Wednesday, November 14, 2007

മാതൃകാ ദമ്പതികള്‍


ആരാണ്‌ ഭര്‍ത്താവ്‌ ആരാണ്‌ ഭാര്യ എന്നൊരു സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും, ആലുമ്മൂട്ടിലെ വേലപ്പനും ഭാര്യ സത്യഭാമയും നാട്ടിലെ മാതൃകാ ദമ്പതികളാണേയ്‌...

ഷാജഹാനെയും മുംതാസിനെയും പോലെ, ലൈലയെയും മജ്നൂവിനെയും പോലെ, സത്യവാനെയും സാവിത്രിയെയും പോലെയൊന്നുമല്ലെങ്കിലും

അലുവയും സാമ്പാറും പോലെ, ലഡുവും ചമ്മന്തിയും പോലെ ഇവരുടെ ജോഡിപ്പൊരുത്തം ഈസ്‌ സംതിങ്‌ ടിഫ്‌റന്റ്‌.

കല്ല്യാണം കഴിഞ്ഞ നാളുകളില്‍ ഏകദേശം കട്ടക്ക്‌കട്ടക്ക്‌ നിന്നിരുന്ന രണ്ടുപേരുടേയും ബോഡീലാഗ്വേജിന്‌ അധികനാള്‍ കഴിയുമുന്‍പുതന്നെ "ഹാ എന്തൊരു ചേയ്ഞ്ച്‌" എന്നു പറയത്തക്ക ചെയ്ഞ്ച്‌ വന്നു.

സത്യഭാമ നടക്കിരുത്താന്‍ പരുവത്തിലായപ്പോള്‍, വേലപ്പന്‍ നടയിലിരിക്കാന്‍ (ഭിക്ഷക്കായി) പരുവത്തിലുമായി.

ഇവര്‍ നടന്ന്‌ പോകുന്നതു കണ്ടാല്‍ ആരും പറഞ്ഞുപോകും, ആനയും പാപ്പാനും പോകുന്ന പോലേന്ന്‌.

സാംബശിവന്റെ കടുത്ത ആരാധകനായിരുന്ന വേലപ്പന്‍ ആകെയുള്ള മകനും ആ പേരുതന്നെയിട്ട്‌ തന്റെ താരപ്രേമം പ്രകടമാക്കി. പേര്‌ അന്വര്‍ത്ഥമാക്കാനെന്നോണം അവന്‍ തവളകളുടെയും കോഴിയുടെയും ചീവീടിന്റെയുമൊക്കെ പുറകെ കറങ്ങി നടക്കാന്‍ തുടങ്ങി.

സര്‍ക്കാറിന്റെ അരിയും ബക്കറ്റും 200 രൂപയും വാങ്ങാതെതന്നെ ചെറിയ കുടുംബം ആയിപ്പോയതില്‍ വേലപ്പന്റെ വിഷമം ചെറുതൊന്നുമല്ല.

മനപ്പൂര്‍വ്വമല്ല, മകന്‍ ജനിച്ചുകഴിഞ്ഞപ്പോല്‍ രണ്ടുപേരും വല്ലാതങ്ങ്‌ ബിസ്സിയായി എന്നുള്ളതാണ്‌ നേര്‌. അടുത്ത പ്രൊഡക്ഷനെക്കുറിച്ചോര്‍ക്കാന്‍ തന്നെ സമയം കിട്ടാതായി രണ്ടാള്‍ക്കും. ഭജനയും കളരിപ്പയറ്റും കഴിഞ്ഞ്‌ സമയം കിട്ടിയിട്ട്‌ വേണ്ടേ.

കവലസവാരിയും കഴിഞ്ഞ്‌ വീട്ടിലേക്ക്‌ വന്ന്‌ കയറിയ വേലപ്പനെ എതിരേറ്റത്‌ ഉമ്മറത്തിരുന്ന കരയുന്ന മകനാണ്‌.

