Wednesday, October 31, 2007

ലക്ഷ്മിച്ചേച്ചിയുടെ വിശാലമനസ്സ്‌

ബാബുച്ചേട്ടന്‍ കോവില്ലൂരിന്റെ സ്വന്തം സ്വത്താണ്‌. എന്നു വച്ചാല്‍ ജീവിതത്തിലിന്നേവരെ കോവില്ലൂര്‍ മഹാരാജ്യം വിട്ടെങ്ങും പോയ്യിട്ടില്ല. പോകുന്നത്‌ ബാബുച്ചേട്ടനിഷ്ടമല്ല. താനായി തന്റെ പാടായി എന്നതാണ്‌ നിലപാട്‌. യാതൊരു ദുഃശ്ശീലങ്ങളും ഇല്ലാത്തതിനാല്‍ രാവിലെ പണിക്ക്‌ പോയി വൈകിട്ട്‌ തിരിച്ച്‌ വീട്ടിലെത്തി, കിട്ടിയതുകൊണ്ട്‌ ഭാര്യയെയും മക്കളേയും പോറ്റി സസുഖം കഴിഞ്ഞുപോന്നു.

ബാബുച്ചേട്ടന്റെ കൂടെ കൂടി സഹധര്‍മ്മിണി ലക്ഷ്മിച്ചേച്ചിക്കും അയല്‍രാജ്യങ്ങളിലേക്കുള്ള സര്‍ക്കീട്ട്‌ ഇഷ്ടമല്ലാതായി. ആകെയുള്ള രണ്ട്‌ കിടുവാലുകളുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.

ലക്ഷ്മിച്ചേച്ചിക്ക്‌ ആകെയുള്ള സമ്പര്‍ക്കം രണ്ട്‌ അയല്‍പക്കവുമായിട്ടാണ്‌. പകല്‍സമയങ്ങളില്‍ വേലിക്കരുകില്‍ നിന്നും സന്ധ്യാവേളകളില്‍ ഏതെങ്കിലും ഒരു വീടിന്റെ ഉമ്മറത്തും അവരുടെ കാര്യവിചാരണാസഭ നിര്‍ബാധം നടന്നു വന്നിരുന്നു. ഈയവസരങ്ങളില്‍ കിടുവാലുകള്‍ മണ്ണെണ്ണ വിളക്കിനുചുറ്റും വന്നുപെടുന്ന പാവം ഈയ്യാമ്പാറ്റകളേയും വണ്ടിനേയുമൊക്കെ പിടിച്ച്‌ തീയില്‍ കാണിച്ച്‌ പൊരിച്ചും കരിച്ചും തൂക്കിക്കൊന്നുമൊക്കെ അവരാലാകുന്ന (ക്രൂര)വിനോദങ്ങള്‍ക്ക്‌ സമയം കണ്ടെത്തിയിരുന്നു.

ഞാന്‍ വഴിപിഴച്ചുപോയോ ???? ഐ മീന്‍ പറയാന്‍ വന്നതില്‍ നിന്നും ....

കാര്യത്തിലേക്ക്‌ കടക്കാം....

എല്ലാ വീട്ടമ്മയെയും പോലെ ലക്ഷ്മിച്ചേച്ചിക്കും ഒരാഗ്രഹം ... എത്രനാളെന്നുവച്ചാ ഇങ്ങനെ വാടകവീട്ടില്‍ കഴിയുന്നത്‌.

സ്വന്തമായൊരു വീടുംകുടിയുമൊക്കെ വേണ്ടേ...

തികച്ചും ന്യായമായ ഒരാഗ്രഹം. ബാബുച്ചേട്ടനും തോന്നി.

പക്ഷേ അതിനുള്ള 'ജോര്‍ജ്ജുകുട്ടി' എവിടുന്നുണ്ടാകും. ഇത്രയും നാളത്തെ അധ്വാനഫലമായി അകെയുള്ളത്‌ ഈ രണ്ട്‌ കിടുവാലുകളാണ്‌. പിന്നെ നിത്യച്ചെലവും നടന്നു പോകുന്നു.

വീടുംകുടിയുമെന്ന സ്വപ്നം സ്വപ്നമായിത്തന്നെ നില്‍ക്കുന്ന കാലത്താണ്‌, കര്‍ണ്ണാനന്തകരമായ ആ വാര്‍ത്ത ബാബുച്ചേട്ടനെത്തേടിയെത്തിയത്‌. "ഗള്‍ഫിലേക്ക്‌ പണിക്കാളെ ആവശ്യമുണ്ട്‌".

യുറേക്കാാാാാ... ബാബുച്ചേട്ടന്‍ സ്വപ്നം കണ്ടു, സ്വന്തം വിട്‌, കൈ നിറയെ കാശ്‌, ഗള്‍ഫുകാരനെന്ന ലേബല്‍ അങ്ങനെ അങ്ങനെ.

പിന്നെയെല്ലാം മിന്നല്‍ വേഗത്തിലായിരുന്നു.

കള്ളിമുണ്ടുമാത്രമുടുത്തു നടന്നിരുന്ന ബാബുച്ചേട്ടന്‍ പാന്റ്‌ തയ്പ്പിച്ചു. സാധനങ്ങള്‍ കൊണ്ടുപോകാന്‍ 'എയര്‍മെയില്‍' എഴുതിയതും പ്ലെയിനിന്റെ പടമുള്ളതുമായ ബാഗ്‌ വാങ്ങി. എന്നുവേണ്ട, ഇന്ന്‌ ഇപ്പോള്‍ പോകാന്‍ പറഞ്ഞാല്‍ പോകാന്‍ റെഡിയായി ബാബുച്ചേട്ടന്‍ നിന്നു.

