"കോവില്ലൂര്‍ ഗ്രാമ പഞ്ചായത്ത് താങ്കളെ സ്വാഗതം ചെയ്യുന്നു". ദൈവത്തിന്റെ സ്വന്തം നാടിന്റെ തെക്ക് തെക്കുള്ള ഒരു പാതയോരത്ത്, കാലപ്പഴക്കത്താല്‍ നിറം മങ്ങി, കീറലുകള്‍ വീണ് നിലംപതിക്കാറായ ഒരു കൈകാട്ടിമരത്തിലെ അക്ഷരങ്ങളാണിവ.
ഒരു ഗ്രാമഭംഗിക്ക് എസ്സെന്‍ഷിയലായ എല്ലാ ചേരുവകകളും ഒത്തിണങ്ങിയതാണ് ഈ ഗ്രാമം. ആറിന് ആറ് (നിങ്ങള്‍ കണ്ടിരിക്കാനും കേട്ടിരിക്കാനും വഴിയില്ല കാരണം ഇത് കോവില്ലൂരിന്റെ പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണ്. കൊണ്ടകെട്ടിമലയിലാണ് ജനനം, അവിടന്ന് കോവില്ലൂരിനെ ആദ്യം ആറായും പിന്നെ തോടായും പിന്നെ ചാലായും അങ്ങനെ പല രൂപത്തിലും ഭാവത്തിലും ഒരു പ്രധക്ഷിണം വച്ച് നെയ്യാറില്‍ ചെന്ന് ചേരുന്നു. അതുകൊണ്ട് തന്നെ ചില അസൂയാലുക്കള്‍ ഇതിനെ തോടെന്ന് പറഞ്ഞ് കളിയാക്കാറുണ്ട്. എന്നാലും ഞങ്ങള്‍ കോവില്ലൂര്‍ വാസികള്‍ ഇതിനെ ആറെന്നേ പറയാറുള്ളൂ. കാക്കക്ക് തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് എന്നല്ലേ.). കുളത്തിന് കുളം, ഒന്നല്ല രണ്ടെണ്ണം. ഒന്ന് നാല്‍ക്കാലികള്‍ക്കായും ഒന്ന് ഇരുകാലികള്‍ക്കായും പകുത്ത് നല്‍കിയിട്ടുണ്ട് (ടോസ് ചെയ്യേണ്ട ആവശ്യം വന്നില്ല). അതല്ല, ചെളിയും പുല്ലും കൂടുതലുള്ള കുളം നോക്കി നാല്‍ക്കാലികള്‍ ആദ്യം കൈയ്യടക്കിയെന്നും വേറെ ഓപ്ഷനില്ലാതെ ഇരുകാലികള്‍ കിട്ടിയ കുളം കൊണ്ട് തൃപ്തിയടഞ്ഞുവെന്നും ഒരു സംസാരമുണ്ട്. മള്‍ട്ടിപര്‍പ്പസ് പാടങ്ങളുണ്ട്, കൃഷിക്കും പിന്നെ വേനല്‍ക്കാലത്ത് നമ്മുടെ മറഡോണമാര്‍ക്കും സച്ചിന്‍മാര്‍ക്കും പ്രാക്റ്റീസിനും. ഇതുകൂടാതെ ഒരു നാടിന് ആവശ്യം വേണ്ട നാനാവിധ കൃഷിയുമുണ്ട് ഇവിടെ. അതുകൊണ്ടുതന്നെ പച്ചപ്പിന് ഒരു കുറവും ഇല്ല. പിന്നെ കുന്നിന് കുന്ന് (സാമൂഹ്യവിരുദ്ധരായ ചില വാനരന്മാരും അവരുടെ തന്നെ കറ്റഗറിയില്‍പ്പെടുത്താന്‍ പറ്റിയ, തിയറി ഒഫ് എവല്യുഷന്‍ ശരിയാണോയെന്ന് രൂപം കൊണ്ടല്ലെങ്കിലും സ്വഭാവം കൊണ്ടും ജേഷ്ടകള്‍ കൊണ്ടും നമ്മളില്‍ സംശയം ജനിപ്പിക്കുന്ന ചില ആന്റി സോഷ്യല്‍ എലമെന്റ്സും ഇടക്കിടക്ക് ഈ സ്ഥലം കൈയ്യടക്കാറുണ്ട് എന്നതൊഴിച്ചാല്‍ പ്രക്രതി രമണിയാണ്). കിളികളുടെ കളകള നാദവും കാളവണ്ടികളുടെ കടകട നാദവും കാളകളുടെ മണിനാദവും ഇങ്ങനെ ഒരു ഗ്രാമത്തിന്റെ എല്ലാ ചന്തവും ഒത്തിണങ്ങിയതാണ് ഈ ഗ്രാമം. പക്ഷേ ഈ ഗ്രാമത്തിന്റെ യധാര്‍ഥ സൗന്ദര്യം എന്ന് പറയുന്നത് ഇവയൊന്നുമല്ല ...
