Tuesday, August 21, 2007

വിദ്യാരംഭം


അടീക്കലം എല്‍.പി.എസ്‌...എന്റെ അധ്യയനത്തിന്‌ ഹരിശ്രീ കുറിച്ചതിവിടെയാണ്‌. ഇത്രേം കാലത്തിനിടയില്‍ ഒരിക്കല്‍ മാത്രം ദിനപ്പത്രത്തില്‍ സ്ഥാനം പിടിക്കന്‍ (നിര്‍)ഭാഗ്യമുണ്ടായ ഏക സ്കൂള്‍ ഒരുപക്ഷേ ഇതായിരിക്കാം എന്നത്‌ ഒരു ദുഃഖസത്യമാണ്‌. കൂണുകള്‍ പോലെ, കച്ചവടക്കണ്ണുള്ള വിദ്യയെ വ്യവസായമാക്കിമാറ്റിയ ആലയങ്ങള്‍ മുളച്ച്‌ പെരുകുന്നതിന്‌ മുന്‍പ്‌, ദാരിദ്ര്യരേഖയില്‍ കഴിഞ്ഞിരുന്ന കോവില്ലൂര്‍ വാസികളുടെ മക്കളായ ഞങ്ങള്‍ക്കുള്ള വിദ്യാലയം. ഇന്ന്‌ എല്ലാപേരാലും അവഗണിക്കപ്പെട്ട്‌ കിടക്കുന്ന ഈ വിദ്യാലയത്തിന്‌ എഴുപതുകളുടെ അവസാനത്തില്‍ ഇന്നവിടെയുള്ള ഏത്‌ ഇംങ്ക്ലീഷ്‌ മീഡിയം സ്കൂളിനെക്കാളും നിലവാരവും അംഗീകാരവും പേരും പ്രൗഡിയും ഉണ്ടായിരുന്നു.

പഠിക്കാനുള്ള അടങ്ങാത്ത ആവേശം കാരണം ഞാന്‍ മൂന്നാം വയസ്സില്‍ത്തന്നെ എന്റെ മാമിയുടെ (പൂജ്യപിതാശ്രീയുടെ ലാസ്റ്റ്‌ പൂജ്യകൂടപ്പിറപ്പ്‌. മാമിയുടെ പഠിത്തത്തിലുള്ള താല്‍പര്യവും മാര്‍ക്കും എതാണ്ട്‌ ഇതുപോലെത്തന്നെ..പൂജ്യം) പുസ്തകങ്ങള്‍ എടുത്ത്‌ വച്ച്‌ പടവും അക്ഷരങ്ങളും നോക്കി "വായ്ക്ക്‌ വന്നത്‌ കോതക്ക്‌ പാട്ട്‌" എന്ന കണക്കില്‍ എന്തൊക്കെയൊ വിളിച്ച്‌ പറയറുണ്ടായിരുന്നൂത്രേ (ഇതുമായി ഞാന്‍ ഇന്നേവരെ യോജിച്ചിട്ടില്ല). "പഠിച്ച്‌" കഴിഞ്ഞ പേജുകള്‍ അപ്പോള്‍ തന്നെ കീറിയും കളഞ്ഞിരുന്നു. ഇനി നമുക്കതിന്റെ ആവശ്യം വരുന്നില്ലല്ലോ. കുറേ അടികളില്‍ നിന്ന്‌ മാമി ഈ പേരും പറഞ്ഞ്‌ രക്ഷപെട്ടിട്ടുണ്ട്‌. (എന്റെ വീട്ടില്‍ ഇതുപോലെ പഠിക്കാന്‍ ആക്രാന്തിച്ച്‌ നടക്കുന്ന ഒരു കുഞ്ഞ്‌ ഇല്ലാത്തതിന്റെ വിഷമവും വിലയും ഞാന്‍ പിന്നെയാണ്‌ അറിഞ്ഞത്‌).

