ്ട്‌ ത്രിപ്തിപ്പെട്ട്‌, യാതൊരു അഹംഭാവവും അഹഗാരവുമില്ലാതെ സസുഖം വാഴുന്ന കക്ഷി)

സായിപ്പിന്‌ മൂഡുവരുന്നത്‌ ഇങ്ങനെയാണെങ്കിലും, "ചെയ്യും തൊഴിലേ ദൈവം" എന്നതാണ്‌ പോളിസ്സി. ഈ തത്വത്തില്‍ ഉറച്ച്‌ നില്‍ക്കുന്നതുകൊണ്ടാകാം ആരെങ്കിലും തൊഴിലിനെത്തൊട്ട്‌ കളിച്ചാല്‍ പുള്ളി പിന്നെ പുലിയായിമാറും, വെറും പുലിയല്ല പുള്ളിപ്പുലി. പത്തറുപതുകൊല്ലമായില്ലേ സിറ്റിസണ്‍ഷിപ്പെടുത്തിട്ട്‌, അതുകൊണ്ടുതന്നെ അവിടുത്തുകാരുടെ ഹിസ്റ്ററിയും ജോഗ്രഫിയും ഒരുവിധം നന്നായരിയുന്ന സായിപ്പ്‌, ചോദിച്ചവനെയടക്കം പുറകോട്ട്‌ ഒരു മൂന്ന്‌ തലമുറയിലുള്ള സകല മെംബര്‍മാരുടെയും ആയുരാരോഗ്യസൗഖ്യത്തിന്‌ വേണ്ടി പ്രാര്‍ത്ഥിക്കും. അതിപ്പോ നാലാളുകൂടുന്ന കവലയായാലും ശരി, നാലാളുമാത്രമുള്ള പള്ളിയായാലും ശരി.

ഡോക്റ്ററേറ്റുക്കൂടാതെ, തമിഴ്‌നാട്ടിലെ ഏതോ ധ്യാനകേന്ദ്രത്തിന്റെ മാസ്റ്റര്‍ ഡിഗ്രിയും കക്ഷിക്കുണ്ടെന്ന്‌ സായിപ്പിന്റെ തമിഴും മലയാളവും കലര്‍ന്ന കോക്റ്റയില്‍ വാക്ചാരുതയും, പ്രാസമൊപ്പിച്ചും അല്ലാതെയും അനര്‍ഗ്ഗളനിര്‍ഗ്ഗളിക്കുന്ന പ്രാര്‍ത്ഥനാശ്ലോകങ്ങളും കേള്‍ക്കാന്‍ ഭാഗ്യം കിട്ടിയ ആരും രണ്ടാമതൊന്നാലോചിക്കാതെ സമ്മതിക്കും.

വായ്‌നോട്ടത്തിന്‌ പഠിച്ചുകൊണ്ടിരിക്കുന്ന കുറെ അണ്ണന്മാരും, പ്രായവ്യത്യാസമോ ആളുംതരവുമോ ഇല്ലാതെ വഴിയേ പോകുന്നവരുടെ വായിലിരിക്കുന്നത്‌ എങ്ങനെ തനിക്കും, പിന്നെ കുറച്ച്‌ കുടുമ്പത്തേക്കും വാങ്ങിക്കൊണ്ട്‌ പോകാം എന്നതിനെക്കുറിച്ച്‌ റിസര്‍ച്ച്‌ നടത്തുന്ന മറ്റൊരു വിഭാഗം അണ്ണന്മാരുടേയും മുഖ്യ ഇരകളില്‍ ഒരാളാണ്‌ സായിപ്പ്‌.

