Wednesday, January 14, 2009
ബെസ്റ്റ് കണ്ണാ ബെസ്റ്റ്
പുതിയ സ്ഥലം, പുതിയ ഭാഷ, പുതിയ ആള്‍ക്കാര്‍, എല്ലാം ഒന്ന് പരിചയപ്പെട്ട് വരുന്നതുവരെ അയലത്തെ മണിച്ചേച്ചിയുടെ മകന്‍ കണ്ണന്റെ കൂടെ പോയി വരട്ടെയെന്ന് സീനിയര്‍ സിറ്റിസന്‍സൊക്കെ ചേര്‍ന്ന് തീരുമാനിച്ചത് എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ്.
ഞാനും കണ്ണനും തമ്മില്‍ കേവലം 8 ക്ലാസ്സിന്റെ വ്യത്യാസമേയുണ്ടായിരുന്നുള്ളു. ഞാന്‍ നാലിലും കണ്ണന്‍ 12ലും. അതുകൊണ്ട് ആദ്യദിവസം സ്കൂളിലേക്ക് പോകാന്‍ നേരം ഫ്രീയായി ആദ്യം തന്നെ കിട്ടിയ ഉപദേശവും അതായിരുന്നു...'അവനെ കണ്ണനെന്നൊന്നും കയറി വിളിച്ചുകളയരുത്... അണ്ണന്‍ എന്നു വിളിക്കണം. കേട്ടോ.'
കേവലം ഒരു അക്ഷരത്തിന്റെ മാറ്റം വരുത്തേണ്ട കാര്യമല്ലേയുള്ളു... അത് ഞാനേറ്റു. അങ്ങനെ കണ്ണന്‍ അണ്ണനായി. 'ഗ്രന്ഥം മൂന്ന് പകര്‍ത്തുമ്പോള്‍ സമുദ്രം മൂത്രമായിടും' എന്ന് പറഞ്ഞപോലെ ക്രമേണയത് 'കണ്ണണ്ണന്‍' ആയെങ്കിലും പുള്ളിയുടെ ആധികാരികമായ നാമധേയം ഞാനറിയുന്നത് പിന്നേയും കുറേ കഴിഞ്ഞാണ്.
അങ്ങനെ കണ്ണണ്ണന്റെ അകമ്പടിയിലുള്ള സ്കൂളിലേക്കുള്ള പോക്കും വരവും സുഖമമായി നടക്കുന്ന കാലം...
ഒരുനാള്‍...
കണ്ണണ്ണന് അവന്റെ അമ്മവീട്ടിലേക്ക് പോകണം. അവന്റെ അമ്മുമ്മ മരിച്ചിട്ട് അധികനാളായിട്ടില്ലായിരുന്നു. അതിന് ശേഷമുള്ള എന്തോ ചടങ്ങുകളില്‍ പങ്ക് കൊള്ളുകയാണ് ഉദ്ദേശം.
'നീയിന്ന് തനിയെ പോകണം. ഞാന്‍ അമ്മയുടെ കൂടെ അമ്മവീട്ടില്‍ പോകുന്നു. പിന്നെ, നമ്മള്‍ എന്നും കയറുന്ന ബസ്സിലേ കയറാവൂ. ഇത്തിരി താമസിച്ചാലും അതില്‍ പോയാല്‍ മതി. വൈകിട്ട് വരുമ്പോള്‍ എന്റെ കൂടെ നീ കാണാറില്ലേ എന്റെ കൂട്ടുകാരന്‍ വിനോദ്, അവന്റെകൂടെ അവന്‍ കയറുന്ന ബസ്സില്‍ കയറി വരണം. വേറെ എവിടേയും പോകരുത് ആരുടെകൂടെയും പോകരുത്. കേട്ടോ.'
കണ്ണണ്ണന്റെ ഉപദേശം... അണ്ണനോടെനിക്കുണ്ടായിരുന്ന മര്യാദയും സ്നേഹവുമൊക്കെ ഞാനറിയാതെ തന്നെ ഒരു പടി കൂടി.
'വേറൊരുകാര്യം, സ്കൂളില്‍ ചെന്നതും എന്റെ ക്ലാസ്സില്‍ ചെന്ന് ടീച്ചറോട് ഞാനിന്ന് വരില്ല, ഇന്ന് എന്റെ അമ്മുമ്മയുടെ 'പുലകുളി'യാണ്, അതിന് പോയിരിക്കുന്നു എന്ന് പറയണം.'
'ശരി, ഞാന്‍ പറയാം... പോട്ടെ.'
'ങാ.. സൂക്ഷിച്ച് പോണം. പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ ?'
