Wednesday, October 31, 2007

ലക്ഷ്മിച്ചേച്ചിയുടെ വിശാലമനസ്സ്‌

ബാബുച്ചേട്ടന്‍ കോവില്ലൂരിന്റെ സ്വന്തം സ്വത്താണ്‌. എന്നു വച്ചാല്‍ ജീവിതത്തിലിന്നേവരെ കോവില്ലൂര്‍ മഹാരാജ്യം വിട്ടെങ്ങും പോയ്യിട്ടില്ല. പോകുന്നത്‌ ബാബുച്ചേട്ടനിഷ്ടമല്ല. താനായി തന്റെ പാടായി എന്നതാണ്‌ നിലപാട്‌. യാതൊരു ദുഃശ്ശീലങ്ങളും ഇല്ലാത്തതിനാല്‍ രാവിലെ പണിക്ക്‌ പോയി വൈകിട്ട്‌ തിരിച്ച്‌ വീട്ടിലെത്തി, കിട്ടിയതുകൊണ്ട്‌ ഭാര്യയെയും മക്കളേയും പോറ്റി സസുഖം കഴിഞ്ഞുപോന്നു.

ബാബുച്ചേട്ടന്റെ കൂടെ കൂടി സഹധര്‍മ്മിണി ലക്ഷ്മിച്ചേച്ചിക്കും അയല്‍രാജ്യങ്ങളിലേക്കുള്ള സര്‍ക്കീട്ട്‌ ഇഷ്ടമല്ലാതായി. ആകെയുള്ള രണ്ട്‌ കിടുവാലുകളുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.

ലക്ഷ്മിച്ചേച്ചിക്ക്‌ ആകെയുള്ള സമ്പര്‍ക്കം രണ്ട്‌ അയല്‍പക്കവുമായിട്ടാണ്‌. പകല്‍സമയങ്ങളില്‍ വേലിക്കരുകില്‍ നിന്നും സന്ധ്യാവേളകളില്‍ ഏതെങ്കിലും ഒരു വീടിന്റെ ഉമ്മറത്തും അവരുടെ കാര്യവിചാരണാസഭ നിര്‍ബാധം നടന്നു വന്നിരുന്നു. ഈയവസരങ്ങളില്‍ കിടുവാലുകള്‍ മണ്ണെണ്ണ വിളക്കിനുചുറ്റും വന്നുപെടുന്ന പാവം ഈയ്യാമ്പാറ്റകളേയും വണ്ടിനേയുമൊക്കെ പിടിച്ച്‌ തീയില്‍ കാണിച്ച്‌ പൊരിച്ചും കരിച്ചും തൂക്കിക്കൊന്നുമൊക്കെ അവരാലാകുന്ന (ക്രൂര)വിനോദങ്ങള്‍ക്ക്‌ സമയം കണ്ടെത്തിയിരുന്നു.

ഞാന്‍ വഴിപിഴച്ചുപോയോ ???? ഐ മീന്‍ പറയാന്‍ വന്നതില്‍ നിന്നും ....

കാര്യത്തിലേക്ക്‌ കടക്കാം....

എല്ലാ വീട്ടമ്മയെയും പോലെ ലക്ഷ്മിച്ചേച്ചിക്കും ഒരാഗ്രഹം ... എത്രനാളെന്നുവച്ചാ ഇങ്ങനെ വാടകവീട്ടില്‍ കഴിയുന്നത്‌.

സ്വന്തമായൊരു വീടുംകുടിയുമൊക്കെ വേണ്ടേ...

തികച്ചും ന്യായമായ ഒരാഗ്രഹം. ബാബുച്ചേട്ടനും തോന്നി.

പക്ഷേ അതിനുള്ള 'ജോര്‍ജ്ജുകുട്ടി' എവിടുന്നുണ്ടാകും. ഇത്രയും നാളത്തെ അധ്വാനഫലമായി അകെയുള്ളത്‌ ഈ രണ്ട്‌ കിടുവാലുകളാണ്‌. പിന്നെ നിത്യച്ചെലവും നടന്നു പോകുന്നു.

