Monday, October 27, 2008

ഓര്‍മ്മപ്പൂക്കളിലെ അഞ്ചുരൂപ


ആരെന്തായാലും എനിക്കൊരു ചുക്കുമില്ല... എനിക്ക്‌ കള്ളനോ കൊള്ളക്കാരനോ ആയാല്‍ മതി.

എന്തൊരു മഹത്തായ ആംബിഷന്‍ ...

ദീപാവലി അവധിക്ക്‌ ഉമ്മിച്ചിയുടെ കുടുംബവീട്ടില്‍ (കുലശേകരത്ത്‌) എല്ലാ മെംബേര്‍സും ഹാജരായിക്കഴിഞ്ഞാല്‍ "ചെട്ടിത്തെരുവ്‌" കാശ്മീരായിമാറാന്‍ അധികം താമസമൊന്നും വേണ്ട. വലിയമ്മ ചെറിയമ്മ മക്കളെല്ലാംകൂടെ ഒരു കുരുക്ഷേത്രത്തിനുള്ള പിള്ളേരുണ്ടാവും കുടുംബവീട്ടില്‍. പോരാത്തതിന്‌ 'പ്ലാനിങ്‌' എന്ന സംഭവത്തോട്‌ തീരെ യോജിപ്പില്ലാത്ത അയല്‍വാസികളുടെ പിള്ളേരും. എല്ലാം ഒന്നിനൊന്നു മെച്ചം.

ഡോ. ഡൊമിനിക്കിന്റെയും ഡോ. എബനീസറിന്റെയും ചാകരക്കാലമാണിത്‌. ചെട്ടിത്തെരുവിലുള്ള പാവം രക്ഷകര്‍ത്താക്കള്‍ക്ക്‌ തലവേദനക്കുള്ള മരുന്ന്‌ കൊടുത്ത്‌ കൊടുത്ത്‌ അവര്‍ക്കതൊരു തലവേദനയായിമാറലാണ്‌ പതിവ്‌. ചുരുക്കിപ്പറഞ്ഞാല്‍ ഒരമ്മമക്കളെപ്പോലെ കഴിഞ്ഞിരുന്ന അയല്‍ക്കാര്‍ തമ്മില്‍ കീരിയും പമ്പും പോലെ ആകുന്നതുവരെ.

ദീപാവലി തമിഴ്‌നാട്ടില്‍ സാമാന്യം മോശമല്ലാത്ത രീതിയില്‍ത്തന്നെ ആഘോഷിക്കാറുണ്ട്‌. അങ്ങോട്ട്‌ മൈഗ്രേറ്റ്‌ ചെയ്തത്‌ കൊണ്ട്‌ നമ്മളും അതില്‍ പങ്കാളികാളാകും. എന്നുവച്ചാല്‍ പ്രധാനമായും അടുത്ത വീടുകളില്‍ നിന്ന്‌ കൊണ്ടുവരുന്ന പലഹാരങ്ങള്‍ ശാപ്പിടുക... അതു തന്നെ. അല്ലാതെ പടക്കം പൊട്ടിക്കുക കമ്പിത്തിരി കത്തിക്കുക ഇങ്ങനെയുള്ള ആഡംബര ഐറ്റംസ്‌ ഒന്നും നമുക്ക്‌ പറഞ്ഞിട്ടില്ലായിരുന്നു. വേറൊന്നും കൊണ്ടല്ല, ഞാന്‍ ജനിക്കുന്നതിനും എത്രയോ മുന്‍പുതന്നെ ദരിദ്ര(നാരായണന്‌) ഞങ്ങളുടെ വീട്ടില്‍ കുടികിടപ്പവകാശം കിട്ടിയിരുന്നു. അപ്പോള്‍ ഈ കുട്ടിപ്പട്ടാളത്തിന്‌ ആംസ്‌ ആന്‍ഡ്‌ അമ്മുനിഷന്‍ സപ്ലൈ ചെയ്യുകയെന്നത്‌ നടന്നതുതന്നെ.

'വെടിമരുന്നില്ലാതെ തന്നെ വെടിപൊട്ടിക്കുന്ന സാധനങ്ങള്‍ക്കാണ്‌ പടക്കവും തോക്കും കോപ്പും. ആരുടെ വീട്‌ കത്തിക്കാനാടാ... അതൊന്നും വേണ്ട...' ഇത്‌ പൂജ്യരക്ഷകര്‍ത്താക്കളുടെ ന്യായീകരണ വെര്‍ഷന്‍.

അതെന്തെങ്കിലുമാവട്ടെ... പറഞ്ഞു വന്നത്‌ എന്റെ ആംബിഷന്റെ കാര്യം....

പടക്കങ്ങളോടെനിക്ക്‌ വലിയ ആര്‍ത്തിയൊന്നുമില്ലെന്ന്‌ മാത്രമല്ല അത്യാവശ്യത്തിന്‌ പേടിയുമായിരുന്നു. ഇഷ്ടം തോക്കിനോടായിരുന്നു.

പോലീസിന്‌ തോക്ക്‌ നിര്‍ബന്ധമൊന്നുമില്ല, ഒരു വടിയും പ്ലാവിലത്തൊപ്പിയും മതി. പക്ഷേ കള്ളനും കൊള്ളക്കാരനും തോക്ക്‌ നിര്‍ബന്ധം. അതുകൊണ്ടാണ്‌ ഈ പ്രൊഫഷന്‍ തന്നെ തെരഞ്ഞെടുത്തത്‌.

പറഞ്ഞിട്ടെന്ത്‌ കാര്യം. കളിയില്‍ എന്നെ കള്ളനാക്കാനൊക്കെ എല്ലാപേര്‍ക്കും സമ്മതം. പക്ഷേ തോക്കില്ല. തോക്കില്ലാതെന്ത്‌ കള്ളന്‍. സാധാരണ ഇത്തരം പ്രതിസന്ധികളില്‍ ആയുധമാഫിയയാണ്‌ ഏക ആശ്രയം.

അയ്യപ്പന്‍... ആയുധ മാഫിയത്തലവന്‍. മുരുകന്‍ അവന്റെ അനിയന്‍... ചേട്ടന്‍ ശുപാര്‍ശ ചെയ്യുന്നയാളിന്‌ മാത്രം തോക്ക്‌ കൊടുത്തിരുന്ന കുട്ടിമാഫിയ. ഇവര്‍ക്ക്‌ രണ്ടുപേര്‍ക്കും തോക്കുണ്ട്‌. പക്ഷേ ഓടുക ചാടുക ഒളിച്ചിരിക്കുക പിന്നെ പോലീസിന്റെ ഇടി കൊള്ളുക ഇമ്മാതിരി ഫിക്‌ഷനില്‍ വലിയ താല്‍പര്യമില്ലാത്തതിനാല്‍ ആയുധ വിതരണം മാത്രമാണ്‌ ഇവര്‍ ചെയ്തിരുന്നത്‌.

അവരെയും കളിയില്‍ കൂട്ടണം (പക്ഷേ, ഓടാനും, ചാടാനും, കള്ളനെപ്പിടിക്കാനുമൊന്നും പറയരുത്‌), തോക്ക്‌ വാങ്ങുന്നയാള്‍ കളി തീര്‍ന്നതും തിരികെ ഏല്‍പ്പിക്കണം (വാടകയിനത്തില്‍ ഒരു കവര്‍ പൊട്ടാസും), പിന്നെ തോക്ക്‌ തുറക്കാന്‍ പാടില്ല, വെടി പൊട്ടിക്കാന്‍ പാടില്ല,.. എന്ന്‌ വേണ്ടാ ആണവക്കരാറിന്‌ പോലും ഇത്രയും വ്യവസ്ഥകളുണ്ടോ എന്ന്‌ തോന്നും വിധത്തിലിള്ള സ്പെഷ്യല്‍ വ്യവസ്ഥകളുള്‍പ്പെടെ. ആവശ്യക്കാരനുണ്ടോ ഔചിത്യം. വാങ്ങുക തന്നെ. ഞാനും അതു തന്നെയാണ്‌ ചെയ്യാറ്‌.

ഞാനാരാ മോന്‍, ഇവരറിയാതൊരു കാര്യപരിപാടി നേരത്തേതന്നെ തയ്യാറാക്കി വച്ചിട്ടുണ്ടാവും. വേറൊന്നുമല്ല, കടയില്‍ പോയി വീട്ടിലേക്ക്‌ വേണ്ടുന്ന സാധനങ്ങള്‍ വാങ്ങിക്കൊടുക്കുന്ന വകയില്‍ കിട്ടുന്ന കമ്മിഷന്‍ (ഞെട്ടണ്ട... 5 പൈസ ഇനിയിപ്പൊ ദയ തോന്നിയാല്‍ 10 പൈസ അത്രതന്നെ) കൂട്ടിവച്ച്‌, ആരും കാണാതെ വാങ്ങി വച്ചിരിക്കുന്ന പൊട്ടാസുണ്ടാകും കയ്യില്‍. കളി തുടങ്ങിക്കഴിഞ്ഞാല്‍, എല്ലാപേരും അവിടെ എവിടെയെങ്കിലും ഒളിച്ചിരുന്ന്‌ പോലീസ്‌ ചമഞ്ഞ്‌ വരുന്നവരെ വെടി വയ്ക്കലും "ഠേ' പറഞ്ഞ്‌ പേടിപ്പിക്കലും അവര്‍ ഇവനെപ്പിടിച്ച്‌ പീഡിപ്പികലുമൊക്കെയായി കളി നടക്കും. ഇതിനൊക്കെ നമുക്കെവിടെ സമയം... തെരുവിന്റെ അങ്ങേത്തലക്കല്‍ (കളി നടക്കുന്നേടത്തുനിന്ന്‌ ഒരു അരക്കിലോമീറ്റര്‍ അകലെ.. അത്രെയുള്ളൂ) ഒളിച്ചിരുന്ന്‌ കയ്യിലുള്ള പൊട്ടാസൊക്കെ പൊട്ടിക്കുന്ന തിരക്കിലാവും...."ഠേ..ഠേ...ഠേ.."

കളി കഴിഞ്ഞതും എല്ലാപേരും അവരവരുടെ വീടുകളില്‍ പോയതും, അയ്യപ്പന്‍ തോക്ക്‌ അന്വേഷിച്ച്‌ കുഴഞ്ഞ്‌ പോലീസുകാരെ അടിക്കാന്‍ പോയതും അവരോടിയപ്പോള്‍ വലിയ വായില്‍ കരഞ്ഞതുമൊന്നും ഞാനറിഞ്ഞില്ല.

ഞാന്‍ തിരിച്ച്‌ വീട്ടില്‍ വന്നപ്പോള്‍ 2 ഗസ്റ്റുകളുണ്ടായിരുന്നു വീട്ടുമുറ്റത്ത്‌... അയ്യപ്പനും അവന്റെ അമ്മയും. അടുത്ത്‌ തന്നെ ഗോസ്റ്റായിട്ട്‌ എന്റെ സ്വന്തം മാതാശ്രീയും.

"ഠേ..ഠേ...ഠേ.." (ഇപ്രാവശ്യം ശബ്ദം കേട്ടത്‌ എന്റെ മുതുകില്‍ നിന്നാണെന്ന ഒറ്റ വ്യത്യാസം മാത്രം) നാലെണ്ണം പൊട്ടിച്ച കൂട്ടത്തില്‍ ഒരുപദേശവും...

'മേലാല്‍ തോക്ക്‌, കള്ളന്‍ എന്നും പറഞ്ഞ്‌ ഇവിടുന്ന്‌ ഇറങ്ങുന്നത്‌ കാണട്ടെ... ഇതിന്റെ ബാക്കി അപ്പൊത്തരാം. കൊടുക്കെടാ അവന്റെ തോക്ക്‌.'

അടുത്ത ദിവസത്തെ കളിക്ക്‌ തോക്കില്ല. അയ്യപ്പശരണം... പക്ഷേ അവനുണ്ടോ തരുന്നു. ആത്മഹത്യ ചെയ്യണോ അതോ നാടുവിട്ട്‌ പോയാലോയെന്ന്‌ വരെ തോന്നിപ്പോയ നിമിഷങ്ങള്‍.

അങ്ങനെ തോക്കില്ലാതെ കളിയില്‍ കൂടാതിരുന്നത്‌ മാത്രമല്ല, ഒളിച്ചിരിക്കുന്നവനെ കാണിച്ച്‌ കൊടുക്കുക, കളിക്കുന്നവരെ ഒളിച്ചിരുന്ന്‌ എറിയുക, ഓടുന്നവനെ പിടിച്ചുവച്ച്‌ കൊടുക്കുക, ഇങ്ങനെ കളിയില്‍ കുത്തിത്തിരിപ്പുണ്ടാക്കി എന്നാലാകും വിധം കളി അലമ്പാക്കി ആത്മസംത്ര്യപ്തി അടഞ്ഞു വന്നിരുന്നു.

തലദീപാവലിക്ക്‌* ശാരദച്ചേച്ചി വന്നത്‌ ഞാനറിഞ്ഞത്‌ അന്ന്‌ വൈകിട്ട്‌ ചേച്ചി എന്നെത്തേടി എന്റെ വീട്ടില്‍ വന്നപ്പോഴാണ്‌.

കഥകള്‍ ഇഷ്ടമായിരുന്ന എനിക്ക്‌ എന്നും വന്ന്‌ കഥകള്‍ പറഞ്ഞു തന്നിരുന്ന, ഒത്തിരി കഥകളറിയാവുന്ന ചേച്ചിയെ എനിക്ക്‌ എന്തിനെക്കാളുമേറെ ഇഷ്ടമായിരുന്നു അന്ന്‌. പറഞ്ഞറിയിക്കാനാകാത്ത ഒരു ബന്ധം.

കല്ല്യാണം കഴിഞ്ഞ്‌ ചേച്ചി പോയപ്പോള്‍ കളിച്ചുകൊണ്ടിരുന്ന എന്നെ ചേര്‍ത്ത്‌ പിടിച്ച്‌ കരഞ്ഞതെന്തിനെന്ന്‌ എനിക്ക്‌ മനസ്സിലായില്ല. പക്ഷേ അടുത്ത ദിവസം മുതല്‍ ചേച്ചി വരാതായപ്പോള്‍ എനിക്കും കരച്ചില്‍ വന്നു.

ആ ചേച്ചിയാണ്‌ വന്നിരിക്കുന്നത്‌. ഞാന്‍ തോക്ക്‌ മറന്നു, കള്ളനെ മറന്നു. കളഞ്ഞുപോയ എന്തോ കിട്ടിയ ആനന്ദം. 'പോയി കളിക്ക്‌' എന്ന്‌ പറഞ്ഞിട്ടും ചേച്ചിയെ ചുറ്റിപ്പറ്റി നിന്ന എന്റെ തോക്കിന്റെ കഥ അയ്യപ്പന്റെ അനിയന്‍ മുരുകനാണ്‌ ചേച്ചിയോട്‌ പരഞ്ഞത്‌...

അടുത്ത ദിവസം രാവിലെ ചേച്ചി എന്റെ വീട്ടില്‍ വന്നു, സ്വതവേയുള്ള വശ്യമായ ചിരിയോടെ. കുറച്ച്‌ സമയം എല്ലാപേരോടും സംസാരിച്ചിരുന്ന ചേച്ചി എന്റെ കൈയ്യില്‍ എന്തോ പിടിപ്പിച്ചു. എന്നിട്ട്‌ പറഞ്ഞു 'ഒരു തോക്ക്‌ വാങ്ങിച്ചോ.. ആരോടും പറയണ്ട..'. കൈ തുറന്ന ഞാന്‍ സ്ന്തോഷം കൊണ്ട്‌ തുള്ളിച്ചാടി... നാലായി മടക്കിയ ഒരു അഞ്ച്‌ രൂപ. ഒരു നിധി കിട്ടിയവന്റെ സന്തോഷം.

പിന്നെ ഒട്ടും താമസിച്ചില്ല, അപ്പോള്‍ തന്നെ 'സുമി സ്റ്റോറി'ല്‍ ചെന്ന്‌ ഒരു തോക്ക്‌ വാങ്ങി. ഒരു രാജ്യം കീഴടക്കിയ ജേതാവിനെപ്പോലെ വന്നു.

ആദ്യം തന്നെ അയ്യപ്പന്റെ മുന്നില്‍ ചെന്ന്‌ അഞ്ചാറെണ്ണം പൊട്ടിച്ച്‌, പുക ഊതിക്കളഞ്ഞ്‌ രജനിയെപ്പോലെ നെഞ്ചും വിരിച്ച്‌ നിന്നു. 'നിന്റെ തോക്ക്‌ ആര്‍ക്ക്‌ വേണമെടാ മന്തപ്പേ' എന്ന നിലയില്‍.

ശരിക്കും ദീപാവലിയായ എന്റെ ആദ്യ ദീപാവലി. എന്റെ തലദീപാവലി.

ദീപാവലി കഴിഞ്ഞു... ഇനി കൂട്ടുകാരും കളിയുമെല്ലാം കെട്ടിപ്പൂട്ടി വച്ച്‌ പള്ളിക്കൂടത്തേക്ക്‌. അടുത്ത ദീപാവലിക്കെടുക്കാനായി തോക്കിനെ ഒളിച്ച്‌ വക്കാന്‍ ഞാന്‍ മറന്നില്ല.

മറവി - മനുഷ്യന്റെ അനുഗ്രഹം... ശാപവും. ഞാന്‍ തോക്കിനെ മറന്നു. കുലശേകരത്ത്‌ നിന്ന വന്ന ഞാന്‍ ക്രമേണ ചേച്ചിയേയും മറന്നു...

പ്രവാസിയുടെ എണ്ണിപ്പിടിച്ച അവധിദിനങ്ങളിലൊന്നില്‍ കഴിഞ്ഞ വര്‍ഷം ഞാന്‍ ചേച്ചിയെ വീണ്ടും കണ്ടു. ഉമ്മിച്ചിയുമൊത്ത്‌ കുലശേകരത്ത്‌ പോയി തിര്‍ച്ച്‌ വരുമ്പോള്‍. ചേച്ചിയുടെ മുഖത്ത്‌ പഴയ ആ ചിരിയില്ല, പ്രസരിപ്പില്ല. ചേച്ചി പറഞ്ഞുതന്ന കഥയിലെ, യൗവ്വനം കൊടുത്ത്‌ ജരാനര ഏറ്റുവാങ്ങിയ കഥാപാത്രത്തെപ്പോലെ, ചെറുപ്പത്തിലേ വയസ്സായതുപോലെ.

'നീയിപ്പോള്‍ വലിയ ഗള്‍ഫ്‌കാരനല്ലേ?' എന്ന്‌ പറഞ്ഞ്‌ ചിരിച്ച ചിരി ഞാന്‍ ആദ്യമായിക്കാണുകയായിരുന്നു. ഇത്‌ ചേച്ചിയുടെ ചിരിയല്ല.

'ചേച്ചിക്കെന്ത്‌ പറ്റി' എന്ന എന്റെ ചോദ്യത്തിന്‌ 'നീയെനിക്കെന്താ കൊണ്ട്‌ വന്നിരിക്കുന്നത്‌' എന്ന മറുചോദ്യം ഞാന്‍ പ്രതീക്ഷിക്കാത്തതായിരുന്നു.

'കയ്യും വീശിയാ ചേച്ചിയെ കാണാന്‍ വന്നിരിക്കുന്നത്‌'.

'അത്‌ പിന്നെ... ഇതിലേ വന്നപ്പോ....'എനിക്ക്‌ മറുപടിയില്ലായിരുന്നു.

'100 രൂപ താ..' ഉമ്മിച്ചി പതുക്കെ ചോദിച്ചു.

"ഇപ്പോ എന്തിനുമ്മാ..'

'താ .. പറയാം...'

'നൂറില്ല... അഞ്ഞൂറേയുള്ളൂ...'

