'മോനേ, ഞാന്‍ നിന്റെ അച്ഛനാണ്. നീയിത്രയുമൊക്കെയായില്ലേ?. ഇങ്ങനെ ആള്‍ക്കാരെക്കൊണ്ട് പറയിപ്പിക്കാതെ ജീവിച്ചുക്കൂടേ നിനക്ക്."
"ഞാന്‍ ജനിച്ചതുകൊണ്ടാ ഇതിയാന്‍ അച്ഛനായതും ഇങ്ങനെ നെളിഞ്ഞ് നടക്കണതും. ഇല്ലെങ്കില്‍ ആള്‍ക്കാര് വേറെ വല്ലതും പറഞ്ഞേനേ."
ഒന്നു ഉപദേശിച്ചുനോക്കാമെന്നു കരുതി വിളിച്ച അച്ഛന്‍ ധര്‍മ്മപാലനോട് യാതൊരു ധര്‍മ്മവും നോക്കാതെയുള്ള മകന്റെ മറുപടി കേട്ട് ധര്‍മ്മന്‍ ആ കര്‍മ്മം ഉപേക്ഷിച്ചൂ എന്നു മാത്രമല്ല പറ്റിയാല്‍ മകനില്‍ നിന്ന് ഇത്തിരി ഉപദേശം സ്വീകരിക്കാം എന്ന നിലയില്‍ വരെ എത്തി.
ഇവനിതും പറയും ഇതിനപ്പുറവും പറയും ... ആളിത്തിരി എടുത്തുചാട്ടക്കാരനാണേയ്...
ഇത് ഇന്നും ഇന്നലേയും ഒന്നും തുടങ്ങിയതല്ല... ജനനം മുതല്‍ ഇങ്ങനെ തന്നെയാ. ഇവന്റെ അമ്മ ഇവനെയും വയറ്റത്തിട്ട് പ്രസവിക്കാനായി ആശുപത്രിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ ഇവന്‍ ആദ്യമായി എടുത്ത് ചാടി... അതോടെ ഡെലിവറിയും കഴിഞ്ഞു. 'ഡോര്‍ ഡെലിവറി' ആയിരുന്നു.
അതുവരെ ഈ വിഷയത്തില്‍ നോര്‍മല്‍ ഡെലിവറി, സിസേറിയന്‍ ഡെലിവറി എന്നീ ലിമിറ്റഡ് വാക്കുകള്‍ മാത്രം അറിയാമായിരുന്ന കോവില്ലൂരുകാരുടെ പദാവലിയില്‍ ഒരു വാക്കുകൂടെ സ്ഥാനം പിടിച്ചു "ഡോര്‍ ഡെലിവറി".
ഇവന്‍ ...
സുരേഷ് കുമാര്‍. ഇതാണ് അവന്റെ മാതാപിതാക്കള്‍ അവനു ചൂട്ടിയ നാമധേയം.
ദൈവം സഹായിച്ച്, മാതാപിതാക്കളുള്‍പ്പെടെ അന്നാട്ടിലാര്‍ക്കും ആ പേരു വിളിക്കാനോ വിളിക്കുന്നതു കേള്‍ക്കാനോ ഭാഗ്യമില്ലാതെപോയത് അവരുടെ കുറ്റമല്ല. മുളച്ച് മൂന്ന് ഇല വിടരുന്നതിനുമുന്‍പ് തന്നെ തന്റെ സ്വഭാവസവിശേഷത കാരണം മഹത്തായ പല അപരനാമങ്ങളും ഇവനെത്തേടിയെത്തി. എന്നാല്‍ പയ്യന് അതിന്റെ യാതൊരു ഗര്‍വ്വും ഇല്ലതാനും.
അതില്‍പ്പലതും വായില്‍ കൊള്ളാത്തവയും വായിലിട്ടാല്‍ പൊട്ടാത്തവയും, പൊള്ളുന്നവയും നിഘണ്ടുവിലില്ലാത്തതുമായ ഹൈലീ ഗ്ലോറിഫൈഡ് വാക്കുകളുടെ പിന്‍ബലത്തോടുകൂടിയവ. അച്ഛന്റെയും അമ്മയുടേയും കുടുംബത്തുള്ളവരുടെയും സുഖവിവരങ്ങള്‍ അന്വേഷിക്കുന്നവ വേറെ...