ഇടക്കിടക്ക് വിരുന്നുകാരെപ്പോലെ നാട്ടില്‍ വന്ന് ബ്രൂട്ട് സ്പ്രേയുടെയും യാര്‍ഡ്‌ലി പൗഡറിന്റെയും പരിമളം നാട്ടുകാര്‍ക്ക് ഫ്രീയായിട്ട് ആസ്വദിക്കാന്‍ അവസരം ഒരുക്കിക്കൊടുക്കുന്ന, പ്രവാസിയുടെയും ഫോറിന്‍ മണിയുടെയും പ്രാധാന്യത്തെപ്പറ്റി ഗ്രാമവാസികളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും, "കാട്ടുകോഴിക്കെന്ത് ഓണവും സംക്രാന്തിയും" എന്ന മട്ടില്‍ കേട്ട് നില്‍ക്കുന്ന നല്ലവരായ നാട്ടുകാരുടെ വായില്‍ നിന്ന് "എന്ന് വന്നു... എന്ന് പോകും" എന്ന പതിവ് ചോദ്യം കേട്ട് "ഇവര്‍ക്കൊന്നും ഒരു പ്രവാസിയുടെ വിലയും വിഷമവും മനസ്സിലാകില്ല" എന്ന എ സര്‍ട്ടിഫിക്കറ്റ് സത്യം മനസ്സിലാക്കി കണ്ണും കരളും കലങ്ങി തിരിച്ച് സ്വന്തം മാളത്തിലേക്ക് വലിയുന്ന ഒന്ന് രണ്ട് ഗള്‍ഫ്‌കാരും,
ഇതെന്റെ മണ്ണ് ഇതെന്റെ ഗ്രാമം എന്ന മുദ്രാവാക്യവുമായി നാട്ടുകാരുടെ ഏത് ആവശ്യങ്ങള്‍ക്കും മുന്‍പന്തിയില്‍ നില്‍ക്കണം എന്ന ആക്രാന്തമോ ദുര്‍വാശിയോ എന്തിന് മിനിമം ഒരു ആഗ്രഹമോ പോലുമില്ലാത്ത നല്ലവരായ അതിലുപരി മര്യാദക്കാരായ, എന്നാല്‍ പിരിവ്, ജാഥ ഇത്യാധി കീശയില്‍ നാല് കാലണ വീഴുന്ന എന്തിനും ഏതിനും തന്റെ നേത്യസ്താനം ആരുടെ മുന്നിലും അടിയറവ് വയ്കാതെ ധീരതയോടെ നയിക്കാന്‍ പന്തയക്കോഴികളെപ്പോലെ കൊക്കും നഘവും കൂര്‍പ്പിച്ച് കാത്തിരിക്കുന്ന, ഇതിനൊക്കെപ്പുറമേ നല്ലവരായ നാട്ടുകാരുടെ സംഭാവനയെന്ന പേരില്‍ കിട്ടുന്ന കാശുകൊണ്ട് വാടക കൊടുക്കുന്ന പാര്‍ട്ടിയാഫീസുകള്‍ തങ്ങള്‍ക്ക് വിശ്രമിക്കാനുള്ള ഇടവും, കാരംസ് ചീട്ട് മുതലായവ കളിക്കാനുള്ള ക്ലബും ആക്കി മാറ്റിയ കുറെ രഷ്ട്രീയപ്രമുഖരും,
