Wednesday, November 28, 2007
ചുരുളിവളവിലെ ആത്മാക്കള്‍
"മുറുക്കാന്‍ കുറച്ച് ചുണ്ണാമ്പ് തരാമോ?"
ഇങ്ങനെയൊരു ചോദ്യം വൈകിട്ട് 6 മണിക്ക് ശേഷം കേട്ടാല്‍ അടിമുടിവിറച്ച് വിയര്‍ത്തു വന്നിരുന്നു, ഞങ്ങള്‍ക്ക്. കാരണം...
കുറച്ചുകാലം മുമ്പുവരെ കോവില്ലൂര്‍ വാസികളുടെ ഹസാര്‍ഡസ് ഏരിയകളില്‍ ഒന്നായിരുന്നു, 'ചുരുളി വളവ്'. വൈകിട്ട് 6 മണി കഴിഞ്ഞാല്‍ അങ്ങോട്ട് ആരും പോകാറില്ല, അതുവഴിയും ആരും പോകാറില്ല. പോകാന്‍ വേറെ വഴിയുമില്ല.
ചുരുക്കിപ്പറഞ്ഞാല്‍ 6 മണികഴിഞ്ഞാല്‍ അങ്ങോട്ടുള്ള ഗതാഗതം അപ്പാടെ കട്ട്.
'ട' പോലെ സാമന്യം വലിപ്പമുള്ളൊരു വളവ്. ഒരു വശം ഉയര്‍ന്ന റബര്‍ തോട്ടങ്ങളും മറുവശത്ത് താഴ്ന്ന ക്ര്യഷിയിടങ്ങളും. വളവിന്റെ ഉയര്‍ന്ന വശത്ത് ഒരു ഭീമന് അയണിമരവുമുണ്ട്. ഈ ഭീമന് ആ സ്ഥലത്തെ ഇരുട്ടിനെയും ജനങ്ങളിലെ ഭീതിയെയും ഒരു പൊടിക്കൊന്നുമല്ല കൂട്ടിയിരുന്നത്.
തെരുവ് വിളക്ക് എന്ന സംഭവം ഇന്നും ഒരു സംഭവമായിത്തന്നെ നിലകൊള്ളുന്ന നമ്മുടെ സ്വന്തം ശ്യാമസുന്ദരകേരകേധാരഭൂമിയില്‍, ഈ ഗ്രാമത്തിന്റെ അന്നത്തെ സ്ഥിതി പറയാതെ തന്നെ ഊഹിക്കാമല്ലൊ.
കലാകാലങ്ങളില്‍ ചുരുളി വളവിലെ അയണിമരത്തിന്റെ കൊമ്പില്‍ ജിവിതം മടുത്തിട്ടും, കൊമ്പിന്റെ ബലം പരീക്ഷിക്കാനുമൊക്കെ കയറി കഴുത്തില്‍ കയറിട്ട് തൂങ്ങി നോക്കിയ മഹാരഥന്മാരും രഥിമാരും ഗതി കിട്ടാതെ അഗതികളെപ്പോലെ ഇപ്പോഴും അവിടെ കറങ്ങിയടിച്ച് നടന്ന്, പോകുന്നവരോടും വരുന്നവരോടും ചുണ്ണാമ്പ് ചോദിക്കുന്നു എന്നതാണ് ഭീതിയുടെ മുഖ്യഹേതു.
ചോദിക്കുക മാത്രമല്ല, ചുണ്ണാമ്പ് കൊടുക്കാന്‍ സന്മനസ്സ് കാട്ടിയവരെയൊക്കെ നിഷ്ക്കരുണം ഡിന്നറാക്കി തടിച്ച് കൊഴുത്ത് നിര്‍ബാധം വിഹരിക്കുന്നു എന്നാണ് സംസാരം.
പനച്ചമൂട് ചന്ത, അവര്‍ ഓണ്‍ ചന്ത. ബാര്‍ട്ടര്‍ സംബ്രദായത്തിലും അല്ലാത്ത സംബ്രദായത്തിലുമൊക്കെ ഇവിടെ കച്ചവടം നടക്കും.
കച്ചവടത്തിലധികവും ഇതിലൊന്നിലും പെടാത്ത, പിന്നെത്തരാം നാളെത്തരാം അടുത്ത ചന്തക്ക് തരാം എന്ന് പറഞ്ഞിട്ട് പിന്നെ ആ വഴി വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു പ്രത്യേക സംബ്രദായത്തിലാണ്.
ബുധനും ശനിയുമാണ് പ്രവര്‍ത്തിദിനങ്ങള്‍. അതുകൊണ്ടുതന്നെ ചെവ്വാഴ്ചയും വെള്ളിയാഴ്ചയും രാത്രികളില്‍ ഇതിലേ ജനസഞ്ചാരം ഉണ്ടെങ്കിലും ആരും ഒറ്റക്കുപോകാറില്ല. പ്രേതങ്ങളുടെയും ആത്മാക്കളുടെയും ഔട്ടിംഗ് കം ഷോപ്പിംഗ് ഡേയാണത്രേ വെള്ളിയാഴ്ച. കാളവണ്ടിയില്‍ പോകുന്നവരായാലും നടന്ന് പോകുന്നവരായാലും ഇരട്ടകളായിട്ടോ മുരട്ടകളായിട്ടോ മാത്രമേ ഈ ഏരിയ തരണം ചെയ്തിരുന്നുള്ളൂ.
