Monday, October 27, 2008

ഓര്‍മ്മപ്പൂക്കളിലെ അഞ്ചുരൂപ


ആരെന്തായാലും എനിക്കൊരു ചുക്കുമില്ല... എനിക്ക്‌ കള്ളനോ കൊള്ളക്കാരനോ ആയാല്‍ മതി.

എന്തൊരു മഹത്തായ ആംബിഷന്‍ ...

ദീപാവലി അവധിക്ക്‌ ഉമ്മിച്ചിയുടെ കുടുംബവീട്ടില്‍ (കുലശേകരത്ത്‌) എല്ലാ മെംബേര്‍സും ഹാജരായിക്കഴിഞ്ഞാല്‍ "ചെട്ടിത്തെരുവ്‌" കാശ്മീരായിമാറാന്‍ അധികം താമസമൊന്നും വേണ്ട. വലിയമ്മ ചെറിയമ്മ മക്കളെല്ലാംകൂടെ ഒരു കുരുക്ഷേത്രത്തിനുള്ള പിള്ളേരുണ്ടാവും കുടുംബവീട്ടില്‍. പോരാത്തതിന്‌ 'പ്ലാനിങ്‌' എന്ന സംഭവത്തോട്‌ തീരെ യോജിപ്പില്ലാത്ത അയല്‍വാസികളുടെ പിള്ളേരും. എല്ലാം ഒന്നിനൊന്നു മെച്ചം.

ഡോ. ഡൊമിനിക്കിന്റെയും ഡോ. എബനീസറിന്റെയും ചാകരക്കാലമാണിത്‌. ചെട്ടിത്തെരുവിലുള്ള പാവം രക്ഷകര്‍ത്താക്കള്‍ക്ക്‌ തലവേദനക്കുള്ള മരുന്ന്‌ കൊടുത്ത്‌ കൊടുത്ത്‌ അവര്‍ക്കതൊരു തലവേദനയായിമാറലാണ്‌ പതിവ്‌. ചുരുക്കിപ്പറഞ്ഞാല്‍ ഒരമ്മമക്കളെപ്പോലെ കഴിഞ്ഞിരുന്ന അയല്‍ക്കാര്‍ തമ്മില്‍ കീരിയും പമ്പും പോലെ ആകുന്നതുവരെ.

ദീപാവലി തമിഴ്‌നാട്ടില്‍ സാമാന്യം മോശമല്ലാത്ത രീതിയില്‍ത്തന്നെ ആഘോഷിക്കാറുണ്ട്‌. അങ്ങോട്ട്‌ മൈഗ്രേറ്റ്‌ ചെയ്തത്‌ കൊണ്ട്‌ നമ്മളും അതില്‍ പങ്കാളികാളാകും. എന്നുവച്ചാല്‍ പ്രധാനമായും അടുത്ത വീടുകളില്‍ നിന്ന്‌ കൊണ്ടുവരുന്ന പലഹാരങ്ങള്‍ ശാപ്പിടുക... അതു തന്നെ. അല്ലാതെ പടക്കം പൊട്ടിക്കുക കമ്പിത്തിരി കത്തിക്കുക ഇങ്ങനെയുള്ള ആഡംബര ഐറ്റംസ്‌ ഒന്നും നമുക്ക്‌ പറഞ്ഞിട്ടില്ലായിരുന്നു. വേറൊന്നും കൊണ്ടല്ല, ഞാന്‍ ജനിക്കുന്നതിനും എത്രയോ മുന്‍പുതന്നെ ദരിദ്ര(നാരായണന്‌) ഞങ്ങളുടെ വീട്ടില്‍ കുടികിടപ്പവകാശം കിട്ടിയിരുന്നു. അപ്പോള്‍ ഈ കുട്ടിപ്പട്ടാളത്തിന്‌ ആംസ്‌ ആന്‍ഡ്‌ അമ്മുനിഷന്‍ സപ്ലൈ ചെയ്യുകയെന്നത്‌ നടന്നതുതന്നെ.