എന്റെ ഗ്രാമവാസികള്‍ എന്റെ സഹോദരീ സഹോദരങ്ങള്‍ വണ്ടിയും വള്ളവും കയറി അഞ്ചെട്ട് കിലോമീറ്റര്‍ യാത്ര ചെയ്ത് അരിയും പുളിയും മുളകും ഉപ്പുമൊക്കെ വാങ്ങി കഷ്ടപ്പെടുന്നത് നിറകണ്ണൂകളോടെ അതിലുപരി നിറമനസ്സോടെ കണ്ട് നാട്ടില്‍ത്തന്നെ അതിനുള്ള സൗകര്യം ഒരുക്കാമെന്ന നല്ല ഉദ്ധേശത്തോടെ അഹോരാത്രം പാടുപെട്ട് കൈയ്യിലുള്ള കാശും തലയില്‍ ആകെയുണ്ടായിരുന്നൂ എന്ന് പറയപ്പെടുന്ന ലേശം ബുദ്ധിയും ചുരണ്ടിയെടുത്ത് മൊത്തമായി ഇന്‍വെസ്റ്റ് ചെയ്ത് സ്വന്തം വീടിന്റെ ഒരു ഭാഗം ഒരു കടമുറിയായി കണ്‍വെര്‍ട്ട് ചെയ്ത് അതില്‍ ആവശ്യസാധനങ്ങള്‍ വാങ്ങി നിറച്ച് കൊള്ള ലാഭത്തില്‍ ജനങ്ങളെ സെര്‍വ് ചെയ്യുന്ന ഒരു വ്യവസായപ്രമുഖന്‍ ... "ഈ ബുദ്ധി എന്തുകൊണ്ട് എനിക്ക് നേരത്തേ തോന്നിയില്ല" എന്ന് ശ്രീനിവാസന്റെ റോളില്‍ അതിയായ വിഷമത്തോടും "എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്" എന്ന് മോഹന്‍ലാലിന്റെ റോളില്‍ സമാധാനിച്ചും, ബുദ്ധി ഇന്‍വെസ്റ്റ് ചെയ്യാതെ (ഉണ്ടായിട്ട് വേണ്ടേ. ) ചിന്തിച്ചതിന്റെ ഭലമായി ഉരുത്തിരിഞ്ഞ് വന്ന ബിസ്സിനസ്സില്‍ 'ഗോംബറ്റിഷന്‍' വേണം എന്ന കീ-പോയിന്റ് മനസ്സിലാക്കി, കുറച്ചുകൂടെ വിപുലമായ രീതിയില്‍ ഒരു സ്റ്റോര്‍ തുടങ്ങി ജനങ്ങളെ സെര്‍വ് ചെയ്യാന്‍ ഞാനും നിന്റെ കൂടെയുണ്ട് എന്ന് പറഞ്ഞ് രംഗത്ത് വന്ന വേറൊരു വ്യവസായപ്രമുഖന്‍ (ഇവര്‍തമ്മില്‍ ഇപ്പോഴും ശീതസമരത്തിലാണ്) ... ഇത്തിരിയെങ്കിലും ചോര കിട്ടാതിരിക്കില്ല എന്ന് കാത്തിരിക്കുന്ന രണ്ട് കുറുക്കന്‍ ജൂനിയര്‍ വ്യവസായപ്രമുഖര്‍ ... ഇങ്ങനെയുള്ള കുറെ വ്യവസായകാന്തങ്ങളും (ബിസ്സിനസ്സ് മാഗ്നറ്റ്സ്),