വീടുംകുടിയുമെന്ന സ്വപ്നം സ്വപ്നമായിത്തന്നെ നില്‍ക്കുന്ന കാലത്താണ്‌, കര്‍ണ്ണാനന്തകരമായ ആ വാര്‍ത്ത ബാബുച്ചേട്ടനെത്തേടിയെത്തിയത്‌. "ഗള്‍ഫിലേക്ക്‌ പണിക്കാളെ ആവശ്യമുണ്ട്‌".

യുറേക്കാാാാാ... ബാബുച്ചേട്ടന്‍ സ്വപ്നം കണ്ടു, സ്വന്തം വിട്‌, കൈ നിറയെ കാശ്‌, ഗള്‍ഫുകാരനെന്ന ലേബല്‍ അങ്ങനെ അങ്ങനെ.

പിന്നെയെല്ലാം മിന്നല്‍ വേഗത്തിലായിരുന്നു.

കള്ളിമുണ്ടുമാത്രമുടുത്തു നടന്നിരുന്ന ബാബുച്ചേട്ടന്‍ പാന്റ്‌ തയ്പ്പിച്ചു. സാധനങ്ങള്‍ കൊണ്ടുപോകാന്‍ 'എയര്‍മെയില്‍' എഴുതിയതും പ്ലെയിനിന്റെ പടമുള്ളതുമായ ബാഗ്‌ വാങ്ങി. എന്നുവേണ്ട, ഇന്ന്‌ ഇപ്പോള്‍ പോകാന്‍ പറഞ്ഞാല്‍ പോകാന്‍ റെഡിയായി ബാബുച്ചേട്ടന്‍ നിന്നു.

ഒരു സുദിനത്തില്‍ ഏജന്റിന്റെ കമ്പി വന്നു. കൊണ്ടു വന്നു കൊടുത്ത പോസ്റ്റ്‌മാനോട്‌ അപ്പോള്‍ തന്നെ പറഞ്ഞു...

"ഇനി രണ്ട്‌ മൂന്നു വര്‍ഷം കഴിഞ്ഞ്‌ കാണാം. ചിലപ്പോ പോവാന്നേരത്ത്‌ കാണാന്‍ പറ്റൂല്ല. അതുകൊണ്ടാണ്‌ ഇപ്പഴെ പറയണത്‌."

എല്ലാപേരോടും യാത്ര പറഞ്ഞ്‌ യാത്രക്കൊരുങ്ങി ബാബുച്ചേട്ടന്‍.

"ഇനിയെന്നു കാണും നമ്മള്‍ ...
ചക്രവാളമാകെ നിന്റെ ഗത്‌ഗതം മുഴങ്ങീടുന്നു" ഗാനം മനസ്സില്‍ മൂളി ബാബുച്ചേട്ടന്‍ ലക്ഷ്മിച്ചേച്ചിയോടും യാത്ര പറഞ്ഞു.

രാവിലെ ട്രെയിനിന്‌ ബോംബെയ്ക്ക്‌. അവിടുന്ന്‌ അടുത്ത ദിവസം ഗള്‍ഫിലേക്ക്‌. അതാണ്‌ അജണ്ട.

റെയില്‍വേസ്റ്റേഷനിലെത്തിയ ബാബുച്ചേട്ടന്‍, അച്ഛന്റെ കൈവിട്ട്‌ ഉത്സവപ്പറമ്പില്‍ കാണാതായ കുട്ടിയെപ്പോലെ ഒന്നു പകച്ചു നിന്നു. രാജ്യസ്നേഹം ഇത്രയും വിന വരുത്തി വൈക്കുമെന്ന്‌ ബാബുച്ചേട്ടന്‍ സ്വപ്നേപി നിരീച്ചില്ല.

തെക്കും വടക്കും തിരിച്ചറിയാനാവാതെ എത്ര സമയമെന്നുവച്ചാ നിക്കുക. ഇങ്ങനെ മിളിങ്ങസ്സ്യാന്നുള്ള നില്‍പ്പിലും ഒന്നു തീരുമാനിച്ചു, സമയം കളയാതെ ആദ്യം വരുന്ന ട്രെയിനില്‍ കയറുക. അത്രതന്നെ. തീരുമാനിക്കുക മാത്രമല്ല അത്‌ നടപ്പിലാക്കുകയും ചെയ്തു.