"നീയെന്തിന്‌ടാ കരയണത്‌?"
"അമ്മ അടിച്ചു"
"ആഹാ, അത്രേയുള്ളാ. അമ്മയല്ലേ അടിച്ചത്‌, സാരമില്ല. അതിനൊക്കെ നീ അച്ഛനെക്കണ്ട്‌ പഠീ. ഞാനെന്നെങ്കിലും ഇതുപോലെ കരഞ്ഞോണ്ട്‌ ഉമ്മറത്തുവന്നിരിക്കുന്നത്‌ നീ കണ്ടിട്ടുണ്ടാ?"
"അത്‌ ഞാന്‍ എന്നും കാണുന്നതല്ലേ. അച്ഛന്‍ മുറിക്കകത്തിരുന്നല്ലേ കരയുന്നത്‌"
"ഉം ഉം. അതുവിട്‌ അതുവിട്‌, എന്തിനാ അടിച്ചത്‌"
"അമ്മയെ ശൂര്‍പ്പണകേന്ന്‌ വിളിച്ചതിന്‌"
"ഭഗവാനേ... അതുശരി, നീ നിനക്കുള്ളത്‌ വാങ്ങിച്ചിട്ട്‌ എനിക്കുള്ളതിന്‌ ഫുള്‍പേയ്മെന്റും ചെയ്തിട്ടാണ്‌ വന്നിരുന്ന്‌ കരയണതല്ലേ?"

വേലപ്പന്‍ ഭാര്യയെ സ്നേഹം കൂടുമ്പോള്‍ (തല്ലുകൊണ്ട്‌ സഹികെടുമ്പോള്‍ എന്നും പറയാം) വിളിക്കുന്ന ചെല്ലപ്പേരുകളിലൊന്നാണ്‌ "ശൂര്‍പ്പണക". അതാണിന്ന്‌ അരുമസന്താനം വിളിച്ചിരിക്കുന്നത്‌.

"അയ്യപ്പാാാ കാത്തോളണേ. കുറച്ച്‌ മയത്തിലിടിച്ചാ മതിയായിരുന്നൂ" അറിയാതെയെങ്കിലും വേലപ്പന്‍ പറഞ്ഞുപോയി.

ഇതൊക്കേയാണെങ്കിലും സകുടുംബം ഒരു സിനിമക്ക്‌ പോക്കുണ്ട്‌ വേലപ്പന്‌. . സത്യന്‍ മാഷിന്റെ പടമാണെങ്കില്‍ വേലപ്പന്‍ ഹാപ്പി. മധുവിന്റെ പാടമാണെങ്കില്‍ സത്യഭാമ ഹാപ്പി.

പക്ഷേ എവിടെ ചെന്നാലും വേലപ്പനുള്ളത്‌ വേലപ്പനുതന്നെ കിട്ടും.

"ദേ, ആരൊ പുറകീന്ന്‌ തോണ്ടുന്നു."
"നീ കാര്യമാക്കണ്ടാ. ഗൗനിക്കാതിരുന്നാമതി."

ശരി. ഗൗനിക്കാതിരുന്നുകളയാം.

"ദേ, പിന്നേം തോണ്ടുന്നു. നിര്‍ത്തണില്ല."
"മോനെ അവിടെയിരുത്തീട്ട്‌ നീയിങ്ങോട്ടിരി"
അതും ചെയ്തു. എന്നിട്ടും രക്ഷയില്ല. പിന്നേയും തോണ്ടല്‍ തന്നെ.

"നമുക്ക്‌ വേറെ സീറ്റില്‍ പോയിരിക്കാം."
"അതൊന്നും വേണ്ടെടി. ഇനിയിപ്പോ ഇടവേള വരും, ലൈറ്റിടും. അപ്പോള്‍ നീയവനെയൊന്ന്‌ തിരിഞ്ഞ്‌ നോക്ക്‌."
"ഞാന്‍ നോക്കീട്ടെന്ത്‌ കാര്യം."
"അതല്ലെടി. നിന്റെ മുഖം കാണാതെയാണ്‌ അവന്‍ ഈ അക്രമമെല്ലാം കാണിക്കുന്നത്‌. ഒരിക്കല്‍ നിന്റെ മുഖം കണ്ടാല്‍പ്പിന്നെ അവനിതിന്‌ മിനക്കെടില്ല. പശ്ചാത്തപിക്കുകയും ചെയ്യും."

