Tuesday, October 23, 2007

വാഷിങ്‌ മെഷിന്‍ മോഷണം

തനിക്ക്‌ മാത്രം അലാറവുമില്ല വിളിച്ചെഴുന്നേല്‍പ്പിക്കാനാളുമില്ല എന്നൊരു പരിഭവമുണ്ടെങ്കിലും, കതിരവന്‍ ക്ര്യത്യസമയത്തുതന്നെയെഴുന്നേറ്റ്‌ കോടാലിയുമെടുത്ത്‌ തോളിലിട്ട്‌ വിറക്‌ സോറി വെള്ള കീറാന്‍ പോയി.

താന്‍ ചെന്ന്‌ വെള്ള കീറിയിട്ട്‌ വേണം, ഈ മാലോകരൊക്കെ അവനവന്‍ കീറിയ വിറകുകത്തിച്ച്‌ കട്ടനുണ്ടാക്കി കെട്ടിയവനും കുട്ടികള്‍ക്കും കൊടുക്കാന്‍. കെട്ടാത്തവര്‍ വെറും കട്ടനടിച്ച്‌ ബീഡിയും വലിച്ചിരുന്നു.

വലിയ ഉത്തരവാദിത്വമുള്ള ജോലിയാണ്‌ സദാശിവന്റേത്‌. വാര്‍ത്താവിനിമയം. എഴുത്തും വായനയും അറിയുന്ന കോവില്ലൂരാന്മാര്‍ക്ക്‌ പത്രമെത്തിച്ചുകൊടുക്കൂകയെന്ന ഭാരിച്ച ഉത്തരവദിത്വം ആണ്‌. 2 വായനശാലയും 2 ബാര്‍ബര്‍ ഷാപ്പുമുള്‍പ്പെടെ 15 എണ്ണം (15 എണ്ണം അത്ര കുറഞ്ഞ എണ്ണമൊന്നുമല്ല) കൊടുക്കുന്നതോടൊപ്പം ചില അഡിഷണല്‍ റെസ്പോന്‍സിബിലിറ്റി കൂടെ പുള്ളിക്കുണ്ട്‌. പത്രത്തില്‍ വരാത്തതും എന്നാല്‍ കോവില്ലൂര്‍ വാസികള്‍ അറിഞ്ഞിരിക്കേണ്ടതുമായ ലോക്കല്‍ ന്യൂസുകള്‍, ഗോസ്സിപ്പുകള്‍ മുതലായവ ചില റിലയബിള്‍ സോര്‍സുകളില്‍ നിന്ന്‌ കളക്‌റ്റ്‌ ചെയ്ത്‌ മറ്റു ചില സെലക്റ്റട്‌ സ്പോട്ടുകളില്‍ പത്രത്തോടൊപ്പം വിതരണം ചെയ്യുകയെന്നുള്ളത്‌. (അഫ്‌കോഴ്സ്‌ ഫ്രീ ഓഫ്‌ കോസ്റ്റ്‌ വിത്ത്‌ സദാശിവന്‍ ടച്ച്‌ എരിയും പുളിയും). ഇങ്ങനെയുള്ള സ്പോട്ടുകളില്‍ ന്യൂസ്‌ കൊടുക്കുന്നതിന്‌ രണ്ടുണ്ട്‌ ഗുണം. ഒന്ന്‌ രാവിലെയുള്ള സൈക്കിള്‍ ചവിട്ടിന്‌ ഒരു കമേര്‍ഷിയല്‍ ബ്രേക്ക്‌, രണ്ട്‌ ആരുടെയെങ്കിലും കയ്യില്‍ നിന്ന്‌ ഫ്രീയായിട്ട്‌ ഒരു ബീഡിയും വലിക്കാം.

