Saturday, August 23, 2008

പൂക്കള്‍ പറിക്കരുത്‌


പൂക്കളില്ലാതെ എന്ത്‌ പൂന്തോട്ടം... അല്ലേ ???

പെണ്ണിനെ പ്രക്ര്യതിയോടുപമിച്ച്‌ ഭൂമീദേവിയെന്നും കടലമ്മയെന്നും ബഹുമാനിച്ചവര്‍, ദൈവങ്ങളോടുപമിച്ച്‌ അമ്മയായും ദേവിയായും വിശ്വാസമര്‍പ്പിച്ച്‌ ആരാധനാമൂര്‍ത്തികളാക്കിയവര്‍, സ്ത്രീകള്‍ക്കും വിദ്യാഭ്യാസം വേണമെന്ന്‌ ശഠിച്ചവര്‍, അടുക്കളയില്‍ നിന്ന്‌ ബാഹ്യലോകത്തേക്കും ബഹിരാകാശത്തേക്കും സ്ത്രീയെ കൈപിടിച്ച്‌ ഉയര്‍ത്തിയവര്‍, സ്ത്രീത്വത്തിന്‌ അര്‍ഹമായ സ്ഥാനം നല്‍കി പുരുഷന്റെ അന്തസ്സ്‌ ഉയത്തിപ്പിടിച്ച ആ പുരുഷസമൂഹത്തിന്‌ ഇന്ന്‌ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു.

സ്ത്രീകള്‍ മാറുമറയ്ക്കാതെ ചെന്നാലേ അമ്പലത്തിലെ ദേവന്‍ കടാക്ഷിക്കൂന്നുണ്ടെങ്കില്‍ ആ കടാക്ഷം വേണ്ടെന്ന്‌ ദൈവത്തെയും ആചാരങ്ങളെയും എതിര്‍ത്ത്‌ ആണത്വം കാണിച്ചവര്‍, ഇന്ന്‌ ആ മാറ്‌ പിളര്‍ന്ന്‌ ചോരയും മാംസവും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതില്‍ ആനന്ദം കാണുന്നു.

അടുത്തിടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച പലതും ഇവയൊക്കെ വിളിച്ചോതുന്ന വേദനാജനകവും ലജ്ജാവഹവുമായ സംഭവങ്ങള്‍. മനുഷ്യകുലത്തില്‍ പിറന്ന ഒരു പിതാവിനോ സഹോദരനോ കണ്ടില്ലെന്നു നടിക്കാന്‍ പറ്റുന്നവയല്ല പലതും.

സമ്പൂര്‍ണ്ണ സാക്ഷരരായ നരാധമന്മാരാല്‍ വഴിമുട്ടി, ജീവിതത്തിന്റെ തുറക്കാത്ത വാതിലുകളില്‍ മുട്ടിത്തളര്‍ന്ന്‌ കരിഞ്ഞു വീഴുന്ന, വര്‍ണ്ണച്ചിറകുകള്‍ നിവര്‍ത്തി പാറി നടക്കേണ്ട ഈ ശലഭങ്ങള്‍ക്ക്‌ പ്രായപരിധിയില്ല... ജാതിമത വേര്‍പാടില്ല...വലിപ്പച്ചെറുപ്പമില്ല...

ഒരു വാര്‍ത്തക്കപ്പുറത്തേക്ക്‌ ഒന്നും നീളുന്നില്ല. അല്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക്‌ ആഘോഷിക്കാന്‍ ഒരു വാരം. അതു കഴിഞ്ഞാല്‍ നിയമത്തിന്റെ കൈകളാല്‍ ഭദ്രമായി കുഴിച്ചുമൂടപ്പെടുന്ന മറ്റൊരു ചാപിള്ള.