രാവിലെതന്നെ കുളിച്ചൊരുങ്ങി കിട്ടിയതെന്താന്നുവച്ചാല്‍ അതും കഴിച്ച്‌, ചേട്ടന്മാരും ചേച്ചിമാരും പുസ്തകസഞ്ചിയും തൂക്കിയിറങ്ങുമ്പോള്‍, തുടക്കക്കാരായ ചോട്ടാകള്‍ ഒരു സ്ലെയിറ്റും വള്ളിനിക്കറിന്റെ പോക്കറ്റില്‍ നാലഞ്ച്‌ കഷ്ണങ്ങളാക്കിയ കല്ലുപെന്‍സിലും നവരപ്പച്ചിലയുമായി ചേട്ടന്മാരെയും ചേച്ചിമാരെയും അനുഗമിക്കും. എന്തെടുക്കന്‍ മറന്നാലും ഉച്ചക്ക്‌ ഉപ്പുമാവിനുള്ള പാത്രം എടുക്കാന്‍ ആരും മറക്കാറില്ല. പലപല സ്പോട്ടുകളില്‍ തങ്ങളെ കാത്തുനില്‍ക്കുന്ന കൂട്ടുകാരെയും ഒപ്പം കൂട്ടി ഗ്രൂപ്പുകളായി വഴിവക്കിലൂടെ കൂനനുറുമ്പുകളെപ്പോലെ നീങ്ങിയിരുന്ന നാളെയുടെ പൗരന്മാരെയും പൗരികളെയും എന്റെ വീട്ടുപടിക്കല്‍ നിന്ന്‌ കണ്ടുകണ്ട്‌ ജ്വരം മൂര്‍ച്ഛിച്ച്‌ അവരുടെകൂടെ പോകാന്‍ ഞാന്‍ വലിയവായില്‍ കരയറുണ്ടായിരുന്നുപോലും. എന്റെ ദയനീയാവസ്ത കണ്ട്‌ വീട്ടുകാര്‍ വെറുതേ തെറ്റിദ്ധരിച്ചു.

പിതാശ്രീയും മാതാശ്രീയും എന്റെ ഈ ആവേശവും ആക്രാന്തവും ജ്വരവുമൊക്കെക്കണ്ട്‌ വല്ലാതങ്ങ്‌ തെറ്റിദ്ധരിച്ചുവെന്നുള്ളത്‌ സത്യമായിരുന്നിരിക്കണം. അല്ലെങ്കില്‍പ്പിന്നെ എന്നെയടുത്തറിയുന്ന പലരും എന്തിന്‌ എന്റെ ഉറ്റ സുഹ്ര്യത്തുകള്‍പോലും ഇതൊന്നും വിശ്വസിക്കാന്‍ തയ്യാറകാത്തതെന്തേ?.

എന്നും രാവിലെ ഈ കാഴ്ച കണ്ട്‌ വശംകെട്ട്‌ വല്ലാത്തൊരവസ്തയിലായ പിതാശ്രീ അടുത്ത അദ്യയനവര്‍ഷത്തില്‍ നിന്നെ പള്ളിക്കുടത്ത്‌ വിടാം എന്ന്‌ പ്രോമിസ്‌ ചെയ്തു.