'വെടിമരുന്നില്ലാതെ തന്നെ വെടിപൊട്ടിക്കുന്ന സാധനങ്ങള്‍ക്കാണ്‌ പടക്കവും തോക്കും കോപ്പും. ആരുടെ വീട്‌ കത്തിക്കാനാടാ... അതൊന്നും വേണ്ട...' ഇത്‌ പൂജ്യരക്ഷകര്‍ത്താക്കളുടെ ന്യായീകരണ വെര്‍ഷന്‍.

അതെന്തെങ്കിലുമാവട്ടെ... പറഞ്ഞു വന്നത്‌ എന്റെ ആംബിഷന്റെ കാര്യം....

പടക്കങ്ങളോടെനിക്ക്‌ വലിയ ആര്‍ത്തിയൊന്നുമില്ലെന്ന്‌ മാത്രമല്ല അത്യാവശ്യത്തിന്‌ പേടിയുമായിരുന്നു. ഇഷ്ടം തോക്കിനോടായിരുന്നു.

പോലീസിന്‌ തോക്ക്‌ നിര്‍ബന്ധമൊന്നുമില്ല, ഒരു വടിയും പ്ലാവിലത്തൊപ്പിയും മതി. പക്ഷേ കള്ളനും കൊള്ളക്കാരനും തോക്ക്‌ നിര്‍ബന്ധം. അതുകൊണ്ടാണ്‌ ഈ പ്രൊഫഷന്‍ തന്നെ തെരഞ്ഞെടുത്തത്‌.

പറഞ്ഞിട്ടെന്ത്‌ കാര്യം. കളിയില്‍ എന്നെ കള്ളനാക്കാനൊക്കെ എല്ലാപേര്‍ക്കും സമ്മതം. പക്ഷേ തോക്കില്ല. തോക്കില്ലാതെന്ത്‌ കള്ളന്‍. സാധാരണ ഇത്തരം പ്രതിസന്ധികളില്‍ ആയുധമാഫിയയാണ്‌ ഏക ആശ്രയം.

അയ്യപ്പന്‍... ആയുധ മാഫിയത്തലവന്‍. മുരുകന്‍ അവന്റെ അനിയന്‍... ചേട്ടന്‍ ശുപാര്‍ശ ചെയ്യുന്നയാളിന്‌ മാത്രം തോക്ക്‌ കൊടുത്തിരുന്ന കുട്ടിമാഫിയ. ഇവര്‍ക്ക്‌ രണ്ടുപേര്‍ക്കും തോക്കുണ്ട്‌. പക്ഷേ ഓടുക ചാടുക ഒളിച്ചിരിക്കുക പിന്നെ പോലീസിന്റെ ഇടി കൊള്ളുക ഇമ്മാതിരി ഫിക്‌ഷനില്‍ വലിയ താല്‍പര്യമില്ലാത്തതിനാല്‍ ആയുധ വിതരണം മാത്രമാണ്‌ ഇവര്‍ ചെയ്തിരുന്നത്‌.

അവരെയും കളിയില്‍ കൂട്ടണം (പക്ഷേ, ഓടാനും, ചാടാനും, കള്ളനെപ്പിടിക്കാനുമൊന്നും പറയരുത്‌), തോക്ക്‌ വാങ്ങുന്നയാള്‍ കളി തീര്‍ന്നതും തിരികെ ഏല്‍പ്പിക്കണം (വാടകയിനത്തില്‍ ഒരു കവര്‍ പൊട്ടാസും), പിന്നെ തോക്ക്‌ തുറക്കാന്‍ പാടില്ല, വെടി പൊട്ടിക്കാന്‍ പാടില്ല,.. എന്ന്‌ വേണ്ടാ ആണവക്കരാറിന്‌ പോലും ഇത്രയും വ്യവസ്ഥകളുണ്ടോ എന്ന്‌ തോന്നും വിധത്തിലിള്ള സ്പെഷ്യല്‍ വ്യവസ്ഥകളുള്‍പ്പെടെ. ആവശ്യക്കാരനുണ്ടോ ഔചിത്യം. വാങ്ങുക തന്നെ. ഞാനും അതു തന്നെയാണ്‌ ചെയ്യാറ്‌.