"സായിപ്പേ..നമ്മുടെ കാണി ലത്തീഫ്‌ നിങ്ങളോട്‌ ഒരു കാര്യം ചോദിക്കാന്‍ പറഞ്ഞു."
"എന്നടാ... അവന്‌ എന്ത്‌ വേണം."
"അതുപിന്നെ...നമ്മുടെ കാണിക്ക്‌ കുറച്ചുദിവസമായിട്ട്‌ ജോലിയൊന്നും ഇല്ല. കയ്യിലാണെങ്കില്‍ അഞ്ച്‌ പൈസയില്ല. ഭയങ്കര കഷ്ടത്തിലാണ്‌...പാവം."
"അതുക്ക്‌ ഞാന്‍ എന്ന വേണം. എന്റെ കയ്യില്‍ കാസൊന്നും ഇല്ല. അവനോട്‌ ജോലിചെയ്ത്‌ ജീവിക്കാന്‍ പറ."
"അതിന്‌ അവന്‌ കാശൊന്നും വേണ്ടാ. അവന്‌ വേണ്ടത്‌ ജോലിയാണ്‌."
"അതിന്‌ ഞാന്‍ എംബ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചൊന്നുമല്ലാ."
"നിങ്ങള്‍ വിചാരിച്ചാല്‍ അവന്‌ ഒരു ജോലി കിട്ടും. എത്ര ദിവസമായി അവന്‌ ഒരു കുഴി വെട്ടിയിട്ട്‌."
"ഉനക്ക വാപ്പായെ കൊണ്ടുപോടാ പള്ളിവിളയില്‌. വിരുന്താളിക്ക്‌ പൊറന്തവനെ..."
പിന്നെ പ്രാര്‍ത്ഥനയോട്‌ പ്രാര്‍ത്ഥനതന്നെ.

(കാണി ലത്തീഫ്‌ നാട്ടിലെ ഏക ഒഫീഷ്യല്‍ കുഴിവെട്ടുകാരനാണ്‌. ജാതിമതഭേതമന്യെ ആരു മരിച്ചാലും ഉള്ളില്‍ ഇത്തിരി സന്തോഷം തോന്നുന്ന വ്യക്തി. മരണവാര്‍ത്ത കേള്‍ക്കുന്നതുമുതല്‍ സേവ തുടങ്ങുന്ന കാണി മൂന്നാംനാളുള്ള ചോറുണ്ടിട്ടേ സേവ നിര്‍ത്തൂ. ഇതാണ്‌ ഒരോ മരിപ്പിലും കാണിക്കുള്ള നേട്ടം. പുറമേ പരുക്കനാണെങ്കിലും ഉള്ള്‌ ശുദ്ധശൂന്യമാണ്‌. അത്‌ നൂറ്‌ ശതമാനം ശരിയുമാണ്‌. കാണിയുടെ സേവ നിര്‍ത്തിക്കാന്‍ മിസ്സിസ്സ്‌. കാണി പറ്റിച്ച പണിയാണ്‌ കാണിയെ ഇങ്ങനെ ശുദ്ധശൂന്യനാക്കിയത്‌. മിസ്സിസ്സ്‌ ഒളിപ്പിച്ചുവച്ച ക്വാര്‍ട്ടര്‍ അന്വേഷിച്ച്‌ കണ്ടുപിടിച്ച കാണി, "എന്റടുത്താണ്‌ അവളുടെ കളി" എന്ന സൈഡ്‌ ഡിഷോടുകൂടി ഡ്രൈയായിത്തന്നെ സാധനം അകത്താക്കി. അകത്തുചെന്ന സാധനത്തിന്റെ പതിവിലും വിപരീത സ്വഭാവവും എരിച്ചിലും പുകച്ചിലും ഒക്കെക്കൂടി ഒരു നിലവിളിയായി പുറത്തുവന്നു. നിലവിളികേട്ടെത്തിയ മിസ്സിസ്സ്‌ കണ്ടത്‌ "വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍, മുണ്ടുമുരിഞ്ഞയ്യോ.." വരികളെ ഒര്‍മ്മിപ്പിക്കുമാറ്‌ കിടക്കുന്ന കാണിയെ. ഒഴിഞ്ഞുകിടക്കുന്ന കുപ്പികണ്ട്‌ നെഞ്ചില്‍ കയ്യും വച്ച്‌ ഒരലര്‍ച്ച, "ഈ കണ്ണില്‍കണ്ടതൊക്കെ കുടിച്ചത്‌ മതിയാവാതെയാണോ കാലമാടാ, കക്കൂസില്‍ ഒഴിക്കാന്‍ വച്ചിരുന്ന ലോഷന്‍ എടുത്ത്‌ കുടിച്ചത്‌". ആനപ്പാറ ആശുപത്രിയില്‍നിന്ന്‌ ഒരു ഡ്രൈക്ലീന്‍ കഴിഞ്ഞു വന്ന കാണിയുടെ ഉള്ള്‌ ശുദ്ധമായി, അനന്തിരഭലമായി പണിമുടക്കിയ ചില പാര്‍ട്‌സുകള്‍ എടുത്തുകളഞ്ഞതിനാല്‍ ശൂന്യവുമായി.)