ജന്തുത്വം മനുഷ്യത്വത്തെ തോല്‍പ്പിച്ച്‌ പാടേ കാര്‍ന്ന്‌ തിന്നോ, അതോ മനുഷ്യത്വം ജന്തുത്വത്തിന്‌ മുന്നില്‍ അടിയറവുവച്ചോ. മ്ര്യഗീയവാസനയുടെ അതിപ്രസരം മനുഷ്യനെ അന്ധമ്ര്യഗങ്ങളാക്കി. മ്ര്യഗങ്ങള്‍ക്ക്‌ അമ്മയും, പെങ്ങളും, മകളുമില്ലല്ലോ. ഏതായാലും കാമപൂര്‍ത്തീകരണത്തിനുള്ള ശരീരങ്ങള്‍ മാത്രം.

പുറമേ മോടിചമഞ്ഞ്‌ അഹംഭാവക്കുനകളായി നടക്കുന്ന കേരളത്തിലെ പുരുഷന്മാര്‍ക്ക്‌ പൗരുഷമെന്നത്‌ എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടികളുടെമേല്‍ കാണിക്കേണ്ട ഒരു സംഭവമായി തരം താഴ്‌ന്നിരിക്കുന്നു.

ആരെ വിശ്വസിക്കണം, അച്ഛനെയോ, അമ്മയെയോ, അദ്ധ്യാപകനെയോ, അയല്‍ക്കാരനെയോ, ബന്ധുവിനെയോ... ഇത്‌ ആരോ പറഞ്ഞപോലെ അനന്തം അജ്ഞാതം. ഇന്ന്‌ ഈ ചോദ്യത്തിന്‌ ഉത്തരം പറയുക വിഷമമാണ്‌. അല്ലായിരുന്നെങ്കില്‍ മടിയിലിരുത്തി താലോലിക്കേണ്ട കുട്ടി മട്ടുപ്പാവിലെ വിറകുപുരയിലെ ചാക്കുകെട്ടില്‍ എത്തില്ലായിരുന്നു. മടിയില്‍ തലചായ്ച്ച്‌ സ്നേഹം പങ്ക്‌ വയ്ക്കേണ്ട അമ്മമാരുടെ മടിക്കുത്ത്‌ ഇടവഴിയിലെ ഇരുളില്‍ അഴിയില്ലായിരുന്നു.

ലോകം വിരല്‍ത്തുമ്പില്‍ എത്തിയ ഈ നൂറ്റാണ്ടില്‍ സ്ത്രീകള്‍ അടുക്കളയിലേക്ക്‌ തന്നെ മടങ്ങേണ്ടി വരുമോ? ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്ത്രീകള്‍ ഇങ്ങനെയായാല്‍ പോരെന്ന്‌ തോന്നിയ അനേകം നല്ല മനസ്സുകള്‍ അഹോരാത്രം പണിപ്പെട്ടതിന്റെ ഫലമായിട്ടാണ്‌, അകത്തളങ്ങളിലെ കരിപിടിച്ച ചുവരുകള്‍ മാത്രം കണ്ട്‌ ശിലിച്ച സ്ത്രീകള്‍ പുറം ലോകം കണ്ടത്‌. അവരെ വീണ്ടും അകത്തളങ്ങളിലെ ഇരുട്ടിലേക്ക്‌ തന്നെ മടക്കി അയക്കരുതേ.

അമ്മയുടെ ഗര്‍ഭപാത്രം പോലും സുരക്ഷിതമല്ലാതിരിക്കുന്ന ഈ കാലത്ത്‌ അടുക്കള എത്രമാത്രം ?. കാമം പൂര്‍ത്തീകരിക്കാനിടമില്ലാതെ ബസ്സിലും തിയേറ്ററിലും പൊതുസ്ഥലങ്ങളിലും പേക്കൂത്ത്‌ നടത്തുന്ന ഇത്തരം പുരുഷന്മാര്‍ക്ക്‌ തുണയായി മൂന്നാം കണ്ണായി വിവിധ തരം ക്യാമറകളും. സംഹാരത്തിനായി തുറക്കുന്ന കൈലാസനാഥന്റെ നെറ്റിക്കണ്ണ്‌ പോലെ. നാശം തന്നെയാണ്‌ രണ്ടിന്റെയും അന്തിമഫലം.