'താ...'

ആ നോട്ട്‌ ചേച്ചിയുടെ കയ്യില്‍ വച്ചുകൊടുക്കുമ്പോള്‍ ചേച്ചിയുടെ മുഖത്തെ വിഷാദം നിറഞ്ഞ ചിരി ഞാന്‍ ശ്രദ്ധിച്ചിരുന്നു...ഒപ്പം വിറക്കുന്ന കൈകളും നിറഞ്ഞ കണ്ണുകളും.

തിരികേ വരും വഴി ഞാനറിഞ്ഞു, ചേച്ചിയുടെ ഭര്‍ത്താവ്‌ മരിച്ചു പോയി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചേച്ചിയെ പറഞ്ഞയച്ചു. ഇപ്പോള്‍ അടുത്ത വീടുകളില്‍ എന്തെങ്കിലും സഹായങ്ങള്‍ ചെയ്ത്‌ ജീവിക്കുന്നു.

'ആ പഴയ അഞ്ചു രൂപയുടെ വില ഈ അഞ്ഞൂറിനില്ല ചേച്ചി.' ഞാനെന്റെ മനസ്സില്‍ പറഞ്ഞു...

ഇന്ന്‌ ദീപാവലി... എന്റെ സമ്പാദ്യമെല്ലാം പകരം കൊടുത്താലും കിട്ടാത്ത ഒരു അഞ്ചുരൂപ നോട്ടിനെ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം എന്റെ ദീപാവലി ദീപാവലിയാക്കിയ ചേച്ചിയേയും.

* തലദീപാവലി - കല്ല്യാണം കഴിഞ്ഞ്‌ വരുന്ന ആദ്യ ദീപാവലി.









വാല്‍ : നാലായി മടക്കിയ ആ അഞ്ചുരൂപ ഇന്നും ഞാന്‍ സൂക്ഷിക്കുന്നു... കണ്ണടച്ചാല്‍ കാണാവുന്നത്ര അടുത്ത്‌... കയ്യെത്തിയാല്‍ തൊടാവുന്നത്ര ദൂരത്ത്‌ ... ഇതാ ഇവിടെ.

Saturday, August 23, 2008

പൂക്കള്‍ പറിക്കരുത്‌


പൂക്കളില്ലാതെ എന്ത്‌ പൂന്തോട്ടം... അല്ലേ ???

പെണ്ണിനെ പ്രക്ര്യതിയോടുപമിച്ച്‌ ഭൂമീദേവിയെന്നും കടലമ്മയെന്നും ബഹുമാനിച്ചവര്‍, ദൈവങ്ങളോടുപമിച്ച്‌ അമ്മയായും ദേവിയായും വിശ്വാസമര്‍പ്പിച്ച്‌ ആരാധനാമൂര്‍ത്തികളാക്കിയവര്‍, സ്ത്രീകള്‍ക്കും വിദ്യാഭ്യാസം വേണമെന്ന്‌ ശഠിച്ചവര്‍, അടുക്കളയില്‍ നിന്ന്‌ ബാഹ്യലോകത്തേക്കും ബഹിരാകാശത്തേക്കും സ്ത്രീയെ കൈപിടിച്ച്‌ ഉയര്‍ത്തിയവര്‍, സ്ത്രീത്വത്തിന്‌ അര്‍ഹമായ സ്ഥാനം നല്‍കി പുരുഷന്റെ അന്തസ്സ്‌ ഉയത്തിപ്പിടിച്ച ആ പുരുഷസമൂഹത്തിന്‌ ഇന്ന്‌ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു.

സ്ത്രീകള്‍ മാറുമറയ്ക്കാതെ ചെന്നാലേ അമ്പലത്തിലെ ദേവന്‍ കടാക്ഷിക്കൂന്നുണ്ടെങ്കില്‍ ആ കടാക്ഷം വേണ്ടെന്ന്‌ ദൈവത്തെയും ആചാരങ്ങളെയും എതിര്‍ത്ത്‌ ആണത്വം കാണിച്ചവര്‍, ഇന്ന്‌ ആ മാറ്‌ പിളര്‍ന്ന്‌ ചോരയും മാംസവും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതില്‍ ആനന്ദം കാണുന്നു.

അടുത്തിടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച പലതും ഇവയൊക്കെ വിളിച്ചോതുന്ന വേദനാജനകവും ലജ്ജാവഹവുമായ സംഭവങ്ങള്‍. മനുഷ്യകുലത്തില്‍ പിറന്ന ഒരു പിതാവിനോ സഹോദരനോ കണ്ടില്ലെന്നു നടിക്കാന്‍ പറ്റുന്നവയല്ല പലതും.

സമ്പൂര്‍ണ്ണ സാക്ഷരരായ നരാധമന്മാരാല്‍ വഴിമുട്ടി, ജീവിതത്തിന്റെ തുറക്കാത്ത വാതിലുകളില്‍ മുട്ടിത്തളര്‍ന്ന്‌ കരിഞ്ഞു വീഴുന്ന, വര്‍ണ്ണച്ചിറകുകള്‍ നിവര്‍ത്തി പാറി നടക്കേണ്ട ഈ ശലഭങ്ങള്‍ക്ക്‌ പ്രായപരിധിയില്ല... ജാതിമത വേര്‍പാടില്ല...വലിപ്പച്ചെറുപ്പമില്ല...

ഒരു വാര്‍ത്തക്കപ്പുറത്തേക്ക്‌ ഒന്നും നീളുന്നില്ല. അല്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക്‌ ആഘോഷിക്കാന്‍ ഒരു വാരം. അതു കഴിഞ്ഞാല്‍ നിയമത്തിന്റെ കൈകളാല്‍ ഭദ്രമായി കുഴിച്ചുമൂടപ്പെടുന്ന മറ്റൊരു ചാപിള്ള.

ജന്തുത്വം മനുഷ്യത്വത്തെ തോല്‍പ്പിച്ച്‌ പാടേ കാര്‍ന്ന്‌ തിന്നോ, അതോ മനുഷ്യത്വം ജന്തുത്വത്തിന്‌ മുന്നില്‍ അടിയറവുവച്ചോ. മ്ര്യഗീയവാസനയുടെ അതിപ്രസരം മനുഷ്യനെ അന്ധമ്ര്യഗങ്ങളാക്കി. മ്ര്യഗങ്ങള്‍ക്ക്‌ അമ്മയും, പെങ്ങളും, മകളുമില്ലല്ലോ. ഏതായാലും കാമപൂര്‍ത്തീകരണത്തിനുള്ള ശരീരങ്ങള്‍ മാത്രം.

പുറമേ മോടിചമഞ്ഞ്‌ അഹംഭാവക്കുനകളായി നടക്കുന്ന കേരളത്തിലെ പുരുഷന്മാര്‍ക്ക്‌ പൗരുഷമെന്നത്‌ എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടികളുടെമേല്‍ കാണിക്കേണ്ട ഒരു സംഭവമായി തരം താഴ്‌ന്നിരിക്കുന്നു.

ആരെ വിശ്വസിക്കണം, അച്ഛനെയോ, അമ്മയെയോ, അദ്ധ്യാപകനെയോ, അയല്‍ക്കാരനെയോ, ബന്ധുവിനെയോ... ഇത്‌ ആരോ പറഞ്ഞപോലെ അനന്തം അജ്ഞാതം. ഇന്ന്‌ ഈ ചോദ്യത്തിന്‌ ഉത്തരം പറയുക വിഷമമാണ്‌. അല്ലായിരുന്നെങ്കില്‍ മടിയിലിരുത്തി താലോലിക്കേണ്ട കുട്ടി മട്ടുപ്പാവിലെ വിറകുപുരയിലെ ചാക്കുകെട്ടില്‍ എത്തില്ലായിരുന്നു. മടിയില്‍ തലചായ്ച്ച്‌ സ്നേഹം പങ്ക്‌ വയ്ക്കേണ്ട അമ്മമാരുടെ മടിക്കുത്ത്‌ ഇടവഴിയിലെ ഇരുളില്‍ അഴിയില്ലായിരുന്നു.

ലോകം വിരല്‍ത്തുമ്പില്‍ എത്തിയ ഈ നൂറ്റാണ്ടില്‍ സ്ത്രീകള്‍ അടുക്കളയിലേക്ക്‌ തന്നെ മടങ്ങേണ്ടി വരുമോ? ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്ത്രീകള്‍ ഇങ്ങനെയായാല്‍ പോരെന്ന്‌ തോന്നിയ അനേകം നല്ല മനസ്സുകള്‍ അഹോരാത്രം പണിപ്പെട്ടതിന്റെ ഫലമായിട്ടാണ്‌, അകത്തളങ്ങളിലെ കരിപിടിച്ച ചുവരുകള്‍ മാത്രം കണ്ട്‌ ശിലിച്ച സ്ത്രീകള്‍ പുറം ലോകം കണ്ടത്‌. അവരെ വീണ്ടും അകത്തളങ്ങളിലെ ഇരുട്ടിലേക്ക്‌ തന്നെ മടക്കി അയക്കരുതേ.

അമ്മയുടെ ഗര്‍ഭപാത്രം പോലും സുരക്ഷിതമല്ലാതിരിക്കുന്ന ഈ കാലത്ത്‌ അടുക്കള എത്രമാത്രം ?. കാമം പൂര്‍ത്തീകരിക്കാനിടമില്ലാതെ ബസ്സിലും തിയേറ്ററിലും പൊതുസ്ഥലങ്ങളിലും പേക്കൂത്ത്‌ നടത്തുന്ന ഇത്തരം പുരുഷന്മാര്‍ക്ക്‌ തുണയായി മൂന്നാം കണ്ണായി വിവിധ തരം ക്യാമറകളും. സംഹാരത്തിനായി തുറക്കുന്ന കൈലാസനാഥന്റെ നെറ്റിക്കണ്ണ്‌ പോലെ. നാശം തന്നെയാണ്‌ രണ്ടിന്റെയും അന്തിമഫലം.

അയല്‍സംസ്ഥാനത്ത്‌ ഈയ്യടുത്ത കാലം വരെ പെണ്‍കുഞ്ഞുങ്ങള്‍ പിറന്നാല്‍ കള്ളിപ്പാലോ നെല്ലോ കൊടുത്ത്‌ കൊല്ലുന്ന പതിവുണ്ടായിരുന്നു. ഒരു പെണ്‍ കുഞ്ഞിനെ പോറ്റി വളര്‍ത്തി കല്ല്യാണം കഴിപ്പിച്ച്‌ കൊടുക്കാന്‍ അവരുടെ ദാരിദ്ര്യം അവരെ അനുവദിക്കുന്നില്ല എന്നതുതന്നെ കാരണം. എന്നാല്‍ ഇവിടെയോ ? നാം പുറകിലേക്ക്‌ സഞ്ചരിക്കുകയാണ്‌. ഈ രാക്ഷസന്മാരെപ്പേടിച്ച്‌ ഇവിടെ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കണോ ?

വിടരാന്‍ വെമ്പിനില്‍ക്കുന്ന മൊട്ടുകള്‍ വിരിയട്ടെ.
പല വര്‍ണ്ണങ്ങളില്‍ സുഗന്ധം പരത്തി
പൂക്കളായി അവര്‍ വിരിയട്ടെ.
അവര്‍ക്കായി നമുക്കൊരു പൂന്തോട്ടമൊരുക്കാം

കാമം കലരാത്ത കണ്ണുകള്‍ അവരെ കാണട്ടെ.
രക്തം പുരളാത്ത കൈകള്‍ അവരെ തലോടട്ടെ.
പഴുതുകളില്ലാത്ത നിയമങ്ങള്‍ അവരെ രക്ഷിക്കട്ടെ.

പുഴുക്കുത്തേല്‍ക്കാത്ത മനസ്സുകള്‍ അവരെ സ്നേഹിക്കട്ടെ.
കറ പുരളാത്ത കൈകള്‍ അവരെ സംരക്ഷികട്ടെ.
ഹിംസയറിയാത്ത ഹ്ര്യദയങ്ങള്‍ അവരെ ലാളിക്കട്ടെ.

പെണ്‍ ഭ്രൂണങ്ങള്‍ ഹിംസിക്കപ്പെടാതിരിക്കട്ടെ.
അമ്മമാര്‍ അവര്‍ക്കായ്‌ കള്ളിപ്പാല്‍ ചുരത്താതിരിക്കട്ടെ.
അച്ഛന്മാര്‍ അവര്‍ക്ക്‌ നെല്‍മണികള്‍ ഊട്ടാതിരിക്കട്ടെ.

ലോകമാകുന്ന ഈ പൂന്തോട്ടത്തിലെ പൂക്കളാണവര്‍. അവയെ പറിച്ച്‌ കശക്കിയെറിയാതിരിക്കൂ. സ്നേഹവും, പ്രണയവും, ബന്ധങ്ങളും, തലമുറകളുടെ നിലനില്‍പ്പും എല്ലാം അവയിലടങ്ങിയിരിക്കുന്നു.

ഒരുനാള്‍ വന്നേക്കാം, പൂക്കളുടെ സുഗന്ധമുള്ള ഇളങ്കാറ്റിന്‌ വേണ്ടി നാം കൊതിക്കുന്ന കാലം.

ഒരപേക്ഷ 'ദയവായി പൂക്കള്‍ പറിക്കരുത്‌ '

Monday, August 11, 2008

കുതിരവട്ടം പി.ഒ.


ഹല്ലോ...,


ഈ കത്ത്‌ കിട്ടുമ്പോള്‍ നീ ഞെട്ടും. നീ ഞെട്ടുന്നതും ഞെട്ടിപ്പൊട്ടുന്നതും ഞാന്‍ മനസ്സില്‍ കാണുന്നു.

എന്നെ മനസ്സിലായോ ??? എവടെ അല്ലേ ???

ഇത്‌ ഞാനാ... നിന്റെ അമ്മാവന്റെ അനിയത്തിയുടെ ഭര്‍ത്താവിന്റെ വകയിലുള്ള മകളുടെ ചെറിയച്ഛന്റെ രണ്ടാകെട്ടിലെ ഭാര്യയുടെ രണ്ടാമത്തെ മകന്റെ വലിയച്ഛന്റെ അനന്തിരവന്റെ മൂത്തമകന്റെ ഭാര്യയുടെ അനിയത്തിയുടെ ആദ്യഭര്‍ത്താവിന്റെ അമ്മയുടെ ആങ്ങളയുടെ അമ്മായിയുടെ അയലത്തെ വീട്ടിലെ പുഷ്‌ക്കൂ എന്ന്‌ നീ വിളിക്കുന്ന പുഷ്കരന്‍.

ഇത്രേം അടുത്ത ബന്ധുവായിരിന്നിട്ടുപോലും നീ ഒരു കത്തയച്ചില്ല. എന്നെ നിന്റെ കല്ല്യാണത്തിന്‌ ക്ഷണിച്ചതുമില്ല. എനിക്കതില്‍ പരിഭവവുമില്ല പരിപ്പുവടയുമില്ല. അതുകൊണ്ടാണ്‌ ഒന്ന്‌ അങ്ങോട്ടേക്ക്‌ അയക്കാമെന്ന്‌ വച്ചത്‌.

പിന്നെ, എന്തെല്ലാം ഉണ്ട്‌ വിശേഷങ്ങള്‍ ??? ആവിടെ നിനക്ക്‌ സുഖം ആണെന്നു വിശ്വസിക്കുന്നു. ഇവിടെ എനിക്കും സുഖം ആണെന്നു വിശ്വസിക്കുന്നു.

വെറുതേ ഇരിക്കുവാണൊ ???? അതോ പണ്ടത്തെപ്പോലെ ചുമ്മാ ഇരുന്ന്‌ സമയം കളയുകയാണോ ? ചുമ്മാ ഇരിക്കുവാണെങ്കില്‍ മെയിന്‍ സ്വിച്ച്‌ അണച്ചും ഓഫാക്കിയും കളിച്ചുകൂടേ നിനക്ക്‌.

പിന്നെ മറ്റേ കാര്യം എന്തായി ??? വല്ലോം നടക്കൊ ?? ഞാന്‍ അന്നേ പറഞ്ഞതാ ഒന്നും നടക്കില്ലാന്ന്‌. അതിനൊക്കെ ഒരു യോഗം വേണം. അവളെ വിശ്വസിക്കല്ലേന്നു മറ്റവന്‍ പറഞ്ഞതാ, അപ്പോള്‍ നീ കേട്ടില്ല, മാത്രമല്ല അവനെ ചീത്ത പറഞ്ഞ്‌ പിണക്കുകയും ചെയ്തു. വല്ലപ്പോഴും പാതി കടിച്ചിട്ടാണെങ്കിലും കിട്ടിയിരുന്ന പേരയ്ക്ക കിട്ടാതായപ്പോള്‍ നിനക്ക്‌ സമാധാനമായില്ലേ? ഇപ്പോള്‍ അനുഭവിച്ചോ.

അതു പറഞ്ഞപ്പോഴാ ഓര്‍ത്തത്‌, മറ്റേ റോഡ്‌ ടാറിട്ടു കഴിഞ്ഞൊ ?? വീട്ടിലെ ആ പ്ലാവ്‌ മുറിച്ചോ?? ടാറിംഗ്‌ കഴിഞ്ഞപ്പോള്‍ എത്ര ചക്ക ബാക്കിയായി. പ്ലാവ്‌ മുറിച്ചപ്പോള്‍ എത്ര ടാര്‍ കിട്ടി.

വീട്ടിലെ പശു പെറ്റോ??? ഉഗാണ്ടയിലെ അമ്മായി എങ്ങനെ?? ഇപ്പോള്‍ കറവയുണ്ടോ?? എത്ര ലിറ്റര്‍ പാല്‍ കിട്ടും?? പശുക്കുട്ടി സുഖമായി കഴിയുന്നല്ലൊ അല്ലേ? കുറുമ്പ്‌ ഒക്കെ കാണിക്കുന്നുണ്ടോ??

അവിടെ എങ്ങനെ ചൂടാണോ അതോ വെയിലാണോ? ഇവിടെ മഴയാണെങ്കിലും ഭയങ്കര തണുപ്പാണ്‌. ഇവിടെ ഭയങ്കര കൊതുകാണ്‌. അവിടെയും അങ്ങനെ തന്നെയാണെന്നു വിചാരിക്കുന്നു..

ഇന്ന്‌ ബൈക്കിനു കാറ്റടിക്കാന്‍ മറന്നു. ഇനി പോയി കുപ്പിയില്‍ പെട്രോള്‍ വാങ്ങിക്കണം. മായം ചേര്‍ക്കല്‍ സര്‍വ്വസാധാരണമായതിനാല്‍ കുടിച്ച്‌ നോക്കിയേ വാങ്ങാല്‍ പറ്റൂ. നാടൊന്നും ഇപ്പോള്‍ പഴയ പോലെയല്ല. എന്തൊക്കെ നിയമങ്ങളും നൂലാമാലകളും. ഇന്നലെ ഒരു കത്തയാക്കാന്‍ ചെന്നപ്പോള്‍ അവര്‌ പറയുന്നൂ... റേഷന്‍ കടയിലൊന്നും കത്തയക്കാന്‍ പറ്റില്ലാന്ന്‌. എന്താ കഥ....

മീനിനൊക്കെ ഇപ്പൊ എന്താാാ വില??? ഐസിലാ കിടക്കുന്നത്‌ എന്നാലും തൊട്ടാല്‍ പൊള്ളും. ജാമ്പക്ക 10 എണ്ണത്തിന്‌ 2 രൂപയാണെന്ന്‌. പുളിയാണെന്ന്‌ പറഞ്ഞ്‌ ഞാന്‍ വാങ്ങിച്ചില്ല. എന്നെ പറ്റിക്കാന്‍ നോക്കിയതാ. ഞാനാരാ മോന്‍.