സത്യന്‍ പടത്തില്‍ മുഴുകിയിരുന്ന വേലപ്പന്‍ പറഞ്ഞ്‌ കഴിഞ്ഞതിന്‌ ശേഷമാണ്‌ എന്താണ്‌ പറഞ്ഞതെന്നും അതിന്റെ പരിണതഭലങ്ങളെക്കുറിച്ച്‌ ബോധവാനായതും.

"വീട്ടിലൊന്നെത്തിക്കോട്ടെ.." സത്യഭാമയുടെ മനോഗതം വേലപ്പന്‌ കേള്‍ക്കാമായിരുന്നു.

ഏത്‌ കപ്പ്യാര്‌ വന്നാലും പള്ളിയിലെ മണിക്ക്‌ പണിതന്നെയെന്ന്‌ പറയുമ്പോലെ, ആരെന്ത്‌ കാണിച്ചാലും അതവസാനം കറങ്ങിത്തിരിഞ്ഞ്‌ ബൂമറാഗ്‌ പോലെ വേലപ്പന്റെ മുതുകത്ത്‌ തന്നെ വരും.

അന്നു രാത്രി വേലപ്പന്‌ കാളരാത്രിയാണെന്നുള്ളത്‌ പുറകിലിരുന്ന്‌ തോണ്ടിയവനറിയേണ്ട കാര്യമില്ലല്ലോ.

വേലപ്പന്‍ നെടുവീര്‍പ്പിട്ടു "സംഭവാമീ യുഗേ യുഗേ" ഒപ്പം ഒരു മൂളിപ്പട്ടും പാടി "... നിദ്രാവിഹീനങ്ങളല്ലോ ഇന്നും എന്നുടെ രാവുകള്‍..."

കൈരേഖ നോക്കിക്കല്‍ വേലപ്പന്റെ വീക്‌നസ്സാണ്‌. നോക്കുന്ന എല്ലാപേര്‍ക്കും ഒന്നേ പറയാനുള്ളൂ. ശരീരക്ലേശം, മാനഹാനി മുതലായവയും അതുമൂലമുണ്ടാകുന്ന ധനനഷ്ടവും ഭലം. എല്ലാപേരും ഇതുതന്നെപ്പറഞ്ഞപ്പോള്‍ വേലപ്പന്‌ വിശ്വാസമായി. ഇപ്പോള്‍ വേലപ്പന്റെ ഭാവി വേലപ്പന്‌ നല്ലതുപോലെ അറിയാം.

ഭൂതം വര്‍ത്തമാനം പറഞ്ഞുകൊണ്ട്‌ കൂടെ കൂടിയിരിക്കുകയല്ലേ. എങ്ങനെ ഭാവി ആറിയാതിരിക്കും.

ഇപ്പോള്‍ കൈരേഖ നോക്കിക്കലില്ല. പകരം മന്ത്രവാദത്തിലേക്ക്‌ തിരിഞ്ഞു. പലപല മന്ത്രവാദികളേയും കണ്ടൂ. അറിയേണ്ടത്‌ ഒന്നു മാത്രം ...

"അവള്‍ക്ക്‌ നല്ല ബുദ്ധി കൊടുക്കണം എന്നു ചോദിക്കുന്നത്‌ അത്യാഗ്രഹമാണ്‌, അതിക്രമമാണ്‌. അതുകൊണ്ട്‌ മിനിമം എന്നെ ബാധിച്ചിരിക്കുന്ന ഈ ബാധയെ ഒഴിവാക്കിത്തരണം."