"സായിപ്പേ...വയസ്സുകാലത്ത്‌ ഇങ്ങനെ നടന്നാല്‍ മതിയോ?"
"പിന്നെ ഞാനെങ്ങനെപ്പിടി നടക്കണമെന്ന്‌ നീ ചൊല്ലിത്താടാ."
"അല്ലാ, മൂക്കില്‍ പഞ്ഞിയൊക്കെ വച്ച്‌ കാലൊക്കെ കൂട്ടിക്കെട്ടി ഇനിയുള്ള കാലമൊന്ന്‌ റെസ്റ്റെടുക്കണ്ടേ?."
"അടി ചെരുപ്പാലെ നായെ. നിന്റെ വീട്ടിലും ഇരുക്കില്ലിയാടാ ഒരുത്തന്‍, അവനിട്ട കേട്ട്‌ നോക്കെടാ..."
ബി.പി. ഷൂട്ടപ്പ്‌ ചെയ്ത സായിപ്പ്‌ ആരുടെയൊക്കെ ആയുരാരോഗ്യസൗഖ്യത്തിന്‌ വേണ്ടി പ്രാര്‍ത്ഥിച്ചുവെന്നുള്ളത്‌ അനതം അജ്ഞാതം.

ഒരു ദിവസം പതിവുപോലെ ആക്രി കളക്റ്റ്‌ ചെയ്യാനിറങ്ങിയ സായിപ്പിന്റെ നിയന്ത്രണം വിട്ടുള്ള പ്രാര്‍ത്ഥനകേട്ട്‌ ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത്‌ രാക്ഷസനെപ്പോലെ ഉറഞ്ഞ്‌ തുള്ളി പ്രാര്‍ത്ഥിക്കുന്ന സായിപ്പിനെ. അരികില്‍ മറിഞ്ഞ്‌ കിടക്കുന്ന, കാണാന്‍ താരതമ്മ്യേന പുതിയതെന്ന്‌ തോന്നിക്കുന്ന ഒരു സൈക്കിളും ആ ലൊക്കാലിറ്റിയില്‍ കണ്ടിട്ടില്ലാത്ത ഒരു പുതിയ കുഞ്ഞാടും.

കുഞ്ഞാട്‌ പുതിയ ആക്രി കളക്റ്ററാണ്‌. ആറാട്ടുകുഴിയില്‍ നിന്ന്‌ സൈക്കില്‍ ചവിട്ടി ആനപ്പാറ വന്ന്‌ ഇടത്തോട്ട്‌ തിരിഞ്ഞ്‌ കാരമൂട്‌ പോകേണ്ടതിന്‌ പകരം വഴിതെറ്റി വലത്തോട്ട്‌ തിരിഞ്ഞ്‌ കോവില്ലൂര്‍ വന്നതാണ്‌ പാവം.