നീ ഇപ്പോഴും റേഡിയോ ഒക്കെ കേക്കാറുണ്ടോ?? പണ്ട്‌ സംസ്കൃത വാര്‍ത്ത കേള്‍ക്കാനുള്ള നിന്റെ ആക്രാന്തമാണ്‌ ഓര്‍മ്മ വരുന്നത്‌. അതു കേള്‍ക്കുമ്പോള്‍ കതവിന്റെ വിജാഗിരി കരയുന്ന ശബ്ദമാണു ഓര്‍മ്മ വരുന്നെ.

നല്ല ലഡുവും പുളിശ്ശേരിയും കൂടെയങ്ങനെ കുഴച്ച്‌ കുഴച്ച്‌ കഴിച്ച കാലം മറന്നു. ഇപ്പോഴത്തെ ലഡുവിനൊന്നും പുളിയുമില്ല പുളിശ്ശേരിക്കാണെങ്കില്‍ ഒടുക്കത്തെ മധുരവും. പിന്നേയ്‌... നീ വെയില്‍ അധികം കൊള്ളണ്ടാട്ടൊ... ഒള്ള ബുദ്ധി എങ്ങാനും ആവിയായി പോയാലോ??

പുതിയ സിനിമ ഒന്നും കണ്ടില്ലലോ അല്ലേ?? എങ്ങനെ കാണാന്‍? ഷോര്‍ട്ട്‌ സൈറ്റ്‌ ആണെന്ന കാര്യം ഞാന്‍ മറന്നു പോയി, എന്നാലും ഇപ്പൊ പഴയ പോലെ വിക്ക്‌ ഒന്നും ഇല്ലല്ലോ അല്ലേ?? നിന്റെ കേള്‍വിയന്ത്രം നീ ഇപ്പോഴും വയ്കാറുണ്ടോ?

എന്താണെന്നറിയില്ല ഇപ്പൊ പഴയ പോലെ ഒന്നും ഓര്‍മ്മ നിക്കുന്നില്ല. ഒരു കാര്യം ചെയ്യു, ഡോക്റ്ററിനെ ഒന്നും കാണിക്കണ്ട. നമ്മടെ പിഷാരടി വൈദ്യനെ കാണിച്ചാ മതി, അങ്ങേരാവുമ്പൊ ആഹാരം കുറച്ചേ കഴിക്കൂ.

പിന്നേയ്‌...നാണിത്തള്ള മരിച്ച വിവരം നീ അറിഞ്ഞുകാണുമല്ലോ. അല്ലേലും ആ തള്ളക്ക്‌ ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ. അടുത്ത പറമ്പില്‍ നിന്ന്‌ അടിച്ചുമാറ്റരുതെന്ന്‌ ആയിരം പ്രാവശ്യം പറഞ്ഞിട്ടുള്ളതാ. കേട്ടില്ല... അവസാനം ചേനയാണെന്ന്‌ കരുതി പന്നിപ്പടക്കം എടുത്തുകൊണ്ട്‌ വന്ന്‌ വെട്ടിമുറിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ ? പാവം തള്ള വെള്ളം കുടിച്ച്‌ മരിക്കാനുള്ള ഭാഗ്യം ഇല്ലാതെപോയി.

ഒന്നും വിചാരിക്കല്ലേ... ഈ ഇടെയായി എല്ലാരും പറയുന്നു, എനിക്കു വട്ടാണെന്ന്‌... അതെന്താ??????

ഇതു തേങ്ങയല്ല മൗസ്‌ ആണ്‌, ഇതു ചക്കയല്ല മോണിറ്റര്‍ ആണ്‌, ഇതു തബല അല്ല കീബോര്‍ഡ്‌ ആണ്‌, ഏതെല്ലാം സാധനങ്ങള്‍ എന്തെല്ലാം ആണെന്നു എനിക്കു തിരിച്ചറിയാനുള്ള കഴിവുണ്ടെന്നു കാണിക്കാന്‍ മാത്രം ആണ്‌ ഇതു പറഞ്ഞത്‌.

ഹൊ! വര്‍ത്തമാനം പറഞ്ഞ്‌ സമയം പോയതറിഞ്ഞില്ല. ഗുളിക തിന്നാന്‍ സമയമയി...

ഈ കുട്ടിയിതെന്താ കാട്ടണേ... പോയി പെട്ടന്നു ഗുളിക കഴിക്കൂ കുട്ട്യേ !!! ഗുളികയ്ക്ക്‌ കയ്പ്പ്‌ അധികമാണെങ്കില്‍ ഭരണിയില്‍ കല്‍ക്കണ്ടം ഉപ്പിലിട്ടത്‌ ഇരിപ്പുണ്ട്‌. അതിലൊന്നെടുത്ത്‌ നെറ്റിയില്‍ പുരട്ടിക്കോളൂ...

ശരി, അപ്പൊ പിന്നെ കുറച്ചു കഴിഞ്ഞു സംസാരിക്കാം.. എന്റെ ഫ്ലൈറ്റ്‌ വരാന്‍ ടൈം ആയി... അയ്യടാ... നേരത്തേ ചെന്നില്ലെങ്കില്‍ സീറ്റ്‌ കിട്ടില്ല. പിന്നെ നിന്ന്‌ പോകാനൊന്നും എന്നെക്കൊണ്ട്‌ വയ്യ. അതുമല്ല സൈഡ്‌ സീറ്റില്‍ കാറ്റുകൊണ്ടിരുന്നു യാത്ര ചെയ്തില്ലെങ്കില്‍ എനിക്ക്‌ തല കറങ്ങുമെന്ന്‌ നിനക്കറിയാമല്ലോ.


എന്ന്‌ നിന്റെ സ്വന്തം,

പുഷ്‌കു.


വാല്‍ : എല്ലാ വിവരത്തിനും മറുപടി അയയ്ക്കുക. നിന്റെ പഴയ ഫോണ്‍ നമ്പറിലേക്കാണിത്‌ അയക്കുന്നത്‌... അതുകൊണ്ട്‌ ഈ കത്ത്‌ കിട്ടിയില്ലെങ്കില്‍ എന്നെ വിളിച്ച്‌ പറയാന്‍ മറക്കല്ലേ.

Thursday, July 3, 2008

അക്കരെ നിന്നൊരു ജാരന്‍


ഹാദേവന്‍ ലോപിച്ച്‌ ലോപിച്ച്‌ മാധവന്‍ ആകാന്‍ കുറച്ച്‌ കാലതാമസം ഉണ്ടായെങ്കിലും, മാധവന്റെ ബ്യൂട്ടീപാര്‍ലര്‍ കം ഹെയര്‍ സ്റ്റൈല്‍ കോര്‍ണര്‍ ലോപിച്ച്‌ ലോപിച്ച്‌ കണ്ണാടികളുടേയും റ്റ്യൂബ്‌ ലൈറ്റുകളുടേയും കറങ്ങുന്ന കസേരകളുടേയും ആഡംബരവും പളപളപ്പും ഒന്നും ഇല്ലാത്ത ഒരു ഒറ്റമുറി കടയിലേക്ക്‌ മാറാന്‍ അധികം കാലതാമസം വേണ്ടിവന്നില്ല.

കളര്‍ഫുള്‍ ബ്യൂട്ടി പാര്‍ലര്‍ ബോര്‍ഡിനെ സ്ഥാനഭ്രഷ്ടനാക്കി ബ്ലാക്ക്‌ ന്‍ വൈറ്റ്‌ ബാര്‍ബര്‍ ഷാപ്പ്‌ ബോര്‍ഡ്‌ സ്ഥാനാരോഹിതനാക്കപ്പെട്ടു.

കാരണം വേറൊന്നുമല്ല ... തീറ്റയും കുടിയും തന്നെ.

'തിന്നേം കുടിക്കേം ചെയ്യാതെ കൂട്ടി വച്ചിട്ട്‌ എന്ത്‌ കിട്ടാന്‍. ചാവുന്നേരം ഇതൊന്നും കൊണ്ടുപോകാന്‍ പറ്റില്ലല്ലോ.'

എന്തൊരു താത്ത്വികപരമായ കണ്ടുപിടിത്തം. ശരിയാണ്‌.... തീറ്റയും കുടിയുമാണ്‌ മാധവന്റെ ഫേവറീറ്റ്‌ ഹോബീസ്‌.

ഗോപിയുടെ കല്ല്യാണത്തിനാണ്‌ അത്‌ പൊതുജന സമക്ഷത്തിലെത്തിയത്‌.

ഒന്നാമത്തെ പന്തിയില്‍ സദ്യയുണ്ണാനിരുന്ന മാധവന്‍ രണ്ടാമത്തെ പന്തി തീരാറായിട്ടും കളം വിടുന്ന യാതൊരു സിംട്ടവും കാണിക്കുന്നില്ല.

ഗോപിയുടെ അമ്മാവന്‌ ഇത്‌ കണ്ടില്ലെന്നു നടിക്കാനായില്ല.

'അല്ല മാധവാ... എനിക്ക്‌ കാഴ്ചക്കുറവോ ഓര്‍മ്മക്കുറവോ ഉണ്ടെന്നു നിനക്കു തോന്നുന്നുണ്ടോ ? എനിക്കേ ഓര്‍മ്മശക്തി കുറച്ച്‌ കൂടുതലാ. മതിയാക്ക്‌ മതിയാക്ക്‌...'

'അതല്ല ഗോപീടമ്മാവാ... അഞ്ചു വിരലും ഒരുപോലെയല്ലല്ലോ.'

'അതും ഇതും തമ്മില്‍ എന്താടാ ബന്ധം. ഇതിവിടെ പറയാന്‍ കാര്യം ?'

'എല്ലാപേരും ഒരുപോലെയല്ലാന്നു പറയുവായിരുന്നു. അമ്മാവന്‌ കൂടുതലുള്ളത്‌ ഓര്‍മ്മശക്തി. എനിക്ക്‌ കൂടുതലുള്ളത്‌ ദഹനശക്തി... അത്രേയുള്ളൂ. കുറേ ഓണം കൂടുതലുണ്ടൂന്ന്‌ പറഞ്ഞിട്ട്‌ എന്താ കാര്യം. ഇതൊക്കെയൊരു വലിയ കാര്യം പോലെ പൊക്കിപ്പിടിച്ചോണ്ട്‌ വന്നിരിക്കുന്നു.'

'എന്താടാ മുറുമുറുക്കുന്നത്‌. ദഹനശക്തി കൂടിയതുകൊണ്ട്‌ ശബ്ദം പുറത്തേക്ക്‌ വരണില്ലേ ?'

'പുറത്തേക്ക്‌ വരുന്നതിന്റെ കാര്യം അവിടെ നിക്കട്ടേ... ഒരു സമൂഹ ഹര്‍ജി പോയിട്ടുണ്ട്‌... ഗോപിയുടെ അച്ഛന്‍ സമക്ഷത്തിലേക്ക്‌.'

'എന്ത്‌ന്ന്‌...'

'അതേയ്‌ കുനിഞ്ഞ്‌ നിന്ന്‌ ഉപ്പേരി വിളമ്പുമ്പോള്‍ മുണ്ട്‌ മടക്കിക്കുത്തുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച്‌ അമ്മാവനെയൊന്ന്‌ ബോധവല്‍ക്കരിക്കാന്‍.'

അമ്മാവന്‌ വയറ്‌ നിറഞ്ഞൂ.... സദ്യയുണ്ണാതെ തന്നെ.

തീറ്റയുടെ കാര്യം ഇങ്ങനെയാണെങ്കിലും കുടിയുടെ കാര്യത്തില്‍ ഒട്ടും പുറകിലല്ല...

കാപ്പിയായാലും കഷായമായാലും ചായയായാലും ചാരായമായാലും മിക്സ്‌ ചെയ്യാതെ കുടിക്കാറില്ല.

എന്നുവച്ച്‌ ഡോക്‌ടര്‍ കുറിച്ചുകൊടുത്ത ടോണിക്കില്‍ സോഡയൊഴിച്ച്‌ മിക്സ്‌ ചെയ്ത്‌ കുടിച്ചപ്പോള്‍ വാമഭാഗം മീനാക്ഷി പറഞ്ഞൂ 'ഇത്‌ കൈവിട്ടുപോയീ'ന്ന്‌.

'മാധവാ... ഇങ്ങനെയായാല്‍ നിന്റെ കരളിലെ സെല്ലൊക്കെ നശിച്ച്‌ പോകും' എന്ന്‌ ഡോക്‌ടര്‍.

'പ്രയോജനമില്ലാത്ത സാധനം ഇരുന്നാലെന്ത്‌ ഇല്ലെങ്കിലെന്ത്‌' എന്ന്‌ മാധവന്‍.

'എന്ത്‌ കരളോ ?' എന്ന്‌ ഡോക്‌ടര്‍.

'അല്ല സെല്‍. ഇത്രയും സെല്ലുണ്ടായിട്ടെന്തു കാര്യം. ഒരു സിം കാര്‍ഡിടന്‍ പറ്റുകയില്ലല്ലോ ?' എന്ന്‌ മാധവന്‍.

അതോടെ ഡോക്‌ടരും പറഞ്ഞൂ 'ഇത്‌ കൈവിട്ടുപോയീ'ന്ന്‌.

ഇങ്ങനെ തീറ്റയും കുടിയുമായി നിന്നുതിരിയാന്‍ സമയമില്ലാതിരിക്കുന്നതിനിടയ്ക്കാണ്‌ ബ്യൂട്ടീപാര്‍ലറും ഹെയര്‍ സ്റ്റൈല്‍ കോര്‍ണരും.

എന്റെ പട്ടി പോകും ഹെയര്‍ സ്റ്റൈലിന്‌ എന്ന ഭാവമാണ്‌ എപ്പോഴും. മറ്റ്‌ എല്ലാ കടകള്‍ക്കും 6 ദിവസും പണിയും ഒരു ദിവസം അവധിയുമാണെങ്കില്‍ മാധവന്‌ നേരെ മറിച്ചാണ്‌.

മാധവന്റെ കടയില്‍പ്പോയി ഒന്ന്‌ ഷേവ്‌ ചെയ്യണമെങ്കില്‍ വീട്ടില്‍ നിന്നുതന്നെ ഒന്ന്‌ ഷേവ്‌ ചെയ്തിട്ട്‌ പോകണം. ഉദ്യോഗസ്തരാണെങ്കില്‍ ഒരു ദിവസം ലീവും എടുക്കണം. അടുത്ത ഷേവിന്റെ സമയമാകുമ്പോള്‍ ചിലപ്പോള്‍ മാധവന്റെ കൈകൊണ്ട്‌ ക്ഷൗരം ചെയ്യാനുള്ള ഭാഗ്യം കിട്ടിയെന്നുവരും.

ആയിടയ്ക്ക്‌ എവിടെയോ സമാധാനമായി ഉറങ്ങിക്കിടന്ന മണിയ്ക്ക്‌ ഒരു ഉള്‍വിളിയുണ്ടായി... മകനേ മണീ... നിന്നെ സേവനം അത്യാവശ്യമായ ഒരു പ്രദേശമുണ്ട്‌ ഈ നാട്ടില്‍. ഇനിയൊട്ടും താമസിയാതെ കുറ്റിയും പറിച്ച്‌ നളിനീസമേതനായി അങ്ങോട്ട്‌ വച്ച്‌ പിടിച്ചാലും.

പിന്നെയൊട്ടും താമസിച്ചില്ല. ഉള്‍വിളി ഫോളോ ചെയ്ത മണി എത്തിയത്‌ കോവില്ലൂര്‍ മാനഗരത്തില്‍.

മഴ കിട്ടിയ വേഴാമ്പല്‍ പോലെയായി നാട്ടുകാര്‍. ചാകര കണ്ട മീനവനെപ്പോലെയായി മണി.

ബിവറേജസ്സിലെ ക്യൂ പോലെ വലിയ നീണ്ട ക്യൂ മണീസ്‌ സലൂണില്‍. എപ്പോഴും 2ഉം 3ഉം തലകളും താടികളും വെയ്റ്റിങ്ങില്‍ ഉണ്ടാകും. അടുത്ത സീറ്റ്‌ ബുക്ക്‌ ചെയ്തവര്‍ വേറെയുണ്ടാകും.

ഒരു ടെലഫോണ്‍ എടുക്കുന്നതും ഓണ്‍ലൈന്‍ ബുക്കിങ്‌ തുടങ്ങുന്നതിനെക്കുറിച്ചും ഒരു അസിസ്‌റ്റന്റിനെ അപ്പോയിന്റ്‌ ചെയ്യുന്നതിനെക്കുറിച്ചും ആലോചിച്ച്‌ മണി, 'ടെലഫോണ്‍ മണിപോല്‍ ചിരിച്ച്‌' നടക്കുന്ന കാലം...

ഒരു നാള്‍ ... അവന്‍ വന്നു....

'ചേട്ടാ.. തിരക്കാണോ ?'

'ങാാ.. ഇച്ചിരി കഴിയും...'

'ഇനി എത്ര തലയുണ്ട്‌ ?'

'2 എണ്ണം വെയ്റ്റിങ്‌. ഒന്ന്‌ ബുക്കിങ്ങിലും. മൊത്തം 3...'

'എന്നാ... ഞാന്‍ ഇത്തിരി കഴിഞ്ഞു വരാം.'

ഇത്തിരി കഴിഞ്ഞ്‌ അവന്‍ വന്നില്ല.

2 ദിവസം കഴിഞ്ഞു വന്നു. പക്ഷേ അന്നും തിരക്ക്‌.

'ചേട്ടാ.. തിരക്കാണോ ?'

'ങാാ.. ഇന്നലെ പിന്നെ കണ്ടില്ലല്ലോ.'

'വരാന്‍ പറ്റിയില്ല. എന്നാല്‍ തിരക്ക്‌ കഴിയട്ടേ. ഞാന്‍ ഇത്തിരി കഴിഞ്ഞു വരാം.'

ഒത്തിരി 'ഇത്തിരി' കഴിഞ്ഞു അവന്‍ വന്നില്ല.

3 ദിവസം കഴിഞ്ഞ്‌ വീണ്ടും വന്നു. അന്നും തിരക്ക്‌. പതിവ്‌ ചോദ്യോത്തരങ്ങല്‍ കഴിഞ്ഞു. ഇത്തിരി കഴിഞ്ഞു വരാന്‍ വേണ്ടി അവന്‍ പോയി. വന്നില്ല.

അടുത്ത ദിവസം അവന്‍ വന്നു. പതിവ്‌ തിരക്ക്‌. പതിവ്‌ ചോദ്യം. പതിവ്‌ മറുപടി.

മണിക്ക്‌ അതത്ര രസിച്ചില്ല.

'ഏതവനാടാ ഇവന്‍. എന്നും വന്ന്‌ തിരക്കാണോന്ന്‌ ചോദിച്ചിട്ട്‌ പിന്നെ ഈ വഴിക്ക്‌ വരുന്നേയില്ല. എവിട്‌ന്നാ ഇവന്‍ വരുന്നത്‌. ഇതിന്‌ മുന്‍പിവനെ ഇവിടെ കണ്ടിട്ടില്ലല്ലോ...'

ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ കേട്ടുനിന്നവരില്‍ ഒരുവന്റെ മറുപടിയും കിട്ടി.

'ഇവന്‍ വരുന്നത്‌ അക്കരേന്നാ. കൂടുതലൊന്നും അറിയില്ല. പക്ഷേ പോകുന്നത്‌ നിന്റെ വീട്ടിലേക്കാണെന്നറിയാം...'

വാല്‍ : എന്തിനധികം പറയുന്നൂ... ഒരു വിധത്തില്‍ അലുമിനിയം കണ്ടുപിടിച്ചൂന്ന്‌ പറഞ്ഞാല്‍ മതിയല്ലോന്ന്‌ പറഞ്ഞപോലെ, എന്തിനധികം പറയുന്നൂ... മണി കുറ്റിയും പറിച്ച്‌ പൊടിയും തട്ടി അവിടുന്നും യാത്രയായി... നളിനീസമേതനായി.