കോവില്ലൂര്‍ എന്ന ഗ്രാമത്തിന്റെ പേര് അന്വര്‍ഥമാക്കുന്നതില്‍ എന്റെ ഗ്രാമവാസികള്‍ക്കുള്ളത്ര ഒരുമ എരുമക്കൂട്ടത്തില്‍പോലും കാണാന്‍ കഴിയില്ല. പേരിന് യാതൊരു കളങ്കവും വരരുത് എന്ന ആത്മാര്‍ത്ഥ ചിന്ത ഒന്നുകൊണ്ടു മാത്രമാണ് ഒരോരുത്തരും മത്സരിച്ച് കോവിലുകളും അമ്പലങ്ങളും പള്ളികളും പണിതതും ഇന്നും അതൊക്കെ നിലനിര്‍ത്തിപ്പോരുന്നതും. ഇവയ്ക്കൊക്കെ ഓരോ പ്രധാന കര്‍മ്മിയും, കര്‍മ്മിയുടെ വലതും ഇടതുമായി സഹായികളും ഇവരെ വരച്ചവരയില്‍ നിര്‍ത്താനായി നാട്ടിലെ അഞ്ചെട്ട് പൗരപ്രമുഖര്‍ ചേര്‍ന്ന ഒരു കമ്മിറ്റിയുമുണ്ട്. ഇവര്‍ ചില്ലറക്കാരല്ല, നിയമവും ആഭ്യന്തരവും എന്നുവേണ്ട ഏതു മേഘലവേണമെങ്കിലും കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ളവര്‍ (ഇവരെക്കുറിച്ച് വിശദമായി വഴിയേ മനസ്സിലായിക്കോളും). ഇങ്ങനെയുള്ള കുറെ വി ഐ പികള്‍,
ഇവരെക്കൂടാതെ, ഏത് നാടായാലും ഏത് രാജ്യമായാലും അനിവാര്യമായ കുറേ സ്പെഷ്യലിസ്റ്റുകള്‍ ഉണ്ടല്ലോ ? അതില്‍പ്പെട്ട ചിലര്‍ ...
പാക്കരന്‍ എന്ന ഭാസ്കരന്‍ ടി. സി. എസ്. (ഡിപ്ലൊമ ഇന്‍ കംബ്യുട്ടര്‍ സയന്‍സ് ആണെന്ന് തെറ്റിദ്ധരിക്കണ്ട ഡിപ്ലൊമ ഇന്‍ കട്ടിംഗ് ആന്‍ഡ് ഷേവിങ്ങ്) ബാര്‍ബറാണ്, ബൈ പ്രൊഫെഷന്‍. ഇങ്ങനെയൊക്കെയാണെങ്കിലും ആളിന്റെ സ്വഭാവം പൂ പോലെയാണ്... നല്ല ഒന്നാം തരം ഒരു താമരപ്പൂവ് പോലെ. 24 മണിക്കൂറും വെള്ളത്തിലാണ്, ആയതുകൊണ്ടുതന്നെ പുള്ളിക്ക് കൃത്യനിഷ്ട എന്നൊരു സംഭവം എന്താണെന്ന് തന്നെ തീരെ പിടിയില്ല.