അയല്‍സംസ്ഥാനത്ത്‌ ഈയ്യടുത്ത കാലം വരെ പെണ്‍കുഞ്ഞുങ്ങള്‍ പിറന്നാല്‍ കള്ളിപ്പാലോ നെല്ലോ കൊടുത്ത്‌ കൊല്ലുന്ന പതിവുണ്ടായിരുന്നു. ഒരു പെണ്‍ കുഞ്ഞിനെ പോറ്റി വളര്‍ത്തി കല്ല്യാണം കഴിപ്പിച്ച്‌ കൊടുക്കാന്‍ അവരുടെ ദാരിദ്ര്യം അവരെ അനുവദിക്കുന്നില്ല എന്നതുതന്നെ കാരണം. എന്നാല്‍ ഇവിടെയോ ? നാം പുറകിലേക്ക്‌ സഞ്ചരിക്കുകയാണ്‌. ഈ രാക്ഷസന്മാരെപ്പേടിച്ച്‌ ഇവിടെ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കണോ ?

വിടരാന്‍ വെമ്പിനില്‍ക്കുന്ന മൊട്ടുകള്‍ വിരിയട്ടെ.
പല വര്‍ണ്ണങ്ങളില്‍ സുഗന്ധം പരത്തി
പൂക്കളായി അവര്‍ വിരിയട്ടെ.
അവര്‍ക്കായി നമുക്കൊരു പൂന്തോട്ടമൊരുക്കാം

കാമം കലരാത്ത കണ്ണുകള്‍ അവരെ കാണട്ടെ.
രക്തം പുരളാത്ത കൈകള്‍ അവരെ തലോടട്ടെ.
പഴുതുകളില്ലാത്ത നിയമങ്ങള്‍ അവരെ രക്ഷിക്കട്ടെ.

പുഴുക്കുത്തേല്‍ക്കാത്ത മനസ്സുകള്‍ അവരെ സ്നേഹിക്കട്ടെ.
കറ പുരളാത്ത കൈകള്‍ അവരെ സംരക്ഷികട്ടെ.
ഹിംസയറിയാത്ത ഹ്ര്യദയങ്ങള്‍ അവരെ ലാളിക്കട്ടെ.

പെണ്‍ ഭ്രൂണങ്ങള്‍ ഹിംസിക്കപ്പെടാതിരിക്കട്ടെ.
അമ്മമാര്‍ അവര്‍ക്കായ്‌ കള്ളിപ്പാല്‍ ചുരത്താതിരിക്കട്ടെ.
അച്ഛന്മാര്‍ അവര്‍ക്ക്‌ നെല്‍മണികള്‍ ഊട്ടാതിരിക്കട്ടെ.

ലോകമാകുന്ന ഈ പൂന്തോട്ടത്തിലെ പൂക്കളാണവര്‍. അവയെ പറിച്ച്‌ കശക്കിയെറിയാതിരിക്കൂ. സ്നേഹവും, പ്രണയവും, ബന്ധങ്ങളും, തലമുറകളുടെ നിലനില്‍പ്പും എല്ലാം അവയിലടങ്ങിയിരിക്കുന്നു.

ഒരുനാള്‍ വന്നേക്കാം, പൂക്കളുടെ സുഗന്ധമുള്ള ഇളങ്കാറ്റിന്‌ വേണ്ടി നാം കൊതിക്കുന്ന കാലം.

ഒരപേക്ഷ 'ദയവായി പൂക്കള്‍ പറിക്കരുത്‌ '

Monday, August 11, 2008

കുതിരവട്ടം പി.ഒ.


ഹല്ലോ...,


ഈ കത്ത്‌ കിട്ടുമ്പോള്‍ നീ ഞെട്ടും. നീ ഞെട്ടുന്നതും ഞെട്ടിപ്പൊട്ടുന്നതും ഞാന്‍ മനസ്സില്‍ കാണുന്നു.

എന്നെ മനസ്സിലായോ ??? എവടെ അല്ലേ ???