അതുമാത്രമല്ല, പോകുന്ന എല്ലാപേരുടെയും കയ്യില്‍ ഒരു കത്തിയോ ഇല്ലെങ്കില്‍ ഒരു ചെറിയ പേനാക്കത്തിയെങ്കിലും കാണുമായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. എന്നുവച്ച് ഇവരാരും പുത്തൂരം വീട്ടില്‍ ജനിച്ചവരോ തച്ചോളി ഒതേനന്മാരൊ അല്ല കേട്ടോ. ചുണ്ണാമ്പ് കൊടുക്കാനാണ് കത്തി. ആരോടാണ് എപ്പോഴാണ് ചുരുളിവളവിലെ അഗതികള്‍ മുറുക്കാന്‍ മുട്ടിയിട്ട് ചുണ്ണാമ്പ് ചോദിക്കുന്നതെന്നറിയില്ലല്ലോ.
പേടിച്ച് വിറച്ച് ആരെങ്കിലും വന്നിട്ട് പോകാമെന്നു വഴിയില്‍ നില്ക്കുന്ന ആരെങ്കിലും "ഞാനും കൂടെ വരട്ടേ അണ്ണാ" എന്ന് ചോദിച്ചാല്‍ ആരും കൂടെ കൂട്ടാറില്ല എന്നു മാത്രമല്ല ജാതിമതഭേതമന്യേ കുരിശും വരച്ച് കഴിയുന്നതും വേഗം അവിടുന്ന് സ്കൂട്ടാവുകയും ചെയ്യും.
പ്രേതങ്ങള്‍ക്കെല്ലാം മോര്‍ഫിംഗ് നല്ല വശമാണെന്ന് പൊതുവേയൊരു ധാരണ നിലനിന്നിരുന്നതുകാരണം ചോദിച്ചത് നാട്ടുകാരനെപ്പോലെ വന്ന പ്രേതമാണോ മറുതയാണോ അഗതികളില്‍ ആരെങ്കിലുമാണോന്ന് അറിയില്ലല്ലോ. അതുകൊണ്ടാണ് കുരിശിനെ കൂട്ടുപിടിക്കുന്നത്. എന്ത് മോര്‍ഫ് ചെയ്താലും കുരിശ് കണ്ടാല്‍ തനിനിറം പുറത്താകുമല്ലോ?
അങ്ങനെ ചുരുളിവളവില്‍ വച്ചുള്ള ഏതു ചോദ്യവും തെറ്റിദ്ധരിക്കപ്പെട്ടിരുന്ന കാലത്താണ് ...
പിള്ളചേട്ടന് കൂട്ടില്ലാതെ ചന്തക്ക് പോകേണ്ട ഒരവസരം വന്നു പെട്ടത്. പോകാന്‍ വേറെ ആളില്ലാത്തതിനാലും നിവൃത്തിയില്ലാതതിനാലും രണ്ടും കല്‍പ്പിച്ച് പോകാന്‍ തന്നെ തീരിച്ചു.
അര്‍ജ്ജുനനും ഭല്‍ഗുണനും പാര്‍ത്ഥനും കിരീടിയെയുമെല്ലാം കൂട്ടുപിടിച്ചാണ് പോക്കെങ്കിലും, കേട്ടവ പലതും മനസ്സില്‍ മെഗാസീരിയല്‍ പോലെ ഒന്നിനുപുറകെ മറ്റൊന്നായി അവസാനമില്ലാതെ ഓടിക്കൊണ്ടിരുന്നതിനാല്‍ 'കമോണ്‍ പിള്ളേ യൂ കാന്‍ ഡൂ ഇറ്റ്" എന്ന മേല്‍പ്പറഞ്ഞ കൂട്ടുപിടിച്ചവരുടെ പ്രോത്സാഹനങ്ങളൊന്നും പിള്ളച്ചേട്ടനെ കാര്യമായി സഹായിച്ചില്ല.
ചുരുളിവളവ് എത്തേണ്ടിവന്നില്ല, പ്രതീക്ഷിച്ചതു സംഭവിച്ചു.
"അണ്ണാ സമയമെന്തായി ?"
സമയം കളയാതെ, ധൈര്യം കൈവിടാതെ പിള്ളച്ചേട്ടന്റെ മറുപടിയും വന്നു.
"സമയമെന്തിന് കവടി നിരത്തി നല്ലനേരം നോക്കാനാ. പെരുമഴയത്ത് കായലില്‍ ചാടി ചാവാന്‍ പോണവന് കുടയെന്തിനാ?. ഇനിയിപ്പോ സമയമറിഞ്ഞിട്ടെന്തെടുക്കാന്... പിച്ചിക്കീറി തിന്ന് നിന്റെയൊക്കെ ആക്രാന്തം തീരട്ടെ"
ഇതുപറയുമ്പോള്‍ ധൈര്യം കൊണ്ട് പിള്ളച്ചേട്ടന് കരയുന്നുണ്ടായിരുന്നു.