സ്കൂളില്‍ ചെന്നപാടെ 12-ബീയിലേക്ക് വിട്ടു... കണ്ണണ്ണന്റെ ക്ലാസ്സ്. 'കടുവ'യെന്ന് ഓമനപ്പേരുള്ള ഗോപാലക്ര്യഷ്ണന്‍ സാറിന്റെ സ്പെഷ്യല്‍ ക്ലാസ്സ് നടക്കുന്നു.
'ദൈവമേ .. എന്നാലും എന്റെ കണ്ണണ്ണാ എന്നോടിത് വേണ്ടായിരുന്നു. രാവിലെതന്നെ കടുവമടയിലോട്ട് ഈ പൈതലിനെ തള്ളിവിടാന്‍ നിനക്കെങ്ങനെ മനസ്സുവന്നു. ഇതറിഞ്ഞിരുന്നെങ്കില്‍ ഈ വഴി വരില്ലായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല...'
വിറച്ച് വിറച്ച് വാതില്‍ക്കല്‍ ചെന്ന് നിന്ന് പതിയെ വിളിച്ചു. 'സാാാര്‍...' പേടി കാരണം പുറത്ത് വരാതിരുന്ന എന്റെ ശബ്ദം സാറെങ്ങനെ കേള്‍ക്കാന്‍. ക്ലാസ്സിലെ കുട്ടികള്‍ വാതില്‍ക്കല്‍ നോക്കുന്നത് കണ്ട് സാര്‍ തിരിഞ്ഞു നോക്കി.
'എന്താ... നിന്റെ ക്ലാസ്സ് ഇതാണോ ?'
'അല്ല. ഞാന്‍ 4-എയിലാണ്.'
'ഇവിടെ എന്തിനാ വന്നത് ?'
'അത്.. അത്.. കണ്ണണ്ണന്‍ ഇന്ന് വരില്ല എന്ന് പറയാന്‍ പറഞ്ഞയച്ചു... ഞാനത് പറയാന്‍ വന്നതാ.'
'കണ്ണണ്ണനോ... അതാരാണ്. ഇത് തന്നെയാണോ നിന്റെ കണ്ണണ്ണന്റെ ക്ലാസ്സ് ?'
'സര്‍, അവന്‍ പറയുന്നത് ജയപ്രകാശിന്റെ കാര്യമാ...' കരച്ചിലിന്റെ വക്കോളമെത്തിയ എനിക്കുവേണ്ടി വിനോദാണ് മറുപടി പറഞ്ഞത്.
'ആതു ശരി, ആട്ടെ അവനിന്ന് വരാത്തതിന്റെ കാരണമെന്താ...'
'അത്..അത്...പിന്നെ.. കണ്ണണ്ണന്‍ അവന്റെ അമ്മുമ്മയുടെ 'പുടമുറി'യ്ക്ക് പോയിരിക്കയാണ്...'
ഒരു നിമിഷം സ്മശാനമൂകത, അടുത്ത ക്ഷണം മാലപ്പടക്കത്തിന് തീകൊളുത്തിയപോലെ കൂട്ടച്ചിരി. പൂരത്തിനിടയ്ക്ക് അച്ഛന്റെ കൈവിട്ട് വഴിതെറ്റിയ കുട്ടിയെപ്പോലെ, അവിടെ സംഭവിക്കുന്നതെന്തെന്ന് മനസ്സിലാകാതെ ചിരിക്കാത്ത ഒരാള്‍... ഞാനെന്ന ഞാന്‍ മാത്രം.
സ്വതവേ ചുവന്ന കടുവയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. സാധാരണയായി ക്ലാസ്സില്‍ വന്നാല്‍ ഇരിക്കാറില്ലാത്ത കടുവ കസേരയില്‍ ഇരുന്ന് കുലുങ്ങിച്ചിരിക്കുന്നു.
തെല്ലൊന്നടങ്ങിയ ചിരിയൊതുക്കി കടുവ പറഞ്ഞു.. 'ശരി ശരി... പൊയ്ക്കോ.'
ഇറങ്ങിയോടിയാലോയെന്ന് ആലോചിച്ച് നിന്നിരുന്ന ഞാന്‍ കേട്ടതുപാതി കേള്‍ക്കാത്തതു പാതി അവിടുന്ന് തടിതപ്പി.
ക്ലാസ്സിലെത്തിയിട്ടും കൂട്ടച്ചിരിയുടെ പൊരുളെനിക്ക് മനസ്സിലായില്ല. എന്തോ അബദ്ധം പറഞ്ഞുവെന്നുള്ളത് ഉറപ്പായി. എന്നാലും എന്താ അതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
എങ്കിലും അന്നുമുതല്‍ സീനിയേര്‍സിനിടയില്‍ എനിക്കൊരു പ്രത്യേക ഇമേജുണ്ടായി... കടുവയെ ഇരുത്തിയവനല്ലേ, ചിരിപ്പിച്ചവനല്ലേ ...