ഞാനാരാ മോന്‍, ഇവരറിയാതൊരു കാര്യപരിപാടി നേരത്തേതന്നെ തയ്യാറാക്കി വച്ചിട്ടുണ്ടാവും. വേറൊന്നുമല്ല, കടയില്‍ പോയി വീട്ടിലേക്ക്‌ വേണ്ടുന്ന സാധനങ്ങള്‍ വാങ്ങിക്കൊടുക്കുന്ന വകയില്‍ കിട്ടുന്ന കമ്മിഷന്‍ (ഞെട്ടണ്ട... 5 പൈസ ഇനിയിപ്പൊ ദയ തോന്നിയാല്‍ 10 പൈസ അത്രതന്നെ) കൂട്ടിവച്ച്‌, ആരും കാണാതെ വാങ്ങി വച്ചിരിക്കുന്ന പൊട്ടാസുണ്ടാകും കയ്യില്‍. കളി തുടങ്ങിക്കഴിഞ്ഞാല്‍, എല്ലാപേരും അവിടെ എവിടെയെങ്കിലും ഒളിച്ചിരുന്ന്‌ പോലീസ്‌ ചമഞ്ഞ്‌ വരുന്നവരെ വെടി വയ്ക്കലും "ഠേ' പറഞ്ഞ്‌ പേടിപ്പിക്കലും അവര്‍ ഇവനെപ്പിടിച്ച്‌ പീഡിപ്പികലുമൊക്കെയായി കളി നടക്കും. ഇതിനൊക്കെ നമുക്കെവിടെ സമയം... തെരുവിന്റെ അങ്ങേത്തലക്കല്‍ (കളി നടക്കുന്നേടത്തുനിന്ന്‌ ഒരു അരക്കിലോമീറ്റര്‍ അകലെ.. അത്രെയുള്ളൂ) ഒളിച്ചിരുന്ന്‌ കയ്യിലുള്ള പൊട്ടാസൊക്കെ പൊട്ടിക്കുന്ന തിരക്കിലാവും...."ഠേ..ഠേ...ഠേ.."

കളി കഴിഞ്ഞതും എല്ലാപേരും അവരവരുടെ വീടുകളില്‍ പോയതും, അയ്യപ്പന്‍ തോക്ക്‌ അന്വേഷിച്ച്‌ കുഴഞ്ഞ്‌ പോലീസുകാരെ അടിക്കാന്‍ പോയതും അവരോടിയപ്പോള്‍ വലിയ വായില്‍ കരഞ്ഞതുമൊന്നും ഞാനറിഞ്ഞില്ല.

ഞാന്‍ തിരിച്ച്‌ വീട്ടില്‍ വന്നപ്പോള്‍ 2 ഗസ്റ്റുകളുണ്ടായിരുന്നു വീട്ടുമുറ്റത്ത്‌... അയ്യപ്പനും അവന്റെ അമ്മയും. അടുത്ത്‌ തന്നെ ഗോസ്റ്റായിട്ട്‌ എന്റെ സ്വന്തം മാതാശ്രീയും.

"ഠേ..ഠേ...ഠേ.." (ഇപ്രാവശ്യം ശബ്ദം കേട്ടത്‌ എന്റെ മുതുകില്‍ നിന്നാണെന്ന ഒറ്റ വ്യത്യാസം മാത്രം) നാലെണ്ണം പൊട്ടിച്ച കൂട്ടത്തില്‍ ഒരുപദേശവും...

'മേലാല്‍ തോക്ക്‌, കള്ളന്‍ എന്നും പറഞ്ഞ്‌ ഇവിടുന്ന്‌ ഇറങ്ങുന്നത്‌ കാണട്ടെ... ഇതിന്റെ ബാക്കി അപ്പൊത്തരാം. കൊടുക്കെടാ അവന്റെ തോക്ക്‌.'

