Sunday, January 20, 2008
ഒരു കണിയുടെ ഓര്‍മ്മ
"...എല്ലാപേരും എന്റെ സഹോദരീ സഹോദരന്മാരാണ്..."
സ്കൂളിലെ സത്യപ്രതിഞ്ജ, എന്നെ സമ്പത്തിച്ചിടത്തോളം ഒരു പരിധിവരെ ശരിയാണ്.
എണ്ണത്തില്‍ ഞാനും സാക്ഷാല്‍ ശ്രീക്ര്യഷ്ണനും കട്ടക്ക് കട്ടക്ക് നില്‍ക്കും. ഒറ്റ വ്യത്യാസം മാത്രം, ഭഗവാന് ഭാര്യമാരും ഈയുള്ളവന് സഹോദരിമാരും.
ഇതുകേട്ടാല്‍ത്തോന്നും സഹോദരന്മാര്‍ കുറവെന്ന്. (അതു വെറും തോന്നല്‍ മാത്രം).
ആണ്‍തരിയുള്ളവര്‍ പെണ്‍തരിക്കുവേണ്ടിയും പെണ്‍തരിയുള്ളവര്‍ ആണ്‍തരിക്കുവേണ്ടിയും ജാതിമതഭേതമന്യേ കണ്ണില്‍ കാണുന്ന എല്ലാ ദൈവങ്ങള്‍ക്കും നേര്‍ച്ചയും വഴിപാടും നേര്‍ന്നു. ദൈവങ്ങളാണെകിലും അവര്‍ക്കും വേണ്ടേ കുറച്ച് വിശ്രമവും സമാധാനവും. എല്ലാപേരും ഒരുമിച്ചങ്ങനുഗ്രഹിച്ചു. (ഇവരെക്കൊണ്ട് സഹികെട്ടിട്ടാണെന്ന് തോന്നുന്നു)
അനുഗ്രഹിച്ചനുഗ്രഹിച്ച്, കൗരവര്‍ക്കൊപ്പം എത്തിയില്ലെങ്കിലും ഏതാണ്ട് അതിനടുത്തുവരെയൊക്കെ എത്തി. വിചാരിച്ചതുപോലെയല്ല അഫ്റ്റര്‍ എഫക്‌റ്റ്‌സ് എന്ന് പിന്നെയാണ് മനസിലായത് (ആയിടക്ക് പുതിയ ബഡ്‌ജറ്റ് അവതരിപ്പിച്ചു എന്നൊരു കേട്ടറിവ് കൂടെയുണ്ട്). വാട്ടെവര്‍, എല്ലാപേരും അതോടെ വഴിപാടുകള്‍ നിര്‍ത്തുകയും പഴയ നേര്‍ച്ചകള്‍ 'റീക്കാള്‍' ചെയ്യാനും തുടങ്ങി. (ഒന്നു രണ്ടു റീക്കാളുകള്‍ക്ക് ഫെയിലായിരുന്നു റെസല്‍റ്റ്).
സോഫി, എത്രകൊണ്ടാലും പിണക്കിയാലും അതിന്റെയൊന്നും യാതൊരു പിണക്കവും പരിഭവവുമില്ലാതെ ഞങ്ങളുടെകൂടെ വീണ്ടും കളിക്കാന്‍ കൂടുന്ന, ഞങ്ങള്‍ അലമ്പന്മാരുടെ എല്ലാപേരുടെയും അനിയത്തി... എന്റെ കുഞ്ഞമ്മയുടെ ഇളയ സന്താനം.
പത്തു പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ...
സോഫിക്ക് രാവിലെ ചായ കിട്ടിയില്ലെങ്കിലും വേണ്ടില്ല, കിടക്കപ്പായില്‍ നിന്നെണീറ്റയുടനെയുള്ള കണി നല്ലതായിരിക്കണം എന്നത് നിര്‍ബന്ധമുള്ള കാര്യമാണ്.
ആ കണിയാണത്രെ അന്നത്തെ ദിവസം മുഴുവനുള്ള നല്ലതും ചീത്തയുമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നാണ് വിശ്വാസം. ...പാവം... അവളുടെ വിശ്വാസം അവളെ രക്ഷിക്കട്ടെ.