ഇത്രേം എനര്‍ജിയും എഫര്‍ട്ടും പാഴാക്കിയിട്ടും കാര്യമായി ഒന്നും തടയാതിരുന്ന കുഞ്ഞാടിന്റെ മുന്നില്‍ ഇതാ വരുന്നു ഉഗ്രനൊരു ആക്രി. കഷ്ടപ്പെട്ടതിന്‌ ഭലമുണ്ടായിയെന്ന്‌ വെറുതെയെങ്കിലും മനസ്സില്‍ കരുതിക്കാണണം.

"അണ്ണാ...കൊടുക്കാനാണോ?. നല്ല വില തരാം"
"എന്നടാ, എന്ത്‌ കൊടുക്കാന്‍?"
"അത്രേം ദൂരം കൊണ്ടുപോയി കൊടുക്കുന്നതിനെക്കാളും നല്ലതല്ലെ, ഇവിടെത്തന്നെ കൊടുക്കുന്നത്‌. നല്ലവിലയും തരാം."
"ഇത്‌ കാലിച്ചാക്ക്‌, ഇതില്‍ ഒന്നും ഇല്ല."
"ഞാന്‍ ചാക്കിനെയല്ല ചോദിച്ചത്‌...സൈക്കിളിനെയാണ്‌."

തന്റെ സൈക്കിളിനെ ഒരുത്തന്‍ ആക്രിയാകിയിരിക്കുന്നു. ഇതില്‍പ്പരം മാനഹാനിയിനിയെന്തുണ്ട്‌. പ്രാര്‍ത്ഥനയില്‍ താനിന്നേവരെയാര്‍ജിച്ച സകല പാണ്ഡിത്യവും വിളിച്ചോതുന്ന ഒരു പ്രകടനമായിരുന്നു പിന്നെയവിടെ നടന്നത്‌.

അതെന്തോ ആകട്ടെ...

രാവിലെ കണ്ട കണി അത്രക്കങ്ങ്‌ മനസ്സിന്‌ പിടിക്കാത്തതിനാലും, റേഞ്ച്‌ ഒരു പുള്ളിയിലായി അങ്ങനെ വന്നും പോയും ഇരുന്നതിനാലും തന്നോളം പ്രായമുള്ള, സീറ്റും ടയറുമല്ലാതെ വേറെ എവിടെത്തൊട്ടാലും സെപ്റ്റിക്‌ ആകുമെന്നുള്ള കാര്യത്തില്‍ ഉറപ്പ്‌ നല്‍ക്കുന്ന ഹെര്‍കുലീസിന്റെ പുറകില്‍ ചാക്കും വച്ചുകെട്ടി മനസ്സില്ലാമനസ്സോടെ തൊഴിലിനിറങ്ങിയതാണ്‌ സായിപ്പ്‌.

ഹെര്‍ക്കുലീസിനേയും ഉരുട്ടി റോഡിലേക്ക്‌ തിരിഞ്ഞ സായിപ്പ്‌ ഒന്നു നിന്നു, ശകുനം തീരെ ശരിയില്ല. "ഇന്നിനി കാലണ നോക്കണ്ട" എന്ന്‌ മനസ്സില്‍ പറയുകയും "നായിന്റെമോന്‍" എന്ന്‌ അല്ലാതെ പറയുകയും ചെയ്തു. സായിപ്പും വരുന്ന കക്ഷിയും തമ്മില്‍ കീരിയും പമ്പും പോലെ അത്രക്ക്‌ നല്ല ടേംസിലാണ്‌. ശ്വാനവര്‍ഗ്ഗത്തിനുമൊത്തം അപവാധമായി മാറിയ ഈ ശുനകന്‍ നാട്ടിലെ അറിയപ്പെടുന്ന അനാഥനും നാട്ടുകാരുടെ കണ്ണിലെ കരടും താന്തോന്നിയും അനുസരണയെന്നുള്ളത്‌ ഏഴയലത്തുകൂടെയും പോയിട്ടില്ലാത്തവനുമാണ്‌. പണ്ടൊരിക്കല്‍ ഇവര്‍തമ്മില്‍ ഉണ്ടായ ഒരു ചെറിയ കുശലാന്വേഷണത്തിന്‌ ശേഷമാണ്‌ ഇവര്‍ ഇത്രയും നല്ല ടേംസിലായത്‌.