മഴ നനഞ്ഞ് തുള്ളല്‍പ്പനി വന്നാലും വേണ്ടില്ല പള്ളിക്കൂടത്തിന്റെ വരാന്തയില്‍ ഒതുങ്ങാന്‍ ഞാനില്ല, എന്നെ അതിന് കിട്ടില്ലയെന്ന് സധൈര്യം അച്ഛന്റെ മുഖത്തുനോക്കി ആക്രോശിച്ചിട്ട്, നാട്ടുകാരുടെ വൊക്കാബുലറി അഭിവ്ര്യദ്ധിപ്പെടുത്തുന്നതില്‍ ആഹ്ലാദം കണ്ടെത്തി അതിനായി അഹോരാത്രം പാടുപെടാനും, നാട്ടുകാര്‍ക്ക് അതിനുള്ള അവസരമൊരുക്കിക്കൊടുക്കാനും ഉത്തേജകമേകുന്നതിലും ശ്രദ്ധാലുവായി ജീവിക്കുന്ന മഹാനുഭാവലൂ.
അതിനവന് മതിയായ കാരണവുമുണ്ടായിരുന്നു.
മൂങ്ങക്ക് പകല്‍ കാഴ്ചയില്ലെന്നും രാത്രിയിലേ കാഴ്ചയുള്ളുവെന്നും വളരെ സീരിയസ്സായി പഠിപ്പിച്ചുകൊണ്ടിരുന്ന സാറിനോട് 'കണ്ണാടി വച്ചാലും മൂങ്ങക്ക് കണ്ണ് കാണില്ലേ' എന്ന വളരെ ജെനുവിനായ ഒരു സംശയം ചോദിച്ചതിന് ക്ലാസ്സിന് പുറത്താക്കുക അച്ഛനെ വിളിച്ചുകൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി എന്നൊക്കെപ്പറഞ്ഞാല്‍ ആര്‍ക്കായാലും ദേഷ്യം വരും. 'ഇനി നിന്റെ ക്ലാസ്സില്‍ എന്റെ പട്ടി പോയിട്ട് പട്ടിയുടെ പൂടപോലും പഠിക്കില്ലാന്ന്' മനസ്സിലും ഗുഡ്ബൈ പുറമേയും പറഞ്ഞ് പടിയിറങ്ങി.
അവനറിയില്ലല്ലോ, സ്കൂളിലെ ചേട്ടന്മാര്‍ രഹസ്യമായി സാറിനെ വിളിച്ചിരുന്ന പേരാണ് 'മൂങ്ങ' എന്ന്.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കക്ഷിയെപ്പോലൊരു കലാപ്രേമി കോവില്ലൂരില്‍ മാത്രമല്ല അടുത്ത നാല് പഞ്ചായത്തുകളില്‍ പോലുമില്ല.
ഒരു കലാപ്രേമിയായിപ്പോയതിന്റെ ഉത്തരവാദിത്വം ചില്ലറയൊന്നുമല്ല.
മുരളിയിലേയും, പത്മനാഭയിലേയും ഭദ്രയിലേയും മാറിമാറിവരുന്ന എല്ലാ സിനിമകളും രണ്ടും മൂന്നും പ്രാവശ്യം കണ്ട് ഹ്ര്യദിസ്ഥമാക്കണം അതിന്റെയൊക്കെ ശബ്ദരേഖ, പാട്ടുകാസറ്റ് വിത്ത് ലിറിക്സ് (പാട്ടുപുസ്തകം) അടക്കം വാങ്ങിക്കണം. വീട്ടില്‍ വന്നയുടനെ തന്റെ കാര്‍സ്റ്റീരിയോയില്‍ ഇവയൊക്കെ പരമാവധി ഉച്ചത്തില്‍ നാലുപേരെ കേള്‍പ്പിക്കണം. (ആ പരിസരത്തുള്ള ആര്‍ക്കും സ്വന്തം വീട്ടില്‍ ഒരു റേഡിയോ ഇല്ലെന്നുള്ള കുറവനുഭവപ്പെട്ടിട്ടേയില്ല. അനുഭവപ്പെടാന്‍ പ്രേമി സമ്മതിച്ചിരുന്നില്ല.)