ഒന്നു മയങ്ങിയെണിറ്റ ബാബുച്ചേട്ടന്‍ കണ്ടത്‌ കെട്ടും ഭാണ്ഡവുമൊക്കെയെടുത്ത്‌ ഇറങ്ങുന്ന ആള്‍ക്കാരെ. സ്ഥലമെത്തി. ഇത്ര പെട്ടെന്ന്‌ ബോംബെയെത്തിയോ. ഇത്രയടുത്താണോ ബൊംബെ. ബാബുച്ചേട്ടനും ബാഗും തൂകിയിറങ്ങി.

"സര്‍, കൂലി വേണമാ സര്‍"
"അതിന്‌ ഞാന്‍ പണിയൊന്നും ചെയ്തില്ലല്ലോ" എന്ന്‌ കരുതി "വേണ്ട"ന്ന്‌ പറഞ്ഞു.

ആടുത്ത പണി അഡ്രസ്സ്‌ തപ്പിയേടുക്കുകയെന്നുള്ളതാണ്‌. റെയില്വ്‌ഏസ്റ്റേഷനില്‍ നിന്നറങ്ങി ആദ്യം കണ്ട ഒരുവനോട്‌ അഡ്രസ്സ്‌ കൊടുത്തു.

"ഈ അഡ്രസ്സ്‌ എവിടെയാണ്‌"
"എനക്ക്‌ ഇഗ്ലീഷ്‌ പഠിക്ക വരാതുങ്ക. കൊഞ്ചം പൊറു കേട്ട്‌ ചൊല്‍റേന്‍"

ഇവനെന്തായീ പറയണത്‌. കൊഞ്ചം പെറാനാ. വൃത്തികെട്ടവന്‍.

അവന്‍ അടുത്തു നിന്ന, ഇത്തിരി വിവരവും വിദ്യാഭ്യാസവുമുണ്ടെന്ന്‌ കണ്ടാല്‍ തോന്നിയ ഒരുവനോട്‌ കയ്യിലിരുന്ന അഡ്രസ്സ്‌ കൊടുത്തു.

അഡ്രസ്സ്‌ വാങ്ങിയവന്‍ ബാബുച്ചേട്ടനെ ആപാദചൂഡമൊന്നു നോക്കി. അറിയാവുന്ന മലയാളം കഴിവിന്റെ പരമാവധി തിരുകിക്കയറ്റിപ്പറഞ്ഞു..

"അണ്ണാ, ഇന്ത അഡ്രസ്സ്‌ ഇങ്കെ അല്ലൈ. ബോംബെയിലാക്കും"
"അതുതന്നെ, ബോംബെ. അഡ്രസ്സ്‌ എവിടെ. എവിടെ?"

ചോദിച്ച്‌ ചോദിച്ച്‌ ബാബുച്ചേട്ടനും മറുപടി പറഞ്ഞ്‌ അണ്ണാച്ചിയും കുഴഞ്ഞു.

'എലെ, കിറുക്കുപ്പയപുള്ള, ബോംബെ അഡ്രസ്സ്‌ ബോംബെയില പോയ്‌ വിസാരിച്ചാലെ കെടക്കിറത്‌ കഷ്ടം. ഇവന്‍ എന്നടണ്ണാ കന്യാകുമാരിയില വന്തില്ലാ വിസാരിച്ചിട്ടിരുക്കാന്‍. ചരിയാന കൂറുകെട്ട ഇളിച്ചവനായില്ലാ ഇരുക്കാന്‍"

"ഇവനേതായാലും അഡ്രസ്സല്ലാ പറഞ്ഞതെന്നും, അത്ര സുഖമുള്ള വാക്കുകളല്ലാ പറഞ്ഞതെന്നും" ബാബുച്ചേട്ടന്‍ അണ്ണാച്ചിയുടെ നില്‍പ്പും ഭാവവും കണ്ട്‌ മനസ്സിലാക്കിയെടുത്തൂ.

ഇന്ത്യയുടെ റോക്കറ്റ്‌ പോലെ, പോയതുപോലെ ലക്ഷ്യം കാണാതെ ഒരാഴ്ചകഴിഞ്ഞ്‌ ബാബുച്ചേട്ടന്‍ സ്വഭവനത്തില്‍ ലാന്റ്‌ ചെയ്തൂ.