ഒരു സുദിനത്തില്‍ ഏജന്റിന്റെ കമ്പി വന്നു. കൊണ്ടു വന്നു കൊടുത്ത പോസ്റ്റ്‌മാനോട്‌ അപ്പോള്‍ തന്നെ പറഞ്ഞു...

"ഇനി രണ്ട്‌ മൂന്നു വര്‍ഷം കഴിഞ്ഞ്‌ കാണാം. ചിലപ്പോ പോവാന്നേരത്ത്‌ കാണാന്‍ പറ്റൂല്ല. അതുകൊണ്ടാണ്‌ ഇപ്പഴെ പറയണത്‌."

എല്ലാപേരോടും യാത്ര പറഞ്ഞ്‌ യാത്രക്കൊരുങ്ങി ബാബുച്ചേട്ടന്‍.

"ഇനിയെന്നു കാണും നമ്മള്‍ ...
ചക്രവാളമാകെ നിന്റെ ഗത്‌ഗതം മുഴങ്ങീടുന്നു" ഗാനം മനസ്സില്‍ മൂളി ബാബുച്ചേട്ടന്‍ ലക്ഷ്മിച്ചേച്ചിയോടും യാത്ര പറഞ്ഞു.

രാവിലെ ട്രെയിനിന്‌ ബോംബെയ്ക്ക്‌. അവിടുന്ന്‌ അടുത്ത ദിവസം ഗള്‍ഫിലേക്ക്‌. അതാണ്‌ അജണ്ട.

റെയില്‍വേസ്റ്റേഷനിലെത്തിയ ബാബുച്ചേട്ടന്‍, അച്ഛന്റെ കൈവിട്ട്‌ ഉത്സവപ്പറമ്പില്‍ കാണാതായ കുട്ടിയെപ്പോലെ ഒന്നു പകച്ചു നിന്നു. രാജ്യസ്നേഹം ഇത്രയും വിന വരുത്തി വൈക്കുമെന്ന്‌ ബാബുച്ചേട്ടന്‍ സ്വപ്നേപി നിരീച്ചില്ല.

തെക്കും വടക്കും തിരിച്ചറിയാനാവാതെ എത്ര സമയമെന്നുവച്ചാ നിക്കുക. ഇങ്ങനെ മിളിങ്ങസ്സ്യാന്നുള്ള നില്‍പ്പിലും ഒന്നു തീരുമാനിച്ചു, സമയം കളയാതെ ആദ്യം വരുന്ന ട്രെയിനില്‍ കയറുക. അത്രതന്നെ. തീരുമാനിക്കുക മാത്രമല്ല അത്‌ നടപ്പിലാക്കുകയും ചെയ്തു.

ഒന്നു മയങ്ങിയെണിറ്റ ബാബുച്ചേട്ടന്‍ കണ്ടത്‌ കെട്ടും ഭാണ്ഡവുമൊക്കെയെടുത്ത്‌ ഇറങ്ങുന്ന ആള്‍ക്കാരെ. സ്ഥലമെത്തി. ഇത്ര പെട്ടെന്ന്‌ ബോംബെയെത്തിയോ. ഇത്രയടുത്താണോ ബൊംബെ. ബാബുച്ചേട്ടനും ബാഗും തൂകിയിറങ്ങി.

"സര്‍, കൂലി വേണമാ സര്‍"
"അതിന്‌ ഞാന്‍ പണിയൊന്നും ചെയ്തില്ലല്ലോ" എന്ന്‌ കരുതി "വേണ്ട"ന്ന്‌ പറഞ്ഞു.

ആടുത്ത പണി അഡ്രസ്സ്‌ തപ്പിയേടുക്കുകയെന്നുള്ളതാണ്‌. റെയില്വ്‌ഏസ്റ്റേഷനില്‍ നിന്നറങ്ങി ആദ്യം കണ്ട ഒരുവനോട്‌ അഡ്രസ്സ്‌ കൊടുത്തു.

"ഈ അഡ്രസ്സ്‌ എവിടെയാണ്‌"
"എനക്ക്‌ ഇഗ്ലീഷ്‌ പഠിക്ക വരാതുങ്ക. കൊഞ്ചം പൊറു കേട്ട്‌ ചൊല്‍റേന്‍"

ഇവനെന്തായീ പറയണത്‌. കൊഞ്ചം പെറാനാ. വൃത്തികെട്ടവന്‍.

അവന്‍ അടുത്തു നിന്ന, ഇത്തിരി വിവരവും വിദ്യാഭ്യാസവുമുണ്ടെന്ന്‌ കണ്ടാല്‍ തോന്നിയ ഒരുവനോട്‌ കയ്യിലിരുന്ന അഡ്രസ്സ്‌ കൊടുത്തു.

അഡ്രസ്സ്‌ വാങ്ങിയവന്‍ ബാബുച്ചേട്ടനെ ആപാദചൂഡമൊന്നു നോക്കി. അറിയാവുന്ന മലയാളം കഴിവിന്റെ പരമാവധി തിരുകിക്കയറ്റിപ്പറഞ്ഞു..

"അണ്ണാ, ഇന്ത അഡ്രസ്സ്‌ ഇങ്കെ അല്ലൈ. ബോംബെയിലാക്കും"
"അതുതന്നെ, ബോംബെ. അഡ്രസ്സ്‌ എവിടെ. എവിടെ?"