ഡോ. കോതീന്‍ സായിപ്പ് എം.ഫില്‍. പുള്ളീ ഡോക്റ്ററേറ്റ് എടുത്തത് ആക്രിക്കച്ചവടത്തിലാണ്, അതും തമിഴ്‌നാട് യുനിവേര്‍സിറ്റിയില്‍ നിന്ന്. തന്റെ തൊഴില്‍ മേഘല ഇതാണെന്നും അതിന് പറ്റിയ സ്തലം ഇതുതന്നെയാണെന്നുമുള്ള ഉറച്ച തീരുമാനത്തിന്റെ അനന്തരഭലമായി ഒരു ദു:ര്‍ബല നിമിഷത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്നതാണ്. പിന്നെ കോവില്ലൂര്‍ സിറ്റിസണ്‍ഷിപ്പെടുത്ത് ഗ്രീന്‍ കര്‍ഡില്ലാത്തതിനാല്‍ കിട്ടിയ റേഷന്‍ കാര്‍ഡ് കൊണ്ട് ത്രിപ്തിപ്പെട്ട് ഇവിടെക്കൂടി. കുടിയേറ്റക്കാരനാണെന്ന യാതൊരു അഹംഭാവവും അഹഗാരവുമില്ലാതെ സസുഖം വാഴുന്നു. ഡോക്ടറെക്കൂടാതെ ഇനിയുമുണ്ട് രണ്ട് തമിഴ് കുടിയേറ്റക്കാര്‍. അവര്‍ ഹോട്ടല്‍ മാനേജ്മെന്റിലും കാറ്ററിങ്ങിലുമാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. അവരും കുടുംബത്തോടെ സിറ്റിസണ്‍ഷിപ്പ് ഹോള്‍ടേഴ്സാണ്.
ഡോ. കതിരേശന്‍ എം. ബി. ബി. എസ്. (പേരിന് അല്‍പം തമിഴ് ചുവയുണ്ടെങ്കില്‍ അതു തികച്ചും യാദ്യ്‌രച്ഛികമല്ല... പുള്ളി തമിഴ്‌നാട് നാഷനാലിറ്റിക്കാരനാണ്) നാട്ടിലെ ഏക ഇംഗ്ലീഷ് വൈദ്യനും ഡിസ്പ്പന്‍സറി ഉടമയുമാണിതിയാന്‍. അതുവരെ നാട്ടിലെ ഏക നാടന്‍ മുറി വൈദ്യനായിട്ടുപോലും, വൈദ്യശ്ശിരോമണിയായി വിലസിയിരുന്ന വൈദ്യരത്നം മി. ഗോപാലന്‍ നായരുടെ (കോവാലന്‍ വൈത്ത്യന്‍ - വിളിപ്പേരാണ്) ഏക എതിരാളി.
വിപ്ലവം തോക്കിന്‍ കുഴലില്‍ക്കൂടെയാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടത്രെ. പുള്ളിയെ റോള്‍ മോഡലാക്കി, വിദ്യാഭാസം ചൂരലിന്‍ തുമ്പില്‍ക്കൂടെയാണെന്ന അനൗദ്വോഗിക തിരുത്തുമായി സ്വന്തം പിള്ളരേയും നാട്ടുകാരുടെ പിള്ളരേയും സമ്പൂര്‍ണ്ണ സാക്ഷരരാക്കാന്‍ കച്ചകെട്ടിയിറങ്ങിയ മി. അറബി സാറും, സ്നേഹമാണഖിലസാരമൂഴിയില്‍ എന്ന് വിശ്വസിച്ച് ചൂരലെടുക്കാതെയും കച്ചകെട്ടാതെയും ഇറങ്ങിയ മിസ്സിസ്സ്. അറബി സാറും...