ശശിയണ്ണന്‍ എന്ന ശശി അലക്കുകാരനാണ്‌. അതുകൊണ്ടുതന്നെ ഭാര്യയായ ഗോമതി അലക്കുകാരിയുമായി. നാട്ടുകാരൊക്കെ നല്ല വ്ര്യത്തിയും വെടിപ്പുമായിട്ട്‌ നടക്കണമെന്ന്‌ നിര്‍ബന്ധമുള്ളതുകൊണ്ട്‌, രാവിലെതന്നെ തുണികളൊക്കെയെടുത്ത്‌, പോകുന്ന വഴിക്ക്‌ വേലായുധന്റെ കടയില്‍ നിന്ന്‌ 'തോയ'യുമടിച്ച്‌ ആറ്റിലേക്ക്‌ പോകും. അലക്കും, ഉണക്കും (അലക്കിയ തുണികള്‍) പിന്നെയൊരു കുളിയും കഴിഞ്ഞേ തിരിച്ച്‌ കൂടണയാറുള്ളൂ.

ശശി-ഗോമതി ദാമ്പത്യവല്ലരിയില്‍ ഒരേയൊരു കുസുമമേ പൂത്തുലഞ്ഞുള്ളൂ. ഏഴാം ക്ലാസ്സില്‍ത്തന്നെ എട്ടുനിലയില്‍ വരിച്ച ഉന്നത വിജയത്തിന്‌ ശേഷം വീട്ടിലിരുന്ന്‌ ഭക്ഷണത്തിലും ഉറക്കത്തിലും മനോരമ മംഗളം മുതലായ ചരിത്രപ്രധാനങ്ങളായ മഹാഗ്രന്ഥങ്ങളിലും കോന്‍സന്റ്രേറ്റ്‌ ചെയ്യുന്ന മിനി, 17 വയസ്സ്‌.

തങ്കപ്പെട്ട ഗുണമുള്ള മിനിക്ക്‌ മറ്റു കുഴപ്പമൊന്നുമില്ല, പ്രേമിക്കണം. അതാണ്‌ ഒണ്‍ ആന്‍ഡ്‌ ഒണ്‍ലി ഡിമാന്റ്‌. ചെറുപ്പക്കാരെക്കാണുമ്പോള്‍ മിനി രാധയാകും, ഷെര്‍ളിയാകും, പാറുവാകും, തങ്കമാകും അങ്ങനെ അങ്ങനെ പലതുമാകും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചെറുപ്പക്കാരന്‍ കണ്ണേട്ടനും, ടോണിച്ചായനും, അപ്പുവേട്ടനും, തങ്കപ്പേട്ടനുമൊക്കെയാകും. ഇന്‍ഫാക്റ്റ്‌ മിനി ആക്കിയെടുക്കും.

മൂന്ന്‌ നാല്‌ വര്‍ഷത്തെ മഹാഗ്രന്ഥങ്ങളിലുടെയുള്ള പ്രയാണം മിനിയെ നാഗവല്ലിയൊ, അന്യനൊയൊക്കെയാക്കി മാറ്റി. മള്‍ട്ടിപ്പിള്‍ പേര്‍സണാലിറ്റി, സ്‌പ്ലിറ്റ്‌ പേര്‍സണാലിറ്റിയെന്നൊക്കെ ഞങ്ങള്‍ (കോവില്ലൂര്‍ നിവാസികള്‍) പറയും.

തന്റെ ഭാവി ആരുടെ കയ്യിലിരുന്നാണ്‌ ഇതിലേ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതെന്ന്‌ ഒരു നിശ്ചയമില്ലാതിരുന്നതിനാല്‍, രാവിലെ വരുന്ന പത്രക്കാരന്‍ മുതല്‍ മൂവന്തിക്ക്‌ കൂടണയാന്‍ പോകുന്ന പാത്രക്കാരനില്‍ വരെ മിനി പല ഏട്ടന്മാരെയും കണ്ട്‌ നിര്‍വ്ര്യതിയടഞ്ഞു. സ്വപ്നം കാണാനും നിര്‍വ്ര്യതിയടയാനും പ്രത്യേകിച്ച്‌ ചിലവൊന്നുമില്ലാത്തതിനാലും സമയം ആവശ്യത്തിനുണ്ടായിരുന്നതിനാലും മിനിയുടെ അജണ്ടയില്‍ കാര്യമായ മാറ്റമൊന്നും വന്നിരുന്നില്ല.