ചോദിച്ച്‌ ചോദിച്ച്‌ ബാബുച്ചേട്ടനും മറുപടി പറഞ്ഞ്‌ അണ്ണാച്ചിയും കുഴഞ്ഞു.

'എലെ, കിറുക്കുപ്പയപുള്ള, ബോംബെ അഡ്രസ്സ്‌ ബോംബെയില പോയ്‌ വിസാരിച്ചാലെ കെടക്കിറത്‌ കഷ്ടം. ഇവന്‍ എന്നടണ്ണാ കന്യാകുമാരിയില വന്തില്ലാ വിസാരിച്ചിട്ടിരുക്കാന്‍. ചരിയാന കൂറുകെട്ട ഇളിച്ചവനായില്ലാ ഇരുക്കാന്‍"

"ഇവനേതായാലും അഡ്രസ്സല്ലാ പറഞ്ഞതെന്നും, അത്ര സുഖമുള്ള വാക്കുകളല്ലാ പറഞ്ഞതെന്നും" ബാബുച്ചേട്ടന്‍ അണ്ണാച്ചിയുടെ നില്‍പ്പും ഭാവവും കണ്ട്‌ മനസ്സിലാക്കിയെടുത്തൂ.

ഇന്ത്യയുടെ റോക്കറ്റ്‌ പോലെ, പോയതുപോലെ ലക്ഷ്യം കാണാതെ ഒരാഴ്ചകഴിഞ്ഞ്‌ ബാബുച്ചേട്ടന്‍ സ്വഭവനത്തില്‍ ലാന്റ്‌ ചെയ്തൂ.

ബാബുച്ചേട്ടന്റെ ക്രാഷ്‌ ലാന്റിങ്‌ അറിഞ്ഞെത്തിയ പൗരപ്രമുഖര്‍ ഇങ്ങനെ കണ്‍ക്ലൂഡ്‌ ചെയ്തു...

"വടക്കോട്ട്‌ പൊകുന്ന ട്രെയിനിനിനു പകരം ബാബു തെക്കോട്ട്‌ പോകുന്ന ട്രെയിനില്‍ കയറി."
"അതുകൊണ്ടു തന്നെ ബോംബെയ്ക്കുപകരം ചെന്നെത്തിയത്‌ കന്യാകുമാരിയിലുമാണ്‌."
"അതേതായാലും നന്നായി. ഈ കോലത്തില്‍ വടക്കോട്ട്‌ പോയിരുന്നെങ്കില്‍ ഇപ്പോള്‍ തെക്കോട്ടെടുത്തേനെ."

കണ്‍ക്ലുഷനൊക്കെ കേട്ട്‌ കണ്‍ഫൂസായി ബാബുച്ചേട്ടനിരുന്നു. കഞ്ചാവടിച്ച കാട്ടുകോഴിയെപ്പോലെ.

"എന്തായാലും വരനുള്ളതൊക്കെ വഴിയില്‍ ഒരു പൊടിപോലും തങ്ങാതെ മൊത്തമായിട്ടിങ്ങു വന്നു. ഇനി അതാലോചിച്ചിരിക്കാതെ നടക്കേണ്ട കാര്യങ്ങള്‍ നോക്ക്‌ ബാബു."

വന്നവര്‍ വെറും ഫ്രീയായിട്ട്‌ ഒരുപദേശവും കൊടുത്ത്‌ അവനവനേറ്റ്‌ പാടുനോക്കിപ്പോയി.

"ലക്ഷ്മിയേ, എന്റെ കള്ളിമുണ്ടും ഉടുപ്പുമിങ്ങെടുത്തോ. ഞാനിതൊക്കെയൊന്നു മാറട്ടെ."

ലക്ഷ്മിയില്‍ യാതൊരു പ്രതികരണവുമില്ല. പോരാത്തത്തിന്‌ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിട്ട്‌ കാശുകൊടുക്കാന്‍ പോക്കറ്റില്‍ കയ്യിടുമ്പോള്‍ പോക്കറ്റടിച്ചുവെന്ന്‌ മനസ്സിലായവനെപ്പോലെ വൈറ്റ്‌വാഷ്‌ ചെയ്ത മുഖവുമായി നില്‍ക്കുന്നു.

"എന്താടി ഒരു മുണ്ടും ഉടുപ്പുമെടുക്കാന്‍ ഇത്രയും നേരമോ?"

ലക്ഷ്മി പഴയ സ്റ്റാറ്റസ്സില്‍ തന്നെ.

"ഇവളെന്താ അവിടെത്തന്നെ ഉറച്ചുപോയോ? എടീ എന്താ കര്യമ്ന്ന്‌ പറ. മുണ്ടെടുക്കാന്‍ പറഞ്ഞ നിയെന്തിനായിങ്ങനെ ഫ്രീസായിട്ടിരിക്കുന്നത്‌?"

"അത്‌ പിന്നെ, നിങ്ങള്‍ ഗല്‍ഫില്‍ പോയല്ലൊ. ഇനി നമ്മക്കെന്തിന്‌ പഴയ തുണികളെന്നു വിചാരിച്ച്‌ ഇവിടെയുള്ള തുണികളൊക്കെ ഞാന്‍ വാരി പാവങ്ങള്‍ക്ക്‌ കൊടുത്തൂ. ഇവിടെയിപ്പം നിങ്ങള്‍ക്ക്‌ മാറ്റാനൊന്നുമില്ല."

"കഷ്ടകാലം പിടിച്ചവന്‍ മൊട്ടയടിച്ചപ്പോള്‍ പെയ്തതെല്ലാം കല്ലുമഴയാണെന്ന്‌ കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ."

