
ഹല്ലോ...,
ഈ കത്ത് കിട്ടുമ്പോള്‍ നീ ഞെട്ടും. നീ ഞെട്ടുന്നതും ഞെട്ടിപ്പൊട്ടുന്നതും ഞാന്‍ മനസ്സില്‍ കാണുന്നു.
എന്നെ മനസ്സിലായോ ??? എവടെ അല്ലേ ???
ഇത് ഞാനാ... നിന്റെ അമ്മാവന്റെ അനിയത്തിയുടെ ഭര്‍ത്താവിന്റെ വകയിലുള്ള മകളുടെ ചെറിയച്ഛന്റെ രണ്ടാകെട്ടിലെ ഭാര്യയുടെ രണ്ടാമത്തെ മകന്റെ വലിയച്ഛന്റെ അനന്തിരവന്റെ മൂത്തമകന്റെ ഭാര്യയുടെ അനിയത്തിയുടെ ആദ്യഭര്‍ത്താവിന്റെ അമ്മയുടെ ആങ്ങളയുടെ അമ്മായിയുടെ അയലത്തെ വീട്ടിലെ പുഷ്‌ക്കൂ എന്ന് നീ വിളിക്കുന്ന പുഷ്കരന്‍.
ഇത്രേം അടുത്ത ബന്ധുവായിരിന്നിട്ടുപോലും നീ ഒരു കത്തയച്ചില്ല. എന്നെ നിന്റെ കല്ല്യാണത്തിന് ക്ഷണിച്ചതുമില്ല. എനിക്കതില്‍ പരിഭവവുമില്ല പരിപ്പുവടയുമില്ല. അതുകൊണ്ടാണ് ഒന്ന് അങ്ങോട്ടേക്ക് അയക്കാമെന്ന് വച്ചത്.
പിന്നെ, എന്തെല്ലാം ഉണ്ട് വിശേഷങ്ങള്‍ ??? ആവിടെ നിനക്ക് സുഖം ആണെന്നു വിശ്വസിക്കുന്നു. ഇവിടെ എനിക്കും സുഖം ആണെന്നു വിശ്വസിക്കുന്നു.
വെറുതേ ഇരിക്കുവാണൊ ???? അതോ പണ്ടത്തെപ്പോലെ ചുമ്മാ ഇരുന്ന് സമയം കളയുകയാണോ ? ചുമ്മാ ഇരിക്കുവാണെങ്കില്‍ മെയിന്‍ സ്വിച്ച് അണച്ചും ഓഫാക്കിയും കളിച്ചുകൂടേ നിനക്ക്.
പിന്നെ മറ്റേ കാര്യം എന്തായി ??? വല്ലോം നടക്കൊ ?? ഞാന്‍ അന്നേ പറഞ്ഞതാ ഒന്നും നടക്കില്ലാന്ന്. അതിനൊക്കെ ഒരു യോഗം വേണം. അവളെ വിശ്വസിക്കല്ലേന്നു മറ്റവന്‍ പറഞ്ഞതാ, അപ്പോള്‍ നീ കേട്ടില്ല, മാത്രമല്ല അവനെ ചീത്ത പറഞ്ഞ് പിണക്കുകയും ചെയ്തു. വല്ലപ്പോഴും പാതി കടിച്ചിട്ടാണെങ്കിലും കിട്ടിയിരുന്ന പേരയ്ക്ക കിട്ടാതായപ്പോള്‍ നിനക്ക് സമാധാനമായില്ലേ? ഇപ്പോള്‍ അനുഭവിച്ചോ.
അതു പറഞ്ഞപ്പോഴാ ഓര്‍ത്തത്, മറ്റേ റോഡ് ടാറിട്ടു കഴിഞ്ഞൊ ?? വീട്ടിലെ ആ പ്ലാവ് മുറിച്ചോ?? ടാറിംഗ് കഴിഞ്ഞപ്പോള്‍ എത്ര ചക്ക ബാക്കിയായി. പ്ലാവ് മുറിച്ചപ്പോള്‍ എത്ര ടാര്‍ കിട്ടി.
വീട്ടിലെ പശു പെറ്റോ??? ഉഗാണ്ടയിലെ അമ്മായി എങ്ങനെ?? ഇപ്പോള്‍ കറവയുണ്ടോ?? എത്ര ലിറ്റര്‍ പാല്‍ കിട്ടും?? പശുക്കുട്ടി സുഖമായി കഴിയുന്നല്ലൊ അല്ലേ? കുറുമ്പ് ഒക്കെ കാണിക്കുന്നുണ്ടോ??