Monday, June 2, 2008

കരിമുകില്‍ കാടും കനകാംബരവും

'മോനേ, ഞാന്‍ നിന്റെ അച്ഛനാണ്‌. നീയിത്രയുമൊക്കെയായില്ലേ?. ഇങ്ങനെ ആള്‍ക്കാരെക്കൊണ്ട്‌ പറയിപ്പിക്കാതെ ജീവിച്ചുക്കൂടേ നിനക്ക്‌."

"ഞാന്‍ ജനിച്ചതുകൊണ്ടാ ഇതിയാന്‍ അച്ഛനായതും ഇങ്ങനെ നെളിഞ്ഞ്‌ നടക്കണതും. ഇല്ലെങ്കില്‍ ആള്‍ക്കാര്‌ വേറെ വല്ലതും പറഞ്ഞേനേ."

ഒന്നു ഉപദേശിച്ചുനോക്കാമെന്നു കരുതി വിളിച്ച അച്ഛന്‍ ധര്‍മ്മപാലനോട്‌ യാതൊരു ധര്‍മ്മവും നോക്കാതെയുള്ള മകന്റെ മറുപടി കേട്ട്‌ ധര്‍മ്മന്‍ ആ കര്‍മ്മം ഉപേക്ഷിച്ചൂ എന്നു മാത്രമല്ല പറ്റിയാല്‍ മകനില്‍ നിന്ന്‌ ഇത്തിരി ഉപദേശം സ്വീകരിക്കാം എന്ന നിലയില്‍ വരെ എത്തി.

ഇവനിതും പറയും ഇതിനപ്പുറവും പറയും ... ആളിത്തിരി എടുത്തുചാട്ടക്കാരനാണേയ്‌...

ഇത്‌ ഇന്നും ഇന്നലേയും ഒന്നും തുടങ്ങിയതല്ല... ജനനം മുതല്‍ ഇങ്ങനെ തന്നെയാ. ഇവന്റെ അമ്മ ഇവനെയും വയറ്റത്തിട്ട്‌ പ്രസവിക്കാനായി ആശുപത്രിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ ഇവന്‍ ആദ്യമായി എടുത്ത്‌ ചാടി... അതോടെ ഡെലിവറിയും കഴിഞ്ഞു. 'ഡോര്‍ ഡെലിവറി' ആയിരുന്നു.

അതുവരെ ഈ വിഷയത്തില്‍ നോര്‍മല്‍ ഡെലിവറി, സിസേറിയന്‍ ഡെലിവറി എന്നീ ലിമിറ്റഡ്‌ വാക്കുകള്‍ മാത്രം അറിയാമായിരുന്ന കോവില്ലൂരുകാരുടെ പദാവലിയില്‍ ഒരു വാക്കുകൂടെ സ്ഥാനം പിടിച്ചു "ഡോര്‍ ഡെലിവറി".

ഇവന്‍ ...

സുരേഷ്‌ കുമാര്‍. ഇതാണ്‌ അവന്റെ മാതാപിതാക്കള്‍ അവനു ചൂട്ടിയ നാമധേയം.

ദൈവം സഹായിച്ച്‌, മാതാപിതാക്കളുള്‍പ്പെടെ അന്നാട്ടിലാര്‍ക്കും ആ പേരു വിളിക്കാനോ വിളിക്കുന്നതു കേള്‍ക്കാനോ ഭാഗ്യമില്ലാതെപോയത്‌ അവരുടെ കുറ്റമല്ല. മുളച്ച്‌ മൂന്ന്‌ ഇല വിടരുന്നതിനുമുന്‍പ്‌ തന്നെ തന്റെ സ്വഭാവസവിശേഷത കാരണം മഹത്തായ പല അപരനാമങ്ങളും ഇവനെത്തേടിയെത്തി. എന്നാല്‍ പയ്യന്‌ അതിന്റെ യാതൊരു ഗര്‍വ്വും ഇല്ലതാനും.

അതില്‍പ്പലതും വായില്‍ കൊള്ളാത്തവയും വായിലിട്ടാല്‍ പൊട്ടാത്തവയും, പൊള്ളുന്നവയും നിഘണ്ടുവിലില്ലാത്തതുമായ ഹൈലീ ഗ്ലോറിഫൈഡ്‌ വാക്കുകളുടെ പിന്‍ബലത്തോടുകൂടിയവ. അച്ഛന്റെയും അമ്മയുടേയും കുടുംബത്തുള്ളവരുടെയും സുഖവിവരങ്ങള്‍ അന്വേഷിക്കുന്നവ വേറെ...

മഴ നനഞ്ഞ്‌ തുള്ളല്‍പ്പനി വന്നാലും വേണ്ടില്ല പള്ളിക്കൂടത്തിന്റെ വരാന്തയില്‍ ഒതുങ്ങാന്‍ ഞാനില്ല, എന്നെ അതിന്‌ കിട്ടില്ലയെന്ന്‌ സധൈര്യം അച്ഛന്റെ മുഖത്തുനോക്കി ആക്രോശിച്ചിട്ട്‌, നാട്ടുകാരുടെ വൊക്കാബുലറി അഭിവ്ര്യദ്ധിപ്പെടുത്തുന്നതില്‍ ആഹ്ലാദം കണ്ടെത്തി അതിനായി അഹോരാത്രം പാടുപെടാനും, നാട്ടുകാര്‍ക്ക്‌ അതിനുള്ള അവസരമൊരുക്കിക്കൊടുക്കാനും ഉത്തേജകമേകുന്നതിലും ശ്രദ്ധാലുവായി ജീവിക്കുന്ന മഹാനുഭാവലൂ.

അതിനവന്‌ മതിയായ കാരണവുമുണ്ടായിരുന്നു.

മൂങ്ങക്ക്‌ പകല്‍ കാഴ്ചയില്ലെന്നും രാത്രിയിലേ കാഴ്ചയുള്ളുവെന്നും വളരെ സീരിയസ്സായി പഠിപ്പിച്ചുകൊണ്ടിരുന്ന സാറിനോട്‌ 'കണ്ണാടി വച്ചാലും മൂങ്ങക്ക്‌ കണ്ണ്‌ കാണില്ലേ' എന്ന വളരെ ജെനുവിനായ ഒരു സംശയം ചോദിച്ചതിന്‌ ക്ലാസ്സിന്‌ പുറത്താക്കുക അച്ഛനെ വിളിച്ചുകൊണ്ട്‌ വന്നിട്ട്‌ ക്ലാസ്സില്‍ കയറിയാല്‍ മതി എന്നൊക്കെപ്പറഞ്ഞാല്‍ ആര്‍ക്കായാലും ദേഷ്യം വരും. 'ഇനി നിന്റെ ക്ലാസ്സില്‍ എന്റെ പട്ടി പോയിട്ട്‌ പട്ടിയുടെ പൂടപോലും പഠിക്കില്ലാന്ന്‌' മനസ്സിലും ഗുഡ്ബൈ പുറമേയും പറഞ്ഞ്‌ പടിയിറങ്ങി.

അവനറിയില്ലല്ലോ, സ്കൂളിലെ ചേട്ടന്മാര്‍ രഹസ്യമായി സാറിനെ വിളിച്ചിരുന്ന പേരാണ്‌ 'മൂങ്ങ' എന്ന്‌.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കക്ഷിയെപ്പോലൊരു കലാപ്രേമി കോവില്ലൂരില്‍ മാത്രമല്ല അടുത്ത നാല്‌ പഞ്ചായത്തുകളില്‍ പോലുമില്ല.

ഒരു കലാപ്രേമിയായിപ്പോയതിന്റെ ഉത്തരവാദിത്വം ചില്ലറയൊന്നുമല്ല.

മുരളിയിലേയും, പത്മനാഭയിലേയും ഭദ്രയിലേയും മാറിമാറിവരുന്ന എല്ലാ സിനിമകളും രണ്ടും മൂന്നും പ്രാവശ്യം കണ്ട്‌ ഹ്ര്യദിസ്ഥമാക്കണം അതിന്റെയൊക്കെ ശബ്ദരേഖ, പാട്ടുകാസറ്റ്‌ വിത്ത്‌ ലിറിക്സ്‌ (പാട്ടുപുസ്തകം) അടക്കം വാങ്ങിക്കണം. വീട്ടില്‍ വന്നയുടനെ തന്റെ കാര്‍സ്റ്റീരിയോയില്‍ ഇവയൊക്കെ പരമാവധി ഉച്ചത്തില്‍ നാലുപേരെ കേള്‍പ്പിക്കണം. (ആ പരിസരത്തുള്ള ആര്‍ക്കും സ്വന്തം വീട്ടില്‍ ഒരു റേഡിയോ ഇല്ലെന്നുള്ള കുറവനുഭവപ്പെട്ടിട്ടേയില്ല. അനുഭവപ്പെടാന്‍ പ്രേമി സമ്മതിച്ചിരുന്നില്ല.)

എല്ലാം കലയോടുള്ള അടങ്ങാത്ത പ്രേമം കാരണം.

സിനിമയിലെ പഞ്ച്‌ ഡയലോഗുകള്‍ ശബ്ദരേഖക്കൊപ്പം കണ്ണാടിയുടെ മുന്നില്‍ നിന്ന്‌ പറഞ്ഞ്‌ സംത്ര്യപ്തി വരുത്തുക, പാട്ടുകള്‍ പലതും പിന്നണിഗായകരോടൊപ്പം പാടുക എന്നിങ്ങനെ ചില്ലറ വീക്‌നെസ്സുകള്‍ ഉണ്ടെങ്കിലും ഇവന്‌ കലയെന്നാല്‍ ജീവനാണ്‌. (ഒരിക്കല്‍ യേശുദാസിനൊപ്പം പാടിക്കൊണ്ടിരിന്നപ്പോള്‍ കറന്റ്‌ പോയതും, വവ്വാല്‍ കുടുംബസമേതം കരയുന്നപോലൊരു ശബ്ദം കേട്ട്‌ അവന്റമ്മ വടിയുമായി ഓടിവന്നതും അധികമാരും മറന്നിരിക്കാന്‍ വഴിയില്ല.)

കലയോടുള്ള അഭിനിവേശം കാരണം, അച്ഛന്റെ കീശയില്‍ നിന്ന്‌ അടിച്ചുമാറ്റിയും അമ്മയോട്‌ മര്യാദക്ക്‌ ചോദിച്ച്‌ കിട്ടിയില്ലെങ്കില്‍ ചട്ടിയും കലവും എറിഞ്ഞുടച്ച്‌ പ്രതിഷേധിച്ചും, ഭീഷണി മുഴക്കിയും അടുത്ത റബ്ബര്‍ തോട്ടത്തിലെ വള്ളിക്കറ മോഷ്ടിച്ച്‌ വിറ്റും അതിനുള്ള വക കണ്ടെത്തിയിരുന്നു.

എന്തു ചെയ്യാം ഒരു പാവം കലാപ്രേമിയായിപ്പോയില്ലേ, അതും കോവില്ലൂരില്‍ത്തന്നെ ജനിച്ചുപോയില്ലേ. അബ്ബയും ബോണിയെമ്മും മുതല്‍ തകരപ്പാട്ടയിലടിക്കുന്ന ശബ്ദം വരെ ആസ്വദിക്കുന്ന ഒരു ഹ്ര്യദയമുണ്ടായിപ്പോയില്ലേ. നിവ്ര്യത്തികേടുകൊണ്ട്‌ മുരളിയിലും പത്മനാഭയിലും ഓടിനടന്ന്‌ സിനിമകള്‍ കാണുമ്പോഴും മനസ്സ്‌ ഹോളീവുഡിലായിപ്പോയത്‌ ഒരു കുറ്റമല്ലല്ലോ.

എല്ലാം കലയോടുള്ള അടങ്ങാത്ത പ്രേമം കാരണം.

കലയില്ലാത്തൊരു ദിവസം, കലയില്ലാത്തോരു ജീവിതം ഇവനെ സംബന്ധിച്ചിടത്തോളം കുഴിയില്ലാത്ത കേരളത്തിലെ റോഡുകളേപ്പോലെ ഖദറില്ലാത്ത രാഷ്ട്രീയക്കാരനെപ്പോലെ ളോഹയില്ലാത്ത പള്ളീലച്ഛനെപ്പോലെ അപൂര്‍ണ്ണമായിരുന്നു.

പക്ഷേ, കലക്കങ്ങനെയൊന്നുമില്ല കേട്ടോ... പ്രത്യേകിച്ച്‌ 'പോനാല്‍ പോകട്ടും പോടാ', 'ഇന്നു നീ നാളെ അവന്‍' എന്നീ ടേക്‌ ഇറ്റ്‌ ഈസീ പോളിസികളില്‍ ജന്മനാ മെംബര്‍ത്വം (അംഗത്വം എന്ന്‌ ഹിന്ദിയില്‍ പറയും) ഉള്ളതുകൊണ്ട്‌.

കലയെന്ന്‌ വച്ചാല്‍ ഇവന്‌ ജീവനാണ്‌. അവള്‍ക്കങ്ങനെയൊന്നുമില്ലെങ്കിലും അങ്ങനെയാണെന്ന്‌ ഭാവിച്ചു. ഇവന്‍ വാങ്ങിക്കൊണ്ടുവരുന്ന നാനയോടും ചിത്രഭൂമിയോടുമൊക്കെയാണ്‌ അവള്‍ക്ക്‌ കൂടുതലിഷ്ടം.

പയ്യന്റെ കയ്യിലിരിപ്പും പരക്കെയുള്ള സല്‍പ്പേരും കാരണം ആരും കാണാതെ വേലിക്കരികില്‍ നിന്ന്‌ നാനയും പകരം അവളൊരു കുഴഞ്ഞ ചിരിയും കൈമാറി വന്നു.

ഇവളാണ്‌ കല ...

കല എന്ന ശശികല. അന്നന്നത്തെ അഷ്ടിക്ക്‌ കഷ്ടപ്പെടുന്ന ഗോപാലന്‍ ചേട്ടനെന്ന കൂലിപ്പണിക്കരന്റെയും, ഗോപാലന്റെ തുച്ഛമായ വരുമാനത്തില്‍ ജിവിതം കരക്കടുപ്പിക്കാന്‍ പെടാപ്പാടുപെടുന്ന കൗസല്യ ചേച്ചിയുടേയും മൂന്നുമക്കളില്‍ 'ഒടുക്കത്തവള്‍'.

കോവില്ലൂരിലെ താരം. കൊവില്ലൂരിന്റെ രോമഞ്ചകഞ്ചുകകുഞ്ചിത....(എന്നെക്കൊണ്ടു ഞാന്‍ തോറ്റു. വിവരിക്കാന്‍ വാക്കു കിട്ടുന്നില്ലന്നേയ്‌.)

കല ഊണും ഉറക്കവുമില്ലാതെ മനഃപാഠമാക്കിയ നാനയിലേയും ചിത്രഭൂമിയിലേയും ഉപന്യാസങ്ങളും പദ്യങ്ങളും ചേരുമ്പടിചേര്‍ക്കുകയുമൊന്നും ചോദ്യപ്പേപ്പറില്‍ ഇല്ലാതിരുന്നതിനാല്‍ (അതോ ലക്കം മാറിപ്പോയതോ) രോമഞ്ചകഞ്ചുകം 10-ംതരം ഒരുതരത്തില്‍ പൊട്ടി വീട്ടിലിരുപ്പായി.

രണ്ടു ദിവസം നിലവിളിയും കണ്ണീരുമൊക്കെയായിട്ട്‌ 'റിയാലിറ്റിഷോയിലെ എലിമിനേഷന്‍ റൗണ്ട്‌'പോലെ ശോകമൂഖമായിരുന്ന അന്തരീക്ഷം.

അന്നു കോവില്ലൂരിന്റെ ചരിത്രത്തില്‍ ആദ്യമായി പരീക്ഷ തോറ്റതിന്‌, ആസ്താന വായിനോക്കികളുടെ വക മധുരസല്‍ക്കാരവും അതിനോടനുബന്ധിച്ച്‌ സ്പെഷ്യല്‍ വായിനോട്ടവുമുണ്ടായിരുന്നു.

എല്ലാ അമച്ച്വര്‍ പ്രേമവും പോലെ സുരേഷിന്റെ ഒണ്‍വേ കാതലിനേയും ഗോപാലന്‍ കാതില്‍ തൂക്കിയെടുത്ത്‌ നിലത്തടിച്ചു. ഒന്നുരണ്ട്‌ ടോപ്പ്‌ സീക്രട്ടുകള്‍ കാതില്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. (അതിന്നേവരെ സുരേഷ്‌ ആരോടും പറഞ്ഞിട്ടില്ല..)

ഇതൊന്നും ഒരു പരാജയമായിക്കാണാന്‍ മനസ്സില്ലാത്തതിനാലും, ഒരു സംഘര്‍ഷാവസ്ത ഇഷ്ടപ്പെടാത്തതിനാലും അതിലുപരി ഗോപാലന്റെ കൈ വിചാരിച്ചതുപോലെ സോഫ്റ്റല്ലായെന്ന്‌ നേരത്തേതന്നെ മനസ്സിലാക്കിയിരുന്നതിനാലും തല്‍ക്കാലം പ്രേമനൈരാശ്യം നടിച്ച്‌ സുരേഷ്‌ നാടുവിട്ടു.

നിരാശകാമുകന്മാര്‍ സാധാരണ പോകുന്നതുപോലെ ബോംബെയ്ക്ക്‌ പോകണമെന്നായിരുന്നു പ്ലാന്‍. അവിടെയുള്ളവര്‍ക്ക്‌ മലയാളം അറിയില്ലെന്നും (ഇനിയിപ്പോള്‍ പഠിപ്പിക്കാമെന്നു വച്ചാല്‍ അതിവനറിയണ്ടേ) ഹിന്ദി അറിഞ്ഞില്ലെങ്കില്‍ പ്രശ്നമാകുമെന്നുമുള്ള കേട്ടറിവിനെ പരിഗണിച്ച്‌ ബാംഗ്ഗ്ലൂരിലേക്ക്‌ വണ്ടി കയറി.

അവിടെ ചെന്ന്‌ പെട്ടത്‌ ഒരു പഴയ മോഡല്‍ സിംഹത്തിന്റെ മടയിലായിപ്പോയത്‌ ഇവന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ ...

സിംഹം തന്നെപ്പോലെയല്ലെങ്കിലും കലയുമായി അഭേദ്യബന്ധമുള്ള കക്ഷിയാണ്‌.

എന്നുവച്ചാല്‍ ... പഴയ റേഡിയോ, ടേപ്പ്‌റിക്കാര്‍ഡര്‍, പൊട്ടിയ ഓഡിയോ ടേപ്പ്‌ എന്നുവേണ്ട കീറിയ പാട്ടുപുസ്തകം വരെ വാങ്ങിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു സംഗീതാത്മകമായ ആക്രി.

പൊട്ടിയ കാസറ്റിന്റെ നാട ഒട്ടിക്കുക, സ്പീക്കറില്‍ വയര്‍ പിരിച്ച്‌ ചുറ്റി കണക്ഷന്‍ കൊടുക്കുക മുതലായ നാടിനും വീടിനും അത്യന്താപേക്ഷിതമായ സങ്കേതിക വിദ്യകള്‍ സ്വായത്തമാക്കി വര്‍ഷങ്ങള്‍ക്ക്‌ ശേഷം സുരേഷ്‌ തിരികെ വന്നത്‌ ഒരു ടേപ്പ്‌റിക്കാര്‍ഡറും, വീഞ്ഞപ്പെട്ടിയില്‍ പിടിപ്പിച്ച രണ്ട്‌ സ്പീക്കറും ഒരു വീഞ്ഞപ്പെട്ടിനിറയെ പ്രേമഗാനങ്ങളുടെ കാസറ്റുകളുമായിട്ടാണ്‌.