വാല്‍ : കുറച്ചുകാലത്തേക്ക്‌ ബാബുച്ചേട്ടന്‍ എവിടെപ്പോയാലും പാന്റിട്ടേ പോകാറുണ്ടയിരുന്നുള്ളൂ. ഇനിയും വ്യക്തമായിപ്പറഞ്ഞാല്‍ അടുത്ത ഓണം വരെ.

"ലക്ഷ്മിയേയ്‌, വീടുംകുടിയുമൊക്കെ എന്തായെടീ"
"വീടൊന്നുമായില്ല. കുടിയായി...പിള്ളേരുടെ അച്ഛന്‌."

Tuesday, October 23, 2007

വാഷിങ്‌ മെഷിന്‍ മോഷണം

തനിക്ക്‌ മാത്രം അലാറവുമില്ല വിളിച്ചെഴുന്നേല്‍പ്പിക്കാനാളുമില്ല എന്നൊരു പരിഭവമുണ്ടെങ്കിലും, കതിരവന്‍ ക്ര്യത്യസമയത്തുതന്നെയെഴുന്നേറ്റ്‌ കോടാലിയുമെടുത്ത്‌ തോളിലിട്ട്‌ വിറക്‌ സോറി വെള്ള കീറാന്‍ പോയി.

താന്‍ ചെന്ന്‌ വെള്ള കീറിയിട്ട്‌ വേണം, ഈ മാലോകരൊക്കെ അവനവന്‍ കീറിയ വിറകുകത്തിച്ച്‌ കട്ടനുണ്ടാക്കി കെട്ടിയവനും കുട്ടികള്‍ക്കും കൊടുക്കാന്‍. കെട്ടാത്തവര്‍ വെറും കട്ടനടിച്ച്‌ ബീഡിയും വലിച്ചിരുന്നു.

വലിയ ഉത്തരവാദിത്വമുള്ള ജോലിയാണ്‌ സദാശിവന്റേത്‌. വാര്‍ത്താവിനിമയം. എഴുത്തും വായനയും അറിയുന്ന കോവില്ലൂരാന്മാര്‍ക്ക്‌ പത്രമെത്തിച്ചുകൊടുക്കൂകയെന്ന ഭാരിച്ച ഉത്തരവദിത്വം ആണ്‌. 2 വായനശാലയും 2 ബാര്‍ബര്‍ ഷാപ്പുമുള്‍പ്പെടെ 15 എണ്ണം (15 എണ്ണം അത്ര കുറഞ്ഞ എണ്ണമൊന്നുമല്ല) കൊടുക്കുന്നതോടൊപ്പം ചില അഡിഷണല്‍ റെസ്പോന്‍സിബിലിറ്റി കൂടെ പുള്ളിക്കുണ്ട്‌. പത്രത്തില്‍ വരാത്തതും എന്നാല്‍ കോവില്ലൂര്‍ വാസികള്‍ അറിഞ്ഞിരിക്കേണ്ടതുമായ ലോക്കല്‍ ന്യൂസുകള്‍, ഗോസ്സിപ്പുകള്‍ മുതലായവ ചില റിലയബിള്‍ സോര്‍സുകളില്‍ നിന്ന്‌ കളക്‌റ്റ്‌ ചെയ്ത്‌ മറ്റു ചില സെലക്റ്റട്‌ സ്പോട്ടുകളില്‍ പത്രത്തോടൊപ്പം വിതരണം ചെയ്യുകയെന്നുള്ളത്‌. (അഫ്‌കോഴ്സ്‌ ഫ്രീ ഓഫ്‌ കോസ്റ്റ്‌ വിത്ത്‌ സദാശിവന്‍ ടച്ച്‌ എരിയും പുളിയും). ഇങ്ങനെയുള്ള സ്പോട്ടുകളില്‍ ന്യൂസ്‌ കൊടുക്കുന്നതിന്‌ രണ്ടുണ്ട്‌ ഗുണം. ഒന്ന്‌ രാവിലെയുള്ള സൈക്കിള്‍ ചവിട്ടിന്‌ ഒരു കമേര്‍ഷിയല്‍ ബ്രേക്ക്‌, രണ്ട്‌ ആരുടെയെങ്കിലും കയ്യില്‍ നിന്ന്‌ ഫ്രീയായിട്ട്‌ ഒരു ബീഡിയും വലിക്കാം.

ശശിയണ്ണന്‍ എന്ന ശശി അലക്കുകാരനാണ്‌. അതുകൊണ്ടുതന്നെ ഭാര്യയായ ഗോമതി അലക്കുകാരിയുമായി. നാട്ടുകാരൊക്കെ നല്ല വ്ര്യത്തിയും വെടിപ്പുമായിട്ട്‌ നടക്കണമെന്ന്‌ നിര്‍ബന്ധമുള്ളതുകൊണ്ട്‌, രാവിലെതന്നെ തുണികളൊക്കെയെടുത്ത്‌, പോകുന്ന വഴിക്ക്‌ വേലായുധന്റെ കടയില്‍ നിന്ന്‌ 'തോയ'യുമടിച്ച്‌ ആറ്റിലേക്ക്‌ പോകും. അലക്കും, ഉണക്കും (അലക്കിയ തുണികള്‍) പിന്നെയൊരു കുളിയും കഴിഞ്ഞേ തിരിച്ച്‌ കൂടണയാറുള്ളൂ.