അവിടെ എങ്ങനെ ചൂടാണോ അതോ വെയിലാണോ? ഇവിടെ മഴയാണെങ്കിലും ഭയങ്കര തണുപ്പാണ്. ഇവിടെ ഭയങ്കര കൊതുകാണ്. അവിടെയും അങ്ങനെ തന്നെയാണെന്നു വിചാരിക്കുന്നു..
ഇന്ന് ബൈക്കിനു കാറ്റടിക്കാന്‍ മറന്നു. ഇനി പോയി കുപ്പിയില്‍ പെട്രോള്‍ വാങ്ങിക്കണം. മായം ചേര്‍ക്കല്‍ സര്‍വ്വസാധാരണമായതിനാല്‍ കുടിച്ച് നോക്കിയേ വാങ്ങാല്‍ പറ്റൂ. നാടൊന്നും ഇപ്പോള്‍ പഴയ പോലെയല്ല. എന്തൊക്കെ നിയമങ്ങളും നൂലാമാലകളും. ഇന്നലെ ഒരു കത്തയാക്കാന്‍ ചെന്നപ്പോള്‍ അവര് പറയുന്നൂ... റേഷന്‍ കടയിലൊന്നും കത്തയക്കാന്‍ പറ്റില്ലാന്ന്. എന്താ കഥ....
മീനിനൊക്കെ ഇപ്പൊ എന്താാാ വില??? ഐസിലാ കിടക്കുന്നത് എന്നാലും തൊട്ടാല്‍ പൊള്ളും. ജാമ്പക്ക 10 എണ്ണത്തിന് 2 രൂപയാണെന്ന്. പുളിയാണെന്ന് പറഞ്ഞ് ഞാന്‍ വാങ്ങിച്ചില്ല. എന്നെ പറ്റിക്കാന്‍ നോക്കിയതാ. ഞാനാരാ മോന്‍.
നീ ഇപ്പോഴും റേഡിയോ ഒക്കെ കേക്കാറുണ്ടോ?? പണ്ട് സംസ്കൃത വാര്‍ത്ത കേള്‍ക്കാനുള്ള നിന്റെ ആക്രാന്തമാണ് ഓര്‍മ്മ വരുന്നത്. അതു കേള്‍ക്കുമ്പോള്‍ കതവിന്റെ വിജാഗിരി കരയുന്ന ശബ്ദമാണു ഓര്‍മ്മ വരുന്നെ.
നല്ല ലഡുവും പുളിശ്ശേരിയും കൂടെയങ്ങനെ കുഴച്ച് കുഴച്ച് കഴിച്ച കാലം മറന്നു. ഇപ്പോഴത്തെ ലഡുവിനൊന്നും പുളിയുമില്ല പുളിശ്ശേരിക്കാണെങ്കില്‍ ഒടുക്കത്തെ മധുരവും. പിന്നേയ്... നീ വെയില്‍ അധികം കൊള്ളണ്ടാട്ടൊ... ഒള്ള ബുദ്ധി എങ്ങാനും ആവിയായി പോയാലോ??
പുതിയ സിനിമ ഒന്നും കണ്ടില്ലലോ അല്ലേ?? എങ്ങനെ കാണാന്‍? ഷോര്‍ട്ട് സൈറ്റ് ആണെന്ന കാര്യം ഞാന്‍ മറന്നു പോയി, എന്നാലും ഇപ്പൊ പഴയ പോലെ വിക്ക് ഒന്നും ഇല്ലല്ലോ അല്ലേ?? നിന്റെ കേള്‍വിയന്ത്രം നീ ഇപ്പോഴും വയ്കാറുണ്ടോ?
എന്താണെന്നറിയില്ല ഇപ്പൊ പഴയ പോലെ ഒന്നും ഓര്‍മ്മ നിക്കുന്നില്ല. ഒരു കാര്യം ചെയ്യു, ഡോക്റ്ററിനെ ഒന്നും കാണിക്കണ്ട. നമ്മടെ പിഷാരടി വൈദ്യനെ കാണിച്ചാ മതി, അങ്ങേരാവുമ്പൊ ആഹാരം കുറച്ചേ കഴിക്കൂ.
പിന്നേയ്...നാണിത്തള്ള മരിച്ച വിവരം നീ അറിഞ്ഞുകാണുമല്ലോ. അല്ലേലും ആ തള്ളക്ക് ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ. അടുത്ത പറമ്പില്‍ നിന്ന് അടിച്ചുമാറ്റരുതെന്ന് ആയിരം പ്രാവശ്യം പറഞ്ഞിട്ടുള്ളതാ. കേട്ടില്ല... അവസാനം ചേനയാണെന്ന് കരുതി പന്നിപ്പടക്കം എടുത്തുകൊണ്ട് വന്ന് വെട്ടിമുറിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ ? പാവം തള്ള വെള്ളം കുടിച്ച് മരിക്കാനുള്ള ഭാഗ്യം ഇല്ലാതെപോയി.