ഒത്തിരിയൊത്തിരി കരളുകളും ഹ്ര്യദയങ്ങളും കയ്യിലെടുക്കുകയും അവയൊക്കെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുന്നതിലും വാഹിദിനുള്ള പരിജ്ഞാനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ദിവസവും ഒരു രണ്ട്‌ കരളെങ്കിലും കയ്യിലെടുത്തില്ലെങ്കില്‍ വാഹിദിന്‌ അന്ന്‌ ചോറിറങ്ങില്ല. കാരണം വാഹിദ്‌ മുട്ടിലിഴയുന്ന കാലം മുതലേ വാഹിദിന്റെ വാപ്പാക്ക്‌ ഇറച്ചിവെട്ടാണ്‌ തൊഴില്‍. അങ്ങനെ വാഹിദും വാപ്പായുടെ തൊഴിലില്‍ വര്‍ക്കിങ്‌ പാര്‍ട്ട്‌ണറായി. വെട്ടിവയ്ക്കുന്ന ഇറച്ചി ഇലയില്‍ പൊതിഞ്ഞ്‌ കൊടുക്കുകയെന്നതാണ്‌ ആദ്യമേറ്റെടുത്ത പണി. ക്രമേണ പ്രമോഷന്‍ കിട്ടി ഇറച്ചിവെട്ടുകാരനായി, വാപ്പാക്ക്‌ പെന്‍ഷനുമായി.

വാഹിദ്‌ ചാര്‍ജെടുത്തശേഷം ബിസിനസ്സില്‍ അത്യാവശ്യം വരുത്തിയ ചില പരിഷ്കാരങ്ങളില്‍ ഒന്നാണ്‌ "ഹോം ഡെലിവറി". ആവശ്യക്കാര്‍ക്ക്‌ ഇറച്ചി വീട്ടിലെത്തിച്ചുകൊടുക്കുക. കുറച്ച്‌ താമസിക്കും, എന്നാലെന്താ അത്രയും ദൂരം പോകാതെയും അവിടെ എല്ലിന്‌ കറങ്ങിനടക്കുന്ന പട്ടികളുടെ കടികൊള്ളാതെയും സാധനം വീട്ടിലെത്തും.

ഓണ്‍ എ കോള്‍ഡ്‌ ഏര്‍ളീമോര്‍ണിങ്‌

ഒരു തണുത്ത വെളുപ്പാങ്കാലത്ത്‌ന്ന്‌,

പ്രേമത്തിന്റെ തിയറിയെല്ലാം മനഃപ്പാഠമാക്കി ബിരുദാനന്തരബിരുദത്തിന്റെ തൊപ്പിയും തലയിലേറ്റി പ്രാക്റ്റിക്കലിന്‌ സ്കോപ്പില്ലാതെയിരുന്ന മിനിയുടെ മുന്‍പിലിതാ ഹോം ഡെലിവറിയുമായി വാഹിദ്‌. സമയം കളയാതെ മിനി "ശിശിരകാലത്തിലെ" സാറാമ്മയായി, വാഹിദിനെ ജോയിച്ചനുമാക്കി. വാഹിദിന്റെ ജീവിതത്തിലെ ടേര്‍ണിങ്‌ ഡെലിവറിയായിരുന്നു അന്ന്‌ ആ ശുഭദിനത്തില്‍ നടന്നത്‌.

ഓര്‍ഡറുണ്ടെങ്കിലും ഇല്ലെങ്കിലും ദിവസവും മിനിയുടെ വീടിന്റെ പരിസരത്ത്‌ കറങ്ങി നടക്കുകയെന്നത്‌ വാഹിദിന്‌ വ്രതമായി. ഓരോ ദിവസവും ഓരോ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച്‌ സ്വപ്നങ്ങള്‍ കണ്ട്‌ ഇണങ്ങിയും പിണങ്ങിയും നാളുകള്‍ തള്ളിനീക്കി.

കാലചക്രം പിന്നെയുമുരുണ്ടു.....

അന്നും പത്രത്തോടോപ്പം സദാശിവന്റെ ഫ്രീ സപ്ലിമെന്റുണ്ടായിരുന്നു....