ചുട്ട കോഴിയെ പറപ്പിക്കും ചുടാത്ത കോഴിയെ ചുട്ടതിന്‌ ശേഷം പറപ്പിക്കും എന്നൊക്കെപ്പറഞ്ഞ്‌ മന്ത്രവാദികള്‍ പലരും വന്നു, മന്ത്രവാദങ്ങള്‍ പലതും ചെയ്തു. ഒടുവില്‍ ഒഴിഞ്ഞത്‌ മന്ത്രവാദികളും ഒപ്പം ചുട്ട കോഴികളും. സത്യഭാമക്കൊരു കുലുക്കവുമില്ല. നാള്‍ക്കുനാള്‍ നന്നാകുന്നതൊഴിച്ചാല്‍.

ആയിടക്കാണ്‌ മുടിപ്പുര ക്ഷേത്രത്തില്‍ ഒരു സന്യാസി വന്നു കൂടിയത്‌. സന്യാസി അധികം സംസാരിക്കാറില്ല. ആകെ ഒന്നോ രണ്ടോ വാക്കുകള്‍ മാത്രമേ മൊഴിഞ്ഞിരുന്നുള്ളൂ. അതുകൂടാതെ തിരുവായ്‌ തുറക്കുന്നത്‌, ക്ഷേത്രം വക അല്ലെങ്കില്‍ ഭക്‌തര്‍ ആരുടെയെങ്കിലും വക അമൃതേത്തിന്‌ മാത്രം.

സന്യാസിയിലും വേലപ്പന്‍ പ്രതീക്ഷയുടെ നാമ്പ്‌ കണ്ടു. സന്യാസിയെക്കണ്ട്‌ വേലപ്പന്‍ ചോദിച്ചു...

"സ്വാമീ, ദയയുണ്ടാകണം... ഇതില്‍ നിന്നെനിക്കൊരു മോചനം സാധ്യമാണോ?"

സ്വാമിയൊന്നു ചിരിച്ചു. പിന്നെ പതിവുപോലെ മൗനം തുടര്‍ന്നു.
വേലപ്പന്‍ തന്റെ പഴയ സ്ഥിതിയിലും തുടര്‍ന്നു. ഇപ്പോഴും തുടരുന്നു.

വാല്‍ : മൗനം ചിലര്‍ക്കെങ്കിലും ഭൂഷണം തന്നെയാണേയ്‌.

(മകനേ വേലപ്പാ നിന്റെ ചോദ്യത്തിന്‌ ഉത്തരമറിയാമായിരുന്നെങ്കില്‍ ഞാനിങ്ങനെ സന്യാസത്തിനിറങ്ങിത്തിരിക്കുമായിരുന്നോ ?. ആണ്ട ബാധ കൊണ്ടേ പോകൂ.. മൈ ഡിയര്‍ സണ്‍)

8 comments:

Unknown said...

നല്ല ഹ്യൂമര്‍ സെന്‍സ്..

ശ്രീ said...

“സത്യഭാമ നടക്കിരുത്താന്‍ പരുവത്തിലായപ്പോള്‍, വേലപ്പന്‍ നടയിലിരിക്കാന്‍ (ഭിക്ഷക്കായി) പരുവത്തിലുമായി.”

നന്നായി എഴുതിയിരിക്കുന്നു. പക്ഷെ, അവസാനിപ്പിച്ചത് ക്കുറച്ചു വേഗത്തിലായോ എന്നൊരു സംശയമുണ്ട്.

ബാജി ഓടംവേലി said...

നല്ല വിവരണം

Murali K Menon said...

നര്‍മ്മം ആസ്വദിച്ചു.

സഹയാത്രികന്‍ said...

ഹ ഹ ഹ...കൊള്ളാം...
:)

ഏ.ആര്‍. നജീം said...

പാവം വേലപ്പന്‍, സംഭവാമി യുഗേ യുഗേ...

Anonymous said...

Nannayirunnu. Wittum similiyum kurachukoodi aakam

Unknown said...

ആണ്ട ബാധ കൊണ്ടേ പോകൂ.. മൈ ഡിയര്‍ സണ്‍....

nannaayirunu....:)

Related Posts Plugin for WordPress, Blogger...

Popular Posts