Wednesday, August 1, 2007

ആത്മഹത്യോമാനിയ 1


പത്മനാഭന്‍ എന്ന പപ്പന്‍ എല്ലാപേര്‍ക്കും സമ്മതനായ, അധ്വാനിയായ പപ്പ അണ്ണനാണ്‌. (അതിലുപരി എന്റെ അയലവാസിയും). ഇന്നപണിയേ ചെയ്യൂ എന്ന യാതൊരു വാശിയും മൂപ്പാര്‍ക്കില്ല, കാശ്‌ കിട്ടുന്ന മാന്യമായതെന്തും കക്ഷി ചെയ്യും. ചക്കിക്കൊത്ത ചങ്കരന്‍ എന്നു പറഞ്ഞതുപോലെ സഹധര്‍മ്മിണി ലീല അതിന്‌ വേണ്ട സപ്പോര്‍ട്ടുകള്‍ ചെയ്ത്‌ വന്നു, സന്തോഷത്തോടെ. അതായത്‌, രാവിലെ 8 മണിക്ക്‌ മുന്‍പേതന്നെ നമ്മുടെ നാടന്‍ ഹോര്‍ലിക്സും കോണ്‍ഫ്ലാക്സും (കട്ടന്‍ ചായയും, മരച്ചീനി പുഴുങ്ങിയതും സൈഡ്‌ ഡിഷായി 2 കാന്താരി മുളകും.) റെഡിയാക്കി പപ്പ അണ്ണന്‌ കൊടുക്കുക. പ്രാതല്‍ കഴിഞ്ഞെത്തുന്ന പപ്പണ്ണന്റെ മുന്നില്‍ തീക്കൊള്ളിയുമായി നില്‍പ്പുണ്ടവും ലീലച്ചേച്ചി, പപ്പണ്ണന്‌ ബീഡി കത്തിക്കാന്‍. ബീഡി നല്ലതുപോലെ കത്തിയോയെന്ന്‌ ഉറപ്പുവരുത്തി അഞ്ഞ്‌ രണ്ട്‌ വലി വലിച്ച്‌ തീവണ്ടി പുറപ്പെടും പോലെ മുകളിലേക്ക്‌ പുകയും വിട്ട്‌ കൂൂ..കൂൂൂൂ വിളിയൊന്നുമില്ലാതെ സെയിലന്റായിട്ട്‌ പുലിക്കുട്ടികള്‍ക്ക്‌ ഒരു റ്റാറ്റാ ബൈബൈയും, ലീലച്ചേച്ചിക്ക്‌ ഒരു ഫ്ലൈയിംഗ്‌ കിസ്സും എറിഞ്ഞ്‌ കൊടുത്ത്‌ പണിക്കെന്നും പറഞ്ഞ്‌ പുറപ്പെടുകയായി. ഇടക്കിടക്ക്‌ ലീലച്ചേച്ചിയും അടുത്തുള്ള തീപ്പെട്ടി കമ്പനിയില്‍ (മമ്പാറ എസ്റ്റേറ്റ്‌) പണിക്ക്‌ പോകും. അവിടെ സ്തിരമായി പണിയില്ലാത്തതിനാലും എന്നും പപ്പണ്ണന്റെ മൂഡ്‌ ഒരുപോലെയല്ലാത്തതിനാലും ലീലച്ചേച്ചി ആഴ്ചയില്‍ അഞ്ച്‌ ദിവസവും ഹൗസ്‌വൈഫാണ്‌.

പപ്പണ്ണന്‍ ലീലച്ചേച്ചി ദംബതികള്‍ക്ക്‌ പുലിക്കുട്ടികള്‍ രണ്ടാണുള്ളത്‌. ഇനി ഈ പണിക്ക്‌ ഞാനില്ലെന്നോ, അതോ മെന്റല്ലി പ്രിപേര്‍ഡ്‌ അല്ലാത്തതിനാലോ, ഫിസിക്കല്‍ കണ്ടിഷന്‍ അനുവധിക്കാത്തതിനാലോ എന്തോ, കാരണം എന്തായാലും സെക്കന്‍ഡ്‌ എഡിഷനോടുകൂടി ദംബതികള്‍ ആ പണി നിര്‍ത്തി. മാമ്പാറ തോട്ടത്തിലേക്ക്‌ പോകുന്ന വഴി വക്കില്‍ 2 സെന്റ്‌ സ്തലത്ത്‌ വെറും മണ്‍ ചുവരോടുകൂടിയ ഓലമേഞ്ഞ ഒരു ഒറ്റമുറി കൂരയിലാണ്‌ സന്തുഷ്ട കുടുംബത്തിന്റെ താമസം.