പക്ഷേ..കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ലല്ലോ.

അപ്പോഴേക്കും 'നല്ലനടപ്പ്‌' കാരണം ശശികലക്ക്‌ റിലീസ്‌ വിത്ത്‌ പ്രൊമോഷന്‍ കൊടുത്ത്‌ പറഞ്ഞയച്ചു. ഇപ്പോള്‍ 'ശശികല ബാഹുലേയന്‍' അല്ലെങ്കില്‍ 'മിസ്സിസ്സ്‌.ബാഹുലേയന്‍'.

ഇതൊന്നും സുരേഷിനെ തോല്‍പ്പിക്കാന്‍ പോന്ന കാരണങ്ങളേയല്ലായിരുന്നു. ഒരു കുലുക്കവുമില്ലാതെ അന്നുമുതല്‍ പഴയ ദൗത്യത്തിനു ഒരു പുതിയൊരു തുടക്കമിട്ടു...

ജാതിമതഭാഷാ ഭേദമന്യേ രാവിലെ 6 മണിമുതല്‍ വൈകിട്ട്‌ 6 മണിവരെ നാട്ടുകാരായ നാട്ടുകാരെയൊക്കെ ശോകഗാനങ്ങളിള്‍ മുക്കിപ്പിഴിഞ്ഞ്‌ ഉണക്കിയെടുത്ത്‌ ഇസ്തിരിയിട്ട്‌ മടക്കി വയ്ക്കുക. (പാട്ട്‌ കേള്‍പ്പിച്ച്‌ കൊല്ലുക. അത്രതന്നെ...)

അതില്‍പ്രധാനി 'കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ... കനകാംബരങ്ങള്‍ വാടി..' ആയിരുന്നു. ഒരു ദിവസം 24 പ്രാവശ്യം എന്ന തോതില്‍ കേട്ട്‌ കേട്ട്‌ ആ പരിസരത്തുള്ള എല്ലാപേരും അതു മനഃപാഠമാകിയിട്ടും തീര്‍ന്നില്ല.

നാട്ടുകാര്‍ അവന്റെ വീഞ്ഞപ്പെട്ടിയിലുള്ള സ്പീക്കറും കാസറ്റും എടുത്ത്‌ തല്ലിപ്പൊട്ടിച്ച്‌ കളയുന്നതുവരെ.

അടുത്തവീട്ടിലെ കല്ല്യാണം. വന്ന ആള്‍ക്കാര്‍ക്കൊക്കെ സുരേഷിന്റെ വക പാട്ട്‌ ഫ്രീ. പക്ഷേ ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വന്നവരുടെ മട്ട്‌ മാറി. വന്ന നേരം മുതല്‍ ഒരേ പാട്ട്‌ തന്നെ. അത്‌ ഹാഫ്‌ സെഞ്ച്വറി കഴിഞ്ഞവര്‍ക്കിടയില്‍ ചില മുറുമുറുപ്പുകള്‍ക്ക്‌ വഴിയൊരുക്കിയെങ്കിലും കറന്റ്‌ പോയതോടെ അത്‌ ഒതുങ്ങി.

യാത്ര ചോദിച്ച്‌ കരഞ്ഞുകൊണ്ട്‌ പെണ്ണിറങ്ങുന്ന നേരം സുരേഷിനെ കറന്റ്‌ പിന്നേം പറ്റിച്ചു. ഒരു മുന്നറിയിപ്പുമില്ലാതെ പോയതുപോലെതന്നെ തിരിച്ചും വന്നു. ..വെറുംകയ്യോടെ ആയിരുന്നില്ലതാനും...ഒരു വെടിക്കല്ല ഒരു പൊട്ടിത്തെറിക്കുള്ള കോപ്പും കൊണ്ടാണ്‌ വന്നത്‌.

'കരയുന്ന രാക്കിളിയേ തിരിഞ്ഞൊന്നു നോക്കീടാതെ....'യുമായിട്ടാണ്‌ ക്രാഷ്‌ ലാന്റ്‌ ചെയ്തത്‌.

ഒച്ചയും ബഹളവും ഉണ്ടെങ്കിലും സര്‍വ്വസമാധാനത്തോടെ നടക്കുന്ന പൂരത്തിനിടയ്ക്ക്‌ ആനയിടഞ്ഞാലുള്ള അവസ്ഥയായി... കല്ല്യാണവീട്ടില്‌...

കല്ല്യാണച്ചെക്കനും വീട്ടുകാരും ഇനി ഒരു സദ്യകൂടെ കഴിക്കേണ്ടി വരുമെന്നും, പെണ്ണും വീട്ടുകാരും ഇനിയൊരു സദ്യകൂടെ ഒരുക്കേണ്ടി വരുമെന്നും ഒരു നിമിഷം ആലോചിച്ചു നിന്നൂ.

പെണ്ണിന്റെ അച്ഛനില്‍ നിന്ന്‌ ഇടനെഞ്ച്‌ പൊട്ടിയ തേങ്ങലാണുയര്‍ന്നതെങ്കില്‍, പെണ്ണിന്റെ അനിയനില്‍ നിന്നുയര്‍ന്നത്‌ കൂട്ടുകാരോടൊത്ത്‌ നേരത്തേ പൊട്ടിച്ച 'ഹണീബീ'യുടെ മുരള്‍ച്ചയായിരുന്നു.

ഡാ..ഡാ...ഇഡി..ഇഡി. സുരേഷ്‌ അനങ്ങി നോക്കി. അതാ മുറ്റത്തു ശവം പോലത്തൊരു സാധനം. അത്‌ താനാണെന്നതിന്‌ ശരീരമാകസകലമുള്ള വേദനയോടെ അനങ്ങാന്‍ വയ്യാതെയുള്ള കിടപ്പില്‍ നിന്ന്‌ മനസ്സിലായി. (ക്ലാ ക്ലാ ക്ലീ ക്ലീ-ക്ക്‌ കടപ്പാട്‌)

എല്ലാം വളരെ പെട്ടെന്നായിരുന്നു. 'ഹണീബീ' ഇത്ര പെട്ടെന്ന്‌ ആക്‌ഷനെടുക്കുമെന്ന്‌ സുരേഷ്‌ സ്വപ്നേപി വിചാരിച്ചില്ല.

ചുറ്റും ചിതറിക്കിടക്കുന്ന കാന്തികനാടകളെ, വിടപറഞ്ഞു പിരിയുന്ന 'കാന്ത'നെ നിറകണ്ണുകളോടെ നോക്കി നില്‍ക്കുന്ന 'കാന്തി'യെപ്പോലെ നോക്കി കിടക്കാനേ കഴിഞ്ഞുള്ളൂ.

വാല്‍ : രണ്ട്‌ മാസത്തെ ഇടവേളയുണ്ടായിരുന്നൂ..കോവില്ലൂര്‍കാര്‍ക്ക്‌. 'ഹണീബീ'യുടെ കുത്തേറ്റതിന്റെ ക്ഷീണം മാറണ്ടേ ?.

രണ്ട്‌ മാസത്തിന്‌ ശേഷം സുരേഷ്‌ ഒരിക്കല്‍ കൂടെ നാടുവിട്ടു. പിന്നെ ഞാനവനെ കണ്ടിട്ടില്ല. (അപ്പോഴേക്കും എന്നെ നാടുകടത്തി). ഇപ്പോഴത്തെ സുരേഷിന്റെ ഫേവറൈറ്റ്‌ എന്താണാവോ ??? കോമഡി ??? ട്രാജഡി ??? അതോ പാരഡി ??? ങാാാാ....

Monday, April 14, 2008

കാതലാ... കള്ളക്കാതലാ

ശ്രീനിവാസാസന്‍ എന്ന ശ്രീനിയ്ക്ക്‌ കാതലന്‍ എന്ന ഇരട്ടപ്പേര്‌ കിട്ടിയത്‌ വെറുതേയൊന്നുമല്ല...

വെറും രണ്ടേ രണ്ട്‌ തല്ലുകൊള്ളിത്തരമേ കക്ഷിയുടെ കയ്യിലുള്ളു. (എന്തിനധികം...)

ഒന്ന്‌ ആര്‌ എന്തു പറഞ്ഞാലും തര്‍ക്കിക്കുക. അതെന്താണെന്നോ എന്തിനാണെന്നോ ഉള്ള യാതൊരു പോതവും പൊക്കണവും ഇല്ലാതെ തര്‍ക്കിക്കുക. പിന്നെ (ദോഷം പറയരുതല്ലോ) തര്‍ക്കമാണെങ്കിലും കാലണക്ക്‌ പ്രയോജനമില്ലാത്ത കാര്യമാണെങ്കിലും മുടിഞ്ഞ ആത്മാര്‍ത്ഥതയാണ്‌ പഹയന്‌.

തര്‍ക്കം മൂത്ത്‌ നില്‍ക്കുന്ന സമയത്ത്‌ കക്ഷിയുടെ പഞ്ചേന്ദ്രിയങ്ങള്‍ പണിമുടക്കും എന്നുള്ളതിന്‌ തെളിവാണ്‌ 'നിന്റെ അച്ഛന്‍ കുട്ടന്‍ പണിക്കര്‍ക്ക്‌ വരെ എതിരഭിപ്രായം ഇല്ലല്ലോ...' എന്ന്‌ പറഞ്ഞതിന്‌ 'എന്റെ ഏത്‌ അച്ഛന്റെ കാര്യമാ നിങ്ങളീപ്പറയുന്നത്‌. അച്ഛനെന്നതിന്‌ എന്താ തെളിവ്‌...' എന്ന്‌ ചോദിച്ച്‌ മാലോകരുടെ മുന്‍പിലേക്ക്‌ വലിയൊരു ചോദ്യം വലിച്ചെറിഞ്ഞത്‌.

രണ്ടാമത്തേതാണ്‌ പ്രശ്നം. ആ സ്കൂളിലെ ഏതു പെണ്ണിനെക്കണ്ടാലും ജൂനിയര്‍ സീനിയര്‍ പക്ഷപാതമില്ലാതെ 'ആ പെണ്ണിന്‌ എന്നോട്‌ ഒരു ഇത്‌...' എന്ന്‌ അടുത്ത്‌ നില്‍ക്കുന്നവരോട്‌ വെറുതെയങ്ങ്‌ തള്ളുക.

സീനിയറാണെങ്കിലും കാണാന്‍ കൊള്ളാം എന്ന ഒറ്റക്കാരണത്താല്‍ ഇന്റര്‍വെല്‍ സമയത്ത്‌ സ്കൂള്‍ വരാന്തയില്‍ വച്ച്‌ ഷീജയോട്‌ നിന്നെ എനിക്കിഷ്ടമാണെന്ന രണ്ടേ രണ്ട്‌ വാക്ക്‌ വിറച്ച്‌ വിറച്ച്‌ പറഞ്ഞൊപ്പിച്ചു.

അതിനവള്‍ രണ്ട്‌ പുറത്തില്‍ കവിയാതെ മറുപടിയും പറഞ്ഞ്‌ ഒരു എഫക്റ്റിന്‌ വേണ്ടി കാര്‍ക്കിച്ച്‌ തുപ്പി ചവിട്ടിക്കുലുക്കി നടന്ന്‌ പോയി.

ഇതില്‍പ്പരമൊരു നാണക്കേട്‌. ഷെയിം...ഷെയിം...

ഇനിയിവളോട്‌ നേരിട്ട്‌ സംസാരിക്കാന്‍ എന്റെ പട്ടി പോകും എന്ന ഉറച്ച തീരുമാനത്തില്‍ ഒരു കത്തെഴുതിക്കൊടുത്തു.

'നിന്റെ വാക്കുകള്‍ ഓരോന്നും ഹ്ര്യദയത്തില്‍ ആണിയടിച്ചപോലുണ്ട്‌...'

അതിനുള്ള മറുപടിയും കൊണ്ട്‌ പോയ ആള്‍ തിരിച്ചു വന്നു...

'നിന്റെ ഒരു ഫോട്ടോ അതില്‍ തൂക്കിയിട്‌. എന്റെ കയ്യില്‍ ഹനുമാന്റെ പടം ഇല്ല. അല്ലെങ്കില്‍ ഒന്ന്‌ തരാമായിരുന്നു. രണ്ടും ഒന്ന്‌ തന്നെ...'

ഇമേജ്‌ രക്ഷിക്കാന്‍ വേണ്ടി പിന്മാറിയെന്ന്‌ ചരിത്രം...

കാര്യമെന്തായാലും ശ്രീനിയുടെ മാവും പൂത്തു. അവനും ഒരു 'ലൈന്‍' വലിച്ചൂ. സ്റ്റേഷനറിക്കട നടത്തുന്ന ശ്രിധരന്‍ ചേട്ടന്റെ മകള്‍ ഹൈമവതിയാണ്‌ ആ ഭാഗ്യതാരം.

ദിവസങ്ങള്‍ ആഴ്ചകളായും ആഴ്ചകള്‍ മാസങ്ങളായും പരിണമിച്ചുകൊണ്ടിരുന്നു. ശ്രീനി-ഹൈമുവിന്റെ ലീലകള്‍ക്കും പരിണാമം സംഭവിച്ചുകൊണ്ടിരുന്നു.

അതിന്റെ ഫലമായി ശ്രീനിയുടെ സമ്പാദ്യവും കൂടിക്കൂടി വന്നു.

ഒരു നാള്‍ ഹൈമുവിനോട്‌ തന്റെ സമ്പാദ്യത്തിന്റെ കാര്യം ശ്രീനി പറയുകയും ചെയ്തു.

'ചക്കരേ .. നിന്റെ പൊട്ടിപ്പോയ വളപ്പൊട്ടുകള്‍, കര്‍ച്ചീഫ്‌, പൊട്ട്‌, സ്ലൈഡ്‌ ഇതൊക്കെയാണ്‌ എന്റെ സമ്പാദ്യങ്ങള്‍.'

'അതു ശരി...അപ്പോ കയ്യില്‍ വേറെ ദമ്പടിയൊന്നും ഇല്ല അല്ലേ ? ഇതും വച്ചുകൊണ്ടാണോ എന്നെ റാണിയായി വാഴിക്കാം... എന്റെ കൂടെ ഇറങ്ങിപ്പൊരെന്ന്‌ വിളിക്കുന്നത്‌.'

അല്ലറചില്ലറ ഒളിച്ച്‌ കളിയും, കളിയും കാര്യവുമായി ഇങ്ങനെ അവരുടെ ജീവിതം തുടരുന്നതിനിടെയാണ്‌ അരമനരഹസ്യം അങ്ങാടിപ്പാട്ടായത്‌.

പ്രേമസല്ലാപത്തിന്റെ അറ്റവും വക്കും കേട്ട്‌ സുഖിക്കാറുണ്ടായിരുന്ന തുണക്കാരിയിലൂടെ ഹൈമുവിന്റെ ഒരു ചെറിയ ഡയലോഗ്‌ ലീക്കായത്‌. ഈ ലീക്കായ ഡയലോഗ്‌ സുഹ്ര്യത്തുക്കള്‍ക്കിടയില്‍ ചോദ്യപ്പേപ്പര്‍ ലീക്കായതിനേക്കാള്‍ വലിയ കോലാഹലമുണ്ടാക്കി.

ഡയലോഗ്‌ ചെറുതാണെങ്കിലും ഉള്ളടക്കം അത്ര ചെറുതൊന്നുമായിരുന്നില്ല.

'അയ്യേ.... അതൊക്കെ കല്ല്യാണത്തിന്‌ ശേഷം...' പിന്നെ കുണുങ്ങിയ ഒരു ചിരിയും. സംഗതി ഇത്രേയുള്ളൂ...

പലരും പല ആങ്കിളിലും ചിന്തിച്ചൂ. പലതും ചെന്നെത്തിയത്‌ ഏതാണ്ട്‌ ഒരേ ഉത്തരത്തിലും. അപ്പോത്തന്നെയത്‌ തിരുത്തി ... 'ഏയ്‌.. അതായിരിക്കില്ല...'

ഇതെന്തിനുള്ള മറുപടിയായിരിക്കും. തുണക്കാരിക്കും വലിയ പിടിയില്ല. എല്ലാപേരും തലപുകഞ്ഞാലോചിച്ചൂ. വെറുതേ കുറച്ച്‌ പുകച്ച്‌ കളഞ്ഞതല്ലാതെ പ്രത്യേകിച്ച്‌ കാര്യമൊന്നുമുണ്ടയില്ല.

വരുന്നതുവരട്ടെ... ഇനിയിപ്പോള്‍ ശ്രീനിയോടുതന്നെ ചോദിക്കാം.

കൂട്ടുകാരുടെ നിര്‍ബന്ധത്തിന്‌ മുന്നില്‍ ശ്രീനിക്ക്‌ അധികം പിടിച്ച്‌ നിക്കാനായില്ല... അവന്‍ ആ രഹസ്യം പുറത്ത്‌ വിട്ടു...

'ഒന്നുമില്ലടേയ്‌... അവളുടെ കയ്യില്‍ കിടക്കുന്ന ആ കുഞ്ഞ്‌ മോതിരം ഒന്ന്‌ പണയം വയ്ക്കാന്‍ ചോദിച്ചതാ....അതിനവള്‍ പറയുവാ അതൊക്കെ കല്ല്യാണം കഴിഞ്ഞിട്ടുമതിയെന്ന്‌.'

'എന്തായാലും കുറഞ്ഞ സമയംകൊണ്ട്‌ നിന്നെക്കുറിച്ചവള്‍ മനസ്സിലാക്കിയല്ലോ. നല്ല മതിപ്പാ നിന്നെക്കുറിച്ച്‌...'

'പോടാ...കയ്യില്‍ കാശില്ലാതെ പ്രേമിച്ച്‌ നടക്കുന്നതിന്റെ വിഷമം നിങ്ങള്‍ക്ക്‌ മനസ്സിലാവില്ല...'

വാല്‍ : കൂട്ടുകാര്‍ മനസ്സിലാക്കിയില്ലെങ്കിലും ശ്രീനിയുടെ വിഷമം ഹൈമുവിന്റെ അച്ഛന്‍ സാക്ഷാല്‍ ശ്രീധരന്‍ ചേട്ടന്‍ മനസ്സിലാക്കി. ഹൈമുവിനെ കാശുള്ള ഒരു ചെക്കനെ വേറെ കണ്ടുപിടിച്ചു. മംഗളവും പാടി.

Thursday, March 27, 2008

ഏഞ്ചല്‍ എന്ന മാലാഖക്കുഞ്ഞ്‌


'ഹല്ലോാാാ .... ഹൗ ആര്‍ യൂ.... അയാം ഫൈന്‍.'

ഇതു സാം രാജല്ലേ ? ഇവനെന്താ ഇങ്ങനെ എന്നാലോചിക്കണമെന്നുണ്ടായിരുന്നു എനിക്ക്‌. ചോദ്യവും ഉത്തരവും ഇവന്‍ തന്നെ പറയുന്നതെന്തിനെന്ന്‌ ഓര്‍ത്തുനിള്‍ക്കുമ്പോള്‍ ദാ വരുന്നു അടുത്തത്‌...

'അല്ലാാാ...ഇതാര്‌. '

'ഞാന്‍...'

'എന്നെ മനസ്സിലായോ..?

'പിന്നെ മനസ്സി....'

'എത്രകാലമായെടാ കണ്ടിട്ട്‌ ?'

'അതിപ്പോ ....'

'നീ എപ്പോ വന്നു ?'

'കഴിഞ്ഞ....'

'എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍ ?'

'എന്ത്‌ പറ....'

'ഇപ്പോള്‍ നീ എവിടെയാടാ ?'

'ഞാന്‍ ....'

'നമ്മുടെ മറ്റു ഫ്രണ്ട്സിനെയൊക്കെ കാണാറുണ്ടോ ?'

'അതു പിന്നെ....'