വാല് : ചുരുളിവളവിനെപ്പേടിച്ച് രാവിലെ ആദ്യത്തെ ബസ്സിന് ചന്തക്ക് പോകാന്‍ വേണ്ടി കടവരാന്തയില്‍ കാത്തിരുന്ന കുരുമുളക് കച്ചവടക്കാരന് കേശവന് വെളുക്കുംവരെ കൂട്ടിനൊരാളെക്കിട്ടി... ബോധമില്ലാതെ കിടക്കുന്ന പിള്ളച്ചേട്ടന്റെ ബോഡി.
രണ്ടുപേര്‍ക്കും പിന്നെയൊരാഴ്ച വിട്ടുമാറാത്ത പനിയായിരുന്നു. 'ചന്തക്ക് പോയപ്പോള്‍ മഞ്ഞ് കൊണ്ടതാത്രേ'
Subscribe to:
Post Comments (Atom)
Popular Posts
-
എനിക്കെന്ത് എന്ന് ചിന്തിക്കുന്ന, എന്റെയാരുമല്ലല്ലോ എന്ന് ചിന്തിക്കുന്ന 1.1 ബില്ല്യന്‍ ഇന്ത്യാക്കാരില്‍ ഒരുവന്. ഇതേ ചിന്തയുമായി പ്രതികര...
-
ആത്മവിദ്യാലയമേ അവനിയിലാത്മവിദ്യാലയമേ... ആ വരികളിലെ അര്‍ത്ഥവും ആഴവും മനസ്സിലാവുന്നതിന് മുന്‍പുതന്നെ ഇഷ്ടപ്പെട്ടിരുന്ന, സംഗീതവാസന തൊട്ടുതീണ്ട...
-
'ഹല്ലോാാാ .... ഹൗ ആര് യൂ.... അയാം ഫൈന്‍.' ഇതു സാം രാജല്ലേ ? ഇവനെന്താ ഇങ്ങനെ എന്നാലോചിക്കണമെന്നുണ്ടായിരുന്നു എനിക്ക്. ചോദ്യവും ഉത്ത...
-
പുതിയ സ്ഥലം, പുതിയ ഭാഷ, പുതിയ ആള്ക്കാര്, എല്ലാം ഒന്ന് പരിചയപ്പെട്ട് വരുന്നതുവരെ അയലത്തെ മണിച്ചേച്ചിയുടെ മകന് കണ്ണന്റെ കൂടെ പോയി വരട്ട...
-
താന്‍ കൂവിയതുകൊണ്ടുമാത്രമാണ് നേരം വെളുത്തത്, ഇല്ലെങ്കില്‍ കാണാമായിരുന്നു എന്ന മട്ടില്‍ ധാരാസിംഗ് ഗോധയിലേക്കിറങ്ങുന്നപോലെ നെഞ്ചും വിരിച്ച്...
7 comments:
അലമ്പാ :)
നല്ല അലമ്പില്ലാത്ത എഴുത്ത്.
“ചോദിക്കുക മാത്രമല്ല, ചുണ്ണാമ്പ് കൊടുക്കാന്‍ സന്മനസ്സ് കാട്ടിയവരെയൊക്കെ നിഷ്ക്കരുണം ഡിന്നറാക്കി തടിച്ച് കൊഴുത്ത് നിര്‍ബാധം വിഹരിക്കുന്നു എന്നാണ് സംസാരം.“
നന്നായിരിക്കുന്നു. പുതിയത് പ്രതീക്ഷിക്കാമല്ലോ )
-സുല്‍
വൃശ്ചികം തൊടങ്ങിയേപ്പിന്നെ ഒട്ക്കത്തെ മഞ്ഞാ!
നല്ല രസമായി എഴുതിയിരിക്കുന്നു.
:)
രണ്ടുപേര്‍ക്കും പിന്നെയൊരാഴ്ച വിട്ടുമാറാത്ത പനിയായിരുന്നു. 'ചന്തക്ക് പോയപ്പോള്‍ മഞ്ഞ് കൊണ്ടതാത്രേ'
:)
മനുഷ്യനെ പേടിപ്പിച്ച് പനി പിടിപ്പിക്കലായിരുന്നു പണ്ട് പണി അല്ലേ?
ചിരിച്ചുപോയി
നല്ല ഒഴുക്കുള്ള വായന കിട്ടി.
പ്രേതങ്ങളുടെയും ആത്മാക്കളുടെയും ഔട്ടിംഗ് കം ഷോപ്പിംഗ് ഡേയാണത്രേ വെള്ളിയാഴ്ച.
ചൊവ്വാഴ്ചയും ഒട്ടും പുറകിലോട്ടല്ലാ എന്നാണു കേള്‍വി.. :)
നമ്പ്യാര്‍ പറഞ്ഞപോലെ വൃശ്ചികത്തില് മഞ്ഞുകൂടും :)
Post a Comment