എല്ലാം കലയോടുള്ള അടങ്ങാത്ത പ്രേമം കാരണം.
സിനിമയിലെ പഞ്ച് ഡയലോഗുകള്‍ ശബ്ദരേഖക്കൊപ്പം കണ്ണാടിയുടെ മുന്നില്‍ നിന്ന് പറഞ്ഞ് സംത്ര്യപ്തി വരുത്തുക, പാട്ടുകള്‍ പലതും പിന്നണിഗായകരോടൊപ്പം പാടുക എന്നിങ്ങനെ ചില്ലറ വീക്‌നെസ്സുകള്‍ ഉണ്ടെങ്കിലും ഇവന് കലയെന്നാല്‍ ജീവനാണ്. (ഒരിക്കല്‍ യേശുദാസിനൊപ്പം പാടിക്കൊണ്ടിരിന്നപ്പോള്‍ കറന്റ് പോയതും, വവ്വാല്‍ കുടുംബസമേതം കരയുന്നപോലൊരു ശബ്ദം കേട്ട് അവന്റമ്മ വടിയുമായി ഓടിവന്നതും അധികമാരും മറന്നിരിക്കാന്‍ വഴിയില്ല.)
കലയോടുള്ള അഭിനിവേശം കാരണം, അച്ഛന്റെ കീശയില്‍ നിന്ന് അടിച്ചുമാറ്റിയും അമ്മയോട് മര്യാദക്ക് ചോദിച്ച് കിട്ടിയില്ലെങ്കില്‍ ചട്ടിയും കലവും എറിഞ്ഞുടച്ച് പ്രതിഷേധിച്ചും, ഭീഷണി മുഴക്കിയും അടുത്ത റബ്ബര്‍ തോട്ടത്തിലെ വള്ളിക്കറ മോഷ്ടിച്ച് വിറ്റും അതിനുള്ള വക കണ്ടെത്തിയിരുന്നു.
എന്തു ചെയ്യാം ഒരു പാവം കലാപ്രേമിയായിപ്പോയില്ലേ, അതും കോവില്ലൂരില്‍ത്തന്നെ ജനിച്ചുപോയില്ലേ. അബ്ബയും ബോണിയെമ്മും മുതല്‍ തകരപ്പാട്ടയിലടിക്കുന്ന ശബ്ദം വരെ ആസ്വദിക്കുന്ന ഒരു ഹ്ര്യദയമുണ്ടായിപ്പോയില്ലേ. നിവ്ര്യത്തികേടുകൊണ്ട് മുരളിയിലും പത്മനാഭയിലും ഓടിനടന്ന് സിനിമകള്‍ കാണുമ്പോഴും മനസ്സ് ഹോളീവുഡിലായിപ്പോയത് ഒരു കുറ്റമല്ലല്ലോ.
എല്ലാം കലയോടുള്ള അടങ്ങാത്ത പ്രേമം കാരണം.
കലയില്ലാത്തൊരു ദിവസം, കലയില്ലാത്തോരു ജീവിതം ഇവനെ സംബന്ധിച്ചിടത്തോളം കുഴിയില്ലാത്ത കേരളത്തിലെ റോഡുകളേപ്പോലെ ഖദറില്ലാത്ത രാഷ്ട്രീയക്കാരനെപ്പോലെ ളോഹയില്ലാത്ത പള്ളീലച്ഛനെപ്പോലെ അപൂര്‍ണ്ണമായിരുന്നു.
പക്ഷേ, കലക്കങ്ങനെയൊന്നുമില്ല കേട്ടോ... പ്രത്യേകിച്ച് 'പോനാല്‍ പോകട്ടും പോടാ', 'ഇന്നു നീ നാളെ അവന്‍' എന്നീ ടേക് ഇറ്റ് ഈസീ പോളിസികളില്‍ ജന്മനാ മെംബര്‍ത്വം (അംഗത്വം എന്ന് ഹിന്ദിയില്‍ പറയും) ഉള്ളതുകൊണ്ട്.