ശശി-ഗോമതി ദാമ്പത്യവല്ലരിയില്‍ ഒരേയൊരു കുസുമമേ പൂത്തുലഞ്ഞുള്ളൂ. ഏഴാം ക്ലാസ്സില്‍ത്തന്നെ എട്ടുനിലയില്‍ വരിച്ച ഉന്നത വിജയത്തിന്‌ ശേഷം വീട്ടിലിരുന്ന്‌ ഭക്ഷണത്തിലും ഉറക്കത്തിലും മനോരമ മംഗളം മുതലായ ചരിത്രപ്രധാനങ്ങളായ മഹാഗ്രന്ഥങ്ങളിലും കോന്‍സന്റ്രേറ്റ്‌ ചെയ്യുന്ന മിനി, 17 വയസ്സ്‌.

തങ്കപ്പെട്ട ഗുണമുള്ള മിനിക്ക്‌ മറ്റു കുഴപ്പമൊന്നുമില്ല, പ്രേമിക്കണം. അതാണ്‌ ഒണ്‍ ആന്‍ഡ്‌ ഒണ്‍ലി ഡിമാന്റ്‌. ചെറുപ്പക്കാരെക്കാണുമ്പോള്‍ മിനി രാധയാകും, ഷെര്‍ളിയാകും, പാറുവാകും, തങ്കമാകും അങ്ങനെ അങ്ങനെ പലതുമാകും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചെറുപ്പക്കാരന്‍ കണ്ണേട്ടനും, ടോണിച്ചായനും, അപ്പുവേട്ടനും, തങ്കപ്പേട്ടനുമൊക്കെയാകും. ഇന്‍ഫാക്റ്റ്‌ മിനി ആക്കിയെടുക്കും.

മൂന്ന്‌ നാല്‌ വര്‍ഷത്തെ മഹാഗ്രന്ഥങ്ങളിലുടെയുള്ള പ്രയാണം മിനിയെ നാഗവല്ലിയൊ, അന്യനൊയൊക്കെയാക്കി മാറ്റി. മള്‍ട്ടിപ്പിള്‍ പേര്‍സണാലിറ്റി, സ്‌പ്ലിറ്റ്‌ പേര്‍സണാലിറ്റിയെന്നൊക്കെ ഞങ്ങള്‍ (കോവില്ലൂര്‍ നിവാസികള്‍) പറയും.

തന്റെ ഭാവി ആരുടെ കയ്യിലിരുന്നാണ്‌ ഇതിലേ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതെന്ന്‌ ഒരു നിശ്ചയമില്ലാതിരുന്നതിനാല്‍, രാവിലെ വരുന്ന പത്രക്കാരന്‍ മുതല്‍ മൂവന്തിക്ക്‌ കൂടണയാന്‍ പോകുന്ന പാത്രക്കാരനില്‍ വരെ മിനി പല ഏട്ടന്മാരെയും കണ്ട്‌ നിര്‍വ്ര്യതിയടഞ്ഞു. സ്വപ്നം കാണാനും നിര്‍വ്ര്യതിയടയാനും പ്രത്യേകിച്ച്‌ ചിലവൊന്നുമില്ലാത്തതിനാലും സമയം ആവശ്യത്തിനുണ്ടായിരുന്നതിനാലും മിനിയുടെ അജണ്ടയില്‍ കാര്യമായ മാറ്റമൊന്നും വന്നിരുന്നില്ല.

ഒത്തിരിയൊത്തിരി കരളുകളും ഹ്ര്യദയങ്ങളും കയ്യിലെടുക്കുകയും അവയൊക്കെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുന്നതിലും വാഹിദിനുള്ള പരിജ്ഞാനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ദിവസവും ഒരു രണ്ട്‌ കരളെങ്കിലും കയ്യിലെടുത്തില്ലെങ്കില്‍ വാഹിദിന്‌ അന്ന്‌ ചോറിറങ്ങില്ല. കാരണം വാഹിദ്‌ മുട്ടിലിഴയുന്ന കാലം മുതലേ വാഹിദിന്റെ വാപ്പാക്ക്‌ ഇറച്ചിവെട്ടാണ്‌ തൊഴില്‍. അങ്ങനെ വാഹിദും വാപ്പായുടെ തൊഴിലില്‍ വര്‍ക്കിങ്‌ പാര്‍ട്ട്‌ണറായി. വെട്ടിവയ്ക്കുന്ന ഇറച്ചി ഇലയില്‍ പൊതിഞ്ഞ്‌ കൊടുക്കുകയെന്നതാണ്‌ ആദ്യമേറ്റെടുത്ത പണി. ക്രമേണ പ്രമോഷന്‍ കിട്ടി ഇറച്ചിവെട്ടുകാരനായി, വാപ്പാക്ക്‌ പെന്‍ഷനുമായി.

വാഹിദ്‌ ചാര്‍ജെടുത്തശേഷം ബിസിനസ്സില്‍ അത്യാവശ്യം വരുത്തിയ ചില പരിഷ്കാരങ്ങളില്‍ ഒന്നാണ്‌ "ഹോം ഡെലിവറി". ആവശ്യക്കാര്‍ക്ക്‌ ഇറച്ചി വീട്ടിലെത്തിച്ചുകൊടുക്കുക. കുറച്ച്‌ താമസിക്കും, എന്നാലെന്താ അത്രയും ദൂരം പോകാതെയും അവിടെ എല്ലിന്‌ കറങ്ങിനടക്കുന്ന പട്ടികളുടെ കടികൊള്ളാതെയും സാധനം വീട്ടിലെത്തും.