പഴയ ഇരുമ്പോ പ്ലാസ്റ്റിക്കോ എന്നുവേണ്ട ആക്രി കറ്റഗറിയില്‍പ്പെടുന്ന എന്തും സായിപ്പ്‌ വാങ്ങും. വാങ്ങിയതിന്‌ (അ)ന്യായമായ വില നല്‍കുകയും ചെയ്യും. അക്കൂട്ടത്തില്‍ കിട്ടിയ ഒരു വമ്പന്‍ കോളാണ്‌ സായിപ്പിനെ കെണിയിലാക്കിയത്‌.

പഴയസാധനങ്ങളും ചപ്പുചവറുകളും ഇടുന്ന മിച്ചഭൂമിയുടെ ആളൊഴിഞ്ഞ മൂലയില്‍നിന്ന്‌ കിട്ടിയതാണ്‌ വിവാധവസ്തു. ആ വഴി വരുമ്പോള്‍ സായിപ്പ്‌ അവിടെ ഒരു സെര്‍ച്‌ നടത്താറുണ്ട്‌. കാഴ്ചയില്‍ സമാന്യം വലിപ്പമുള്ള പുട്ടുകുറ്റിപോലുള്ള ഒരു സാധനം. നല്ല ഭാരവുമുണ്ട്‌. കടയില്‍വന്ന്‌ അന്നത്തെ കളക്ഷന്‍ എടുത്ത്‌ വെളിയില്‍ അടുക്കിവച്ചു.

ഇന്നത്തേക്ക്‌ വകയൊന്നും കിട്ടിയില്ലല്ലോയെന്ന്‌ ദുഃഖിച്ച്‌ വന്ന ഒരു റിസര്‍ച്ച്‌ സ്റ്റുഡന്റിന്റെ കണ്ണില്‍പ്പെട്ടതും ഈ വിവാധവസ്തുതന്നെ. കണ്ടത്‌ നാലാളോട്‌ ടിസ്‌കസ്സ്‌ ചെയ്യാതിരിക്കുന്നതെങ്ങനെ. അഭിപ്രായങ്ങല്‍ കുറഞ്ഞുപോകരുതെന്ന്‌ കരുതി നാലാള്‍ക്കുപകരം എട്ടാളോട്‌ ടികസ്സ്‌ ചെയ്തു. എന്നാലല്ലേ ഒരു റിസര്‍ച്ച്‌ റിസര്‍ച്ചാകൂ. ഇവിടെയും അതുതന്നെ സംഭവിച്ചു. ന്യൂസ്‌ അപ്‌ലോഡ്‌ ചെയ്ത സുഷുപ്തിയില്‍ വിദ്യാര്‍ത്ഥി അണ്ണന്മാരും ഇന്നത്തെ കളക്ഷന്‍ മോശമല്ലയെന്നോര്‍ത്ത്‌, വരാനിരിക്കുന്ന സൗഭാഗ്യമൊന്നും അറിയതെ സായ്യിപ്പും ഉറങ്ങി.