കലയെന്ന് വച്ചാല്‍ ഇവന് ജീവനാണ്. അവള്‍ക്കങ്ങനെയൊന്നുമില്ലെങ്കിലും അങ്ങനെയാണെന്ന് ഭാവിച്ചു. ഇവന്‍ വാങ്ങിക്കൊണ്ടുവരുന്ന നാനയോടും ചിത്രഭൂമിയോടുമൊക്കെയാണ് അവള്‍ക്ക് കൂടുതലിഷ്ടം.
പയ്യന്റെ കയ്യിലിരിപ്പും പരക്കെയുള്ള സല്‍പ്പേരും കാരണം ആരും കാണാതെ വേലിക്കരികില്‍ നിന്ന് നാനയും പകരം അവളൊരു കുഴഞ്ഞ ചിരിയും കൈമാറി വന്നു.
ഇവളാണ് കല ...
കല എന്ന ശശികല. അന്നന്നത്തെ അഷ്ടിക്ക് കഷ്ടപ്പെടുന്ന ഗോപാലന്‍ ചേട്ടനെന്ന കൂലിപ്പണിക്കരന്റെയും, ഗോപാലന്റെ തുച്ഛമായ വരുമാനത്തില്‍ ജിവിതം കരക്കടുപ്പിക്കാന്‍ പെടാപ്പാടുപെടുന്ന കൗസല്യ ചേച്ചിയുടേയും മൂന്നുമക്കളില്‍ 'ഒടുക്കത്തവള്‍'.
കോവില്ലൂരിലെ താരം. കൊവില്ലൂരിന്റെ രോമഞ്ചകഞ്ചുകകുഞ്ചിത....(എന്നെക്കൊണ്ടു ഞാന്‍ തോറ്റു. വിവരിക്കാന്‍ വാക്കു കിട്ടുന്നില്ലന്നേയ്.)
കല ഊണും ഉറക്കവുമില്ലാതെ മനഃപാഠമാക്കിയ നാനയിലേയും ചിത്രഭൂമിയിലേയും ഉപന്യാസങ്ങളും പദ്യങ്ങളും ചേരുമ്പടിചേര്‍ക്കുകയുമൊന്നും ചോദ്യപ്പേപ്പറില്‍ ഇല്ലാതിരുന്നതിനാല്‍ (അതോ ലക്കം മാറിപ്പോയതോ) രോമഞ്ചകഞ്ചുകം 10-ംതരം ഒരുതരത്തില്‍ പൊട്ടി വീട്ടിലിരുപ്പായി.
രണ്ടു ദിവസം നിലവിളിയും കണ്ണീരുമൊക്കെയായിട്ട് 'റിയാലിറ്റിഷോയിലെ എലിമിനേഷന്‍ റൗണ്ട്'പോലെ ശോകമൂഖമായിരുന്ന അന്തരീക്ഷം.
അന്നു കോവില്ലൂരിന്റെ ചരിത്രത്തില്‍ ആദ്യമായി പരീക്ഷ തോറ്റതിന്, ആസ്താന വായിനോക്കികളുടെ വക മധുരസല്‍ക്കാരവും അതിനോടനുബന്ധിച്ച് സ്പെഷ്യല്‍ വായിനോട്ടവുമുണ്ടായിരുന്നു.
എല്ലാ അമച്ച്വര്‍ പ്രേമവും പോലെ സുരേഷിന്റെ ഒണ്‍വേ കാതലിനേയും ഗോപാലന്‍ കാതില്‍ തൂക്കിയെടുത്ത് നിലത്തടിച്ചു. ഒന്നുരണ്ട് ടോപ്പ് സീക്രട്ടുകള്‍ കാതില്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. (അതിന്നേവരെ സുരേഷ് ആരോടും പറഞ്ഞിട്ടില്ല..)
ഇതൊന്നും ഒരു പരാജയമായിക്കാണാന്‍ മനസ്സില്ലാത്തതിനാലും, ഒരു സംഘര്‍ഷാവസ്ത ഇഷ്ടപ്പെടാത്തതിനാലും അതിലുപരി ഗോപാലന്റെ കൈ വിചാരിച്ചതുപോലെ സോഫ്റ്റല്ലായെന്ന് നേരത്തേതന്നെ മനസ്സിലാക്കിയിരുന്നതിനാലും തല്‍ക്കാലം പ്രേമനൈരാശ്യം നടിച്ച് സുരേഷ് നാടുവിട്ടു.