ഒന്നും വിചാരിക്കല്ലേ... ഈ ഇടെയായി എല്ലാരും പറയുന്നു, എനിക്കു വട്ടാണെന്ന്... അതെന്താ??????
ഇതു തേങ്ങയല്ല മൗസ് ആണ്, ഇതു ചക്കയല്ല മോണിറ്റര്‍ ആണ്, ഇതു തബല അല്ല കീബോര്‍ഡ് ആണ്, ഏതെല്ലാം സാധനങ്ങള്‍ എന്തെല്ലാം ആണെന്നു എനിക്കു തിരിച്ചറിയാനുള്ള കഴിവുണ്ടെന്നു കാണിക്കാന്‍ മാത്രം ആണ് ഇതു പറഞ്ഞത്.
ഹൊ! വര്‍ത്തമാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല. ഗുളിക തിന്നാന്‍ സമയമയി...
ഈ കുട്ടിയിതെന്താ കാട്ടണേ... പോയി പെട്ടന്നു ഗുളിക കഴിക്കൂ കുട്ട്യേ !!! ഗുളികയ്ക്ക് കയ്പ്പ് അധികമാണെങ്കില്‍ ഭരണിയില്‍ കല്‍ക്കണ്ടം ഉപ്പിലിട്ടത് ഇരിപ്പുണ്ട്. അതിലൊന്നെടുത്ത് നെറ്റിയില്‍ പുരട്ടിക്കോളൂ...
ശരി, അപ്പൊ പിന്നെ കുറച്ചു കഴിഞ്ഞു സംസാരിക്കാം.. എന്റെ ഫ്ലൈറ്റ് വരാന്‍ ടൈം ആയി... അയ്യടാ... നേരത്തേ ചെന്നില്ലെങ്കില്‍ സീറ്റ് കിട്ടില്ല. പിന്നെ നിന്ന് പോകാനൊന്നും എന്നെക്കൊണ്ട് വയ്യ. അതുമല്ല സൈഡ് സീറ്റില്‍ കാറ്റുകൊണ്ടിരുന്നു യാത്ര ചെയ്തില്ലെങ്കില്‍ എനിക്ക് തല കറങ്ങുമെന്ന് നിനക്കറിയാമല്ലോ.
എന്ന് നിന്റെ സ്വന്തം,
പുഷ്‌കു.
വാല്‍ : എല്ലാ വിവരത്തിനും മറുപടി അയയ്ക്കുക. നിന്റെ പഴയ ഫോണ്‍ നമ്പറിലേക്കാണിത് അയക്കുന്നത്... അതുകൊണ്ട് ഈ കത്ത് കിട്ടിയില്ലെങ്കില്‍ എന്നെ വിളിച്ച് പറയാന്‍ മറക്കല്ലേ.
8 comments:
ഒന്നും വിചാരിക്കല്ലേ... ഈ ഇടെയായി എല്ലാരും പറയുന്നു, എനിക്കു വട്ടാണെന്ന്... അതെന്താ??????
വട്ട്..വട്ട് എന്നൊക്കെ പറയുന്നത് പൊട്ടും മുറിയുമല്ല, ഇതൊക്കെ തന്നെയാണ്..
തമാശകള്‍ പലതും മുമ്പ് കേട്ടിട്ടുള്ളതാണെങ്കിലും ശരിക്കും ആസ്വദിച്ചു വായിച്ചു, ആശംസകള്‍
വ്യത്യസ്തമായ ശൈലികൊണ്ട് രസിപ്പിച്ചു മാഷെ..
ആശംസകൾ
പുത്തന്‍ ശൈലി കൊള്ളാം
ഇനിയുമെഴുതുക
nice one, this time..
ആകെപ്പാടെ നന്നായി അലമ്പാക്കിയിട്ടുണ്ടലമ്പാ.
-സുല്‍
ഫസല്‍, രസികന്‍, കുമാരന്‍, രാജേഷ്, സുല്‍.... എല്ലാപേര്‍ക്കും എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു.
നന്ദി..നന്ദി..നന്ദി
മോനേ..പുഷ്കൂ..ഇന്നലെ കണ്ടപ്പൊ നിന്റെ സ്ഥിതി ഇത്രയും പുരൊഗമിച്ചെന്ന് മനസ്സിലയില്ല..ഏതയലും നിന്റെ ആഗുളിക മണി ഓർടറയി ഇമൈൽ ചെയ്യുക...പിന്നെ വിമാനത്തിൽ ചില്ലറ ചോദിച്ചു വാങ്ങാൻ മറക്കരുത്....
Post a Comment