ബാബുച്ചേട്ടന്റെ ക്രാഷ്‌ ലാന്റിങ്‌ അറിഞ്ഞെത്തിയ പൗരപ്രമുഖര്‍ ഇങ്ങനെ കണ്‍ക്ലൂഡ്‌ ചെയ്തു...

"വടക്കോട്ട്‌ പൊകുന്ന ട്രെയിനിനിനു പകരം ബാബു തെക്കോട്ട്‌ പോകുന്ന ട്രെയിനില്‍ കയറി."
"അതുകൊണ്ടു തന്നെ ബോംബെയ്ക്കുപകരം ചെന്നെത്തിയത്‌ കന്യാകുമാരിയിലുമാണ്‌."
"അതേതായാലും നന്നായി. ഈ കോലത്തില്‍ വടക്കോട്ട്‌ പോയിരുന്നെങ്കില്‍ ഇപ്പോള്‍ തെക്കോട്ടെടുത്തേനെ."

കണ്‍ക്ലുഷനൊക്കെ കേട്ട്‌ കണ്‍ഫൂസായി ബാബുച്ചേട്ടനിരുന്നു. കഞ്ചാവടിച്ച കാട്ടുകോഴിയെപ്പോലെ.

"എന്തായാലും വരനുള്ളതൊക്കെ വഴിയില്‍ ഒരു പൊടിപോലും തങ്ങാതെ മൊത്തമായിട്ടിങ്ങു വന്നു. ഇനി അതാലോചിച്ചിരിക്കാതെ നടക്കേണ്ട കാര്യങ്ങള്‍ നോക്ക്‌ ബാബു."

വന്നവര്‍ വെറും ഫ്രീയായിട്ട്‌ ഒരുപദേശവും കൊടുത്ത്‌ അവനവനേറ്റ്‌ പാടുനോക്കിപ്പോയി.

"ലക്ഷ്മിയേ, എന്റെ കള്ളിമുണ്ടും ഉടുപ്പുമിങ്ങെടുത്തോ. ഞാനിതൊക്കെയൊന്നു മാറട്ടെ."

ലക്ഷ്മിയില്‍ യാതൊരു പ്രതികരണവുമില്ല. പോരാത്തത്തിന്‌ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിട്ട്‌ കാശുകൊടുക്കാന്‍ പോക്കറ്റില്‍ കയ്യിടുമ്പോള്‍ പോക്കറ്റടിച്ചുവെന്ന്‌ മനസ്സിലായവനെപ്പോലെ വൈറ്റ്‌വാഷ്‌ ചെയ്ത മുഖവുമായി നില്‍ക്കുന്നു.

"എന്താടി ഒരു മുണ്ടും ഉടുപ്പുമെടുക്കാന്‍ ഇത്രയും നേരമോ?"

ലക്ഷ്മി പഴയ സ്റ്റാറ്റസ്സില്‍ തന്നെ.

"ഇവളെന്താ അവിടെത്തന്നെ ഉറച്ചുപോയോ? എടീ എന്താ കര്യമ്ന്ന്‌ പറ. മുണ്ടെടുക്കാന്‍ പറഞ്ഞ നിയെന്തിനായിങ്ങനെ ഫ്രീസായിട്ടിരിക്കുന്നത്‌?"

"അത്‌ പിന്നെ, നിങ്ങള്‍ ഗല്‍ഫില്‍ പോയല്ലൊ. ഇനി നമ്മക്കെന്തിന്‌ പഴയ തുണികളെന്നു വിചാരിച്ച്‌ ഇവിടെയുള്ള തുണികളൊക്കെ ഞാന്‍ വാരി പാവങ്ങള്‍ക്ക്‌ കൊടുത്തൂ. ഇവിടെയിപ്പം നിങ്ങള്‍ക്ക്‌ മാറ്റാനൊന്നുമില്ല."

"കഷ്ടകാലം പിടിച്ചവന്‍ മൊട്ടയടിച്ചപ്പോള്‍ പെയ്തതെല്ലാം കല്ലുമഴയാണെന്ന്‌ കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ."

വാല്‍ : കുറച്ചുകാലത്തേക്ക്‌ ബാബുച്ചേട്ടന്‍ എവിടെപ്പോയാലും പാന്റിട്ടേ പോകാറുണ്ടയിരുന്നുള്ളൂ. ഇനിയും വ്യക്തമായിപ്പറഞ്ഞാല്‍ അടുത്ത ഓണം വരെ.