ഇത്‌ ഞാനാ... നിന്റെ അമ്മാവന്റെ അനിയത്തിയുടെ ഭര്‍ത്താവിന്റെ വകയിലുള്ള മകളുടെ ചെറിയച്ഛന്റെ രണ്ടാകെട്ടിലെ ഭാര്യയുടെ രണ്ടാമത്തെ മകന്റെ വലിയച്ഛന്റെ അനന്തിരവന്റെ മൂത്തമകന്റെ ഭാര്യയുടെ അനിയത്തിയുടെ ആദ്യഭര്‍ത്താവിന്റെ അമ്മയുടെ ആങ്ങളയുടെ അമ്മായിയുടെ അയലത്തെ വീട്ടിലെ പുഷ്‌ക്കൂ എന്ന്‌ നീ വിളിക്കുന്ന പുഷ്കരന്‍.

ഇത്രേം അടുത്ത ബന്ധുവായിരിന്നിട്ടുപോലും നീ ഒരു കത്തയച്ചില്ല. എന്നെ നിന്റെ കല്ല്യാണത്തിന്‌ ക്ഷണിച്ചതുമില്ല. എനിക്കതില്‍ പരിഭവവുമില്ല പരിപ്പുവടയുമില്ല. അതുകൊണ്ടാണ്‌ ഒന്ന്‌ അങ്ങോട്ടേക്ക്‌ അയക്കാമെന്ന്‌ വച്ചത്‌.

പിന്നെ, എന്തെല്ലാം ഉണ്ട്‌ വിശേഷങ്ങള്‍ ??? ആവിടെ നിനക്ക്‌ സുഖം ആണെന്നു വിശ്വസിക്കുന്നു. ഇവിടെ എനിക്കും സുഖം ആണെന്നു വിശ്വസിക്കുന്നു.

വെറുതേ ഇരിക്കുവാണൊ ???? അതോ പണ്ടത്തെപ്പോലെ ചുമ്മാ ഇരുന്ന്‌ സമയം കളയുകയാണോ ? ചുമ്മാ ഇരിക്കുവാണെങ്കില്‍ മെയിന്‍ സ്വിച്ച്‌ അണച്ചും ഓഫാക്കിയും കളിച്ചുകൂടേ നിനക്ക്‌.

പിന്നെ മറ്റേ കാര്യം എന്തായി ??? വല്ലോം നടക്കൊ ?? ഞാന്‍ അന്നേ പറഞ്ഞതാ ഒന്നും നടക്കില്ലാന്ന്‌. അതിനൊക്കെ ഒരു യോഗം വേണം. അവളെ വിശ്വസിക്കല്ലേന്നു മറ്റവന്‍ പറഞ്ഞതാ, അപ്പോള്‍ നീ കേട്ടില്ല, മാത്രമല്ല അവനെ ചീത്ത പറഞ്ഞ്‌ പിണക്കുകയും ചെയ്തു. വല്ലപ്പോഴും പാതി കടിച്ചിട്ടാണെങ്കിലും കിട്ടിയിരുന്ന പേരയ്ക്ക കിട്ടാതായപ്പോള്‍ നിനക്ക്‌ സമാധാനമായില്ലേ? ഇപ്പോള്‍ അനുഭവിച്ചോ.

അതു പറഞ്ഞപ്പോഴാ ഓര്‍ത്തത്‌, മറ്റേ റോഡ്‌ ടാറിട്ടു കഴിഞ്ഞൊ ?? വീട്ടിലെ ആ പ്ലാവ്‌ മുറിച്ചോ?? ടാറിംഗ്‌ കഴിഞ്ഞപ്പോള്‍ എത്ര ചക്ക ബാക്കിയായി. പ്ലാവ്‌ മുറിച്ചപ്പോള്‍ എത്ര ടാര്‍ കിട്ടി.

വീട്ടിലെ പശു പെറ്റോ??? ഉഗാണ്ടയിലെ അമ്മായി എങ്ങനെ?? ഇപ്പോള്‍ കറവയുണ്ടോ?? എത്ര ലിറ്റര്‍ പാല്‍ കിട്ടും?? പശുക്കുട്ടി സുഖമായി കഴിയുന്നല്ലൊ അല്ലേ? കുറുമ്പ്‌ ഒക്കെ കാണിക്കുന്നുണ്ടോ??