'എന്താ ഈ വഴിക്കൊക്കെ ?'

'നിര്‍ത്തെടാ കോപ്പേ. നീയെന്താ 'ശ്രികണ്ഡന്‍ നായര്‍ക്ക്‌' പഠിക്കുന്നോ ? ചോദിച്ചതിന്‌ മറുപടി പറയാന്‍ ഒരു അവസരം താ.'

'ഓകെ...ഓകെ... നീ പറ. നിന്നെക്കണ്ട വെപ്രാളത്തില്‍ ചോദിച്ചതാടേയ്‌.'

'ശരി. ചോദ്യങ്ങള്‍ ആവര്‍ത്തിക്കണമെന്നില്ല. ഞാന്‍ പറയാം.
ഞാന്‍ തന്നെ അലമ്പന്‍.
നമ്മള്‍ തമ്മില്‍ കണ്ടിട്ട്‌ കുറഞ്ഞത്‌ ഒരു 10 വര്‍ഷമെങ്കിലും ആയിക്കാണും.
ഞാന്‍ ഇപ്പോള്‍ സൗദിയിലാണ്‌. കഴിഞ്ഞ ആഴ്ച വന്നു.
വിശേഷങ്ങള്‍ പറയാനാണെങ്കില്‍ ഒത്തിരിയുണ്ട്‌. സൗകര്യം പോലെ പറയാം.
അവിടെയും ഇവിടെയുമുള്ള ഫ്രണ്ട്സിനെയൊക്കെ ഇടക്ക്‌ കാണാറുണ്ട്‌.
പിന്നെ ഈ വഴി വന്നതല്ല. ഇതിലേ പോയപ്പോള്‍ പഴയ ഓര്‍മ്മകള്‍ പിടിച്ചു നിര്‍ത്തിയതാ. എന്നാല്‍പ്പിന്നെ അതൊക്കെ ഒന്നു പുതുക്കിയിട്ട്‌ പോകാമെന്നു കരുത്തി.'

'അതിന്റെ ആദ്യപടിയായി നമ്മുടെ അന്തോണിച്ചേട്ടന്റെ കടയില്‍ നിന്ന്‌ ഒരു വില്‍സ്‌ വാങ്ങി. ഇവിടന്നാണല്ലോ ഹരിശ്രീ കുറിച്ചത്‌. അതും അന്തോണിച്ചേട്ടന്റെ കയ്യില്‍ നിന്നുതന്നെ. അപ്പോഴാണ്‌ നിന്റെ വരവ്‌. എന്തായാലും ഇത്രയൊക്കെ ചോദിച്ചിട്ടും ഗള്‍ഫുകാരോടുള്ള പതിവു ചോദ്യം ചോദിക്കാത്തതിന്‌ ഒരു പ്രത്യേക നന്ദിയും ഇരിക്കട്ടെ.'

'ശരിയാ നിന്നെക്കണ്ടപ്പോള്‍ പഴയ നാളുകളൊക്കെ ഇന്നലെക്കഴിഞ്ഞതുപോലെ തോന്നുന്നു.'

'അതല്ലെങ്കിലും അങ്ങനെതന്നെയാടേയ്‌. ആ ഓര്‍മ്മകള്‍ക്കൊന്നും നമ്മുടെ മനസ്സില്‍ നിറം മങ്ങാറില്ലല്ലോ.'

'ഏതായാലും നീ നില്‍ക്ക്‌ ഞാനിത്തിരി സാധനം വാങ്ങിക്കട്ടെ. രാവിലെ കാപ്പി റെഡിയക്കാന്നേരത്താ വീട്ടുകാരി പറഞ്ഞത്‌ ഉള്ളിയും ഉരുളക്കിഴങ്ങും ഇല്ലെന്ന്‌. ഇനി അതില്ലാത്തതിന്റെ പേരില്‍ കാപ്പിയും വീട്ടുകാരിയുടെ മൂഡും കളയണ്ട. നീ നില്‍ക്ക്‌... വീട്ടിലൊന്നു കയറിയിട്ട്‌ പോകാം.'

'വീട്ടില്‍ ആരൊക്കെ... എന്നുവച്ചാല്‍ ഭാര്യയും പിന്നെ കുട്ടികള്‍...?

'ഉണ്ടല്ലോ. ആശക്കൊരു പെണ്ണും ആസ്തിക്കൊരാണും എന്നല്ലേ തമിഴിലെ ചൊല്ല്‌.. ആശക്കുള്ള പെണ്ണായി.. ആസ്തിക്കുള്ള ആണായിട്ടില്ല. അങ്ങനെ ഒരു കുട്ടിയും പിന്നെ ഒരു ഭാര്യയും.'

'ഏതായാലും 'ഫാദര്‍' ആകണമെന്നുള്ള നിന്റെ ആറാം ക്ലാസ്സുമുതലുള്ള ആംബിഷന്‍ സാധിച്ചു. ഒടുവില്‍ നീയൊരു 'അച്ഛന്‍' ആയില്ലേ...'

'അന്തോണിച്ചേട്ടോാാ..'

'ഈ വിളിയൊക്കെ കേട്ടിട്ട്‌ വര്‍ഷങ്ങളാകുന്ന്‌ പുള്ളേ. ഇപ്പോഴത്ത്‌ പിള്ളേര്‍ക്കൊന്നും ഈ മര്യാദകളൊന്നുമില്ല. പേര്‌ പറഞ്ഞല്ലേ വിളിക്കുന്നത്‌.'

'അത്‌ കാര്യമാക്കണ്ട ചേട്ടാ. ഇതൊക്കേ ജെനറേഷന്‍ ഗ്യാപ്പിന്റെ ഒരു ഒരു ഇതല്ലേ...'

'അതുപോട്ടെ. എത്രയായി...സിഗരറ്റിനും ഇവന്‍ വാങ്ങിച്ച സാധനങ്ങള്‍ക്കും..'

'അതു വേണ്ട ...ഞാന്‍ കൊടുത്തുകൊള്ളാം'

'നിക്കെടാ.. അടങ്ങ്‌ അടങ്ങ്‌. ഇന്നൊരു ദിവസം ഞാന്‍ കൊടുത്തു എന്ന്‌ വച്ച്‌ 'പുത്തങ്കട' ജംഗ്ഷനില്‍ 3-ലോകമഹായുദ്ധമൊന്നും ഉണ്ടാകില്ല.'

'ചേട്ടായി .. എത്രയാ..'

'23 രൂപ..'

'ഇതാ. ബാക്കി തപ്പണ്ടാ. അവിടെക്കിടക്കട്ടെ. പണ്ട്‌ ഒത്തിരി 10ഉം 20ഉം പൈസ ചേട്ടനോട്‌ ഞാന്‍ 'കുറ്റി' വച്ചിട്ടുണ്ട്‌. അതിനോളം വരില്ല ഈ നൂറ്‌... എന്നാലും കിടക്കട്ടെ.'

'വാ...നടക്ക്‌. ചേട്ടായി.. ഇവന്റെ വണ്ടി ഇവിടെ ഇരിക്കട്ടെ. ഒന്ന്‌ വീട്ടില്‍ കയറിയിട്ട്‌ വരാം.'

'ഓ .. ശരി ശരി'

'ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നൂ എന്ന്‌ പറഞ്ഞ്‌ നീ ചൂടാകണ്ടാ...നിന്റെ കല്ല്യാണം കഴിഞ്ഞോ? ഭാര്യ ? കുട്ടികള്‍ ?'

'മിക്കവാറും നീ മേടിക്കും. എടാ ചോദ്യങ്ങള്‍ക്കൊരു ഇന്റര്‍വെല്‍ കൊടുക്ക്‌. ഇങ്ങനെ ഒട്ടയടിക്ക്‌ ഒരു ക്വസ്റ്റ്യന്‍ പേപ്പര്‍ കയ്യില്‍ തരാതെ.'

'ശരി..ശരി. നീ പറ'

'കല്ല്യാണം കഴിഞ്ഞൂ. എനിക്കേ.. ആശയിത്തിരി കൂടുതലാ, അതുകൊണ്ട്‌ രണ്ട്‌ പെണ്ണ്‌. പിന്നെ ഇവരെയും, പ്രത്യേകിച്ച്‌ എന്നെയും സഹിക്കാന്‍ ഒരു ഭാര്യയും. എന്താ നിന്റെ പരിപാടി...?'

'ഞാന്‍ ഇവിടത്തെ ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌ ഗ്യാരേജിലാണ്‌. വലിയ കുഴപ്പമില്ല. അങ്ങനെ തട്ടിമുട്ടി പോകുന്നു..'

സംസാരിച്ച്‌ നടന്ന ഞങ്ങള്‍ ഒരു ചെറിയ വീടിന്റെ മുന്നില്‍ നിന്നു. ഓടുമേഞ്ഞ, മുന്‍വശത്തെ കതകിനു പകരം കമ്പികളാല്‍ ഗ്രില്ലോടുകൂടിയ ഒരു ഒറ്റമുറി വീട്‌.

'ഇതാണെന്റെ വീട്‌. ഡോറില്ലാാാാ...'

"ഡോറില്ലെങ്കിലെന്താടാ... ഗ്രില്ലുണ്ടല്ലോ. വലിച്ചിട്ട്‌ അകത്തുനിന്ന്‌ പൂട്ടിയാല്‍ പോരെ. സേഫല്ലേ.'

'ഡോറില്ലാാാാ...'

'ഇതുതന്നെയല്ലെ നീയിപ്പോള്‍ പറഞ്ഞത്‌.' ഇവനെന്താ ചെവി കേള്‍ക്കില്ലേ ?

'ഇതാ സാധനങ്ങള്‍. കാപ്പിക്ക്‌ ഒരാള്‍ കൂടെയുണ്ട്‌. ഇതാണെന്റെ ഭാര്യ...ഡോറില്ല ബെറ്റി. എന്നിലെ എന്നെ തിരിച്ചറിഞ്ഞ്‌ എന്നെ ഞാനാക്കിയ, എന്റെ 'അനാഥന്‍' എന്നുള്ള ലേബല്‍ മാറ്റിയവള്‍'

അതുശരി. അപ്പോള്‍ ഇവന്‍ ഭാര്യയെ വിളിച്ചതാണല്ലെ. ഞാന്‍ വെറുതേ തെറ്റിദ്ധരിച്ചു.

'വലതുകാല്‍ വച്ച്‌ കയറ്‌. ഈ വിട്ടിലെ ആദ്യത്തെ വിരുന്നുകാരനാ നീ...'

'നിന്റെ മോളെവിടെ...'

'വിളിക്കാം. മോളേ...ഇങ്ങോട്ടൊന്ന്‌ വന്നേ. നിന്നെക്കണ്ടിട്ട്‌ അകത്ത്‌ കയറി നില്‍ക്കുന്നതാണ്‌.'

'അതെന്താടാ... എന്നെക്കണ്ടാല്‍ ഒരു ഭീകര ലുക്ക്‌ തൊന്നുമോ ?'

'അതല്ല. ഇവിടെയങ്ങനെ ആരും വാരാറില്ല. ശരിക്ക്‌ പറഞ്ഞാല്‍ ആരും വരാനില്ലെന്ന്‌ നിനക്കറിയാമല്ലോ ? ങാാാ... വാ..വാ.. ഇത്‌ പപ്പയുടെ ഫ്രണ്ടാണ്‌. നിന്നെക്കാണാന്‍ വന്നതാ. വാ..വാ.... ഇതാണ്‌ എന്റെ സന്തോഷം, എന്റെ ലോകം.. പേര്‌ ഏഞ്ചല്‍.'

'ഇപ്പറഞ്ഞതിന്‌ നിന്നെ ഞാന്‍ സമ്മതിച്ചെടാ... ഇവളെ വിളിക്കാന്‍ ഇതിനേക്കാളും ചേരുന്ന മറ്റൊരു പേരുണ്ടാവാന്‍ വഴിയില്ല.'

'തങ്ക്യൂ സോ മച്ച്‌....'

'അല്ല... നിന്റെയീ ഇടയ്ക്കിടക്ക്‌ ഇങ്ക്ലീഷ്‌ പറയുന്ന സ്വഭാവം ഇതുവരെ വിട്ടില്ലേടേയ്‌... ഹ ഹ ഹാാാാ..'

'അതെങ്ങനെ... അതിനെന്തിനാ നിയിത്ര ചിരിക്കുന്നത്‌...'

'ഞാന്‍ പഴയ ഒരു കാര്യം ഓര്‍ത്ത്‌ ചിരിച്ചതാ. പണ്ട്‌ ക്ലാസ്സില്‍ നാരായണന്‍ കുട്ടി സാറ്‌ ബോര്‍ഡില്‍ എഴിതിയിരുന്ന 'വഷിംഗ്‌ടണ്‍' വായിച്ച്‌ അതെന്താണെന്ന്‌ ചോദിച്ചപ്പോള്‍, ഉത്തരമായി 'പത്ത്‌ പ്രാവശ്യം അലക്കി അല്ലെങ്കില്‍ പത്ത്‌ തുണി അലക്കി' എന്ന്‌ പറഞ്ഞതും സാറ്‌ നിന്നെയെടുത്തിട്ട്‌ 'അലക്കിയതും' ഓര്‍ത്തുപോയി...'

'പതുക്കെ പറേന്നേയ്‌... നീയതൊന്നും മറന്നില്ലേ ?'

'ഓര്‍ക്കാന്‍ അങ്ങനെ ചിലതൊക്കെ ഉള്ളതല്ലേടാ നമ്മുടെയൊക്കെ ആയുരാരോഗ്യത്തിന്റെ രഹസ്യവും, നമ്മള്‍ നമ്മളായിത്തന്നെ തുടരുന്നതിന്റെ കാരണവും...'

'കാപ്പി ഇങ്ങോട്ടെടുക്കട്ടേ ...' ഡോറില്ലയുടെ ചോദ്യം.

'ങാാ, പിന്നേയ്‌ ഇവിടെ സൗകര്യങ്ങള്‍ ഇത്രയൊക്കെയേ ഉള്ളൂ. തറയിലിരിക്കുന്നതുകൊണ്ട്‌ ബുദ്ധിമുട്ടുണ്ടോ ?'

'ഈ നാടായനാടൊക്കെ നടന്ന്‌ ചെണ്ടപ്പുറത്ത്‌ കോലുവീഴുന്ന ഒരു ഉത്സവപ്പറമ്പ്‌ ബാക്കി വയ്ക്കാതെ ഞരങ്ങിയും ഉറങ്ങിയും കഴിഞ്ഞ നമ്മളങ്ങനെ അഹങ്കാരം കാണിക്കുന്നതു ശരിയാണോ ? പിന്നെ കണ്ടാല്‍ അങ്ങനെ തോന്നില്ലെങ്കിലും ബുദ്ധിക്കങ്ങനെ ഇതുവരെ മുട്ടൊന്നും വന്നിട്ടില്ല. ചലക്കാതെ എടുത്ത്‌ വയ്ക്കെടേയ്‌..'

'ഞങ്ങളുടെ ഭക്ഷണം ഒന്നും ശരിയായിട്ടുണ്ടാവില്ല. ഇല്ലേ...?'

'എല്ലാം ശരിയായിട്ടുതന്നെയുണ്ട്‌. ഈ ചോദ്യമൊഴിച്ച്‌. ഇവനെയും ഇവന്റെ കൂടെ നിന്നെയും ഈ കുഞ്ഞ്‌ മാലാഖയേയും കണ്ടത്‌ തന്നെ പാല്‍പ്പായസം കൂട്ടി സദ്യയുണ്ടതുപോലുണ്ട്‌'

കൈ കഴുകി വന്ന എന്നെക്കണ്ട്‌ മാറിനിന്ന ഏഞ്ചലിനെ ഞാന്‍ വിളിച്ചു...

'ഏഞ്ചല്‍.. മോളിങ്ങടുത്ത്‌ വാ. ഞാന്‍ നിന്നെക്കാണാന്‍ വന്നതല്ലേ. നീയിങ്ങനെ മാറിനിന്നാലോ.'

മടിച്ച്‌ മടിച്ച്‌ അടുത്ത്‌ വന്ന അവളെ ഞാന്‍ മടിയില്‍ കയറ്റിയിരുത്തി. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കാം അച്ഛനല്ലാത്തൊരാളുടെ മടിയില്‍ അവളിരിക്കുന്നത്‌.

കുറച്ച്‌ സമയം അവളോട്‌ ഞാന്‍ എന്തൊക്കെയോ ചോദിച്ചു. എല്ലാത്തിനും 'ങും..ങാ..' എന്ന്‌ മറുപടി പറഞ്ഞിരുന്നവള്‍ പെട്ടെന്ന്‌ വാചാലയായി. പെണ്‍കുട്ടികള്‍ എളുപ്പം സംസാരിച്ച്‌ തുടങ്ങും എന്നു പറയുന്നത്‌ എത്ര ശരി.

സംസാരം അവസാനം അവളുടെ പ്രാര്‍ത്ഥനയിലെത്തി. ..

'എന്തൊക്കെയാ നീ പ്രാര്‍ത്ഥിക്കുന്നത്‌ ?'

രണ്ട്‌ കയ്യും കൂപ്പി കണ്ണടച്ച്‌ 'യേസയ്യാ..കര്‍ത്തരേ..എങ്കളെ കാത്തരുളവേണ്ടുകിറേന്‍......' (യേശുവേ.. കര്‍ത്താവേ..ഞങ്ങളെ കാത്തുരക്ഷിച്ചുകൊള്ളേണമേ...) ഇങ്ങനെ നീളുന്നു.

'മതി.. മോള്‌ നിര്‍ത്തിക്കോ. എടാ സാമേയ്‌ നീ ഇത്‌ കണ്ട്‌ പഠിക്ക്‌. ഇങ്ങനെ വേണം പ്രാര്‍ത്ഥിക്കാന്‍. അല്ലാതെ തമിഴ്‌നാടിന്റെ തലസ്താനം മാറ്റാനല്ല'

'അതെന്താണ്‌ സംഭവം... അങ്ങനെയൊരു പ്രാര്‍ത്ഥന...' ഡോറില്ലയുടെ ചോദ്യം.

'ഇതെന്തായാലും നീയും അറിഞ്ഞിരിക്കണം. പണ്ട്‌ പരീക്ഷക്ക്‌ ഇവന്‍ ഉത്തരമെഴുതിയതാണ്‌...തമിഴ്‌നാടിന്റെ തലസ്താനം പോണ്ടിച്ചേരിയാണെന്ന്‌. പരീക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങി ഞങ്ങള്‍ സംസാരിച്ച്‌ നില്‍ക്കുമ്പോള്‍ ഇവന്‌ മനസ്സിലായി തലസ്താനം അതല്ലെന്ന്‌. ഉടനെ ഇവന്‍ പ്രാര്‍ത്ഥിച്ചതാണ്‌ 'തമിഴ്‌നാടിന്റെ തലസ്താനം മാറ്റണേ കര്‍ത്താവേന്ന്‌'...'

'നീയിത്ര ചെറിയ ചെറിയ കാര്യങ്ങള്‍ വരെ ഓര്‍ത്തിരിക്കുന്നുണ്ടല്ലോ ഇപ്പോഴും...'

ഒരു തൂവലിനോളം ഭാരം തോന്നിപ്പിച്ച, തൂവലിനേക്കാളും മ്ര്യദുവാര്‍ന്ന ഏഞ്ചല്‍. അച്ഛനെപ്പോലെ തന്നെ എപ്പോഴും നനവ്‌ തോന്നിപ്പിക്കുന്ന കണ്ണുകളുയര്‍ത്തി അവള്‍ ചോദിച്ചു 'അങ്കിള്‍ നാളെയും വരുമോ?'

സ്നേഹപൂര്‍ണ്ണമായ ആ ചോദ്യത്തിന്‌ എന്ത്‌ മറുപടിയാണ്‌ പറയേണ്ടത്‌.