"ലക്ഷ്മിയേയ്‌, വീടുംകുടിയുമൊക്കെ എന്തായെടീ"
"വീടൊന്നുമായില്ല. കുടിയായി...പിള്ളേരുടെ അച്ഛന്‌."

11 comments:

ക്രിസ്‌വിന്‍ said...

ഞാന്‍ ലക്ഷ്മി ചേച്ചിയെ കുറ്റം പരയില്ല.അത്രേയല്ലേ ചെയ്തുള്ളു..

കുഞ്ഞന്‍ said...

ഹഹഹ..

ഒന്നന്നര ഹാസ്യം....ശരിക്കും കിടിലന്‍..അവസാന വരി എല്ലാത്തിനേയും കടത്തിവെട്ടും..!

G.MANU said...
This comment has been removed by the author.
G.MANU said...

ഇവനെന്തായീ പറയണത്‌. കൊഞ്ചം പെറാനാ. വൃത്തികെട്ടവന്‍.


kalakki

ഉപാസന || Upasana said...

ഹാസ്യം കൊള്ളാം ട്ടോ
:)
ഉപാസന

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ലക്ഷ്മി ചേച്ചിയുടെ ലാസ്റ്റ് ഡയലോഗ് കലക്കി!!!

സാജന്‍| SAJAN said...

അലമ്പാ, നന്നായി ഈ പോസ്റ്റും ക്ലൈമാക്സ് സൂ‍പ്പെറ്:)

Sherlock said...

ഹ ഹ...കൊള്ളാം...കഥയല്ലേ..:)

Sethunath UN said...

കൊള്ളാം. :) ഒട്ടും അ‌ലമ്പില്ലാത്ത ചിരി.

Santhosh said...

അലമ്പന്‍, നല്ല വിവരണം!

കര്‍ണ്ണാനന്തകം (കര്‍ണ്ണാനന്ദകം), തലസ്താനം (തലസ്ഥാനം), ഗത്‌ഗതം (ഗദ്ഗദം) എന്നീ വാക്കുകള്‍ തെറ്റിപ്പോയത് തിരുത്തുമല്ലോ.

വരനുള്ളതൊക്കെ വഴിയില്‍ തങ്ങില്ല എന്നു പറഞ്ഞപ്പോള്‍ അല്പം അര്‍ഥവും മാറി:)

അലമ്പന്‍ said...

ക്രിസ്‌വിന്‍ - ലക്ഷ്മിച്ചേച്ചിയെ കുറ്റം പറയണ്ട. ബാബുച്ചേട്ടന്‌ അത്രയും ആകാമെങ്കില്‍ ചേച്ചിക്ക്‌ ഇതുമാകാം.

കുഞ്ഞന്‍ - ഒരു ഒന്നന്നര നന്ദി.

മനു - രൊംബ നന്റ്രി അണ്ണേ.

ഉപാസന - നന്ദി ട്ടോ.

സണ്ണിക്കുട്ടന്‍ - ലക്ഷിച്ചേച്ചിയുടെ ഡയലോഗ്‌ മാത്രമല്ല പ്രവര്‍ത്തിയും കലക്കനാ.

സാജന്‍ - അലമ്പില്ലാത്ത ഒരു സൂപ്പര്‍ നദി.

ജിഹേഷ്‌ - നന്ദി. പിന്നെ ഇത്‌ കഥയല്ല. കഥയാക്കിയതാണ്‌.

നിഷ്കളങ്കന്‍ - അലമ്പില്ലാതെതന്നെ ഒരു നന്ദിയും അറിയിക്കുന്നു.

സന്തോഷ്‌ - നന്ദി. പ്രത്യേകിച്ച്‌ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിന്‌. തീര്‍ച്ചയായും തെറ്റുകള്‍ തിരുത്തുന്നതായിരിക്കും. എന്നുവച്ച്‌ തെറ്റ്‌ കണ്ടുപിടിക്കുന്നത്‌ നിര്‍ത്തണ്ട. തുടരട്ടെ.

Related Posts Plugin for WordPress, Blogger...

Popular Posts