പകലന്തിയോളം പണിയെടുത്ത് ക്ഷീണിച്ചെത്തുന്ന അധ്വാനവര്‍ഗ്ഗത്തിന്റെ മനസ്സും ശരീരവും ഉന്മേഷമാക്കുവാനും അവരുടെ അന്തികള്‍ ആനന്തകരമാക്കി നാട്ടുകാര്‍ക്ക് ഫ്രീ ലൈവ് ഈവനിഗ് ഷോ സ്പോണ്‍സര്‍ ചെയ്യുകയും, അധ്വാനവര്‍ഗ്ഗത്തിന് നാട്ടുകാരുടെ വായിലിരിക്കുന്നതോ കയ്യിലിരിക്കുന്നതോ എന്താന്ന് വച്ചാല്‍ അതും ബോണസായിട്ട് വാങ്ങിക്കൊടുക്കുന്ന അബ്കാരി അസറിയും, ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ പൂര്‍വ്വാധികം ശക്തിയോടും ഉന്മേഷത്തോടും അടുത്ത ദിവസത്തെ കലാപരിപാടികള്‍ക്ക് തയ്യാറെടുക്കുന്ന സ്പോര്‍ട്സ്മാന്‍ സ്പിരിറ്റുള്ള കലാകാരന്മാരും,
കറവക്കാരന്‍ കം പാല്‍ക്കാരന്‍ അപ്പുക്കുട്ടന്‍, പത്രക്കാരന്‍ മോതീന്‍, തയ്യല്‍ക്കാരായ കുചേലന്‍ (സ്പെഷ്യലൈസ്ഡ് ഇന്‍ ലേഡീസ് ഐറ്റംസ്) ആന്‍ഡ് വിജയന്‍ (ജന്മനാ കാലിന് അല്‍പം മാനുഫാക്ചറിംഗ് ടിഫക്റ്റുള്ളതുകൊണ്ട് മൊണ്ടി വിജയന്‍ എന്ന് നാട്ടുകാര്‍ സ്നേഹപുരസരം വിളിക്കും), സൈക്കിള്‍ കടക്കാരന്‍ ചുങ്കിലി, പഞ്ചര്‍ വര്‍ക്ക് ഷോപ്പ് മുതലാളിയായ സ്റ്റീഫന്‍... ഇങ്ങനെ നീളുന്ന ഒരു ലിസ്റ്റാണ് ഈ ഗ്രമത്തിന്റെ സൗന്ദര്യം. ഇവരില്ലാതെ എന്ത് കൊവില്ലൂര്‍.
ഇതില്‍പ്പെടാതെപോയ കഥാപാത്രങ്ങളെ നമുക്ക് വഴിയേ പരിചയപ്പെടാം... ...
Wednesday, July 18, 2007
Subscribe to:
Post Comments (Atom)
Popular Posts
-
എനിക്കെന്ത് എന്ന് ചിന്തിക്കുന്ന, എന്റെയാരുമല്ലല്ലോ എന്ന് ചിന്തിക്കുന്ന 1.1 ബില്ല്യന്‍ ഇന്ത്യാക്കാരില്‍ ഒരുവന്. ഇതേ ചിന്തയുമായി പ്രതികര...
-
ആത്മവിദ്യാലയമേ അവനിയിലാത്മവിദ്യാലയമേ... ആ വരികളിലെ അര്‍ത്ഥവും ആഴവും മനസ്സിലാവുന്നതിന് മുന്‍പുതന്നെ ഇഷ്ടപ്പെട്ടിരുന്ന, സംഗീതവാസന തൊട്ടുതീണ്ട...
-
'ഹല്ലോാാാ .... ഹൗ ആര് യൂ.... അയാം ഫൈന്‍.' ഇതു സാം രാജല്ലേ ? ഇവനെന്താ ഇങ്ങനെ എന്നാലോചിക്കണമെന്നുണ്ടായിരുന്നു എനിക്ക്. ചോദ്യവും ഉത്ത...
-
പുതിയ സ്ഥലം, പുതിയ ഭാഷ, പുതിയ ആള്ക്കാര്, എല്ലാം ഒന്ന് പരിചയപ്പെട്ട് വരുന്നതുവരെ അയലത്തെ മണിച്ചേച്ചിയുടെ മകന് കണ്ണന്റെ കൂടെ പോയി വരട്ട...
-
താന്‍ കൂവിയതുകൊണ്ടുമാത്രമാണ് നേരം വെളുത്തത്, ഇല്ലെങ്കില്‍ കാണാമായിരുന്നു എന്ന മട്ടില്‍ ധാരാസിംഗ് ഗോധയിലേക്കിറങ്ങുന്നപോലെ നെഞ്ചും വിരിച്ച്...
No comments:
Post a Comment