പക്ഷേ കണ്ണണ്ണന്‍, അമ്മുമ്മയുടെ പുടമുറിയൊക്കെ മംഗളമായി കഴിഞ്ഞോ ?, ഹണിമൂണ്‍ എവിടേക്കാണ് ? തുടങ്ങിയ കൂട്ടുകാരുടെ ചോദ്യങ്ങക്ക് മറുപടി പറഞ്ഞ് മടുത്തു.
വാല്‍ : കുറച്ച് നാളത്തേക്ക് കണ്ണണ്ണന് അമ്മുമ്മയുടെ 'പുടമുറി' വിശേഷങ്ങള്‍ പറയാനേ നേരമുണ്ടയിരുന്നുള്ളു.
Subscribe to:
Post Comments (Atom)
Popular Posts
-
എനിക്കെന്ത് എന്ന് ചിന്തിക്കുന്ന, എന്റെയാരുമല്ലല്ലോ എന്ന് ചിന്തിക്കുന്ന 1.1 ബില്ല്യന്‍ ഇന്ത്യാക്കാരില്‍ ഒരുവന്. ഇതേ ചിന്തയുമായി പ്രതികര...
-
ആത്മവിദ്യാലയമേ അവനിയിലാത്മവിദ്യാലയമേ... ആ വരികളിലെ അര്‍ത്ഥവും ആഴവും മനസ്സിലാവുന്നതിന് മുന്‍പുതന്നെ ഇഷ്ടപ്പെട്ടിരുന്ന, സംഗീതവാസന തൊട്ടുതീണ്ട...
-
'ഹല്ലോാാാ .... ഹൗ ആര് യൂ.... അയാം ഫൈന്‍.' ഇതു സാം രാജല്ലേ ? ഇവനെന്താ ഇങ്ങനെ എന്നാലോചിക്കണമെന്നുണ്ടായിരുന്നു എനിക്ക്. ചോദ്യവും ഉത്ത...
-
പുതിയ സ്ഥലം, പുതിയ ഭാഷ, പുതിയ ആള്‍ക്കാര്‍, എല്ലാം ഒന്ന് പരിചയപ്പെട്ട് വരുന്നതുവരെ അയലത്തെ മണിച്ചേച്ചിയുടെ മകന്‍ കണ്ണന്റെ കൂടെ പോയി വരട്ട...
-
താന്‍ കൂവിയതുകൊണ്ടുമാത്രമാണ് നേരം വെളുത്തത്, ഇല്ലെങ്കില്‍ കാണാമായിരുന്നു എന്ന മട്ടില്‍ ധാരാസിംഗ് ഗോധയിലേക്കിറങ്ങുന്നപോലെ നെഞ്ചും വിരിച്ച്...
5 comments:
ഒരു നിമിഷം സ്മശാനമൂകത, അടുത്ത ക്ഷണം മാലപ്പടക്കത്തിന് തീകൊളുത്തിയപോലെ കൂട്ടച്ചിരി. പൂരത്തിനിടയ്ക്ക് അച്ഛന്റെ കൈവിട്ട് വഴിതെറ്റിയ കുട്ടിയെപ്പോലെ, അവിടെ സംഭവിക്കുന്നതെന്തെന്ന് മനസ്സിലാകാതെ ചിരിക്കാത്ത ഒരാള്‍... ഞാനെന്ന ഞാന്‍ മാത്രം.
അണ്ണാ നിങ്ങള് അലംബനല്ല... ആള് ഡീസന്റ്റാ...
kalakki...
ലക്കും ലഗാനുമില്ലാതെ ചിരിപ്പിച്ചു കളഞ്ഞല്ലോ ആശാനേ.......
ചിരിപ്പിച്ചു മാഷേ.
ഇതു പോലെ ഒരിയ്ക്കല്‍ അഞ്ചാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ ഒരു അബദ്ധം പറ്റി ടീച്ചര്‍ ഒരുപാട് ചിരിച്ചപ്പോഴും കാര്യം മനസ്സിലാക്കാതെ ഞാന്‍ പകച്ചു നിന്നത് ഓര്‍മ്മ വന്നു. ആ സംഭവം നടന്ന് കാലം കുറേ കഴിഞ്ഞാണ്‍ എന്തായിരുന്നു അന്നത്തെ മിസ്റ്റേക്ക് എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.
:)
kollaaaam..........
Arina "Thodu" ennu vilikkunna usage " enna udhyshichanu.......enna mathram udhyshichanu......" eppozhu enikku thodu thanna yanu
Post a Comment