അടുത്ത വീട്ടിലെ ശകുന്തള ചേച്ചിക്ക്‌ ധാരാളം പുസ്തകങ്ങളുണ്ട്‌, അതും ധാരാളം പടങ്ങളും കഥകളുമുള്ള പുസ്തകങ്ങള്‍. ഇടക്കിടക്ക്‌ സന്ദര്‍ശനം നടത്തുന്ന എനിക്ക്‌ ഇത്തിരി സമയം പടം നോക്കാന്‍ കിട്ടുമായിരുന്ന പുസ്തകം എനിക്കങ്ങ്‌ ഭയങ്കരമായിഷ്ടപ്പെട്ടൂ. അതിലേറ്റവും ഇഷ്ടപ്പെട്ടത്‌ പുസ്തകത്തിന്‌ നടുവില്‍ വച്ചിരുന്ന മയില്‍പ്പീലിയാണ്‌. മയില്‍പ്പീലിക്ക്‌ ആവശ്യമായ ബ്രേക്‌ഫാസ്റ്റ്‌, ലഞ്ച്‌ അന്റ്‌ ഡിന്നര്‍ സഹിതം സാധനം ഒളിപ്പിച്ചാണ്‌ വച്ചിരിക്കുന്നത്‌. ആകാശം കണ്ടാല്‍ മരിച്ചുപോകും എന്നുള്ള ശസ്ത്രസത്യം ചേച്ചിക്കറിയാവുന്നത്‌ കാരണം ഫൈവ്‌സ്റ്റാര്‍ പരിചരണത്തിലാണ്‌ കക്ഷിയുടെ വാസം. അതുകൊണ്ടുതന്നെ അതങ്ങനെ എളുപ്പത്തിലൊന്നും കാണാന്‍ കിട്ടില്ല. സ്കൂളില്‍ പോയാല്‍ എനിക്കും സ്വന്തമായിട്ടൊരു പുസ്തകമുണ്ടാകും...പിന്നെ എനിക്കും സ്വന്തമായിട്ടൊരു മയില്‍പ്പീലി വളര്‍ത്തണമെന്നുള്ള ഒരാഗ്രഹമായിരുന്നില്ല അത്‌. വളര്‍ത്തുന്ന മയില്‍പ്പീലിയിടുന്ന കുട്ടികളെ വളര്‍ത്തണം പിന്നെ അതിന്റെ കുട്ടികള്‍ പിന്നെ അതിന്റെ കുട്ടികള്‍ അങ്ങനെ ഒരു മയില്‍പ്പീലി ഫാം എന്നുള്ള വളരെ ലളിതമായ ഒരാഗ്രഹം.

രഘു അണ്ണന്റെ വീട്ടിലെ കിണറിനടുത്തുള്ള സിമന്റ്‌ തൊട്ടിയില്‍ വലുതും ചെറുതുമായി ധാരാളം മീനുണ്ട്‌. സ്കൂള്‍ വിട്ട്‌ വരുമ്പോള്‍ വയലിലെ തോട്ടില്‍ നിന്നും വാഴപ്പണയുടെ കെട്ടിനിര്‍ത്തിയിരിക്കുന്ന വെള്ളത്തില്‍നിന്നുമൊക്കെ പിടിക്കുന്നതാണ്‌. പിടിച്ച മിനുകളെ കൊണ്ടുപോകുന്ന ചോറ്റുപാത്രത്തില്‍ വീട്ടില്‍കൊണ്ട്‌ വന്ന്‌ തൊട്ടിയിലിട്ട്‌ വളര്‍ത്തുകയാണ്‌ പതിവ്‌. എനിക്കും വേണം ഒരു തൊട്ടിയും അതില്‍ കുറേ മീനുകളും. വീട്ടില്‍ നിന്നാല്‍ ഈ വക കാര്യങ്ങളൊന്നും നടക്കില്ല. അതിന്‌ സ്കൂളില്‍ പോയേ പറ്റൂ.

പിന്നെയുമുണ്ട്‌ കാരണങ്ങള്‍...