പപ്പണ്ണന്‌ അങ്ങനെ എടിത്തുപറയത്തക്ക രണ്ടേ രണ്ട്‌ ഹോബികളേയുള്ളൂ...

ഹോബി നമ്പര്‍ ഒണ്‍, പണിയെടുത്ത്‌ കിട്ടുന്നത്‌ തനിക്ക്‌ പാതി കുടുംബത്തിന്‌ പാതി എന്ന അനുപാതത്തില്‍ ഫിഫ്‌റ്റി ഫിഫ്‌റ്റിയാക്കുക. ഫിഫ്‌റ്റി പുള്ളിക്കും ഫിഫ്‌റ്റി കുടുംബത്തേക്കും. പുള്ളിക്കാരന്റെ ഫിഫ്‌റ്റി നേരിട്ട്‌ ഷാപ്പിലേക്ക്‌ ജീവന്‍ ടോണിക്കിന്‌ വേണ്ടി ക്ര്യത്യം 6:30ന്‌ മുടങ്ങാതെ എത്തിക്കൊണ്ടിരുന്നു. അക്കാര്യത്തില്‍ പപ്പണ്ണന്റെ ക്ര്യത്യനിഷ്ട, റ്റിവിയില്‍ 'സ്ത്രീ' കാണാന്‍ വരുന്ന സ്ത്രീ ജന്മങ്ങള്‍ക്ക്‌ പോലും അസൂയ ഉളവാക്കുന്നതായിരുന്നു. എന്തുതന്നെ പണിയെടുത്താലും കുടുംബം നോക്കിയാലും സ്വന്തം ശരീരം നോക്കണ്ടേയെന്നുള്ളത്‌ പപ്പണ്ണന്റെ പക്ഷം.

ഹോബി നമ്പര്‍ ടു, ഷാപ്പില്‍ നിന്നിറങ്ങി സ്വന്തം വീട്ടിലെത്തിയാല്‍ പുള്ളിക്ക്‌ അപ്പോള്‍ ആത്‌മഹത്യ ചെയ്യണം.

ഹോബി നമ്പര്‍ ഒണ്ണിന്റെ അന്തരഭലമായുള്ളതാണ്‌ രണ്ടാമത്തെ ഹോബി, ഒന്ന്‌ ഫോമായിക്കഴിഞ്ഞാല്‍ പിന്നെ ലീലച്ചേച്ചി എന്ത്‌ ചെയ്താലും പപ്പണ്ണന്‌ പിടിക്കാറില്ല. പിന്നെ ഭയങ്കര സ്നേഹപ്രകടനങ്ങളാണ്‌ രണ്ടാളും തമ്മില്‍. കെട്ടിപ്പിടുത്തം, ഉമ്മവയ്ക്കല്‍, തന്തക്ക്‌ വിളിക്കല്‍, നാഭിക്ക്‌ ചവിട്ടല്‍ അങ്ങനെ അങ്ങനെ നീളുന്നു. ലീലച്ചേച്ചിയുടെ ശാരീരികവും അവസരോചിതവുമായ ഡിഫന്‍സില്‍ പതിവുപോലെ നിലംപരിശ്ശാകുന്ന പപ്പണ്ണന്‌ അപകര്‍ഷതാബോധത്താലും, രണ്ട്‌ പുലിക്കുട്ടികളുടെ മുന്നില്‍ വച്ചുണ്ടായ നാണക്കേട്‌ മറയ്ക്കാനും ജയം എന്റേതാണെന്ന്‌ അവരെ ബോദ്യപ്പെടുത്താനുമുള്ള അവസാനത്തെ നമ്പരാണിത്‌. അതിന്‌ അത്യാവശ്യം വേണ്ട റാമെറ്റീരിയല്‍സായ, വയലില്‍ പുഴുക്കള്‍ക്കടിക്കുന്ന മരുന്ന്‌, റമ്പര്‍ ഷീറ്റിലൊഴിക്കുന്ന ആസിഡ്‌, ഒരു മുഴം പ്ലാസ്റ്റിക്‌ കയര്‍, മുതലായവ വീടിന്റെ പല ഭാഗങ്ങളിലായി പപ്പണ്ണന്‍ എപ്പോഴും കരുതി വയ്ക്കാറുണ്ട്‌. എക്സ്പയരി ടേറ്റ്‌ നോക്കി സ്റ്റോക്ക്‌ റീപ്ലേസ്‌ ചെയ്യാറില്ല എന്നതിന്റെ തെളിവാണ്‌ പുള്ളിയിപ്പോഴും ജീവിച്ചിരിക്കുന്നത്‌.