ഉമ്മ വെള്ളം കോരാന്‍ പറയാതിരുക്കുക, വീടും മുറ്റവും തൂക്കാന്‍ പറയാതിരിക്കുക, ഉമ്മാടെ കയ്യില്‍ നിന്ന് വല്ലതും പാരിതോഷികമായി കിട്ടാതിരിക്കിക, വൈകിട്ട് ന്യൂ ഹിറ്റ്‌സില്‍ വിജയുടെ പാട്ടിടുക എന്നിവയെക്കൂടാതെ, സാറിന്റെ കയ്യില്‍ നിന്ന് അടി കിട്ടേണ്ടത് കിട്ടാതിരിക്കുക, ടെസ്റ്റ് പേപ്പറില്‍ തോല്‍ക്കാതിരിക്കുക, സൈക്കിളില്‍ നിന്ന് വീഴാതിരിക്കുക ഇങ്ങനെ ഒരുപാട് കാര്യങ്ങല്‍ ഓവര്‍കം ചെയ്യാന്‍വേണ്ടിയാണ് പാവം കണി നന്നാക്കുന്ന കാര്യത്തില്‍ ഇത്രയും സ്റ്റ്രിക്റ്റ്.
ഇതിലേതെങ്കിലും തെറ്റിയാല്‍ അന്നു മുഴുവനും അവള്‍ കണ്ട കണിക്കാവും കുറ്റം. അല്ലാതെ തന്റെ കയ്യിലിരുപ്പിനെ ഒരിക്കലും അവള്‍ പഴിച്ചിരുന്നില്ല.
ഉച്ചക്ക് തോരന്‍ വയ്ക്കാന്‍ മുരിങ്ങയില അടര്‍ത്തിയിടാന്‍ പറഞ്ഞിട്ട്, ഇലയും അടര്‍ത്തിയിടാന്‍ പേപ്പറുമായി ഉമ്മറത്തേക്ക് പോയവളെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാതെ അന്വേഷിച്ച് ചെന്ന കുഞ്ഞമ്മ കണ്ടത് ഇലയൊക്കെ ഒരുവശത്തേക്ക് മാറ്റിവച്ച് കൊണ്ടുപോയ പേപ്പറിലെ വിജയുടെ പുതിയ സിനിമാപ്പരസ്യവും നോക്കിയിരുന്ന് സ്വപ്നം കാണുന്ന കുലവിളക്കിനെ...
'സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ' എന്ന അവസ്തയിലായ കുഞ്ഞമ്മ കാതില്‍ ഇത്തിരിനേരം സ്നേഹം പ്രകടിപ്പിച്ചതിന്റെകൂടെ ബോണസ്സായിട്ട് തലക്കിട്ട് ഒരു തോണ്ടും അപ്പോത്തന്നെ കൊടുത്തു.
ഇതൊന്നും അവള്‍ക്കൊരു വിഷയമല്ല... കൊള്ളുക പിന്നേയും കൊള്ളുക (ടേക് ആന്‍ഡ് ടേക്) അതാണ് ഇവളുടെ ഒരു നയം.
അതിനും അവള്‍ക്ക് കാരണമുണ്ടായിരുന്നു.
"ഇന്ന് ഞാന്‍ ആനയെയാണ് കണ്ടത്. ഇന്ന് കണ്ട കണി ശരിയല്ല. നാളെയേതായാലും ആനയെക്കാണണ്ടാ."
ടൂര്‍ പോയപ്പോള്‍ വങ്ങിക്കൊണ്ടുവന്ന രണ്ട് പോസ്റ്ററുകള്‍ അവളുടെ മുറിയില്‍ ഒട്ടിച്ചുവച്ചിട്ടുണ്ട്. ഒരു ആനയും പിന്നെ ഒരു 'വിജയും'. അതിലുള്ള ആനയാണ് ഇന്നത്തെ കഥാപാത്രം.
6-ം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും മുടിഞ്ഞ 'വിജയ്' ഫാനാണ്. അതുകൊണ്ട് ചില ഗുണങ്ങളുണ്ട്. 'തിരൈമലര്‍' വായിച്ച് വായിച്ച് അവളുടെ തമിഴ് വല്ലാതങ്ങ് ഇമ്പ്രൂവായി. ആഴ്ചതോറും വിജയുടെ പടമുള്ള പുതിയ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് പൊതിഞ്ഞ് ബുക്കുകളും ടെസ്റ്റുകളും തടിച്ച് ഡിക്‌ഷ്ണറിയുടെ വലിപ്പമെത്തിയെങ്കിലും, എപ്പോഴും പുതിയതുപോലെ മെയിന്റൈന്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നു.
ഇവളിങ്ങനെപോയാല്‍ ഇനി വിജയെ 'അളിയാ' എന്ന് വിളികേണ്ടിവരുമോയെന്നുവരെ ഞങ്ങള്‍ അങ്ങളമാര്‍ പേടിച്ചു.