കേട്ടവര്‍ കേട്ടവര്‍ ഞെട്ടി. ഞെട്ടിയവര്‍ ഞെട്ടിയവര്‍ വാപൊളിച്ചു. വാപൊളിച്ചവര്‍, 'എന്നാലും ശശിക്കീ ഗതി വന്നല്ലോ' "ശശിയോടിതു ചെയ്യാന്‍ ആര്‍ക്കാണ്‌ മനസ്സു വന്നത്‌' 'ശശിയിതെങ്ങനെ സഹിക്കും' ഇത്യാദി ഫോര്‍മല്‍ ഡയലോഗുകള്‍ പറഞ്ഞ്‌ തുറന്ന വായ അടച്ചു വച്ചു.

പുലരിയിലെ ശശിയുടെ വീട്ടില്‍ മോഷണം.

'മിനി' വാഷിംഗ്‌ മെഷീന്‍ മിസ്സിങ്‌.
ശശിയും കൂട്ടരും വാഹിദിനെ സെര്‍ച്ചിങ്‌.

വാല്‍ : ശശി ഗോമതി ദംബതികളെ "ഹെവീ ഡ്യൂട്ടി വാഷിങ്‌ മെഷീന്‍" എന്നും തൊഴില്‍ പരമായി കഴിവ്‌ തെളിയിക്കാന്‍ അവസരവും (സമയവും) കിട്ടാതിരുന്ന മിനിയെ "മിനി വാഷിങ്‌ മെഷീന്‍" എന്നും തൊഴിലടിസ്താനത്തില്‍ നാമകരണം ചെയ്തത്‌ ആരാണാവോ.. ആ ... ഞാനല്ല .... സത്യം.

അടുത്ത ജില്ലകളിലെ രണ്ടാഴ്ച്ചത്തെ വിദേശപര്യടനം കഴിഞ്ഞ്‌ കയ്യിലെ കാശ്‌ തീര്‍ന്നപ്പോള്‍ വാഹിദ്‌-മിനി ദംബതികള്‍ തിരിച്ചെത്തി. ഇപ്പോള്‍ രണ്ട്‌ "പോര്‍റ്റബിള്‍ വാഷിങ്‌" മെഷിനുമായി കോവില്ലൂരില്‍ത്തന്നെ... സസന്തോഷം.

9 comments:

R. said...

ഹാ ഹാ... സ്റ്റൈലായിട്ട്ണ്ട് !

കൊച്ചുത്രേസ്യ said...

ഹി ഹി ഹി നന്നായിട്ടുണ്ട്‌.. കതിരവന്‍ വെള്ള കീറാന്‍ പോകുന്ന ഭാഗവും മിനി വാഷിംഗ്‌ മെഷീനും അസ്സലായി :-)

കുഞ്ഞന്‍ said...

ഹഹ..കൊള്ളാ‍മല്ലോ വാഷിങ്ങ് മെഷീന്‍..!

Sethunath UN said...

കതിരവന്‍ വെള്ള കീറാന്‍ പോയത് ദിലീപിന്റെ മിമിക്രി കഥാപ്രസ‌ംഗത്തില്‍ കേട്ടിട്ടുണ്ടെന്നു തോന്നുന്നു. ബാക്കിയൊക്കെ നന്നായി അലമ്പ്‌സ്.

ശ്രീ said...

കൊള്ളാം കേട്ടോ.
:)

Sherlock said...

:)

ഏ.ആര്‍. നജീം said...

ഹഹാ..ഇതു കൊള്ളാം കലക്കി.
അപ്പോ കോവൂരുകാര്‍ക്ക് ഇപ്പോ ഇഷ്ടം പോലെ വാഷിങ്ങ് മെഷീന്‍ ആയി..

ദിലീപ് വിശ്വനാഥ് said...

ഹഹഹ വാഷിംഗ്‌ മെഷീന്‍ കലക്കീട്ടാ..

സാജന്‍| SAJAN said...

നന്നായി, വായിച്ചപ്പൊ കമന്റിടാന്‍ കഴിഞ്ഞിരുന്നില്ല, ദേ ഇപ്പൊ കമന്റിയിരിക്കുന്നു, കീപ്പിറ്റപ്പി!!!

Related Posts Plugin for WordPress, Blogger...

Popular Posts