പതിവുപൊലെ ഒരു ദിവസം, ബാസ്സും ട്രബിളും മാക്സിമത്തിലിട്ട്‌ ഫുള്‍ വോളിയത്തില്‍ ലീലച്ചേച്ചിയുടെ നിലവിളിയും പുലിക്കുട്ടികളുടെ "അയ്യോ അഛാ തൂങ്ങല്ലേ അയ്യോ അഛാ തൂങ്ങല്ലേ" എന്ന്‌ കോറസ്സിലുള്ള കുഞ്ഞ്‌ അലര്‍ച്ചകളും കേട്ടാണ്‌ പണിയും കഴിഞ്ഞ്‌ സ്വഭവനത്തിലേക്ക്‌ പോകുന്ന ജോര്‍ജ്‌ അണ്ണന്‍ സംഭവം എന്താണെന്നും അതിന്റെ സീരിയസ്‌നെസ്സ്‌ എന്താണെന്നുമറിയാന്‍ റോഡില്‍ നിന്നപാടെ ഒരു തീരുമാനമെടുത്തു. ഒന്ന്‌ വിളിച്ച്‌ ചോതിച്ചുകളയാം...

"എന്താ ലീലേ, എന്താ കാര്യം"
"അയ്യോാാ... ചെല്ല അണ്ണാ.. ഒന്ന്‌ ഓടി വരണേ, എന്റെ പിള്ളേരുടെ അച്ഛന്‍ ഇതാ തൂങ്ങിച്ചാകാന്‍ പോകുന്നേയ്‌.. ഓടിവരണേ.. അണ്ണാാാാ"അതിന്റെ പിന്നാലെ, ബോണിയെമ്മിലെ ഡ്രംസിന്റെ ഇടി ഡിജിറ്റല്‍ സറൗന്‍ഡ്‌ സൗണ്ട്‌ സിസ്റ്റത്തില്‍ കേള്‍ക്കുന്നതുപോലെ രണ്ട്‌ ഇടിയും. ഈക്കര്യത്തില്‍ ലീലച്ചേച്ചി ഒരു സമര്‍ത്ഥതന്നെയാണ്‌. എന്നാലോ അതിന്റേതായ യാതൊരു അഹങ്കാരവും ഇല്ലതാനും.

സംഭവസ്തലത്തേക്ക്‌ കുതിക്കുന്നതിന്‌ മുന്‍പ്‌ ജോര്‍ജണ്ണന്‍ ഒന്നു ചെയ്തു, തെരുതെരെ അഞ്ചെട്ട്‌ തവണ "എഹ്‌1" കീ ഞെക്കിയിട്ട്‌ റിസല്‍ട്ടറിയാന്‍ നിള്‍ക്കാതെ കര്‍മ്മനിര്‍തനായി.