അടുത്ത ദിവസത്തെ കളിക്ക്‌ തോക്കില്ല. അയ്യപ്പശരണം... പക്ഷേ അവനുണ്ടോ തരുന്നു. ആത്മഹത്യ ചെയ്യണോ അതോ നാടുവിട്ട്‌ പോയാലോയെന്ന്‌ വരെ തോന്നിപ്പോയ നിമിഷങ്ങള്‍.

അങ്ങനെ തോക്കില്ലാതെ കളിയില്‍ കൂടാതിരുന്നത്‌ മാത്രമല്ല, ഒളിച്ചിരിക്കുന്നവനെ കാണിച്ച്‌ കൊടുക്കുക, കളിക്കുന്നവരെ ഒളിച്ചിരുന്ന്‌ എറിയുക, ഓടുന്നവനെ പിടിച്ചുവച്ച്‌ കൊടുക്കുക, ഇങ്ങനെ കളിയില്‍ കുത്തിത്തിരിപ്പുണ്ടാക്കി എന്നാലാകും വിധം കളി അലമ്പാക്കി ആത്മസംത്ര്യപ്തി അടഞ്ഞു വന്നിരുന്നു.

തലദീപാവലിക്ക്‌* ശാരദച്ചേച്ചി വന്നത്‌ ഞാനറിഞ്ഞത്‌ അന്ന്‌ വൈകിട്ട്‌ ചേച്ചി എന്നെത്തേടി എന്റെ വീട്ടില്‍ വന്നപ്പോഴാണ്‌.

കഥകള്‍ ഇഷ്ടമായിരുന്ന എനിക്ക്‌ എന്നും വന്ന്‌ കഥകള്‍ പറഞ്ഞു തന്നിരുന്ന, ഒത്തിരി കഥകളറിയാവുന്ന ചേച്ചിയെ എനിക്ക്‌ എന്തിനെക്കാളുമേറെ ഇഷ്ടമായിരുന്നു അന്ന്‌. പറഞ്ഞറിയിക്കാനാകാത്ത ഒരു ബന്ധം.

കല്ല്യാണം കഴിഞ്ഞ്‌ ചേച്ചി പോയപ്പോള്‍ കളിച്ചുകൊണ്ടിരുന്ന എന്നെ ചേര്‍ത്ത്‌ പിടിച്ച്‌ കരഞ്ഞതെന്തിനെന്ന്‌ എനിക്ക്‌ മനസ്സിലായില്ല. പക്ഷേ അടുത്ത ദിവസം മുതല്‍ ചേച്ചി വരാതായപ്പോള്‍ എനിക്കും കരച്ചില്‍ വന്നു.

ആ ചേച്ചിയാണ്‌ വന്നിരിക്കുന്നത്‌. ഞാന്‍ തോക്ക്‌ മറന്നു, കള്ളനെ മറന്നു. കളഞ്ഞുപോയ എന്തോ കിട്ടിയ ആനന്ദം. 'പോയി കളിക്ക്‌' എന്ന്‌ പറഞ്ഞിട്ടും ചേച്ചിയെ ചുറ്റിപ്പറ്റി നിന്ന എന്റെ തോക്കിന്റെ കഥ അയ്യപ്പന്റെ അനിയന്‍ മുരുകനാണ്‌ ചേച്ചിയോട്‌ പരഞ്ഞത്‌...

അടുത്ത ദിവസം രാവിലെ ചേച്ചി എന്റെ വീട്ടില്‍ വന്നു, സ്വതവേയുള്ള വശ്യമായ ചിരിയോടെ. കുറച്ച്‌ സമയം എല്ലാപേരോടും സംസാരിച്ചിരുന്ന ചേച്ചി എന്റെ കൈയ്യില്‍ എന്തോ പിടിപ്പിച്ചു. എന്നിട്ട്‌ പറഞ്ഞു 'ഒരു തോക്ക്‌ വാങ്ങിച്ചോ.. ആരോടും പറയണ്ട..'. കൈ തുറന്ന ഞാന്‍ സ്ന്തോഷം കൊണ്ട്‌ തുള്ളിച്ചാടി... നാലായി മടക്കിയ ഒരു അഞ്ച്‌ രൂപ. ഒരു നിധി കിട്ടിയവന്റെ സന്തോഷം.