കടിച്ചാലും കടിച്ചാലും പൊട്ടാത്ത അഞ്ച്‌ പൈസക്ക്‌ രണ്ടെണ്ണം കിട്ടുന്ന ഒരു ദിവസം മുഴുവന്‍ വായില്‍കൊണ്ട്‌ നടക്കാന്‍ പറ്റുന്ന "അണുഗുണ്ട്‌" മുട്ടായി വാങ്ങണമെങ്കിലും സ്കൂളില്‍ പോകണം,

കടല, കടലമുട്ടായി, പൊരി, പൊരിയുണ്ട, പേരക്ക, നെല്ലിക്ക, ചാമ്പക്ക ഇങ്ങനെ എന്നെപ്പോലുള്ള ചില്ലറപ്പൈസകള്‍ക്ക്‌ ഹൈജീനിക്‌ ഇഷ്യൂസിന്റെ പേരില്‍ അപ്രാപ്യമായ പലതും പ്രാപ്യമാകണമെങ്കിലും സ്കൂളില്‍ പോകണം.

എന്തിനധികം പറയുന്നൂ...അങ്ങനെ അടുത്ത വര്‍ഷം ഞാനും സ്കൂളില്‍ പോകാന്‍ തയ്യാറായി.

ആദ്യത്തെ ദിവസങ്ങളില്‍ കാണിച്ചിരുന്ന ഉത്സാഹം ദിവസം ചെല്ലുംതോറും കുറഞ്ഞ്‌ കുറഞ്ഞ്‌ വന്നു എന്ന്‌ മാത്രമല്ല, എന്നും രാവിലെ സ്കൂളിലേക്ക്‌ പോകുന്ന കുട്ടികളുടെ കൂടെ പോകാന്‍ വേണ്ടി കരഞ്ഞിരുന്ന ഞാന്‍ പിന്നെ ഇവരെക്കാണുമ്പോള്‍ത്തന്നെ വലിയവായില്‍ നിലവിളികൂട്ടാന്‍ തുടങ്ങി. അതുവരെ മൂന്നാം ക്ലാസില്‍ പഠിച്ചിരുന്ന ശശിയണ്ണന്റെ ബ്ലാക്ക്‌കാറ്റ്‌ സെക്ക്യൂരിറ്റിയില്‍ സ്കൂളില്‍ പോയിരുന്ന എന്നെ ഈ സ്വഭാവസവിശേഷത കണ്ടുതുടങ്ങിയതിനുശേഷം ആ പണി പിതാശ്രീ നേരിട്ട്‌ ഏറ്റെടുത്തു. രാവിലെ സ്കൂളില്‍ ഡ്രോപ്പ്‌ ചെയ്യുന്നതോടൊപ്പം അഞ്ച്‌ പൈസ കീശപ്പണമായോ കൈക്കൂലിയായോ കിട്ടിയിരുന്നു. ഈ പരിപാടി എനിക്കിഷ്ടപ്പെട്ടു. ഇതൊരു ശിലമാക്കണമെന്ന്‌ ഞാന്‍ മനസ്സില്‍ വിചാരിച്ചു. ശീലമാക്കരുതെന്ന്‌ പിതാശ്രീയും.

സ്കൂളിലേക്കുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അമ്പലം വരെയേയുള്ളു. അവിടുന്ന്‌ പത്ത്‌ മിനിറ്റ്‌ വയല്‍വരമ്പിലൂടെ നടന്ന്‌ വേണം സ്കൂളിലെത്താന്‍. അടുത്തുകിടക്കുന്ന മിച്ചഭൂമിയിലൂടെയും പോകാം, പക്ഷേ അതിലേ കുട്ടികളാരും പോകാന്‍ പാടില്ലയെന്നത്‌ കോവില്ലൂരിലെ അലിഖിത നിയമമാണ്‌. സാമൂഹ്യവിരുദ്ധന്മാരും പിള്ളേരെപ്പിടിച്ച്‌ കൊന്നും അല്ലാതെയും മന്ത്രവാതം ചെയ്യുന്ന മന്ത്രവാതികളുടെയും താവളമാണത്‌ എന്നാണ്‌ പരക്കെയുള്ള (തെറ്റി)ധാരണ. അത്‌ ഞങ്ങള്‍ക്കും പകര്‍ന്ന്‌ തന്നു. ശരിയായാലും തെറ്റായാലും, എന്തിന്‌ വെറുതേ റിസ്കെടുക്കണമെന്ന്‌ കരുതി ഞങ്ങളും ആ വഴി പോയില്ല. അല്ലെങ്കില്‍ത്തന്നെ അതിലേപോയിട്ടെന്ത്‌ കാര്യം. വയലും തോടും തോട്ടിലെ മീനും ഇങ്ങനെ പലതും കാണണമെങ്കില്‍ വയലിലൂടെത്തന്നെ പോണം. അല്ലാതെ പേടിച്ചിട്ടൊന്നുമല്ല.