അടുത്ത ദിവസം സൂര്യനുദുച്ചത്‌, സായിപ്പിനെ വി.ഐ.പി.യായി പ്രഖ്യാപിച്ച വിജ്ഞാപനവുമായിട്ടാണ്‌. രാവിലെ സായിപ്പിനെ വിളിച്ചുണര്‍ത്തിയത്‌ കേരളാപോലിസിലെ ചില ഏമാന്മാരായിരുന്നു. രാത്രിയല്ലെ ഇരുട്ടല്ലെ ഇനി ആവശ്യം വരില്ലെന്ന്‌ മാറ്റിവച്ചിരുന്ന കള്ളിമുണ്ട്‌ എടുത്തുകൊടുത്തത്‌ വേറൊരു പോലീസേമ്മാന്‍. സ്നേഹപുരസ്സരം പിടിച്ചെണീപ്പിച്ചത്‌ വേറൊരേമ്മാന്‍. സ്വപ്നലോകത്തെ ബാലഭാസ്കരനായി സ്വപ്നം കണ്ടു കിടന്നിരുന്ന സായിപ്പ്‌ തന്റെ വേക്കപ്‌ കാള്‍ ഇങ്ങനെയല്ലല്ലോയെന്ന്‌ ഒരു നിമിഷം വണ്ടറടിച്ചെങ്കിലും വിശധവിവരങ്ങള്‍ ചോദിക്കാന്‍ നിന്നില്ല. എന്തിന്‌ വെറുതേ അവരുടെ തലോടല്‍ വാങ്ങിക്കൂട്ടണം എന്ന ഒറ്റ ചിന്തയില്‍. സ്വപ്നലോകത്തുനിന്ന്‌ മൂരിനിവര്‍ത്തി കോവില്ലൂര്‍ ലോകത്തേക്ക്‌ വന്ന സായിപ്പും ഒരേമ്മാനും തമ്മില്‍ "കോന്‍ ബനേഗാ ക്രോര്‍പതി" കളിച്ചു.

"ഞാന്‍ ചോദിക്കുന്നതിന്‌ ശരിയായ ഉത്തരം പറയണം. ശരിയായ ഉത്തരം പറഞ്ഞാല്‍ പ്രത്യേകിച്ച്‌ സമ്മാനം ഒന്നുമില്ല. മറിച്ച്‌ ഉത്തരം ശരിയല്ലെങ്കില്‍ മുതുകുനിറയെ സമ്മാനങ്ങള്‍ തരുന്നതായിരിക്കും."

ഏ : "ബാക്കി സാധനം എവിടെയാടാ ഒളിപ്പിച്ച്‌ വച്ചിരിക്കുന്നത്‌?."
സാ : "ഒളിപ്പിച്ച്‌ വയ്ക്കേണ്ട കാര്യമൊന്നുമില്ല. ഇവിടെ എലി ശല്യമുള്ളതുകൊണ്ട്‌ കടയില്‍ വയ്ക്കും."
ഏ : "എവിടെവച്ചാണ്‌ ഇതൊക്കെ ഉണ്ടാക്കുന്നത്‌?."
സാ : "ഇവിടെയും കടയിലുമൊക്കെയായിട്ട്‌ സമയം കിട്ടുന്നതിനനുസരിച്ച്‌"
ഏ : "ആരാണ്‌ നിനക്ക്‌ സാധനം എത്തിച്ചുതരുന്നത്‌?."
സാ : "ഞാന്‍ തന്നെ പോയി കൊണ്ട്‌ വരും"
ഏ : "ഉണ്ടാക്കിയ സാധനം നീ ആര്‍ക്കാണ്‌ എത്തിച്ച്‌ കൊടുക്കുന്നത്‌?."
സാ : "മൊത്തമായി സാധനം വാങ്ങുന്നവരുടെ വണ്ടി വരുമ്പോള്‍ ഞാന്‍ കൊടുക്കും"
ഏ : "ആരൊക്കെയാണ്‌ നിനക്ക്‌ പിന്നിലുള്ളത്‌?."
സാ : "അത്‌ തിരിഞ്ഞ്‌ നോക്കിയലേ പറയാന്‍ പറ്റൂ."

