Monday, November 5, 2007

കൂടോത്രം


താന്‍ കൂവിയതുകൊണ്ടുമാത്രമാണ്‌ നേരം വെളുത്തത്‌, ഇല്ലെങ്കില്‍ കാണാമായിരുന്നു എന്ന മട്ടില്‍ ധാരാസിംഗ്‌ ഗോധയിലേക്കിറങ്ങുന്നപോലെ നെഞ്ചും വിരിച്ച്‌ കൂട്ടില്‍ നിന്നിറങ്ങി ചുട്ടുപാടൊക്കെയൊന്നു നിരീക്ഷിച്ച്‌ നില്‍ക്കയാണ്‌ പൂവന്‍. പിന്നാലെയും അടുത്ത കൂട്ടില്‍ നിന്നും കുടുംബം ഇറങ്ങുന്നത്‌ നോക്കി, (ഒന്നും രണ്ടുമല്ലല്ലോ) എണ്ണിത്തിട്ടപ്പെടുത്തി, എല്ലാമുണ്ടെന്ന്‌ ഉറപ്പുവരുത്തി.

ശാന്തയുടെ വകയാണ്‌ രണ്ട്‌ പൂവനും നാല്‌ പിടയും പിന്നെ കുറേ പീക്കിരികളും. രണ്ട്‌ പൂവനും രണ്ട്‌ കെട്ടിയതാണ്‌. രണ്ട്‌ പിടകളുടേയും കുറേ പീക്കിരികളൂടേയും കസ്റ്റോഡിയനായിരുന്ന പൂവന്‍ കാട്ടുപൂച്ചയുമായുള്ള പോരാട്ടത്തിലെ ദയനീയ പരാജയത്തിന്റെ അനന്തിരഭലമായി സ്വര്‍ഗ്ഗാരോഹണം നടത്തീയതില്‍പ്പിന്നെയാണ്‌ ആ കുടുംബത്തിന്റെ അഡീഷണല്‍ ഉത്തരവാദിത്വം കൂടെ ബാക്കിയുള്ള പൂവന്‌ ഏറ്റേടുക്കേണ്ടിവന്നത്‌. (അതില്‍ പുള്ളി ഹാപ്പിയുമാണ്‌.)

ഇടക്കിടക്ക്‌ കാട്ടുപൂച്ചയുടെ വിസിറ്റുള്ളതിനാല്‍ രാവിലെ എണീറ്റയുടന്‍ ശാന്തയുടെ ആദ്യത്തെപ്പണി കോഴികളെ കുട്ടികുറുമാലടക്കം എണ്ണിത്തിട്ടപ്പെടുത്തുകയെന്നതാണ്‌. അതുകഴിഞ്ഞേ ശന്തക്കെന്തുമുള്ളു. മുള്ളുന്നതുപോലും.

പാക്കരന്‍ - കെട്ടിയവന്‍, ബാര്‍ബറാണ്‌. പക്ഷേ ക്ഷുരകവ്ര്യത്തി പാര്‍ട്ടൈമാണ്‌. ഫുള്‍ട്ടൈം വെള്ളമടിക്കായി റിസര്‍വ്‌ഡാണ്‌.

ശോഭ, സുരേഷ്‌, രേഖ - മക്കള്‍, ഉസ്കൂളിലൊന്നും പോയി സമയം കളയാന്‍ ഞങ്ങളെക്കിട്ടില്ല എന്ന്‌ അഞ്ചാം ക്ലാസ്സുകഴിഞ്ഞപ്പോഴേ ഉറച്ച തീരുമാനമെടുത്ത സൗഭാഗ്യങ്ങള്‍.

ഇതാണ്‌ ശാന്തയുടെ കുടുംബം.

പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ്‌ അടുപ്പ്‌ കത്തിക്കാന്‍ മുറ്റത്തുണങ്ങാനിട്ടിരിക്കുന്ന വിറകെടുക്കാന്‍ ചെന്ന ശാന്ത, നടുമുറ്റത്ത്‌ കിടക്കൂന്ന സാധനം കണ്ടൊന്നു ഞെട്ടി. ഞെട്ടലില്‍നിന്ന്‌ പിടിവിട്ടവാറെ അലറിക്കൂവി വീട്ടുകരെയും നാട്ടുകരെയും ഇന്നത്തെ പുകിലിന്‌ കൊടിയേറിയ വിവരം അറിയിച്ചു.