നിരാശകാമുകന്മാര്‍ സാധാരണ പോകുന്നതുപോലെ ബോംബെയ്ക്ക് പോകണമെന്നായിരുന്നു പ്ലാന്‍. അവിടെയുള്ളവര്‍ക്ക് മലയാളം അറിയില്ലെന്നും (ഇനിയിപ്പോള്‍ പഠിപ്പിക്കാമെന്നു വച്ചാല്‍ അതിവനറിയണ്ടേ) ഹിന്ദി അറിഞ്ഞില്ലെങ്കില്‍ പ്രശ്നമാകുമെന്നുമുള്ള കേട്ടറിവിനെ പരിഗണിച്ച് ബാംഗ്ഗ്ലൂരിലേക്ക് വണ്ടി കയറി.
അവിടെ ചെന്ന് പെട്ടത് ഒരു പഴയ മോഡല്‍ സിംഹത്തിന്റെ മടയിലായിപ്പോയത് ഇവന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ ...
സിംഹം തന്നെപ്പോലെയല്ലെങ്കിലും കലയുമായി അഭേദ്യബന്ധമുള്ള കക്ഷിയാണ്.
എന്നുവച്ചാല്‍ ... പഴയ റേഡിയോ, ടേപ്പ്‌റിക്കാര്‍ഡര്‍, പൊട്ടിയ ഓഡിയോ ടേപ്പ് എന്നുവേണ്ട കീറിയ പാട്ടുപുസ്തകം വരെ വാങ്ങിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു സംഗീതാത്മകമായ ആക്രി.
പൊട്ടിയ കാസറ്റിന്റെ നാട ഒട്ടിക്കുക, സ്പീക്കറില്‍ വയര്‍ പിരിച്ച് ചുറ്റി കണക്ഷന്‍ കൊടുക്കുക മുതലായ നാടിനും വീടിനും അത്യന്താപേക്ഷിതമായ സങ്കേതിക വിദ്യകള്‍ സ്വായത്തമാക്കി വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് തിരികെ വന്നത് ഒരു ടേപ്പ്‌റിക്കാര്‍ഡറും, വീഞ്ഞപ്പെട്ടിയില്‍ പിടിപ്പിച്ച രണ്ട് സ്പീക്കറും ഒരു വീഞ്ഞപ്പെട്ടിനിറയെ പ്രേമഗാനങ്ങളുടെ കാസറ്റുകളുമായിട്ടാണ്.
പക്ഷേ..കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ലല്ലോ.
അപ്പോഴേക്കും 'നല്ലനടപ്പ്' കാരണം ശശികലക്ക് റിലീസ് വിത്ത് പ്രൊമോഷന്‍ കൊടുത്ത് പറഞ്ഞയച്ചു. ഇപ്പോള്‍ 'ശശികല ബാഹുലേയന്‍' അല്ലെങ്കില്‍ 'മിസ്സിസ്സ്.ബാഹുലേയന്‍'.
ഇതൊന്നും സുരേഷിനെ തോല്‍പ്പിക്കാന്‍ പോന്ന കാരണങ്ങളേയല്ലായിരുന്നു. ഒരു കുലുക്കവുമില്ലാതെ അന്നുമുതല്‍ പഴയ ദൗത്യത്തിനു ഒരു പുതിയൊരു തുടക്കമിട്ടു...
ജാതിമതഭാഷാ ഭേദമന്യേ രാവിലെ 6 മണിമുതല്‍ വൈകിട്ട് 6 മണിവരെ നാട്ടുകാരായ നാട്ടുകാരെയൊക്കെ ശോകഗാനങ്ങളിള്‍ മുക്കിപ്പിഴിഞ്ഞ് ഉണക്കിയെടുത്ത് ഇസ്തിരിയിട്ട് മടക്കി വയ്ക്കുക. (പാട്ട് കേള്‍പ്പിച്ച് കൊല്ലുക. അത്രതന്നെ...)
അതില്‍പ്രധാനി 'കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ... കനകാംബരങ്ങള്‍ വാടി..' ആയിരുന്നു. ഒരു ദിവസം 24 പ്രാവശ്യം എന്ന തോതില്‍ കേട്ട് കേട്ട് ആ പരിസരത്തുള്ള എല്ലാപേരും അതു മനഃപാഠമാകിയിട്ടും തീര്‍ന്നില്ല.