ആഗ്രഹങ്ങള്‍ പലതും ബാക്കിയായി ഗതികിട്ടാതെയലയുന്ന ആത്മാവിനെപ്പൊലെ സ്കൂളില്‍ പോക്കും വരവുമായി കഴിഞ്ഞിരുന്ന എനിക്കും വന്നു ഒരവസരം. യന്ത്രവും തന്ത്രവും ഒന്നുമില്ലതെതന്നെ ആഗ്രഹസിദ്ധിക്കുള്ള ഒരവസരം. തോട്ടില്‍നിന്ന്‌ വയലിലേക്ക്‌ വെള്ളം തിരിച്ച്‌ വിട്ടിരിക്കുന്നതിന്റെ അരുകില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഒരു പറ്റം മീനുകള്‍ കിടന്ന്‌ അര്‍മാതിക്കുന്നു. എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അന്നു ക്ലാസ്സിലിരിക്കുമ്പോഴും എന്റെ മുഴുവന്‍ ചിന്തയും മീനുകളെക്കുറിച്ചായിരുന്നു. വൈകിട്ട്‌ സ്കൂള്‍ വിടുന്നതുവരെ അവയൊക്കെ അവിടെയുണ്ടാകുമോ അതോ എനിക്ക്‌ ശേഷം വന്ന ആരെങ്കിലും കണ്ട്‌ പിടിച്ചുകൊണ്ട്‌ പോകുമോ?.

എന്തായാലും വൈകിട്ട്‌ വന്നപ്പോള്‍ അവയൊക്കെ അവിടെത്തന്നെയുണ്ട്‌. പിന്നെയൊന്നും ആലോചിച്ചില്ല. ചോറുപാത്രം തുറന്ന്‌, നമ്മുടെ സ്കൂളിലെ സീനിയര്‍കുക്ക്‌ ഗോമതിയമ്മ ഉപ്പുമാവ്‌ കോരുന്നതുപോലേ ഒറ്റ കോരലായിരുന്നു. സിംഹഭാഗം മീനുകളും എന്റെ പാത്രത്തില്‍. ചെറുതാണ്‌, എന്നാലും സാരമില്ല. ഇവയൊന്നും എന്നും ഇങ്ങനെയിരിക്കില്ലല്ലോ, വളരില്ലേ. അതുമല്ല ചെറുതായതും നന്നായി. അല്ലേങ്കില്‍ ഇത്രയും മീനുകളെ ഒരുമിച്ച്‌ കിട്ടില്ലല്ലോ. സക്സസ്സ്‌...സക്സസ്സ്‌. കൊമ്പനേയുംകൊണ്ട്‌ വരുന്ന അമരത്തിലെ മമ്മുട്ടിയെപ്പോലെ ഞാന്‍ വിജയഭാവത്തില്‍ വീട്ടിലേക്ക്‌. കുഞ്ഞലമ്പനും അലമ്പിക്കും കാണിച്ച്‌ കൊടുക്കണം. മീനിന്‌ കൊടുക്കേണ്ട ആഹാരങ്ങളെക്കുറിച്ചും, തൊട്ടിയില്ലാത്തത്‌ കാരണം കുഴി കുഴിച്ച്‌ വെള്ളം നിറച്ച്‌ അതില്‍ മിനുകളെയിട്ട്‌ പാളകൊണ്ട്‌ മൂടിവയ്ക്കുന്നതിനെക്കുറിച്ചും അങ്ങനെ ഭാവിപരിപാടികല്‍ ഒരുപാട്‌ ആലോചിച്ച്‌ വീട്ടിലെത്തി.