അവിടെ എങ്ങനെ ചൂടാണോ അതോ വെയിലാണോ? ഇവിടെ മഴയാണെങ്കിലും ഭയങ്കര തണുപ്പാണ്‌. ഇവിടെ ഭയങ്കര കൊതുകാണ്‌. അവിടെയും അങ്ങനെ തന്നെയാണെന്നു വിചാരിക്കുന്നു..

ഇന്ന്‌ ബൈക്കിനു കാറ്റടിക്കാന്‍ മറന്നു. ഇനി പോയി കുപ്പിയില്‍ പെട്രോള്‍ വാങ്ങിക്കണം. മായം ചേര്‍ക്കല്‍ സര്‍വ്വസാധാരണമായതിനാല്‍ കുടിച്ച്‌ നോക്കിയേ വാങ്ങാല്‍ പറ്റൂ. നാടൊന്നും ഇപ്പോള്‍ പഴയ പോലെയല്ല. എന്തൊക്കെ നിയമങ്ങളും നൂലാമാലകളും. ഇന്നലെ ഒരു കത്തയാക്കാന്‍ ചെന്നപ്പോള്‍ അവര്‌ പറയുന്നൂ... റേഷന്‍ കടയിലൊന്നും കത്തയക്കാന്‍ പറ്റില്ലാന്ന്‌. എന്താ കഥ....

മീനിനൊക്കെ ഇപ്പൊ എന്താാാ വില??? ഐസിലാ കിടക്കുന്നത്‌ എന്നാലും തൊട്ടാല്‍ പൊള്ളും. ജാമ്പക്ക 10 എണ്ണത്തിന്‌ 2 രൂപയാണെന്ന്‌. പുളിയാണെന്ന്‌ പറഞ്ഞ്‌ ഞാന്‍ വാങ്ങിച്ചില്ല. എന്നെ പറ്റിക്കാന്‍ നോക്കിയതാ. ഞാനാരാ മോന്‍.

നീ ഇപ്പോഴും റേഡിയോ ഒക്കെ കേക്കാറുണ്ടോ?? പണ്ട്‌ സംസ്കൃത വാര്‍ത്ത കേള്‍ക്കാനുള്ള നിന്റെ ആക്രാന്തമാണ്‌ ഓര്‍മ്മ വരുന്നത്‌. അതു കേള്‍ക്കുമ്പോള്‍ കതവിന്റെ വിജാഗിരി കരയുന്ന ശബ്ദമാണു ഓര്‍മ്മ വരുന്നെ.

നല്ല ലഡുവും പുളിശ്ശേരിയും കൂടെയങ്ങനെ കുഴച്ച്‌ കുഴച്ച്‌ കഴിച്ച കാലം മറന്നു. ഇപ്പോഴത്തെ ലഡുവിനൊന്നും പുളിയുമില്ല പുളിശ്ശേരിക്കാണെങ്കില്‍ ഒടുക്കത്തെ മധുരവും. പിന്നേയ്‌... നീ വെയില്‍ അധികം കൊള്ളണ്ടാട്ടൊ... ഒള്ള ബുദ്ധി എങ്ങാനും ആവിയായി പോയാലോ??

പുതിയ സിനിമ ഒന്നും കണ്ടില്ലലോ അല്ലേ?? എങ്ങനെ കാണാന്‍? ഷോര്‍ട്ട്‌ സൈറ്റ്‌ ആണെന്ന കാര്യം ഞാന്‍ മറന്നു പോയി, എന്നാലും ഇപ്പൊ പഴയ പോലെ വിക്ക്‌ ഒന്നും ഇല്ലല്ലോ അല്ലേ?? നിന്റെ കേള്‍വിയന്ത്രം നീ ഇപ്പോഴും വയ്കാറുണ്ടോ?

എന്താണെന്നറിയില്ല ഇപ്പൊ പഴയ പോലെ ഒന്നും ഓര്‍മ്മ നിക്കുന്നില്ല. ഒരു കാര്യം ചെയ്യു, ഡോക്റ്ററിനെ ഒന്നും കാണിക്കണ്ട. നമ്മടെ പിഷാരടി വൈദ്യനെ കാണിച്ചാ മതി, അങ്ങേരാവുമ്പൊ ആഹാരം കുറച്ചേ കഴിക്കൂ.