ഓണ്‍ എ കോള്‍ഡ്‌ ഏര്‍ളീമോര്‍ണിങ്‌

ഒരു തണുത്ത വെളുപ്പാങ്കാലത്ത്‌ന്ന്‌,

പ്രേമത്തിന്റെ തിയറിയെല്ലാം മനഃപ്പാഠമാക്കി ബിരുദാനന്തരബിരുദത്തിന്റെ തൊപ്പിയും തലയിലേറ്റി പ്രാക്റ്റിക്കലിന്‌ സ്കോപ്പില്ലാതെയിരുന്ന മിനിയുടെ മുന്‍പിലിതാ ഹോം ഡെലിവറിയുമായി വാഹിദ്‌. സമയം കളയാതെ മിനി "ശിശിരകാലത്തിലെ" സാറാമ്മയായി, വാഹിദിനെ ജോയിച്ചനുമാക്കി. വാഹിദിന്റെ ജീവിതത്തിലെ ടേര്‍ണിങ്‌ ഡെലിവറിയായിരുന്നു അന്ന്‌ ആ ശുഭദിനത്തില്‍ നടന്നത്‌.

ഓര്‍ഡറുണ്ടെങ്കിലും ഇല്ലെങ്കിലും ദിവസവും മിനിയുടെ വീടിന്റെ പരിസരത്ത്‌ കറങ്ങി നടക്കുകയെന്നത്‌ വാഹിദിന്‌ വ്രതമായി. ഓരോ ദിവസവും ഓരോ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച്‌ സ്വപ്നങ്ങള്‍ കണ്ട്‌ ഇണങ്ങിയും പിണങ്ങിയും നാളുകള്‍ തള്ളിനീക്കി.

കാലചക്രം പിന്നെയുമുരുണ്ടു.....

അന്നും പത്രത്തോടോപ്പം സദാശിവന്റെ ഫ്രീ സപ്ലിമെന്റുണ്ടായിരുന്നു....

കേട്ടവര്‍ കേട്ടവര്‍ ഞെട്ടി. ഞെട്ടിയവര്‍ ഞെട്ടിയവര്‍ വാപൊളിച്ചു. വാപൊളിച്ചവര്‍, 'എന്നാലും ശശിക്കീ ഗതി വന്നല്ലോ' "ശശിയോടിതു ചെയ്യാന്‍ ആര്‍ക്കാണ്‌ മനസ്സു വന്നത്‌' 'ശശിയിതെങ്ങനെ സഹിക്കും' ഇത്യാദി ഫോര്‍മല്‍ ഡയലോഗുകള്‍ പറഞ്ഞ്‌ തുറന്ന വായ അടച്ചു വച്ചു.

പുലരിയിലെ ശശിയുടെ വീട്ടില്‍ മോഷണം.

'മിനി' വാഷിംഗ്‌ മെഷീന്‍ മിസ്സിങ്‌.
ശശിയും കൂട്ടരും വാഹിദിനെ സെര്‍ച്ചിങ്‌.

വാല്‍ : ശശി ഗോമതി ദംബതികളെ "ഹെവീ ഡ്യൂട്ടി വാഷിങ്‌ മെഷീന്‍" എന്നും തൊഴില്‍ പരമായി കഴിവ്‌ തെളിയിക്കാന്‍ അവസരവും (സമയവും) കിട്ടാതിരുന്ന മിനിയെ "മിനി വാഷിങ്‌ മെഷീന്‍" എന്നും തൊഴിലടിസ്താനത്തില്‍ നാമകരണം ചെയ്തത്‌ ആരാണാവോ.. ആ ... ഞാനല്ല .... സത്യം.

അടുത്ത ജില്ലകളിലെ രണ്ടാഴ്ച്ചത്തെ വിദേശപര്യടനം കഴിഞ്ഞ്‌ കയ്യിലെ കാശ്‌ തീര്‍ന്നപ്പോള്‍ വാഹിദ്‌-മിനി ദംബതികള്‍ തിരിച്ചെത്തി. ഇപ്പോള്‍ രണ്ട്‌ "പോര്‍റ്റബിള്‍ വാഷിങ്‌" മെഷിനുമായി കോവില്ലൂരില്‍ത്തന്നെ... സസന്തോഷം.

Sunday, October 21, 2007

കൊച്ചൗസേപ്പ്‌, ബാക്‌ റ്റു കൊച്ചൗസേപ്പ്‌

"എടീ മറിയേ, നേരം ഒരുപാടായി. ഞാനൊന്നു കിടക്കട്ടെ. നാളെ രാവിലെയെനിക്ക്‌ ഒരിടം വരെ പോകാനുണ്ട്‌. നീ അവലിത്തിരി കൂടുതലെടുത്ത്‌ വച്ചോ."

കിടക്കയിലേക്ക്‌ ചരിയും മുമ്പ്‌, കയ്യിലിരുന്ന അവസാനത്തെപ്പിടി അവലും വായിലിട്ട്‌ കൊച്ചൗസേപ്പ്‌ ഭാര്യ മറിയയോടായി പറഞ്ഞു."

പറഞ്ഞതങ്ങനെതന്നെ പാതിരാവായല്ലോ പത്നീ
കുറഞ്ഞൊന്നുറങ്ങട്ടേ ഞാനുലകിലേഴും
നിറഞ്ഞ ക്ര്യഷ്ണനെക്കാണാന്‍ പുലര്‍കാലേപുറപ്പെടാം
അറിഞ്ഞു വല്ലതും കൂടെ തന്നയക്കേണം."