എത്തിയപാടെ മതാശ്രീയുടെ കയ്യില്‍ പാത്രം ഏല്‍പിച്ചു. പാത്രത്തിന്‌ പതിവിലും കൂടുതല്‍ ഭാരം.

"എന്താടാ പാത്രത്തില്‍?"
"തുറന്ന്‌ നോക്കീന്‍." തുറന്ന്‌ നോക്കുന്ന മാതാശ്രീയുടെ കണ്ണ്‌ തള്ളുന്നത്‌ കാണാന്‍ വായും പൊളിച്ച്‌ നോക്കി നില്‍ക്കുകയാണ്‌ ഞാന്‍.

തള്ളി...കണ്ണ്‌ മാത്രമല്ല നാക്കും തള്ളി. ഒപ്പം "ഓാാഹ്യാ...." എന്നൊരു ഒച്ചയും.
പിന്നെക്കണ്ടത്‌ എന്റെ മീനുകള്‍ പുറത്തേക്ക്‌ പറക്കുന്നതാണ്‌ അതും പാത്രത്തൊടൊപ്പം. അതുകഴിഞ്ഞൊലറര്‍ച്ചയും....അകമ്പടിയായി കാതിലൊരു കിഴുക്കും കയ്യിലൊരടിയും.

"വെളിയിലിറങ്ങെടാ, ഇനി കുളിച്ചിട്ട്‌ അകത്ത്‌ കയറിയാല്‍ മതി."

സായഹ്നസവാരിയും ഈവനിംഗ്‌ എഡിഷന്‍ ലോക്കല്‍ ന്യൂസുകള്‍ കളക്റ്റ്‌ ചെയ്തും ചര്‍ച്ചചെയ്തും അവയില്‍നിന്ന്‌ പ്രസക്തഭാഗങ്ങള്‍ ശേഖരിച്ചും വീട്ടിലെത്തിയ പിതാശ്രീയുടെ മുമ്പില്‍ കടന്നലുകുത്തിയ മോന്തയുമായി ഞാന്‍. എന്റെ കൊമ്പന്മാരെ നിഷ്കരുണം മരണത്തിലേക്ക്‌ വലിച്ചെറിഞ്ഞ കഥ വള്ളിപുള്ളി വിടതെ പറഞ്ഞു.

"നീയിതെന്ത്‌ പണിയാണ്‌ കാണിച്ചത്‌. എന്തിനാ അതിനെയൊക്കെ കൊന്നത്‌. നിനക്കതിനെ ഒരു കുപ്പിയിലിട്ട്‌ വെളിയിലെവിടെയെങ്കിലും വച്ചുകൊടുത്താല്‍ പോരേ."

"മോന്‍ കൊണ്ടുവന്ന അത്രയും മീനിനെ വളര്‍ത്താന്‍ കുപ്പി പോരാ. ഒരു കുളം തന്നെ വേണ്ടിവരും."

"പുന്നാര മോന്‍ കൊണ്ടുവന്നതേ... ഒരു പാത്രം നിറയെ വാല്‍മാക്രിയാണ്‌."

വാല്‍ : പിതാശ്രീ ഒന്നും മിണ്ടിയില്ല. എന്റെ നില്‍പ്പും ഭാവവും കണ്ട്‌ ചെറുതായൊന്ന്‌ ചിരിച്ചോ ?. ഒരാക്കിയ ചിരി. ആ ....

1 comment:

സുമുഖന്‍ said...

തേങ്ങ അടിച്ചിരിക്കുന്നു ... :-)

Related Posts Plugin for WordPress, Blogger...

Popular Posts