പിന്നെ ഒട്ടും താമസിച്ചില്ല, അപ്പോള്‍ തന്നെ 'സുമി സ്റ്റോറി'ല്‍ ചെന്ന്‌ ഒരു തോക്ക്‌ വാങ്ങി. ഒരു രാജ്യം കീഴടക്കിയ ജേതാവിനെപ്പോലെ വന്നു.

ആദ്യം തന്നെ അയ്യപ്പന്റെ മുന്നില്‍ ചെന്ന്‌ അഞ്ചാറെണ്ണം പൊട്ടിച്ച്‌, പുക ഊതിക്കളഞ്ഞ്‌ രജനിയെപ്പോലെ നെഞ്ചും വിരിച്ച്‌ നിന്നു. 'നിന്റെ തോക്ക്‌ ആര്‍ക്ക്‌ വേണമെടാ മന്തപ്പേ' എന്ന നിലയില്‍.

ശരിക്കും ദീപാവലിയായ എന്റെ ആദ്യ ദീപാവലി. എന്റെ തലദീപാവലി.

ദീപാവലി കഴിഞ്ഞു... ഇനി കൂട്ടുകാരും കളിയുമെല്ലാം കെട്ടിപ്പൂട്ടി വച്ച്‌ പള്ളിക്കൂടത്തേക്ക്‌. അടുത്ത ദീപാവലിക്കെടുക്കാനായി തോക്കിനെ ഒളിച്ച്‌ വക്കാന്‍ ഞാന്‍ മറന്നില്ല.

മറവി - മനുഷ്യന്റെ അനുഗ്രഹം... ശാപവും. ഞാന്‍ തോക്കിനെ മറന്നു. കുലശേകരത്ത്‌ നിന്ന വന്ന ഞാന്‍ ക്രമേണ ചേച്ചിയേയും മറന്നു...

പ്രവാസിയുടെ എണ്ണിപ്പിടിച്ച അവധിദിനങ്ങളിലൊന്നില്‍ കഴിഞ്ഞ വര്‍ഷം ഞാന്‍ ചേച്ചിയെ വീണ്ടും കണ്ടു. ഉമ്മിച്ചിയുമൊത്ത്‌ കുലശേകരത്ത്‌ പോയി തിര്‍ച്ച്‌ വരുമ്പോള്‍. ചേച്ചിയുടെ മുഖത്ത്‌ പഴയ ആ ചിരിയില്ല, പ്രസരിപ്പില്ല. ചേച്ചി പറഞ്ഞുതന്ന കഥയിലെ, യൗവ്വനം കൊടുത്ത്‌ ജരാനര ഏറ്റുവാങ്ങിയ കഥാപാത്രത്തെപ്പോലെ, ചെറുപ്പത്തിലേ വയസ്സായതുപോലെ.

'നീയിപ്പോള്‍ വലിയ ഗള്‍ഫ്‌കാരനല്ലേ?' എന്ന്‌ പറഞ്ഞ്‌ ചിരിച്ച ചിരി ഞാന്‍ ആദ്യമായിക്കാണുകയായിരുന്നു. ഇത്‌ ചേച്ചിയുടെ ചിരിയല്ല.

'ചേച്ചിക്കെന്ത്‌ പറ്റി' എന്ന എന്റെ ചോദ്യത്തിന്‌ 'നീയെനിക്കെന്താ കൊണ്ട്‌ വന്നിരിക്കുന്നത്‌' എന്ന മറുചോദ്യം ഞാന്‍ പ്രതീക്ഷിക്കാത്തതായിരുന്നു.