പണ്ട്‌ ശ്രീകൃഷ്ണനെ കാണാന്‍പോയ കുചേലനെ ഓര്‍മ്മ വന്നോ...?

അതവിടെ നിക്കട്ടെ....

കൊച്ചൗസേപ്പിന്റെ കുടി നിര്‍ത്തിക്കുകയെന്നത്‌ ഒരു കീറാമുട്ടിയായി ഇങ്ങനെ നീണ്ടുനിവര്‍ന്ന്‌ വളഞ്ഞുപുളഞ്ഞ്‌ കിടക്കുകയാണ്‌, വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ ഒരുപോലെ.

മിസ്സിസ്സ്‌ കൊച്ചൗസേപ്പ്‌ എന്ന മറിയേടത്തി പഠിച്ചപണി പലതും പയറ്റി നോക്കി.

"ദേ മനുഷ്യാ, വീട്ടിലേക്ക്‌ കാലണ തരാതെയുള്ള നിങ്ങളുടെ ഈ ഒടുക്കത്തെ കുടിയൊന്നു നിര്‍ത്താമോ? എന്നാലേ ഗുണം പിടിക്കൂ."
"എനിക്കിപ്പം അങ്ങനെ കാലണക്ക്‌ ഗുണം പിടിക്കണ്ട."
"നമ്മുടെ കുട്ടിയെ ഓര്‍ത്തെങ്കിലും നിങ്ങളിതൊന്ന്‌ നിര്‍ത്ത്‌."
"ഞാന്‍ നിങ്ങളെ ഓര്‍ക്കുന്നില്ലാ എന്ന്‌ പറയരുത്‌. നിന്നെയോര്‍ത്ത്‌ തുടങ്ങിയതാണ്‌. ഇപ്പോ കുട്ടിയെക്കൂടെ ഓര്‍ത്ത്‌ ഡബിളാക്കി."

ഇങ്ങനെയൊന്നും പറഞ്ഞിട്ട്‌ കാര്യമില്ലെന്ന്‌ കണ്ട മറിയേടത്തി, സെമി മെന്റലായ കൊച്ചാസേപ്പിനോട്‌ ഇത്തിരി സെന്റിമെന്റലാകാന്‍ തന്നെ തിരുമാനിച്ചു.

"ദേ മനുഷ്യാ, കുട്ടി കിടന്നു കരയുന്നതു കണ്ടോ."
"കുട്ടി കരഞ്ഞാല്‍ പാലുകൊടുക്കണം. അതിനൊള്ള സംവിധാനമൊക്കെ കര്‍ത്താവ്‌ നിനക്ക്‌ വാരിക്കോരി തന്നിട്ടുണ്ടല്ലോ."
"സംവിധാനം മാത്രം ഉണ്ടായാല്‍ പോര. കുട്ടിക്ക്‌ പാലുകൊടുക്കാനുള്ള എനിക്കേ വയറ്റിലോട്ടും വല്ലതും പോണം. എന്നാലേ പാലുണ്ടാകൂ. അതുകൊണ്ടാ പറഞ്ഞത്‌ വീട്ടാവശ്യത്തിന്‌ അരിയും സാധനങ്ങളും വാങ്ങിത്തരണമെന്ന്‌"
"അപ്പോ പാലാണ്‌ നിന്റെ പ്രശ്നം. അതിനെന്തിനാടി മറിയേ നിനക്ക്‌ അരിയും സാധനനങ്ങളും. അലിയാരുടെ കടയില്‍ നല്ല ഒന്നാംതരം പിണ്ണാക്കും പരുത്തിക്കുരുവും കിട്ടും. കുറച്ച്‌ വാങ്ങി കഴിക്ക്‌ നല്ലതുപോലെ പാല്‌ കിട്ടും."

ഇതാണ്‌ കൊച്ചൗസേപ്പ്‌. ഈ കൊച്ചൗസേപ്പിനെ നന്നാക്കാനാണ്‌ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന സേന രൂപം കൊണ്ടിരിക്കുന്നത്‌.

ബ്രാന്റിന്റെ കാര്യത്തില്‍ യാതൊരു പക്ഷഭേദവും കൊച്ചൗസേപ്പ്‌ ഇന്നേവരെ കാണിച്ചിട്ടില്ല. ഊട്ടിക്ക്‌ വേണ്ടി ശ്രമിക്കും ഇല്ലെങ്കില്‍ ചട്ടികൊണ്ട്‌ ത്ര്യപ്തിപ്പേടാമെന്നതാണ്‌ പോളിസി. വലിച്ചാല്‍ റോത്ത്‌മാന്‍സേ വലിക്കൂ. കിട്ടിയില്ലെങ്കില്‍ കുറ്റി ബീഡിവരെ വലിക്കൂം. അതുപോലെത്തന്നെ കുടിക്കുകയാണെങ്കില്‍ ബ്ലാക്‌ലേബലേ കുടിക്കൂ. കിട്ടിയില്ലെങ്കില്‍ ബ്ലാക്‌ ലേബലൊട്ടിച്ച ലോക്കല്‍ എവറെടിയിട്ടു വാറ്റിയ വാറ്റുവരെ സ്വീകാര്യമാണ്‌.