രാവിലെ കുഞ്ഞമ്മ ഉണര്‍ന്ന് ചായയൊക്കെ കാച്ചിയതിന് ശേഷമേ പിള്ളേരെ വിളിക്കാറുള്ളൂ. എന്നാലും ഇവളെ വിളിച്ചാല്‍ എണീക്കാന്‍ കുറച്ചൊന്നുമല്ല മടി. അഥവാ എണീറ്റാല്‍ത്തന്നെ വിളിച്ചയാളെയും പരിസരവുമൊക്കെ കണ്ണുതുറുപ്പിച്ച് ആദ്യമായിട്ട് കാണുന്നതുപോലെ നോക്കും. കൂടാതെ 'മുറ്റത്ത് മുള്ളിയാല്‍ മണക്കില്ല', 'മുതല്‍വനുക്കു വണക്കം', 'നാന്‍ ഒരു തടവൈ സൊന്നാല്‍ നൂറു തടവൈ സൊന്നമാതിരി', ഇത്യാദി 'അശ്വമേധ'ത്തിലെപ്പോലെ പരസ്പര ബന്ധമില്ലാത്ത രണ്ട് ഡയലോഗും.
ശരിക്ക് പറഞ്ഞാല്‍, വിശേഷദിവസങ്ങളില്‍ കള്ളവാറ്റടിച്ച് വാളും പരിചയുമായി മധോന്മത്തനായി ഓടയില്‍ കിടക്കുന്നവനെ നാട്ടുകാരോ കൂട്ടുകാരോ വന്ന് വിളിച്ചാല്‍ പകുതി ബോധത്തില്‍ കാട്ടിക്കുട്ടുന്ന പരാക്രമങ്ങളും പിച്ചുംപേയും പറച്ചിലുമില്ലേ.. ഏതാണ്ട് അതുപോലെ. ഒറ്റ വ്യത്യാസം മാത്രം ഇത് 'മധോന്മത്തി'
കുഞ്ഞമ്മക്ക് ഇതു കാണുന്നതെ ബുഷ് ബിന്‍ലാദനെക്കാണുന്ന പോലെയാണ്. എന്നാലും ...
"നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് വിളിച്ചെണീപ്പിക്കുമ്പോള്‍ ഇങ്ങനെ പരാക്രമം കാണിക്കരുതെന്ന്. ഇങ്ങനെ പരിസരം മറന്ന് കിടന്നുറങ്ങരുതെന്ന്. പെണ്‍കുട്ടിയാണ് നാളെ വേറെയേതെങ്കിലും വീട്ടില്‍ പോയി ജീവിക്കാനുള്ളതാണ്." ഇത്യാദി ഉപദേശങ്ങളും
"ഇനിയിങ്ങനെ കാണിച്ചാല്‍ നിന്റെ കണ്ണിലിട്ട് കുത്തിത്തരും ഞാന്‍" ഇത്യാദി വിരട്ടലുകളുമൊക്കെയായി കഴിവതും കിടക്കപ്പായിലിട്ടുതന്നെ സ്നേഹപ്രകടനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കാതെ (കൈവക്കാതെയെന്നും പറയും) ഉണര്‍ത്തിക്കലാണ് പതിവ്.
ഇതാണ് ദിനചര്യ.
അന്നു രാത്രി സോഫി, വളരെനേരത്തെ ആലോചനക്കും കൂട്ടലിനും കിഴിക്കലിനും ഹരിക്കലിനുമൊടുവില്‍ ഒരു ഉറച്ച തീരുമാനമെടുത്തു.
'നാളെ മുതല്‍ എന്തു വന്നാലും ആനയെ കണികാണില്ല. പകരം വിജയെ കാണാം.'
അനന്തിരഭലമായി, യുദ്ധകാലാടിസ്ഥാനത്തില്‍ ആനയുടെയും വിജയുടെയും പോസ്റ്ററുകള്‍ മാറ്റി പതിഷ്ടിച്ചു. ഇനി രാവിലെ എണീക്കുന്നത് വിജയെ കണ്ടുകൊണ്ടയിരിക്കും.
ഉറക്കത്തില്‍ കുച്ചിപ്പുടിയും ഭരതനാട്ട്യവും എന്തിന് ഒരു കലോല്‍സവം തന്നെ നടത്തി, സ്വപ്നലോകത്ത് അര്‍മാതിച്ചു നടന്ന സോഫി കലോല്‍സവം കഴിഞ്ഞുള്ള വെടിക്കെട്ടിന് രാവിലെയാണ് സമയം കുറിച്ചിരിക്കുന്നതെന്നറിഞ്ഞില്ല.
നേരം വെളുത്തു. പതിവുപോലെ വിളിച്ചുണര്‍ത്താന്‍ വന്ന കുഞ്ഞമ്മയോടായി കുഞ്ഞാടിന്റെ കണ്ണുതുറക്കാതെയുള്ള അഭ്യര്‍ത്ഥന...