കാറലും നിലവിളിയും കേട്ട്‌ പ്രഭാതകര്‍മ്മങ്ങളിലേര്‍പ്പെട്ടിരുന്ന കുടുംബാംഗങ്ങള്‍ ആദ്യവും അയല്‍പക്കക്കാര്‍ പിന്നാലെയുമായി സ്പോട്ടിലെത്തി. രണ്ടടി മാറിനിന്ന്‌ ശാന്ത കണ്ണെടുക്കാതെ നോക്കിനിക്കുന്നിടത്തേക്ക്‌ സൂക്ഷിച്ച്‌ നോക്കി.

കൂടിയവര്‍ക്ക്‌ അത്ര വിശ്വാസം പോരെങ്കിലും ശാന്തക്ക്‌ ഒരു സംശയവുമില്ല ... ഇത്‌ അത്‌ തന്നെ...

" കൂടോത്രം "

വാഴയിലയില്‍, തെറ്റിപ്പൂവ്‌, ഭസ്മം, ചുവന്ന ചരട്‌ പോരാത്തതിന്‌ ചോരയും.

"ഇത്‌ കൂടോത്രമല്ലെങ്കില്‍ പിന്നെന്താ. എന്റെ കുടുംബത്തെ നശിപ്പിക്കാന്‍ വേണ്ടിയല്ലെങ്കില്‍ പിന്നെയിതെന്താ, എനിക്ക്‌ സദ്യ വിളംബിയതാ?"

ന്യായമായ ചോദ്യം. പക്ഷേ ആര്‍ക്കും മറുപടി നഹി നഹി. അതും മറുപടി പറയാന്‍ പറ്റിയ ചളുക്കും. ശാന്തയോട്‌. എന്നിട്ട്‌ വേണം ആ പറഞ്ഞവനെ മെക്കിട്ട്‌ കേറാന്‍.

പക്ഷേ ശാന്ത വളരെ ക്ലിയറാണ്‌ ഇക്കാര്യത്തില്‍. ഏത്‌ കൂടോത്രവും ശന്തക്ക്‌ ഒറ്റ നോട്ടത്തില്‍ മനസ്സിലാകും. ശാന്തയിതെത്ര കണ്ടതാ.

ശാന്തയിങ്ങനെയാണ്‌, വീടിന്റെ പരിസരത്ത്‌ അസാധാരണമായി എന്തുകണ്ടാലും അത്‌ കൂടോത്രമായി മാറാന്‍ (മാറ്റാന്‍) ശാന്തക്ക്‌ അധിക സമയം വേണ്ട. അതിപ്പോ വീടിന്‌ മുകളില്‍കൂടെ പറന്ന്‌ പോകുന്ന ഈച്ച മുള്ളിയതായാലും മതി.

"ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെ" എന്നതുപോലെ..

"എനിക്ക്‌ കൂടോത്രം ചെയ്തിട്ടുണ്ടെങ്കില്‍ ഇതവളല്ലാതെ മറ്റാരുമല്ല. ആ ഓമന. ആ എന്തിരവളല്ലാതെ മറ്റാരും ഇങ്ങനെ ചെയ്യില്ല."

ഇതൊന്നുമറിയാതെ രാവിലെ കട്ടനടിക്കുന്നതോടൊപ്പം, ഇന്നത്തെ ദിവസമെങ്ങനെ തള്ളിനീക്കും എന്ന താടിക്ക്‌ കയ്യും കൊടുത്ത്‌ അലോചനയിലാണ്ടിരുന്ന ഓമനയക്കന്‍ പതിവിലും ഉച്ചത്തില്‍ തന്റെ പേര്‌ മുഴങ്ങുന്നതു കേട്ടാണ്‌ ചിന്തയില്‍ നിന്നുണര്‍ന്ന്‌ പുറത്ത്‌ വന്നു നോക്കിയത്‌.

ഒരു റോഡിനപ്പുറവും ഇപ്പുറവുമാണ്‌ രണ്ട്‌ പേരുടെയും വീട്‌. പക്ഷേ രണ്ടുപേര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും കണ്ടുകൂടാ. കീരിയും പമ്പും ഇവരുടെ മുന്നിലൊന്നുമല്ല. "ശാന്ത ഓമനയെ കണ്ടപോലെ" എന്നൊരു ചൊല്ലുതന്നെ കോവില്ലൂരില്‍ നിലവിലുണ്ട്‌.