ഏതൊരു കുടിമകനേയും പോലെ കൊച്ചൗസേപ്പും ഒരുനാള്‍ രോഗശയ്യയില്‍ വീണു. ഏതൊരു ഡോക്‌റ്ററും പറയുന്നതുപോലെ "മദ്യം കൈകൊണ്ട്‌ തൊടരുതെന്ന്‌" ഈ ഡൊക്‌റ്ററും പറഞ്ഞു. ഏതൊരു ധര്‍മ്മപത്നിയും ചെയ്യുന്നതുപോലെ "എനിക്കും എന്റെ കുട്ടിക്കും ആരുമില്ലേ"ന്ന്‌ നെഞ്ചത്തടിയുടെ അകമ്പടിയോടെ മറിയേടത്തി അലമുറയിട്ടു.

ഇത്രയുമൊക്കെയായപ്പോള്‍ കൊച്ചൗസേപ്പിനും ഒരു ചെയ്ഞ്ച്‌ വേണമെന്ന്‌ തോന്നി. ഒരു ചെയ്ഞ്ച്‌ ആര്‍ക്കാ ഇഷ്ടമല്ലാത്തത്‌ അല്ലേ. പക്ഷേ ഒടുക്കത്തെ ഈ റ്റെമ്പ്റ്റേഷന്‍. അതിനും ഡോക്‌റ്ററും നാട്ടുകാരും ചേര്‍ന്ന്‌ ഒരുപാധി പറഞ്ഞുകൊടുത്തു.

"കുടിക്കണമെന്ന്‌ തോന്നുമ്പോള്‍ ഇത്തിരി അവലെടുത്ത്‌ വായിലിട്ട്‌ ചവക്കുക."

കൊച്ചൗസേപ്പിനും സ്വീകാര്യമായ സൊല്വുഷന്‍ ഭൂരിപക്ഷത്തോടെ പാസ്സാക്കി.

കൊച്ചൗസേപ്പിന്റെ കണക്കും കപ്പാക്കുറ്റിയും വച്ച്‌ നോക്കുമ്പോള്‍ കുറഞ്ഞത്‌ ഒരു ചാക്ക്‌ അവല്‍ എങ്കിലും വേണം ഒരു ദിവസത്തേക്ക്‌. എന്നാലും, ഒരു നല്ല കാര്യത്തിനല്ലേന്നു കരുതി, കയ്യിലൊരു സഞ്ചിയും തൂക്കി, പേത്ത്‌ അയവെട്ടുന്നതുപൊലെ സധാ അവല്‍ ചവച്ചു നടക്കുന്ന കൊച്ചൗസേപ്പ്‌ ഒരു നിത്യ കാഴ്ചയായി.

കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല എന്നാണല്ലൊ. കൊച്ചൗസേപ്പിനുവേണ്ടിയും നിന്നില്ല. കൊച്ചൗസേപ്പ്‌ കുടി നിര്‍ത്തി. പക്ഷേ കുറേക്കാലമായുള്ള അവല്‍ തീറ്റ, കൊച്ചൗസേപ്പിന്‌ മറ്റു പലതും ഹോള്‍സെയിലായി സമ്മാനിച്ചു. ഷുഗര്‍, ബി.പി., കൊളസ്റ്ററോള്‍ എന്നു വേണ്ട കൊച്ചൗസേപ്പിനില്ലാത്തതായി ഒന്നുമില്ലാതെയായി.

ഏതൊരു രോഗിയെയുമ്പൊലെ കൊച്ചൗസേപ്പും വീണു രോഗശയ്യയില്‍. ഇക്കുറി കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ ഡോക്‌റ്റര്‍ ഡയലോഗ്‌ മാറ്റി "ഇനി അവല്‍ കൈകൊണ്ട്‌ തൊടരുത്‌". മറിയേടത്തി പഴയ ഡയലോഗ്‌ വിത്ത്‌ നെഞ്ചത്തടിയോടെ എടുത്തലക്കി "എനിക്കും എന്റെ കുട്ടിക്കും ആരുമില്ലേ"ന്ന്‌. അവര്‍ക്ക്‌ അങ്ങനെയെളുപ്പം ഡയലോഗ്‌ മാറ്റാന്‍ പറ്റില്ലല്ലോ.

ഡോക്‌റ്ററും നാട്ടുകാരും ചേര്‍ന്ന്‌ വീണ്ടും ഉപാധി ഉപദേശിച്ചു...

"ഇനി അവല്‍ തിന്നണമെന്ന്‌ തോന്നുമ്പോള്‍ ഒരു പെഗ്ഗടിച്ചോ. ഒന്നില്‍ നിര്‍ത്തിയേക്കണം."

"സമ്മതം"

പക്ഷേ കൊച്ചാസേപ്പിന്‌ എന്നും രാവിലെ മുതല്‍ റ്റെമ്പ്റ്റേഷന്‍ തുടങ്ങും. അവസാനം 'ഒണ്‍ ഫോര്‍ ദ ബെഡ്‌" അടിച്ച്‌ വാളൂരി തലയിണക്കടിയില്‍ വയ്ക്കുന്നതോടെ അന്നത്തെ റ്റെമ്പ്റ്റേഷന്‌ മുകളില്‍ തിരശ്ശീല വീഴും.

എന്നിട്ടോ....?

എന്നിട്ടെന്താവാന്‍....

കൊച്ചൗസേപ്പ്‌ വീണ്ടും കൊച്ചൗസേപ്പായി.

കൊച്ചൗസേപ്പ്‌ വീട്ടികാരുടേയും നാട്ടുകാരുടേയും മുന്നില്‍ ഇപ്പോഴും കിടക്കുന്നു... നീണ്ട്‌ നിവര്‍ന്ന്‌ വളഞ്ഞ്‌ പുളഞ്ഞ്‌...കീറാമുട്ടിയായി...
Related Posts Plugin for WordPress, Blogger...

Popular Posts