'അറിയില്ലല്ലോ മോളെ. എന്നാലും ഞാന്‍ വരാന്‍ ശ്രമിക്കാം..' ഞാന്‍ മറുപടി പറഞ്ഞു.

തിരിച്ച്‌ പോരാന്‍ നേരം വണ്ടിയിലെ ബാഗില്‍ നിന്ന്‌ ഞാനെടുത്ത്‌ കൊടുത്ത ചോക്കലേറ്റ്‌ പൊതി വാങ്ങുമ്പോള്‍...നമുക്കും ആരൊക്കെയോ ഉണ്ടെന്ന തോന്നലുകൊണ്ടാകണം... അവളുടെ അഴകൊന്നു കൂടി ഒപ്പം കണ്ണിലെ നനവും...

ഏഞ്ചലിന്‌ കൊടുത്ത ഉറപ്പിന്‌ ഉറപ്പ്‌ പോരാഞ്ഞിട്ടോ, ശ്രമിക്കാഞ്ഞിട്ടോ, സ്വന്തം ജീവിത നെട്ടോട്ടത്തിനിടയില്‍ ആ നനവാര്‍ന്ന കണ്ണുകളും ആ കൊഞ്ചല്‍ ചോദ്യവും മറന്നു പോയിട്ടോ എന്തോ... ആ പറഞ്ഞത്‌ നിറവേറ്റാന്‍ കഴിഞ്ഞില്ല ... ഇന്നേവരെ.


ഇവനെ പരിചയപ്പെടുത്താന്‍ വിട്ടൂ. ഇവന്‍ സാം രാജ്‌. എന്റെ (ഞങ്ങളുടെ) പഴയ ഒരു സഹപാഠി.

500-ഓളം കുട്ടികള്‍ക്ക്‌ ഒരു തറവാട്‌ ഒരു മേല്‍വിലാസം... സീ.എം.എസ്‌. (ക്രിസ്റ്റ്യന്‍ മിഷന്‍ സര്‍വീസ്‌) ഓര്‍ഫനേജ്‌. സാം... ആ 500-ല്‍ ഒരുവന്‍.

ചാക്കുപോലുള്ള കാക്കി നിക്കറും നിറം മങ്ങിയ വെള്ള ഉടുപ്പും പറ്റേ വെട്ടിക്കുറച്ച മുടിയും ദൈന്യത തളംകെട്ടിയ നേര്‍ത്തനനവുള്ള കണ്ണുകളുമായി എന്നും അവന്‍ ക്ലാസ്സില്‍ എത്തിയിരുന്നു. അധികം ആരോടും സംസാരിക്കതെ കൂട്ടുകൂടാതെ... ഒരു ഒറ്റപ്പെട്ടവന്‍. (ആരും കൂട്ടാതെ ഒറ്റപ്പെടുത്തിയവന്‍ എന്നു പറയുന്നതാവും ശരി.)

ഞാനും എന്നെപ്പോലുള്ള ഒത്തിരിപ്പേരുടെയും കളിയാക്കലും ചില ചില്ലറ മാനസീക പീഡനങ്ങളും എറ്റ്‌ വാങ്ങി വളര്‍ന്നവന്‍ ... തീയില്‍ കുരുത്തവന്‍.

പിന്നെ വളരെ വേഗം ഞങ്ങളില്‍ ഒരുവനായി മാറിയവന്‍. കളിയിലും ചിരിയിലും പങ്ക്‌ ചേരുന്നവന്‍. പൊട്ടിച്ചിരിക്കുമ്പോഴും കണ്ണിലെ ദൈന്യതയും നനവും കെടാതെ സൂക്ഷിക്കുന്നവന്‍.

ഇന്ന്‌ അവനൊരു കുടുംബനാഥനാണ്‌. അവനൊരു ഭാര്യയുണ്ട്‌, മാലാഖപോലൊരു മൊളുണ്ട്‌ അവരെ പോറ്റാന്‍ പാകത്തിനൊരു ജോലിയുണ്ട്‌ എല്ലാറ്റിനുമുപരി 'സീ.എം.എസ്‌. ഓര്‍ഫനേജ്‌' മാറ്റി സ്വന്തമായി ഒരു മേല്‍വിലാസമുണ്ടാക്കിയെടുത്തവന്‍.

ആരുടെയോ തെറ്റിന്റെ പാപഭാരം പേറി ജീവിതത്തിന്റെ സുവര്‍ണ്ണകാലം ഹോമിക്കാന്‍ വിധിക്കപ്പെട്ടിട്ടും തളരാതെ പോരാടി വിജയം വരിച്ചവന്‍. അഭിമാനം തോന്നുന്നൂ ആ പഴയ കൂട്ടുകാരനോട്‌... അല്‍പം കുറ്റബോധവും. അറിഞ്ഞോ അറിയാതെയൊ പറഞ്ഞുപോയതിയതിന്റെയും ചെയ്തുപോയതിന്റെയും ഗൗരവം ഓര്‍ത്തിട്ട്‌. അന്നൊക്കെ എന്തായിരിക്കും അവന്റെ മന്‍സ്സില്‍....

'സാമേ..ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ ഇപ്പോള്‍ നിനക്ക്‌ സത്യം പറയാമോ ?'

'നീ ചോദിക്ക്‌...'

'പണ്ട്‌ നിന്നെ ഞങ്ങള്‍ ഒത്തിരി കളിയാക്കിയിട്ടുണ്ട്‌. അന്നൊക്കെ ഞങ്ങളെക്കുറിച്ച്‌ എന്തായിരുന്നു നീന്റെ മനസ്സില്‍...'

'ആദ്യം തോന്നിയിരുന്നു....അഹങ്കാരികള്‍, ഹ്ര്യദയമില്ലാത്തവര്‍, അന്യരുടെ സങ്കടം കാണാന്‍ കഴിവില്ലാത്ത ദുഷ്ടന്മാര്‍ എന്നൊക്കെ. പക്ഷേ പിന്നെ അടുത്തപ്പോള്‍ അതൊക്കെ മാറി. നിങ്ങളും നിങ്ങളുടെ സ്നേഹം നിറഞ്ഞ കൂട്ടുകെട്ടുമാണ്‌ പിന്നെയുള്ള വര്‍ഷങ്ങള്‍ എന്നെ അവിടെ തുടരാന്‍ പ്രേരിപ്പിച്ചതുതന്നെ...'

"നാളെ നീ നിന്റെ ലോകത്തേക്കും ഞാന്‍ എന്റെ ലോകത്തേക്കും പിരിയുകയാണ്‌.
ഭൂമി ഉരുണ്ടതാണെന്നാണ്‌ വയ്പ്പ്‌.
എവിടെയെങ്കിലും വച്ച്‌ കണ്ടാല്‍ എന്നെത്തിരിച്ചറിഞ്ഞ്‌
ഒരു പുഞ്ചിരി സമ്മാനിക്കാന്‍ മറക്കരുതേ."

'ഓര്‍മ്മയുണ്ടോ നിനക്കിത്‌....'

'ഇത്‌...ഇത്‌...'

'സംശയിക്കണ്ട. നീ എന്റെ ആട്ടോഗ്രാഫില്‍ എഴിതിയതാണിത്‌. ഇവിടെപ്പറയാന്‍ കാരണം എന്തെന്നാവും...പുഞ്ചിരി മാത്രമല്ല നിന്റെ വിരുന്നുകാരനും കൂടെയായിരുന്നു ഞാനിന്ന്‌. എന്താ പോരേ...?'

'പോരേ എന്ന്‌ ചോദിച്ചാല്‍ പോരാ. എന്നാലും ധാരാളം. സന്തോഷമായി...'

'എന്നാലിനി ഞാന്‍ വിടട്ടേടാ. ഈ ദിവസം ഞാന്‍ മറക്കില്ല. പ്രത്യേകിച്ച്‌ ഈ മാലഖയെ...'

'അങ്കിളിന്‌ 'റ്റാറ്റാ' പറ മോള്‌...'

'അല്ല സാമേ.. നിങ്ങളുടെ മൂന്ന്‌ പേരുടെയും കണ്ണ്‌ ഒരേ അച്ചില്‍ വാര്‍ത്തതാണോടേയ്‌... ഒരേപോലെ നനവുണ്ടല്ലോ..?'

'എന്നാല്‍ മൂന്നല്ല... നാലാക്കണം. ഇപ്പോള്‍ നിന്റെ കണ്ണിലുമുണ്ട്‌ ഇത്തിരി നനവ്‌...'

വാല്‍ : ഇന്നും ഞാനോര്‍ക്കുന്നു ആ മാലാഖക്കുഞ്ഞിന്റെ നനവുള്ള തിളങ്ങുന്ന ഒരു ജോഡി കണ്ണുകള്‍. ഒരു വട്ടം കൂടെ അത്‌ കാണണമെന്ന്‌ വല്ലാത്ത മോഹം. സാധിക്കുമോ ... അറിയില്ല.

ഞാന്‍ ചെയ്തതെന്താണെന്ന്‌ ഞാനറിഞ്ഞിരുന്നില്ല. എന്നോട്‌ പൊറുക്കേണേ... സാം.

Wednesday, February 20, 2008

ഹോം ഡെലിവറി

പുതിയ കമ്പനിയില്‍ വന്നു ചേര്‍ന്നിട്ട്‌ അധികനാളാകുന്നതിനു മുന്‍പു തന്നെ ഇങ്ങനെയൊരു ഉത്തരവാദിത്വം എന്റെ തലയില്‍ വരുമെന്നു ഞാന്‍ തീരെ വിചാരിച്ചിരുന്നില്ല.

ഓഫീസിലേക്ക്‌ വേണ്ടുന്ന പാല്‍പ്പൊടി ചായപ്പൊടി പഞ്ചസാര വെള്ളം എക്സട്രാ എക്സട്രാ... ഇത്യാധി സാധനങ്ങള്‍ സാധാരണയായി ഓര്‍ഡര്‍ ചെയ്യുന്നതും (ഗാര്‍ഡ്‌ ഹൌസില്‍ പോയിക്കിടന്നുറങ്ങുന്നതൊഴിച്ച്‌ വേറെ പണിയൊന്നുമില്ലാത്തതിനാല്‍) ചിലപ്പോള്‍ വാങ്ങി വരുന്നതും കമ്പനി ഡ്രൈവര്‍ തന്നെയാണ്‌.

ഞാന്‍ വന്ന്‌ അധികം കഴിയുന്നതിനു മുന്‍പ്‌ നമ്മുടെ ഡ്രൈവര്‍ക്കൊരു പൂതി ഒന്ന്‌ നാടും നാട്ടുകാരെയും കൂട്ടത്തില്‍ വീട്ടുകാരെയും ഒന്നു കണ്ടു വന്നാലോയെന്ന്‌. പിന്നെ താമസിപ്പിച്ചില്ല കാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടിയും കയറും ഒപ്പിച്ച്‌ അവധിയെടുത്ത്‌ നാട്ടിലേക്ക്‌ പോയി.

സൂപ്പര്‍ മാര്‍ക്കറ്റ്‌ ഞാന്‍ വീട്ടിലേക്ക്‌ പോകുന്ന വഴിക്കായതിനാല്‍, പോകുമ്പോള്‍ കടയില്‍ കയറി അടുത്ത ആഴ്ചത്തേക്ക്‌ വേണ്ടുന്ന സാധനങ്ങളുടെ ഓര്‍ഡര്‍ കൊടുക്കുകയെന്നതാണ്‌ എന്നില്‍ വന്ന അഡിഷണല്‍ ഉത്തരവാദിത്വം. അവര്‍ക്ക്‌ ഹോം ഡെലിവറിയുള്ളതിനാല്‍ സാധനങ്ങള്‍ അടുത്ത ദിവസം ഓഫീസിലെത്തും.

കാര്യം വളരെ നിസ്സാരം. പക്ഷേ എന്റെ പ്രശ്നങ്ങള്‍ ...

അറബിയായി ജനിച്ച്‌ ഊണിലും ഉറക്കത്തിലും അറബിയായി വളര്‍ന്ന ഒരു പക്കാ പാറ്റ്രിയോട്ടായ സാമാന്യത്തിലധികം തടിയുള്ള മാസം തികഞ്ഞ ഗര്‍ഭിണിയെപ്പൊലെ വയറുള്ളൊരു അറബിയാണ്‌ ഓര്‍ഡര്‍ കൌണ്ടറില്‍....

മലയാളിയായി ജനിച്ച്‌ മലയാളിയായി വളര്‍ന്ന്‌ മലയാളവും ഇത്തിരി ആങ്കലേയവും കൈവിരലില്‍ എണ്ണിയാല്‍ തീരുന്ന കുറച്ച്‌ അറബി വാക്കുകളും കൈമുതലായുള്ള ഞാന്‍ ഇതൊക്കെ പറഞ്ഞൊപ്പിക്കുന്ന കാര്യം ചെറുതൊന്നുമല്ല. ഇതൊക്കെ പറഞ്ഞയക്കുന്നവരുണ്ടൊ അറിയുന്നു.

സാധനങ്ങളുടെ പേരിന്‌ വലിയ ട്രാന്‍സ്ലേഷന്‍ വേണ്ടാത്തതിനാല്‍ ഒരു വിധത്തില്‍ ഓര്‍ഡര്‍ ചെയ്ത്‌ ഒപ്പിച്ചു. ഇവിടം കൊണ്ട്‌ തീര്‍ന്നില്ലല്ലോ, വാങ്ങിയ സാധനങ്ങള്‍ ഇവിടെത്തന്നെയിരുന്നാല്‍ പോരല്ലോ... ഓഫീസിലെത്തണ്ടേ...

മുമ്പ്‌ ആശുപതിരിയില്‍ കുറച്ചുകാലം പണിയെടുത്ത പ്രവര്‍ത്തിപരിചയം പെട്ടെന്നാണ്‌ തുണക്കെത്തിയത്‌. ഇനിയെന്തിന്‌ അമാന്തിക്കണം...

"സദീക്‌... ഇന്ത ഫീ ഉലാദ ?" (ചങ്ങാതീ... നിങ്ങള്‍ക്ക്‌ ഹോം ഡെലിവറി ഉണ്ടല്ലോ അല്ലേ ?) ഇതാണ്‌ ഞാന്‍ ഉദ്ധേശിച്ചത്‌.

ഷെല്‍ഫില്‍ വച്ചിരുന്ന കരടി പാവയുടേതടക്കം കടയിലുണ്ടായിരുന്ന എല്ലാപേരുടേയും നോട്ടം എന്നിലും കൌണ്ടറിലെ തടിയനിലും. മാലപ്പടക്കത്തിന്‌ തീ കൊടുത്തപോലെ അതൊരു പൊട്ടിച്ചിരിയാകാന്‍ അധികം സമയമെടുത്തില്ല.

സ്വതവേ വെളുത്തുതുടുത്ത തടിയന്റെ നിറം ക്രമേണ ചുവന്നു വരുന്നതും എന്റെ ശ്രദ്ധയില്‍പ്പെട്ടു. 'കോപം കൊണ്ട്‌ ചുവന്നു' എന്നൊക്കെ ഞാന്‍ കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അതിതാണെന്ന്‌ മനസ്സിലായത്‌ എന്നെ നോക്കി അയാളെന്തോ അലറിയപ്പോഴാണ്‌. അയാളുടെ വലതു കൈ ചൂണ്ടിയിരുന്നത്‌ പുറത്തുപോകാനുള്ള വാതിലിനു നേര്‍ക്കായതിനാല്‍ 'ഗെറ്റൌട്ട്‌ യൂ വിവരധോഷി' എന്നായിരിക്കാം അയാള്‍ പറയുന്നതെന്ന്‌ വെറുതേ ഞാന്‍ ഊഹിച്ചു.

വന്ന കാര്യം കഴിഞ്ഞല്ലോ. ഇനി അവിടെ നിന്നിട്ട്‌ കാര്യമില്ലല്ലോ എന്നുള്ളതുകൊണ്ട്‌ ഞാന്‍ തിരിച്ച്‌ പോന്നു. അല്ലാതെ അവന്‍ പറഞ്ഞതുകൊണ്ടോ, അവന്‍ ഇറങ്ങി വന്നു ആ കൈയ്യൊന്ന്‌ പൊന്തിച്ച്‌ എന്റെ പുറത്തേക്കിട്ടാല്‍ ഞാന്‍ പാണ്ടി ലോറിയില്‍ നിന്ന്‌ നടുറോഡില്‍ വീണ തണ്ണിമത്തന്‍ പോലെയാകും എന്നുള്ളതുകൊണ്ടോ അല്ല.

അവനൊരു സംഘര്‍ഷാവസ്ത ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാവും നേര്‌. ഞാന്‍ പിന്നെ പണ്ടേ ആ ടൈപ്പല്ലാത്തതുകൊണ്ട്‌ രംഗം എത്രയും പെട്ടെന്ന്‌ ക്ലിയറാക്കിക്കൊടുത്തൂ.

പക്ഷേ വീട്ടിലെത്തിയിട്ടും അവിടെയുള്ളവര്‍ ചിരിച്ചതിനും തടിയന്‍ ചൂടായതിനും ഒരു കാരണം കണ്ടുപിടിക്കാന്‍ എത്ര ആലോചിച്ചിട്ടും പറ്റിയില്ല.

ഇനിയിപ്പോള്‍ ഞാന്‍ പറഞ്ഞതു വല്ല തെറിയോ വഷളത്തരമോ മറ്റോ ആണോ? എന്തായാലും ഇനി സൂക്ഷിക്കണം.

സംശയനിവാരണം വരുത്തുകയെന്നുള്ളത്‌ എന്റെ ആവശ്യമായതിനാല്‍ അടുത്ത ദിവസം ഓഫീസ്സിലെത്തിയപാടെ, അത്യാവശ്യം ഇത്തിരി ഇങ്ക്ലീഷ്‌ വശമുള്ള അറബി സഹപ്രവര്‍ത്തകനെ വിളിച്ചു ചോദിച്ചു...

'ചങ്ങാതി... ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നൊക്കെ വീടുകളിലേക്കും ഓഫീസ്സുകളിലേക്കുമൊക്കെ ഹോം ഡെലിവറി ചെയ്യാറില്ലേ, അതിന്‌ അറബിയില്‍ എന്താ പറയുക?'

'അതിന്‌, "തൌസീല്‍ ലില്‍ മനാസില്‍" എന്നു പറയും. ഫ്രീ ഡെലിവറിയാണെങ്കില്‍ അതിന്റെ കൂടെ "മജ്ജാനന്‍" എന്നുകൂടെ ചേര്‍ത്താല്‍ മതി. ആട്ടെ എന്താ ഈ രാവിലെ ഹോം ഡെലിവറി റിക്വസ്റ്റ്‌ ചെയ്യാന്‍ പോകുന്നത്‌ ?'

തീറ്റ മെയിന്‍ പണിയും ഒഫിഷ്യല്‍ പണികള്‍ പാര്‍ടൈമായിട്ടും ചെയ്യുന്ന അവനങ്ങനെ ചോദിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എന്തെങ്കിലും തിന്നാനുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകും എന്ന്‌ വിചാരിച്ചാകും ചോദ്യം.

അവന്റെ സംശയം സ്വാഭാവീകം അതിലുപരി ന്യായം. രാവിലെ വന്നപാടെ ചോദിച്ച്‌ നിവാരണം ചെയ്യേണ്ട എമര്‍ജന്‍സി സംശയമൊന്നുമല്ല അത്‌.

അവന്റെ ചോദ്യം കേട്ടെങ്കിലും, മനസ്സില്‍ ഇന്നലത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ രംഗങ്ങള്‍ റിവൈന്‍ഡ്‌ ചെയ്യുകയായിരുന്നൂ ഞാന്‍... സീന്‍ ബൈ സീന്‍ ... വേര്‍ഡ്‌ ബൈ വേര്‍ഡ്‌...