ജോര്‍ജ്ജണ്ണനെ കണ്ടപാടെ ലീലച്ചേച്ചി, മണ്‍ചുവരില്‍ ഒട്ടിച്ചുവച്ചതുപോലെ അത്യാസന്നനിലയിലിരിക്കുന്ന കതകിനെ ചൂണ്ടിക്കാണിച്ചുകൊടുത്തു. ബാക്ഗ്രൗണ്ടില്‍ അയ്യോ അഛാ തൂങ്ങല്ലേയും എന്റെ പിള്ളേരുടെ അച്ഛനും മുഴങ്ങുന്നുണ്ട്‌... അതിന്റെ കണ്ടിന്യൂറ്റി കളയരുതല്ലോ എന്നതിനാലാണ്‌ ലീലചേച്ചി ചൂണ്ടിക്കാണിച്ചുകൊടുത്തത്‌. ഇതൊക്കെ കണ്ട്‌ കേട്ടും കണ്‍ഫ്യൂസ്‌ഡായ ജോര്‍ജ്ജണ്ണന്‍, ഈ കതകില്‍ തൊടണോ എന്ന്‌ ഒരു നിമിഷം ചിന്തിച്ച്‌ കാണണം. പപ്പണ്ണാനാണ്‌ അകത്ത്‌, താനൊറ്റക്കേയുള്ളൂ, ആരെങ്കിലും ഒന്നു വന്നിരുന്നെങ്കിലെന്ന്‌ സകല ദൈവങ്ങളേയും വിളിച്ചു. എന്നിട്ടും പോരാഞ്ഞ്‌ ഇങ്ങോട്ട്‌ വന്ന്‌ കയറാന്‍ തോന്നിയതിന്‌ സ്വയം തന്തക്കും വിളിച്ചു. എന്തും വരട്ടേയെന്ന്‌ മനസ്സില്‍ ദൈര്യം സംഭരിച്ച്‌, വെറുതെ ഒന്നുറപ്പുവരുത്താന്‍ വേണ്ടി മാത്രം അറിയാതെ ഒന്നുകൂടെ ചോതിച്ചു...

"എവിടെ? ആളെവിടെ?"

പത്മനാഭപുരം കൊട്ടാരത്തില്‍ കയറി നിന്ന്‌ ഏത്‌ മുറിയാണെന്ന്‌ ചോദിക്കുന്നതുപൊലെയാണ്‌ ചോദ്യം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആര്‍ക്കും ദേഷ്യം വരാം. ലീലച്ചേച്ചിക്കും വന്നു. ആരും പറഞ്ഞുപോകുന്നതേ ലീലച്ചേച്ചിയും പറഞ്ഞുള്ളൂ..

"കണ്ണ്‌ കണ്ടുടേടാാാ..." എന്നലറിക്കൊണ്ട്‌ വീണ്ടും അടച്ചിട്ടിരിക്കുന്ന മുറി കാണിച്ചുകൊടുത്തു.

നാഗവല്ലി കയറി "എന്നെ പോകവിടമാട്ടെ, അയോക്യ നായെ.." എന്ന്‌ ചോദിക്കുന്ന ഗംഗയെക്കണ്ട്‌ അന്തന്‍ വിട്ട്‌ കുന്തം വിഴുങ്ങി നില്‍ക്കുന്ന നകുലനെപ്പോലെ ജോര്‍ജ്ജണ്ണന്‍ ഒരു നിമിഷം നിന്നു വിയര്‍ത്തു.

ഇത്രയുമായപ്പോഴേക്കും വീടിന്‌ പുറത്ത്‌ കാല്‍പെരുമാറ്റങ്ങളും, എന്തുപറ്റി..എന്തുപറ്റി എന്നുള്ള ചോദ്യങ്ങളും, എന്തുപറ്റാന്‍ പതിവ്‌ പരിപാടി തന്നെയായിരിക്കും എന്നുള്ള പ്രതികരണങ്ങളും, ഇന്നെന്താണ്‌ കയറോ, ആസിഡോ അതോ മറ്റു വല്ലതുമാണോ എന്നറിയാനായി വെറേ ചിലരും എത്തിപ്പെട്ടു. വന്നവര്‍ വന്നവര്‍ അവരാലാകുന്ന വിധം സഹായസന്നദ്ധരായി നിന്നു. ചിലര്‍ വെട്ടികത്തിയും കോടലിയുമൊക്കെയായിട്ടാണ്‌ നില്‍പ്പ്‌. ഇപ്പോഴാണ്‌ ജോര്‍ജ്ജണ്ണന്റെ മനസ്സൊണ്‌ കുളിര്‍ത്തത്‌, ശ്വാസം നേരേ വീണത്‌.