'കയ്യും വീശിയാ ചേച്ചിയെ കാണാന്‍ വന്നിരിക്കുന്നത്‌'.

'അത്‌ പിന്നെ... ഇതിലേ വന്നപ്പോ....'എനിക്ക്‌ മറുപടിയില്ലായിരുന്നു.

'100 രൂപ താ..' ഉമ്മിച്ചി പതുക്കെ ചോദിച്ചു.

"ഇപ്പോ എന്തിനുമ്മാ..'

'താ .. പറയാം...'

'നൂറില്ല... അഞ്ഞൂറേയുള്ളൂ...'

'താ...'

ആ നോട്ട്‌ ചേച്ചിയുടെ കയ്യില്‍ വച്ചുകൊടുക്കുമ്പോള്‍ ചേച്ചിയുടെ മുഖത്തെ വിഷാദം നിറഞ്ഞ ചിരി ഞാന്‍ ശ്രദ്ധിച്ചിരുന്നു...ഒപ്പം വിറക്കുന്ന കൈകളും നിറഞ്ഞ കണ്ണുകളും.

തിരികേ വരും വഴി ഞാനറിഞ്ഞു, ചേച്ചിയുടെ ഭര്‍ത്താവ്‌ മരിച്ചു പോയി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചേച്ചിയെ പറഞ്ഞയച്ചു. ഇപ്പോള്‍ അടുത്ത വീടുകളില്‍ എന്തെങ്കിലും സഹായങ്ങള്‍ ചെയ്ത്‌ ജീവിക്കുന്നു.

'ആ പഴയ അഞ്ചു രൂപയുടെ വില ഈ അഞ്ഞൂറിനില്ല ചേച്ചി.' ഞാനെന്റെ മനസ്സില്‍ പറഞ്ഞു...

ഇന്ന്‌ ദീപാവലി... എന്റെ സമ്പാദ്യമെല്ലാം പകരം കൊടുത്താലും കിട്ടാത്ത ഒരു അഞ്ചുരൂപ നോട്ടിനെ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം എന്റെ ദീപാവലി ദീപാവലിയാക്കിയ ചേച്ചിയേയും.

* തലദീപാവലി - കല്ല്യാണം കഴിഞ്ഞ്‌ വരുന്ന ആദ്യ ദീപാവലി.









വാല്‍ : നാലായി മടക്കിയ ആ അഞ്ചുരൂപ ഇന്നും ഞാന്‍ സൂക്ഷിക്കുന്നു... കണ്ണടച്ചാല്‍ കാണാവുന്നത്ര അടുത്ത്‌... കയ്യെത്തിയാല്‍ തൊടാവുന്നത്ര ദൂരത്ത്‌ ... ഇതാ ഇവിടെ.

6 comments:

siva // ശിവ said...

നല്ല ഓര്‍മ്മകള്‍...തലദീപാവലി എന്നത് എനിക്ക് പുതിയ അറിവ് ആണ്....

ശ്രീ said...

മനസ്സില്‍ തൊട്ടു മാഷേ... ശാരദേച്ചിയും അന്നത്തെ ദീപാവലിയും...

നന്നായി ഇഷ്ടപ്പെട്ടു.

അശ്വതി/Aswathy said...

ഓര്‍മകള്‍ക്ക് എന്ത് സുഗന്ധം ....
നല്ല പോസ്റ്റ്

വരവൂരാൻ said...

ഒത്തിരി ഒത്തിരി ഇഷ്ട്മായി

BS Madai said...

എവിടെയോ ഒരു നൊമ്പരം ബാക്കിനിര്‍ത്തി..... നല്ല പോസ്റ്റ് - അഭിനന്ദനങ്ങള്‍

Jayasree Lakshmy Kumar said...

അതെ. എന്തോ ഒരു നൊമ്പരം ബാക്കി നിൽക്കുന്നു മനസ്സിൽ, ഇത് വായിച്ചു തീരുമ്പോൾ

നല്ല പോസ്റ്റ്

Related Posts Plugin for WordPress, Blogger...

Popular Posts