'ഉമ്മാ.. എന്നെ വിജയുടെ മുഖത്തിനുനേരെ പിടിച്ച് തിരിച്ചു നിര്‍ത്ത്'
മോങ്ങാനിരുന്ന മൂങ്ങയുടെ തലയില്‍ മാങ്ങ വീണൂന്ന് പറഞ്ഞാമതിയല്ലോ...
അല്ലറചില്ലറ പൊട്ടലും ചീറ്റലും മുറുമുക്കലിനും ശേഷം കുഞ്ഞമ്മ മുറിയില്‍നിന്ന് പുറത്ത് വന്നപ്പോള്‍, പോകുമ്പോള്‍ കയ്യിലുണ്ടായിരുന്ന തവിയുടെ പകുതിയേ ഉണ്ടായിരുന്നുള്ളൂ.
പുറകേ മുറുമുറുത്തുകൊണ്ട് സോഫിയും 'ഇത്രയും കാലം എഴുന്നേറ്റ് കുറേക്കഴിഞ്ഞേ ഇതൊക്കെ കിട്ടിയിരുന്നുള്ളൂ. ഇന്ന് വിജയെക്കാണാമെന്നു വിചാരിച്ചതേയുള്ളൂ, കിടക്കപ്പായില്‍നിന്നുതന്നെ തൂടങ്ങി.'
വിജയെ കണികണ്ട സന്തോഷംകൊണ്ടാണോന്നറിയില്ല അതു പറയുമ്പോള്‍ അവള്‍ കരയുന്നുണ്ടായിരുന്നു.
വാല്‍ : ഇപ്പോള്‍ കണിക്ക് വലിയ പ്രാധാന്യം കൊടുക്കാറില്ലെന്നാണ് കേള്‍വി.
കഴിഞ്ഞ മാസം അവളുടെ ഒന്നാം വിവാഹവാര്‍ഷികമായിരുന്നു.
(എന്തായാലും വിജയെ ആളിയായെന്ന് വിളിക്കേണ്ടി വന്നില്ല).
Subscribe to:
Post Comments (Atom)
Popular Posts
-
എനിക്കെന്ത് എന്ന് ചിന്തിക്കുന്ന, എന്റെയാരുമല്ലല്ലോ എന്ന് ചിന്തിക്കുന്ന 1.1 ബില്ല്യന്‍ ഇന്ത്യാക്കാരില്‍ ഒരുവന്. ഇതേ ചിന്തയുമായി പ്രതികര...
-
ആത്മവിദ്യാലയമേ അവനിയിലാത്മവിദ്യാലയമേ... ആ വരികളിലെ അര്‍ത്ഥവും ആഴവും മനസ്സിലാവുന്നതിന് മുന്‍പുതന്നെ ഇഷ്ടപ്പെട്ടിരുന്ന, സംഗീതവാസന തൊട്ടുതീണ്ട...
-
'ഹല്ലോാാാ .... ഹൗ ആര് യൂ.... അയാം ഫൈന്‍.' ഇതു സാം രാജല്ലേ ? ഇവനെന്താ ഇങ്ങനെ എന്നാലോചിക്കണമെന്നുണ്ടായിരുന്നു എനിക്ക്. ചോദ്യവും ഉത്ത...
-
പുതിയ സ്ഥലം, പുതിയ ഭാഷ, പുതിയ ആള്ക്കാര്, എല്ലാം ഒന്ന് പരിചയപ്പെട്ട് വരുന്നതുവരെ അയലത്തെ മണിച്ചേച്ചിയുടെ മകന് കണ്ണന്റെ കൂടെ പോയി വരട്ട...
-
താന്‍ കൂവിയതുകൊണ്ടുമാത്രമാണ് നേരം വെളുത്തത്, ഇല്ലെങ്കില്‍ കാണാമായിരുന്നു എന്ന മട്ടില്‍ ധാരാസിംഗ് ഗോധയിലേക്കിറങ്ങുന്നപോലെ നെഞ്ചും വിരിച്ച്...
3 comments:
പാവം വിജയ്.....ഇത്രയും ഡീപ് അന്തവിശ്വാസം ഉള്ള ഒരു ഭാര്യയെ കിട്ടീലല്ലോ.....
നന്നായിട്ടുണ്ട്....:)
ഹഹഹ..കലക്കി. എനിക്കു ശെരിക്കും ഇഷ്ടപെട്ടു.
ഹൊ! പാവം വിജയ്! കഷ്ടിച്ചു രക്ഷപ്പെട്ടു.
;)
Post a Comment