ഇവന്‍ പറഞ്ഞതിലൊരിടത്തും ഞാന്‍ പറഞ്ഞ വാക്കുകളോ വന്നില്ല പോട്ടെ... അതിന്റെ അയലത്തുകൂടെ പോകുന്ന വിപരീതപദം പോലും വന്നില്ലല്ലോ... എന്റെ പള്ളീീീ.

കാര്യം കൈവിട്ടുപോയല്ലോ കര്‍ത്താവേ. വെറുതേയല്ല അവന്‍ ചൂടായത്‌.

ഇനിയിപ്പോള്‍ ഞാന്‍ ചോദിച്ചതിന്റെ അര്‍ത്ഥം അറിഞ്ഞില്ലെങ്കില്‍ രാവിലെതന്നെ ആംബുലന്‍സുകാരന്‌ പണിയാകും എന്ന കാര്യത്തില്‍ ഞാനൊരു 50:50 ചാന്‍സ്‌ കണ്ടു.

വരുന്നതു വരട്ടെ... എന്തായാലും ഇവനോടു തന്നെ ചോദിക്കാം...

'അല്ലിഷ്ടാ, അപ്പോ ഈ... ഉ..ഉലാ.. ഉലാദ എന്ന്‌ വച്ചാല്‍ എന്താ ?'

'ഓ.. അതോ.. അതും ഡെലിവറി തന്നെ. പക്ഷേ സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടില്ല. മാസം തികഞ്ഞു നില്‍ക്കുന്ന സ്ത്രീകളാണ്‌ ആ ഡെലിവറി ചെയ്യുക. '

അങ്ങനെ വരട്ടെ... ഇപ്പോളെനിക്ക്‌ കാര്യങ്ങള്‍ പിടികിട്ടി.

'ചങ്ങാതീ... നിനക്കുടനേ പ്രസവമുണ്ടോ ?' എന്നോ 'നീയെന്താ പ്രസവിക്കാന്‍ പോവുകയാണോ ?' എന്നോ 'നീ ഗര്‍ഭണന്‍ ആണോ ?' എന്നോ മറ്റോ ആയിരിക്കണം ആ പാവം ചിന്തിച്ചിട്ടുണ്ടാവുക.

എല്ലാപേരും തന്നെ നോക്കി ചിരിച്ചപ്പോള്‍ അയാള്‍ക്ക്‌ ദേഷ്യം വന്നതില്‍ ഒരു തെറ്റുമില്ല... സ്വാഭാവീകം.

കാര്യം മനസ്സിലായപ്പോള്‍ അയാളോടെനിക്കും ദേഷ്യം ഒന്നും തോന്നിയില്ല.

വാല്‍ : അതിനു ശേഷം ഇന്നു വരെ 'ഉലാദ' ഉപയോഗിച്ചിട്ടേയില്ല. ഉപയോഗിക്കേണ്ട ആവശ്യം വന്നിട്ടില്ലന്നേയ്‌. നമ്മളെന്തിനാ ആവശ്യമില്ലാതെ ഓരോരോ (അര്‍ത്ഥമറിഞ്ഞുകൂടാത്ത) വാക്കുകളുപയോഗിക്കുന്നത്‌. അല്ലെങ്കില്‍ തന്നെ അതൊരു നല്ല ശീലമല്ല.

Sunday, January 20, 2008

ഒരു കണിയുടെ ഓര്‍മ്മ


"...എല്ലാപേരും എന്റെ സഹോദരീ സഹോദരന്മാരാണ്‌..."

സ്കൂളിലെ സത്യപ്രതിഞ്ജ, എന്നെ സമ്പത്തിച്ചിടത്തോളം ഒരു പരിധിവരെ ശരിയാണ്‌.

എണ്ണത്തില്‍ ഞാനും സാക്ഷാല്‍ ശ്രീക്ര്യഷ്ണനും കട്ടക്ക്‌ കട്ടക്ക്‌ നില്‍ക്കും. ഒറ്റ വ്യത്യാസം മാത്രം, ഭഗവാന്‌ ഭാര്യമാരും ഈയുള്ളവന്‌ സഹോദരിമാരും.

ഇതുകേട്ടാല്‍ത്തോന്നും സഹോദരന്മാര്‍ കുറവെന്ന്‌. (അതു വെറും തോന്നല്‍ മാത്രം).

ആണ്‍തരിയുള്ളവര്‍ പെണ്‍തരിക്കുവേണ്ടിയും പെണ്‍തരിയുള്ളവര്‍ ആണ്‍തരിക്കുവേണ്ടിയും ജാതിമതഭേതമന്യേ കണ്ണില്‍ കാണുന്ന എല്ലാ ദൈവങ്ങള്‍ക്കും നേര്‍ച്ചയും വഴിപാടും നേര്‍ന്നു. ദൈവങ്ങളാണെകിലും അവര്‍ക്കും വേണ്ടേ കുറച്ച്‌ വിശ്രമവും സമാധാനവും. എല്ലാപേരും ഒരുമിച്ചങ്ങനുഗ്രഹിച്ചു. (ഇവരെക്കൊണ്ട്‌ സഹികെട്ടിട്ടാണെന്ന്‌ തോന്നുന്നു)

അനുഗ്രഹിച്ചനുഗ്രഹിച്ച്‌, കൗരവര്‍ക്കൊപ്പം എത്തിയില്ലെങ്കിലും ഏതാണ്ട്‌ അതിനടുത്തുവരെയൊക്കെ എത്തി. വിചാരിച്ചതുപോലെയല്ല അഫ്റ്റര്‍ എഫക്‌റ്റ്‌സ്‌ എന്ന്‌ പിന്നെയാണ്‌ മനസിലായത്‌ (ആയിടക്ക്‌ പുതിയ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചു എന്നൊരു കേട്ടറിവ്‌ കൂടെയുണ്ട്‌). വാട്ടെവര്‍, എല്ലാപേരും അതോടെ വഴിപാടുകള്‍ നിര്‍ത്തുകയും പഴയ നേര്‍ച്ചകള്‍ 'റീക്കാള്‍' ചെയ്യാനും തുടങ്ങി. (ഒന്നു രണ്ടു റീക്കാളുകള്‍ക്ക്‌ ഫെയിലായിരുന്നു റെസല്‍റ്റ്‌).

സോഫി, എത്രകൊണ്ടാലും പിണക്കിയാലും അതിന്റെയൊന്നും യാതൊരു പിണക്കവും പരിഭവവുമില്ലാതെ ഞങ്ങളുടെകൂടെ വീണ്ടും കളിക്കാന്‍ കൂടുന്ന, ഞങ്ങള്‍ അലമ്പന്മാരുടെ എല്ലാപേരുടെയും അനിയത്തി... എന്റെ കുഞ്ഞമ്മയുടെ ഇളയ സന്താനം.

പത്തു പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ ...

സോഫിക്ക്‌ രാവിലെ ചായ കിട്ടിയില്ലെങ്കിലും വേണ്ടില്ല, കിടക്കപ്പായില്‍ നിന്നെണീറ്റയുടനെയുള്ള കണി നല്ലതായിരിക്കണം എന്നത്‌ നിര്‍ബന്ധമുള്ള കാര്യമാണ്‌.

ആ കണിയാണത്രെ അന്നത്തെ ദിവസം മുഴുവനുള്ള നല്ലതും ചീത്തയുമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ എന്നാണ്‌ വിശ്വാസം. ...പാവം... അവളുടെ വിശ്വാസം അവളെ രക്ഷിക്കട്ടെ.

ഉമ്മ വെള്ളം കോരാന്‍ പറയാതിരുക്കുക, വീടും മുറ്റവും തൂക്കാന്‍ പറയാതിരിക്കുക, ഉമ്മാടെ കയ്യില്‍ നിന്ന്‌ വല്ലതും പാരിതോഷികമായി കിട്ടാതിരിക്കിക, വൈകിട്ട്‌ ന്യൂ ഹിറ്റ്‌സില്‍ വിജയുടെ പാട്ടിടുക എന്നിവയെക്കൂടാതെ, സാറിന്റെ കയ്യില്‍ നിന്ന്‌ അടി കിട്ടേണ്ടത്‌ കിട്ടാതിരിക്കുക, ടെസ്റ്റ്‌ പേപ്പറില്‍ തോല്‍ക്കാതിരിക്കുക, സൈക്കിളില്‍ നിന്ന്‌ വീഴാതിരിക്കുക ഇങ്ങനെ ഒരുപാട്‌ കാര്യങ്ങല്‍ ഓവര്‍കം ചെയ്യാന്‍വേണ്ടിയാണ്‌ പാവം കണി നന്നാക്കുന്ന കാര്യത്തില്‍ ഇത്രയും സ്റ്റ്രിക്റ്റ്‌.

ഇതിലേതെങ്കിലും തെറ്റിയാല്‍ അന്നു മുഴുവനും അവള്‍ കണ്ട കണിക്കാവും കുറ്റം. അല്ലാതെ തന്റെ കയ്യിലിരുപ്പിനെ ഒരിക്കലും അവള്‍ പഴിച്ചിരുന്നില്ല.

ഉച്ചക്ക്‌ തോരന്‍ വയ്ക്കാന്‍ മുരിങ്ങയില അടര്‍ത്തിയിടാന്‍ പറഞ്ഞിട്ട്‌, ഇലയും അടര്‍ത്തിയിടാന്‍ പേപ്പറുമായി ഉമ്മറത്തേക്ക്‌ പോയവളെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാതെ അന്വേഷിച്ച്‌ ചെന്ന കുഞ്ഞമ്മ കണ്ടത്‌ ഇലയൊക്കെ ഒരുവശത്തേക്ക്‌ മാറ്റിവച്ച്‌ കൊണ്ടുപോയ പേപ്പറിലെ വിജയുടെ പുതിയ സിനിമാപ്പരസ്യവും നോക്കിയിരുന്ന്‌ സ്വപ്നം കാണുന്ന കുലവിളക്കിനെ...

'സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ' എന്ന അവസ്തയിലായ കുഞ്ഞമ്മ കാതില്‍ ഇത്തിരിനേരം സ്നേഹം പ്രകടിപ്പിച്ചതിന്റെകൂടെ ബോണസ്സായിട്ട്‌ തലക്കിട്ട്‌ ഒരു തോണ്ടും അപ്പോത്തന്നെ കൊടുത്തു.

ഇതൊന്നും അവള്‍ക്കൊരു വിഷയമല്ല... കൊള്ളുക പിന്നേയും കൊള്ളുക (ടേക്‌ ആന്‍ഡ്‌ ടേക്‌) അതാണ്‌ ഇവളുടെ ഒരു നയം.

അതിനും അവള്‍ക്ക്‌ കാരണമുണ്ടായിരുന്നു.
"ഇന്ന്‌ ഞാന്‍ ആനയെയാണ്‌ കണ്ടത്‌. ഇന്ന്‌ കണ്ട കണി ശരിയല്ല. നാളെയേതായാലും ആനയെക്കാണണ്ടാ."

ടൂര്‍ പോയപ്പോള്‍ വങ്ങിക്കൊണ്ടുവന്ന രണ്ട്‌ പോസ്റ്ററുകള്‍ അവളുടെ മുറിയില്‍ ഒട്ടിച്ചുവച്ചിട്ടുണ്ട്‌. ഒരു ആനയും പിന്നെ ഒരു 'വിജയും'. അതിലുള്ള ആനയാണ്‌ ഇന്നത്തെ കഥാപാത്രം.

6-ം ക്ലാസ്സിലാണ്‌ പഠിക്കുന്നതെങ്കിലും മുടിഞ്ഞ 'വിജയ്‌' ഫാനാണ്‌. അതുകൊണ്ട്‌ ചില ഗുണങ്ങളുണ്ട്‌. 'തിരൈമലര്‍' വായിച്ച്‌ വായിച്ച്‌ അവളുടെ തമിഴ്‌ വല്ലാതങ്ങ്‌ ഇമ്പ്രൂവായി. ആഴ്ചതോറും വിജയുടെ പടമുള്ള പുതിയ പേപ്പര്‍ കൊണ്ട്‌ പൊതിഞ്ഞ്‌ പൊതിഞ്ഞ്‌ ബുക്കുകളും ടെസ്റ്റുകളും തടിച്ച്‌ ഡിക്‌ഷ്ണറിയുടെ വലിപ്പമെത്തിയെങ്കിലും, എപ്പോഴും പുതിയതുപോലെ മെയിന്റൈന്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നു.

ഇവളിങ്ങനെപോയാല്‍ ഇനി വിജയെ 'അളിയാ' എന്ന്‌ വിളികേണ്ടിവരുമോയെന്നുവരെ ഞങ്ങള്‍ അങ്ങളമാര്‍ പേടിച്ചു.

രാവിലെ കുഞ്ഞമ്മ ഉണര്‍ന്ന്‌ ചായയൊക്കെ കാച്ചിയതിന്‌ ശേഷമേ പിള്ളേരെ വിളിക്കാറുള്ളൂ. എന്നാലും ഇവളെ വിളിച്ചാല്‍ എണീക്കാന്‍ കുറച്ചൊന്നുമല്ല മടി. അഥവാ എണീറ്റാല്‍ത്തന്നെ വിളിച്ചയാളെയും പരിസരവുമൊക്കെ കണ്ണുതുറുപ്പിച്ച്‌ ആദ്യമായിട്ട്‌ കാണുന്നതുപോലെ നോക്കും. കൂടാതെ 'മുറ്റത്ത്‌ മുള്ളിയാല്‍ മണക്കില്ല', 'മുതല്‍വനുക്കു വണക്കം', 'നാന്‍ ഒരു തടവൈ സൊന്നാല്‍ നൂറു തടവൈ സൊന്നമാതിരി', ഇത്യാദി 'അശ്വമേധ'ത്തിലെപ്പോലെ പരസ്പര ബന്ധമില്ലാത്ത രണ്ട്‌ ഡയലോഗും.

ശരിക്ക്‌ പറഞ്ഞാല്‍, വിശേഷദിവസങ്ങളില്‍ കള്ളവാറ്റടിച്ച്‌ വാളും പരിചയുമായി മധോന്മത്തനായി ഓടയില്‍ കിടക്കുന്നവനെ നാട്ടുകാരോ കൂട്ടുകാരോ വന്ന്‌ വിളിച്ചാല്‍ പകുതി ബോധത്തില്‍ കാട്ടിക്കുട്ടുന്ന പരാക്രമങ്ങളും പിച്ചുംപേയും പറച്ചിലുമില്ലേ.. ഏതാണ്ട്‌ അതുപോലെ. ഒറ്റ വ്യത്യാസം മാത്രം ഇത്‌ 'മധോന്മത്തി'

കുഞ്ഞമ്മക്ക്‌ ഇതു കാണുന്നതെ ബുഷ്‌ ബിന്‍ലാദനെക്കാണുന്ന പോലെയാണ്‌. എന്നാലും ...

"നിന്നോട്‌ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്‌ വിളിച്ചെണീപ്പിക്കുമ്പോള്‍ ഇങ്ങനെ പരാക്രമം കാണിക്കരുതെന്ന്‌. ഇങ്ങനെ പരിസരം മറന്ന്‌ കിടന്നുറങ്ങരുതെന്ന്‌. പെണ്‍കുട്ടിയാണ്‌ നാളെ വേറെയേതെങ്കിലും വീട്ടില്‍ പോയി ജീവിക്കാനുള്ളതാണ്‌." ഇത്യാദി ഉപദേശങ്ങളും

"ഇനിയിങ്ങനെ കാണിച്ചാല്‍ നിന്റെ കണ്ണിലിട്ട്‌ കുത്തിത്തരും ഞാന്‍" ഇത്യാദി വിരട്ടലുകളുമൊക്കെയായി കഴിവതും കിടക്കപ്പായിലിട്ടുതന്നെ സ്നേഹപ്രകടനങ്ങള്‍ കൊണ്ട്‌ വീര്‍പ്പുമുട്ടിക്കാതെ (കൈവക്കാതെയെന്നും പറയും) ഉണര്‍ത്തിക്കലാണ്‌ പതിവ്‌.

ഇതാണ്‌ ദിനചര്യ.

അന്നു രാത്രി സോഫി, വളരെനേരത്തെ ആലോചനക്കും കൂട്ടലിനും കിഴിക്കലിനും ഹരിക്കലിനുമൊടുവില്‍ ഒരു ഉറച്ച തീരുമാനമെടുത്തു.

'നാളെ മുതല്‍ എന്തു വന്നാലും ആനയെ കണികാണില്ല. പകരം വിജയെ കാണാം.'

അനന്തിരഭലമായി, യുദ്ധകാലാടിസ്ഥാനത്തില്‍ ആനയുടെയും വിജയുടെയും പോസ്റ്ററുകള്‍ മാറ്റി പതിഷ്ടിച്ചു. ഇനി രാവിലെ എണീക്കുന്നത്‌ വിജയെ കണ്ടുകൊണ്ടയിരിക്കും.

ഉറക്കത്തില്‍ കുച്ചിപ്പുടിയും ഭരതനാട്ട്യവും എന്തിന്‌ ഒരു കലോല്‍സവം തന്നെ നടത്തി, സ്വപ്നലോകത്ത്‌ അര്‍മാതിച്ചു നടന്ന സോഫി കലോല്‍സവം കഴിഞ്ഞുള്ള വെടിക്കെട്ടിന്‌ രാവിലെയാണ്‌ സമയം കുറിച്ചിരിക്കുന്നതെന്നറിഞ്ഞില്ല.

നേരം വെളുത്തു. പതിവുപോലെ വിളിച്ചുണര്‍ത്താന്‍ വന്ന കുഞ്ഞമ്മയോടായി കുഞ്ഞാടിന്റെ കണ്ണുതുറക്കാതെയുള്ള അഭ്യര്‍ത്ഥന...

'ഉമ്മാ.. എന്നെ വിജയുടെ മുഖത്തിനുനേരെ പിടിച്ച്‌ തിരിച്ചു നിര്‍ത്ത്‌'

മോങ്ങാനിരുന്ന മൂങ്ങയുടെ തലയില്‍ മാങ്ങ വീണൂന്ന്‌ പറഞ്ഞാമതിയല്ലോ...

അല്ലറചില്ലറ പൊട്ടലും ചീറ്റലും മുറുമുക്കലിനും ശേഷം കുഞ്ഞമ്മ മുറിയില്‍നിന്ന്‌ പുറത്ത്‌ വന്നപ്പോള്‍, പോകുമ്പോള്‍ കയ്യിലുണ്ടായിരുന്ന തവിയുടെ പകുതിയേ ഉണ്ടായിരുന്നുള്ളൂ.

പുറകേ മുറുമുറുത്തുകൊണ്ട്‌ സോഫിയും 'ഇത്രയും കാലം എഴുന്നേറ്റ്‌ കുറേക്കഴിഞ്ഞേ ഇതൊക്കെ കിട്ടിയിരുന്നുള്ളൂ. ഇന്ന്‌ വിജയെക്കാണാമെന്നു വിചാരിച്ചതേയുള്ളൂ, കിടക്കപ്പായില്‍നിന്നുതന്നെ തൂടങ്ങി.'

വിജയെ കണികണ്ട സന്തോഷംകൊണ്ടാണോന്നറിയില്ല അതു പറയുമ്പോള്‍ അവള്‍ കരയുന്നുണ്ടായിരുന്നു.

വാല്‍ : ഇപ്പോള്‍ കണിക്ക്‌ വലിയ പ്രാധാന്യം കൊടുക്കാറില്ലെന്നാണ്‌ കേള്‍വി.
കഴിഞ്ഞ മാസം അവളുടെ ഒന്നാം വിവാഹവാര്‍ഷികമായിരുന്നു.
(എന്തായാലും വിജയെ ആളിയായെന്ന്‌ വിളിക്കേണ്ടി വന്നില്ല).
Related Posts Plugin for WordPress, Blogger...

Popular Posts