നാട്ടുകാര്‍ അവന്റെ വീഞ്ഞപ്പെട്ടിയിലുള്ള സ്പീക്കറും കാസറ്റും എടുത്ത് തല്ലിപ്പൊട്ടിച്ച് കളയുന്നതുവരെ.
അടുത്തവീട്ടിലെ കല്ല്യാണം. വന്ന ആള്‍ക്കാര്‍ക്കൊക്കെ സുരേഷിന്റെ വക പാട്ട് ഫ്രീ. പക്ഷേ ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വന്നവരുടെ മട്ട് മാറി. വന്ന നേരം മുതല്‍ ഒരേ പാട്ട് തന്നെ. അത് ഹാഫ് സെഞ്ച്വറി കഴിഞ്ഞവര്‍ക്കിടയില്‍ ചില മുറുമുറുപ്പുകള്‍ക്ക് വഴിയൊരുക്കിയെങ്കിലും കറന്റ് പോയതോടെ അത് ഒതുങ്ങി.
യാത്ര ചോദിച്ച് കരഞ്ഞുകൊണ്ട് പെണ്ണിറങ്ങുന്ന നേരം സുരേഷിനെ കറന്റ് പിന്നേം പറ്റിച്ചു. ഒരു മുന്നറിയിപ്പുമില്ലാതെ പോയതുപോലെതന്നെ തിരിച്ചും വന്നു. ..വെറുംകയ്യോടെ ആയിരുന്നില്ലതാനും...ഒരു വെടിക്കല്ല ഒരു പൊട്ടിത്തെറിക്കുള്ള കോപ്പും കൊണ്ടാണ് വന്നത്.
'കരയുന്ന രാക്കിളിയേ തിരിഞ്ഞൊന്നു നോക്കീടാതെ....'യുമായിട്ടാണ് ക്രാഷ് ലാന്റ് ചെയ്തത്.
ഒച്ചയും ബഹളവും ഉണ്ടെങ്കിലും സര്‍വ്വസമാധാനത്തോടെ നടക്കുന്ന പൂരത്തിനിടയ്ക്ക് ആനയിടഞ്ഞാലുള്ള അവസ്ഥയായി... കല്ല്യാണവീട്ടില്...
കല്ല്യാണച്ചെക്കനും വീട്ടുകാരും ഇനി ഒരു സദ്യകൂടെ കഴിക്കേണ്ടി വരുമെന്നും, പെണ്ണും വീട്ടുകാരും ഇനിയൊരു സദ്യകൂടെ ഒരുക്കേണ്ടി വരുമെന്നും ഒരു നിമിഷം ആലോചിച്ചു നിന്നൂ.
പെണ്ണിന്റെ അച്ഛനില്‍ നിന്ന് ഇടനെഞ്ച് പൊട്ടിയ തേങ്ങലാണുയര്‍ന്നതെങ്കില്‍, പെണ്ണിന്റെ അനിയനില്‍ നിന്നുയര്‍ന്നത് കൂട്ടുകാരോടൊത്ത് നേരത്തേ പൊട്ടിച്ച 'ഹണീബീ'യുടെ മുരള്‍ച്ചയായിരുന്നു.
ഡാ..ഡാ...ഇഡി..ഇഡി. സുരേഷ് അനങ്ങി നോക്കി. അതാ മുറ്റത്തു ശവം പോലത്തൊരു സാധനം. അത് താനാണെന്നതിന് ശരീരമാകസകലമുള്ള വേദനയോടെ അനങ്ങാന്‍ വയ്യാതെയുള്ള കിടപ്പില്‍ നിന്ന് മനസ്സിലായി. (ക്ലാ ക്ലാ ക്ലീ ക്ലീ-ക്ക് കടപ്പാട്)
എല്ലാം വളരെ പെട്ടെന്നായിരുന്നു. 'ഹണീബീ' ഇത്ര പെട്ടെന്ന് ആക്‌ഷനെടുക്കുമെന്ന് സുരേഷ് സ്വപ്നേപി വിചാരിച്ചില്ല.