അയല്‍വാസിയെ എങ്ങനെയും രക്ഷിക്കാനായി മറ്റയല്‍വാസികളൊക്കെ ഒത്തുകൂടി. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പപ്പണ്ണന്റെയും ലീലച്ചേച്ചിയുടെയും കോസ്റ്റ്യൂം എന്താണെന്ന്‌ ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്തതിനാലും, അന്തരീക്ഷം എത്രത്തോളം ഭീകരമാണെന്നറിയാത്തതിനാലും ഷോ അഡല്‍സ്‌ ഒന്‍ലി ആണ്‌. എന്നുവച്ചാല്‍ ഞങ്ങള്‍ (ഞാനും, എന്റെ അടുത്ത അലുമ്പനും, അതിനടുത്ത ഞങ്ങളുടെ കുഞ്ഞ്‌ അലുമ്പിയും, പിന്നെ ഞങ്ങളുടെ ലൊക്കലിറ്റിയിലെ മറ്റ്‌ അലുമ്പുകളും) ഉള്‍പ്പെടുന്ന ഒരു കുട്ടിപ്പട്ടാളത്തിനെ അതിന്റെ ഏഴയലത്ത്‌ അടുപ്പിക്കുകയില്ല. എന്നാലും ഒളിച്ചും ഇരുട്ടിന്റെ മറ പിടിച്ചും റിസ്ക്കെടുത്തതിന്റെ ഭലമായി ഇടക്കിടക്ക്‌ ഷോ കാണാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്‌.

"പപ്പാാ.. വെറുതേ ഞങ്ങള്‍ക്ക്‌ പണിയുണ്ടാക്കാതെ.. വെളിയിലിറങ്ങ്‌"
"എടാാാ പപ്പാാ.. നീ വെളിയിലിറങ്ങുന്നോ അതോ ഞാന്‍ അകത്തോട്ടു കയറി വരട്ടോ"
ഇതിനെല്ലാത്തിനും പപ്പന്‌ ഒരു മറുപടിയേയുള്ളൂ..
"എന്നെ പിന്തിരിപ്പിക്കാന്‍ നോക്കണ്ടാാ.. ഈ മൂതേവിയുടെ കൂടെയുള്ള ജീവിതം മടുത്തൂ. ഇനി ഞാന്‍ ജീവിച്ചിരിക്കില്ല."
ഒരാള്‍ ജനലിന്റെ വിടവില്‍ക്കൂടെ അകത്തേക്ക്‌ നോക്കി സംഭവം സിരിയസ്സ്‌ തന്നെയെന്ന്‌ വന്നവര്‍ക്ക്‌ ഉറപ്പുകൊടുത്തു.
"പപ്പന്‍ അകത്ത്‌ കഴുത്തില്‍ കയറിട്ട്‌ കുടത്തിനുമുകളില്‍ കയറി നില്‍പ്പുണ്ട്‌. കാലുറക്കാതെയുള്ള നില്‍പ്പാണ്‌. എന്തെങ്കിലും പെട്ടെന്ന്‌ ചെയ്യണം."
"ഠിം" കുടം മറിയുന്ന ഒച്ചയും ലീലച്ചേച്ചിയുടെ നിലവിളിയും ഒരുമിച്ചു കേട്ടു.
"അറ്റാാാക്‌"
"വെട്ടിപ്പൊളിക്ക്‌... വെട്ടിപ്പൊളിക്ക്‌"

പിന്നെയൊന്നും ആലോചിച്ച്‌ നില്‍ക്കാനാകാതെ നല്ലവരായ അയല്‍വാസികള്‍ കര്‍മ്മനിരതരായി. ഓരോരുത്തര്‍ തിരഞ്ഞെടുത്ത കര്‍മ്മമേഘലയില്‍ വെട്ടിയും കുത്തിയും മാന്തിയും, കതകും ജനലും എന്തിനധികം പറയുന്നു ചുവരിന്റെ ഒരു ഭാഗം വരെ തകര്‍ത്ത്‌ കര്‍മ്മസേന അകത്ത്‌ കയറി, തൂങ്ങിക്കിടന്നാടുന്ന പപ്പണ്ണനെ പൊക്കിപ്പിടിച്ച്‌ കയര്‍ അറുത്തു നിലത്തിട്ടു. കുറച്ച്‌ വെള്ളം മുഖത്തും കുറച്ച്‌ വെള്ളം വായിലേക്കും ഒഴിച്ച്‌ ചില്ലറ നാടന്‍ ഫസ്റ്റെയ്ഡും കഴിഞ്ഞ്‌, എന്തൊക്കെയോ ആരെയൊക്കെയൊ അവ്യക്തമായി പുലബിക്കൊണ്ടിരുന്ന പപ്പണ്ണന്‌ ഇനി ഉടനെയൊരു തൂക്കത്തിനുള്ള ആമ്പിയര്‍ ഇല്ലയെന്ന്‌ കണ്ട ജനം ഓരോരുത്തരായി രംഗം വിട്ടു.