ഹൗവ്വെവര്‍, കൊടിയേറിയ വിവരമറിഞ്ഞ നാട്ടുകാര്‍ ഇനി ഞങ്ങളുടെ കുറവുകൊണ്ട്‌ മേളക്ക്‌ കൊഴുപ്പ്‌ കുറയണ്ടന്നു കരുതി വേലിക്കലും ഉമ്മറത്തുമൊക്കെയായി തല കാണിച്ച്‌ തങ്ങളുടെ പ്രസന്‍സ്സ്‌ അറിയിച്ചു. ശാന്തക്കു വേണ്ടതുമതാണ്‌. നാലാളുണ്ടെങ്കിലേ ഷോയ്ക്കൊരു രസമുള്ളൂ.

ശാന്തക്ക്‌ അറിയേണ്ടത്‌ ഒന്നുമാത്രം. "കോഴിയുടെ തല എവിടെയാടി നീ കുഴിച്ചിട്ടത്‌"

"ഇതെന്ത്‌ പുകില്‌. ഞനൊന്നുമറിഞ്ഞില്ല രാമനാരായണാന്നിരുന്ന എന്നെ വിളിച്ച്‌ കോഴിത്തല എവിടേന്നാ."

"വെളച്ചിലെടുക്കാതെടീ. എവിടേന്ന്‌ പറഞ്ഞാ നിനക്ക്‌ കൊള്ളാം."

"കോഴിത്തല, നിന്റെ ****. അല്ല പിന്നെ."

കൊടിയിറങ്ങിയത്‌ (അല്ല നാട്ടുകാരിടപെട്ട്‌ ഇറക്കിയത്‌) വൈകിട്ടാണ്‌.
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

ആനപ്പാറ മുരളിയില്‍ സെക്കണ്ട്‌ഷോ കഴിഞ്ഞ്‌ വന്ന അണ്ണന്മാര്‍ക്ക്‌ വെറുതേയൊരുള്‍വിളിയുണ്ടായി.

"നമ്മുടെ ശന്തച്ചേച്ചിയെ കണ്ട്‌ സുഖവിവരങ്ങള്‍ അന്വേഷിച്ചിട്ട്‌ ഒരുപാട്‌ കാലമായല്ലോന്ന്‌."
"എന്നല്‍പ്പിന്നെ വൈകിക്കണ്ട ഇപ്പോള്‍ പൊകുമ്പോത്തന്നെ അന്വേഷിച്ചേക്കാം"
"രണ്ട്‌ മുന്ന്‌ പിള്ളേരുള്ള വീടല്ലേടാ എങ്ങനെയാ വെറും കൈയ്യോടെ പോകുന്നത്‌"
"പോകുന്ന വഴിക്ക്‌ എന്തെങ്കിലും കിട്ടും"

അങ്ങനെ പോകുന്ന വഴിക്ക്‌ ഒരു ചിലവുമില്ലാതെ ശേഖരിച്ച സാധനങ്ങളാണ്‌ വാഴയിലയും തെറ്റിപ്പുവുമൊക്കെ.

ഉറങ്ങിയവരെ ഉണര്‍ത്തണ്ടന്നും കൊണ്ടുവന്ന സാധനങ്ങള്‍ എങ്ങനെ തിരികെക്കൊണ്ടു പോകുമെന്നും വിചാരിച്ച്‌ ഇലയും പൂവും മുറ്റത്ത്‌ വച്ചുപോകുമ്പോള്‍ മുറൂക്കിച്ചുവപ്പിച്ചത്‌ നീട്ടിയൊന്നു തുപ്പാനും ആണ്ണന്‍ മറന്നില്ല.

വാല്‍ : ശാന്ത ഇപ്പോഴും സമയം കിട്ടുമ്പോഴൊക്കെ വീടിന്റെ പരിസരത്ത്‌ അന്വേഷിക്കാറുണ്ട്‌, ആ പഴയ കോഴിത്തല.

4 comments:

വേണു venu said...

എഴുത്തു രസിച്ചു.:)

Sethunath UN said...

പോര. തുടങ്ങി കുറച്ചു വരെ ഓക്കെ.
പിന്നെ അല‌മ്പായിപ്പോയി.

ശ്രീഹരി::Sreehari said...

കൂടോത്രം എന്ന തലക്കെട്ടില്‍ ഒരു മാസത്തിനിടയില്‍ വരുന്ന മൂന്നാമതെ പോസ്റ്റ്:) ആദ്യത്തെ ഐയുള്‍ലവന്റെ വക http://sreehari-sreedharan.blogspot.com/2007/10/blog-post.html ഇവിടെ നോക്കിയാല്‍ കാണാം. പിന്നെ ഒന്ന് മയൂരയുടെത്. അതും വായിച്ചു കാണുമെന്ന് കരുതുന്നു....

ആശംസകള്‍.....

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

Related Posts Plugin for WordPress, Blogger...

Popular Posts