ചുറ്റും ചിതറിക്കിടക്കുന്ന കാന്തികനാടകളെ, വിടപറഞ്ഞു പിരിയുന്ന 'കാന്ത'നെ നിറകണ്ണുകളോടെ നോക്കി നില്‍ക്കുന്ന 'കാന്തി'യെപ്പോലെ നോക്കി കിടക്കാനേ കഴിഞ്ഞുള്ളൂ.
വാല്‍ : രണ്ട് മാസത്തെ ഇടവേളയുണ്ടായിരുന്നൂ..കോവില്ലൂര്‍കാര്‍ക്ക്. 'ഹണീബീ'യുടെ കുത്തേറ്റതിന്റെ ക്ഷീണം മാറണ്ടേ ?.
രണ്ട് മാസത്തിന് ശേഷം സുരേഷ് ഒരിക്കല്‍ കൂടെ നാടുവിട്ടു. പിന്നെ ഞാനവനെ കണ്ടിട്ടില്ല. (അപ്പോഴേക്കും എന്നെ നാടുകടത്തി). ഇപ്പോഴത്തെ സുരേഷിന്റെ ഫേവറൈറ്റ് എന്താണാവോ ??? കോമഡി ??? ട്രാജഡി ??? അതോ പാരഡി ??? ങാാാാ....
Monday, June 2, 2008
Subscribe to:
Post Comments (Atom)
Popular Posts
-
എനിക്കെന്ത് എന്ന് ചിന്തിക്കുന്ന, എന്റെയാരുമല്ലല്ലോ എന്ന് ചിന്തിക്കുന്ന 1.1 ബില്ല്യന്‍ ഇന്ത്യാക്കാരില്‍ ഒരുവന്. ഇതേ ചിന്തയുമായി പ്രതികര...
-
ആത്മവിദ്യാലയമേ അവനിയിലാത്മവിദ്യാലയമേ... ആ വരികളിലെ അര്‍ത്ഥവും ആഴവും മനസ്സിലാവുന്നതിന് മുന്‍പുതന്നെ ഇഷ്ടപ്പെട്ടിരുന്ന, സംഗീതവാസന തൊട്ടുതീണ്ട...
-
'ഹല്ലോാാാ .... ഹൗ ആര് യൂ.... അയാം ഫൈന്‍.' ഇതു സാം രാജല്ലേ ? ഇവനെന്താ ഇങ്ങനെ എന്നാലോചിക്കണമെന്നുണ്ടായിരുന്നു എനിക്ക്. ചോദ്യവും ഉത്ത...
-
പുതിയ സ്ഥലം, പുതിയ ഭാഷ, പുതിയ ആള്‍ക്കാര്, എല്ലാം ഒന്ന് പരിചയപ്പെട്ട് വരുന്നതുവരെ അയലത്തെ മണിച്ചേച്ചിയുടെ മകന് കണ്ണന്റെ കൂടെ പോയി വരട്ട...
-
താന്‍ കൂവിയതുകൊണ്ടുമാത്രമാണ് നേരം വെളുത്തത്, ഇല്ലെങ്കില്‍ കാണാമായിരുന്നു എന്ന മട്ടില്‍ ധാരാസിംഗ് ഗോധയിലേക്കിറങ്ങുന്നപോലെ നെഞ്ചും വിരിച്ച്...
3 comments:
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കക്ഷിയെപ്പോലൊരു കലാപ്രേമി കോവില്ലൂരില്‍ മാത്രമല്ല അടുത്ത നാല് പഞ്ചായത്തുകളില്‍ പോലുമില്ല.
തേങ്ങ എന്റെ വക
“ഠേ!”
രസികന്‍ വിവരണം മാഷേ...
“ഇത് ഇന്നും ഇന്നലേയും ഒന്നും തുടങ്ങിയതല്ല... ജനനം മുതല്‍ ഇങ്ങനെ തന്നെയാ. ഇവന്റെ അമ്മ ഇവനെയും വയറ്റത്തിട്ട് പ്രസവിക്കാനായി ആശുപത്രിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ ഇവന്‍ ആദ്യമായി എടുത്ത് ചാടി... അതോടെ ഡെലിവറിയും കഴിഞ്ഞു. 'ഡോര്‍ ഡെലിവറി' ആയിരുന്നു.”
പലയിടത്തും ആസ്വദിച്ചു ചിരിച്ചു.
:)
:)
Post a Comment