അടുത്ത ദിവസം രവിലെ അതിധാരുണമായ ഒരു നിലവിളികേട്ടു. ബാക്‌ഗ്രൗണ്ടില്‍ രണ്ട്‌ ചെറിയ അലര്‍ച്ചയും. വിളിയുടെ ഉറവിടം അന്വേഷിക്കേണ്ട കാര്യമില്ല. കാരണം ഇത്രയും ഉച്ചത്തിലും നീളത്തിലും താളബോധത്തോടെയും വിളിക്കാന്‍ തല്‍ക്കാലം ഇവിടെ ഇപ്പോള്‍ രണ്ട്‌ പേരേയുള്ളൂ. ഒന്ന്‌ ലീലച്ചേച്ചി, മറ്റൊന്ന്‌ ചാന്ത എന്ന ചെ. ശാന്ത (കുറച്ചുകൂടെ വ്യക്തമായിട്ടു പറഞ്ഞാല്‍ മിസ്സിസ്സ്‌.പാക്കരന്‍). പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞവരുടേയും കഴിയ്ക്കാനുള്ളവരുടേയും ശ്രദ്ധ അങ്ങോട്ട്‌ തിരിഞ്ഞു. കുറച്ചുപേര്‍ അപ്പോള്‍തന്നെ സ്പോട്ടിലേക്ക്‌ വച്ച്‌ പിടിച്ചു. അവിടെയെത്തിയവരാകട്ടെ, ആകെ ധര്‍മ്മസങ്കടത്തിലവുകയും ചെയ്തു. എന്താന്നല്ലേ?... കമ്മ്യൂണിക്കേഷന്‍ പ്രോബ്ലം. ഇവര്‍ മലയാളത്തില്‍ പപ്പണ്ണനോട്‌ ചോദിക്കുന്നതിനും പറയുന്നതിനും പപ്പണ്ണന്‍ തിരിച്ച്‌ ചൈനീസ്സിലേ മറുപടി പറയൂ. മലയാളമൊഴികെ മറ്റൊരു ചാനലും റ്റ്യൂണ്‍ ചെയ്തിട്ടില്ലാത്ത പാവം ജനങ്ങള്‍ കുഴഞ്ഞില്ലേ. ഭാഷാസ്നേഹം കൊണ്ടാണ്‌ കേട്ടോ. പക്ഷേ ഇപ്പോള്‍ കുറച്ചുപേരെങ്കിലും ആത്മാര്‍ത്ഥമായി ചിന്തിച്ചുപോയി, ഗോലിയും വട്ടും കളിച്ച്‌ നടന്ന സമയത്ത്‌ ഇത്തിരി ചൈനീസ്‌ പഠിക്കാമായിരുന്നൂന്ന്‌. ഇനിയിപ്പോള്‍ പറഞ്ഞിട്ട്‌ കാര്യമില്ല, പോയ ബുദ്ധി ആന പിടിച്ചാലും തിരികെ വരില്ലല്ലോ.

"നിങ്ങളെന്ത്‌ കാണാനാണ്‌ ഇങ്ങേരെ ഇങ്ങനെ നോക്കി നിക്കണത്‌. എന്തെങ്കിലും ചോദിച്ച്‌ മനസ്സിലാക്ക്‌." ലീലച്ചേച്ചി വീണ്ടും നാഗവല്ലിയായി അലറി.

എന്തലറി എന്ത്‌ ഭലം. ഇവര്‍ക്ക്‌ ചൈനീസ്‌ ഭാഷയോട്‌ അകെയുള്ള പരിചയം വര്‍ഷത്തിലൊരിക്കലോ മറ്റോ ചൂണ്ടിക്കല്‍ ക്ഷേത്രത്തിലെ ഉത്സവവത്തോടനുബദ്ധിച്ച്‌ ആനപ്പാറ മുരളിയില്‍ വരുന്ന രണ്ട്‌ ദിവസം സ്പെഷ്യലായ ജാക്കി അച്ചാച്ചന്റെ സിനിമയാണ്‌.ഇനിയിപ്പോള്‍ എഴിതിക്കാണിച്ച്‌ ചോദിക്കാമെന്നു വച്ചാല്‍, എഴുത്തിനോടും വായനയോടും പണ്ടേ ഇഷ്ടമില്ലാത്ത പപ്പണ്ണന്റെ കാര്യത്തില്‍ അതും നടപ്പില്ല. ഇനിയിപ്പോള്‍ ഒരു വഴിയേയുള്ളു, ആനപ്പാറ ആശുപത്രി. പപ്പണ്ണന്‍ ഒരു സ്തിരം സന്ദര്‍ശകനായതിനാല്‍ ചിലപ്പോല്‍ അവര്‍ക്ക്‌ ഈ ഭാഷ ഡികോഡ്‌ ചെയ്യാന്‍ കഴിഞ്ഞെന്നു വരാം എന്ന അഭിപ്രായത്തെ മാനിച്ച്‌ കക്ഷിയെ അങ്ങോട്ടുകൊണ്ടുപോയി.