പിന്നേയ്‌...നാണിത്തള്ള മരിച്ച വിവരം നീ അറിഞ്ഞുകാണുമല്ലോ. അല്ലേലും ആ തള്ളക്ക്‌ ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ. അടുത്ത പറമ്പില്‍ നിന്ന്‌ അടിച്ചുമാറ്റരുതെന്ന്‌ ആയിരം പ്രാവശ്യം പറഞ്ഞിട്ടുള്ളതാ. കേട്ടില്ല... അവസാനം ചേനയാണെന്ന്‌ കരുതി പന്നിപ്പടക്കം എടുത്തുകൊണ്ട്‌ വന്ന്‌ വെട്ടിമുറിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ ? പാവം തള്ള വെള്ളം കുടിച്ച്‌ മരിക്കാനുള്ള ഭാഗ്യം ഇല്ലാതെപോയി.

ഒന്നും വിചാരിക്കല്ലേ... ഈ ഇടെയായി എല്ലാരും പറയുന്നു, എനിക്കു വട്ടാണെന്ന്‌... അതെന്താ??????

ഇതു തേങ്ങയല്ല മൗസ്‌ ആണ്‌, ഇതു ചക്കയല്ല മോണിറ്റര്‍ ആണ്‌, ഇതു തബല അല്ല കീബോര്‍ഡ്‌ ആണ്‌, ഏതെല്ലാം സാധനങ്ങള്‍ എന്തെല്ലാം ആണെന്നു എനിക്കു തിരിച്ചറിയാനുള്ള കഴിവുണ്ടെന്നു കാണിക്കാന്‍ മാത്രം ആണ്‌ ഇതു പറഞ്ഞത്‌.

ഹൊ! വര്‍ത്തമാനം പറഞ്ഞ്‌ സമയം പോയതറിഞ്ഞില്ല. ഗുളിക തിന്നാന്‍ സമയമയി...

ഈ കുട്ടിയിതെന്താ കാട്ടണേ... പോയി പെട്ടന്നു ഗുളിക കഴിക്കൂ കുട്ട്യേ !!! ഗുളികയ്ക്ക്‌ കയ്പ്പ്‌ അധികമാണെങ്കില്‍ ഭരണിയില്‍ കല്‍ക്കണ്ടം ഉപ്പിലിട്ടത്‌ ഇരിപ്പുണ്ട്‌. അതിലൊന്നെടുത്ത്‌ നെറ്റിയില്‍ പുരട്ടിക്കോളൂ...

ശരി, അപ്പൊ പിന്നെ കുറച്ചു കഴിഞ്ഞു സംസാരിക്കാം.. എന്റെ ഫ്ലൈറ്റ്‌ വരാന്‍ ടൈം ആയി... അയ്യടാ... നേരത്തേ ചെന്നില്ലെങ്കില്‍ സീറ്റ്‌ കിട്ടില്ല. പിന്നെ നിന്ന്‌ പോകാനൊന്നും എന്നെക്കൊണ്ട്‌ വയ്യ. അതുമല്ല സൈഡ്‌ സീറ്റില്‍ കാറ്റുകൊണ്ടിരുന്നു യാത്ര ചെയ്തില്ലെങ്കില്‍ എനിക്ക്‌ തല കറങ്ങുമെന്ന്‌ നിനക്കറിയാമല്ലോ.


എന്ന്‌ നിന്റെ സ്വന്തം,

പുഷ്‌കു.


വാല്‍ : എല്ലാ വിവരത്തിനും മറുപടി അയയ്ക്കുക. നിന്റെ പഴയ ഫോണ്‍ നമ്പറിലേക്കാണിത്‌ അയക്കുന്നത്‌... അതുകൊണ്ട്‌ ഈ കത്ത്‌ കിട്ടിയില്ലെങ്കില്‍ എന്നെ വിളിച്ച്‌ പറയാന്‍ മറക്കല്ലേ.
Related Posts Plugin for WordPress, Blogger...

Popular Posts