അടുത്ത്‌ നിന്ന ഏമ്മാന്‍ സായിപ്പിന്റെ കവിളത്ത്‌ ഒന്ന്‌ തഴുകി. "കോന്‍ ബനേഗാ ക്രോര്‍പതി"ക്ക്‌ ഒരു കമേര്‍സിയല്‍ ബ്രേക്ക്‌.

"കടയിലോട്ട്‌ നടക്ക്‌" എന്നും പറഞ്ഞ്‌ ഏമാന്‍ എഴുന്നേറ്റു.

പോലീസ്‌ പ്രൊട്ടക്ഷനോടുകൂടി രാവിലെ കടയിലേക്ക്‌ മാര്‍ച്ച്‌ ചെയ്യുന്ന സായിപ്പിനെ, യു.എസ്‌. ഓപ്പണ്‍ കളിക്കുന്ന സാനിയ മിര്‍സയെയെന്നപോലെ ജനം വാപൊളിച്ച്‌ നോക്കിനിന്നു.

കടയിലെത്തിയ ഏമാന്മാര്‍, അവിടെയിരിക്കുന്ന പുട്ടുകുറ്റിപോലുള്ള സാധനത്തിനെ ഭയഭക്തിബഹുമാനത്തോടെ ദൂരെനിന്ന്‌ തിരിഞ്ഞും മറിഞ്ഞും നോക്കി.
"എന്ന്‌ മുതലാണ്‌ നീ ഈ പരിപാടി തുടങ്ങിയത്‌. എവിടെയൊക്കെയാണ്‌ കലാപം ഉദ്ദേശിച്ചിരിക്കുന്നത്‌.?"
"എന്ത്‌ പരിപാടി. എന്ത്‌ കലാപം.?"
"നാടന്‍ ബോംബുണ്ടാക്കുന്നത്‌"
"ബോാാാംബാാാാാ.... എവിടെ. ആരുണ്ടാക്കി.."
"ഇതെന്താട പിന്നെ."
"എന്റെ സാറേ, ഇതൊക്കെ ആക്രിയാണ്‌. പഴയ ഏതോ ഇരുമ്പിന്റെ കുഴലോ കഷ്ണമോ എന്തൊ ആണത്‌. ഇരുമ്പല്ലേ, നല്ല ഭാരമുണ്ടല്ലോയെന്ന്‌ കരുതി എടുത്തുകൊണ്ട്‌ വന്നതാണേ."

വളരെ നേരത്തെ വാക്‍സമരത്തിന്‌ ശേഷം, സായിപ്പിനെക്കൊണ്ട്‌ തന്നെ അതിനെ അടിച്ച്‌ പരത്തി ബോംബല്ലെന്ന്‌ ഉറപ്പുവരുത്തിയിട്ടാണ്‌ ഏമാന്മാര്‍ പോയത്‌.

ആയിടക്ക്‌ നക്സലൈറ്റുകളെന്നും തീവ്രവദികളെന്നുമൊക്കെ എവിടെത്തിരിഞ്ഞാലും കേള്‍ക്കാമായിരുന്നു. ന്യൂസ്‌ അപ്‌ലോഡ്‌ ചെയ്ത അണ്ണന്‍ കാലത്തിനനുസരിച്ച്‌ വിഷയത്തെയൊന്ന്‌ മോഡിഫൈ ചെയ്തു. അതാണ്‌ പാവം സായിപ്പിനെ നക്സലൈറ്റാക്കിയത്‌.

വാല്‍ : ഇപ്പോഴും നക്സലൈറ്റെന്ന്‌ കേള്‍ക്കണ്ടാ, സണ്‍ലൈറ്റെന്ന്‌ കേട്ടാല്‍ തന്നെ പുള്ളി "ലോകോ സമസ്താ സുഖിനോ ഭവന്തൂ" എന്ന്‌ പ്രാര്‍ത്ഥന തുടങ്ങും.
Related Posts Plugin for WordPress, Blogger...

Popular Posts