പ്രധാനവൈദ്യന്‍ എത്തുന്നതുവരെ അവിടെയുണ്ടായിരുന്ന എല്ലാപേരും (രോഗികള്‍ ഉള്‍പ്പെടെ) പപ്പ്പ്പണ്ണനെ സംസാരിപ്പിക്കന്‍ ശ്രമിച്ചു. നടന്നില്ല എന്നു മാത്രമല്ല ഓരോരുത്തര്‍ ഓരോ അഭിപ്രായം പറഞ്ഞ്‌ പറഞ്ഞ്‌ ബാധയാണെന്ന്‌ വരെ വന്നു. ചൂരല്‍പ്രയോഗം വരെയാകും എന്നായപ്പോള്‍ വൈദ്യനെത്തി. വിശധമായ ഒരു പരിശോധനക്ക്‌ ശേഷം പറഞ്ഞു, "ഇത്‌ പേടിക്കാനൊന്നുമില്ല കഴുത്തില്‍ കയര്‍ മുറുകിയതുമൂലം പറ്റിയതാണ്‌. കുറച്ച്‌ ദിവസം കഴിയുമ്പോള്‍ ശരിയാകും. ഇപ്പോള്‍ ഒന്നും ചെയ്തിട്ട്‌ കാര്യമില്ല. കൊണ്ടുപൊയ്ക്കോളൂ."

കുറച്ച്‌ ദിവസം പപ്പണ്ണന്‍ ഇങ്ങനെ ചൈനീസ്സും സംസാരിച്ച്‌ നടന്നു. അതിനുശേഷം പപ്പ്പ്പണ്ണനെ എവിടെവച്ച്‌ കണ്ടാലും നാട്ടുകാര്‍ നാല്‌ വര്‍ത്തമാനം ചോദിക്കാതെയോ പറയാതെയോ വിടാറില്ലായിരുന്നു. കളിയാക്കണമെന്ന ഉദ്ദേശത്തോടെയല്ല കേട്ടോ, പണ്ടോ പറ്റിയില്ല ഇനിയിപ്പോള്‍ പപ്പണ്ണന്റടുത്തിന്ന്‌ കേട്ടെങ്കിലും കുറച്ച്‌ ചൈനീസ്സ്‌ ഭാഷ പഠിക്കാമല്ലൊയെന്ന്‌ കരുതിയിട്ടാണ്‌. നീണ്ട രണ്ട്‌ മാസം വേണ്ടി വന്നു പപ്പ്പ്പണ്ണന്‌ കോവില്ലൂര്‍വാസിയാകാനും നാട്ടുകാരുടെ കുശലാന്വേഷണത്തില്‍ നിന്ന്‌ മോചനം ലഭിക്കാനും.

കുശലാന്വേഷണത്തില്‍ നിന്ന്‌ മോചനം കൊടുത്ത നാട്ടുകാര്‍ പപ്പാണ്ണന്‌ അന്നു മുതല്‍ "അരത്തൂക്കം" എന്ന പുതിയ നാമവും ചാര്‍ത്തിക്കൊടുത്തു. ദോഷം പറയരുതല്ലോ അതില്‍ നിന്ന്‌ ഇന്നേവരെ മോചനം കൊടുത്തിട്ടില്ലതാനും.

പിന്നേയും രണ്ട്‌ മാസം കാത്തിരിക്കേണ്ടി വന്നു പപ്പണ്ണന്‌ മനസ്സമാധാനത്തോടെ ഒന്ന്‌ ആത്മഹത്യ ചെയ്യാന്‍....

No comments:

Related Posts Plugin for WordPress, Blogger...

Popular Posts