Wednesday, November 28, 2007
ചുരുളിവളവിലെ ആത്മാക്കള്‍
"മുറുക്കാന്‍ കുറച്ച് ചുണ്ണാമ്പ് തരാമോ?"
ഇങ്ങനെയൊരു ചോദ്യം വൈകിട്ട് 6 മണിക്ക് ശേഷം കേട്ടാല്‍ അടിമുടിവിറച്ച് വിയര്‍ത്തു വന്നിരുന്നു, ഞങ്ങള്‍ക്ക്. കാരണം...
കുറച്ചുകാലം മുമ്പുവരെ കോവില്ലൂര്‍ വാസികളുടെ ഹസാര്‍ഡസ് ഏരിയകളില്‍ ഒന്നായിരുന്നു, 'ചുരുളി വളവ്'. വൈകിട്ട് 6 മണി കഴിഞ്ഞാല്‍ അങ്ങോട്ട് ആരും പോകാറില്ല, അതുവഴിയും ആരും പോകാറില്ല. പോകാന്‍ വേറെ വഴിയുമില്ല.
ചുരുക്കിപ്പറഞ്ഞാല്‍ 6 മണികഴിഞ്ഞാല്‍ അങ്ങോട്ടുള്ള ഗതാഗതം അപ്പാടെ കട്ട്.
'ട' പോലെ സാമന്യം വലിപ്പമുള്ളൊരു വളവ്. ഒരു വശം ഉയര്‍ന്ന റബര്‍ തോട്ടങ്ങളും മറുവശത്ത് താഴ്‌ന്ന ക്ര്യഷിയിടങ്ങളും. വളവിന്റെ ഉയര്‍ന്ന വശത്ത് ഒരു ഭീമന്‍ അയണിമരവുമുണ്ട്. ഈ ഭീമന്‍ ആ സ്ഥലത്തെ ഇരുട്ടിനെയും ജനങ്ങളിലെ ഭീതിയെയും ഒരു പൊടിക്കൊന്നുമല്ല കൂട്ടിയിരുന്നത്.
തെരുവ് വിളക്ക് എന്ന സംഭവം ഇന്നും ഒരു സംഭവമായിത്തന്നെ നിലകൊള്ളുന്ന നമ്മുടെ സ്വന്തം ശ്യാമസുന്ദരകേരകേധാരഭൂമിയില്‍, ഈ ഗ്രാമത്തിന്റെ അന്നത്തെ സ്ഥിതി പറയാതെ തന്നെ ഊഹിക്കാമല്ലൊ.
കലാകാലങ്ങളില്‍ ചുരുളി വളവിലെ അയണിമരത്തിന്റെ കൊമ്പില്‍ ജിവിതം മടുത്തിട്ടും, കൊമ്പിന്റെ ബലം പരീക്ഷിക്കാനുമൊക്കെ കയറി കഴുത്തില്‍ കയറിട്ട് തൂങ്ങി നോക്കിയ മഹാരഥന്മാരും രഥിമാരും ഗതി കിട്ടാതെ അഗതികളെപ്പോലെ ഇപ്പോഴും അവിടെ കറങ്ങിയടിച്ച് നടന്ന്, പോകുന്നവരോടും വരുന്നവരോടും ചുണ്ണാമ്പ് ചോദിക്കുന്നു എന്നതാണ് ഭീതിയുടെ മുഖ്യഹേതു.
ചോദിക്കുക മാത്രമല്ല, ചുണ്ണാമ്പ് കൊടുക്കാന്‍ സന്മനസ്സ് കാട്ടിയവരെയൊക്കെ നിഷ്ക്കരുണം ഡിന്നറാക്കി തടിച്ച് കൊഴുത്ത് നിര്‍ബാധം വിഹരിക്കുന്നു എന്നാണ് സംസാരം.
പനച്ചമൂട് ചന്ത, അവര്‍ ഓണ്‍ ചന്ത. ബാര്‍ട്ടര്‍ സംബ്രദായത്തിലും അല്ലാത്ത സംബ്രദായത്തിലുമൊക്കെ ഇവിടെ കച്ചവടം നടക്കും.
കച്ചവടത്തിലധികവും ഇതിലൊന്നിലും പെടാത്ത, പിന്നെത്തരാം നാളെത്തരാം അടുത്ത ചന്തക്ക് തരാം എന്ന് പറഞ്ഞിട്ട് പിന്നെ ആ വഴി വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു പ്രത്യേക സംബ്രദായത്തിലാണ്.
ബുധനും ശനിയുമാണ് പ്രവര്‍ത്തിദിനങ്ങള്‍. അതുകൊണ്ടുതന്നെ ചെവ്വാഴ്ചയും വെള്ളിയാഴ്ചയും രാത്രികളില്‍ ഇതിലേ ജനസഞ്ചാരം ഉണ്ടെങ്കിലും ആരും ഒറ്റക്കുപോകാറില്ല. പ്രേതങ്ങളുടെയും ആത്മാക്കളുടെയും ഔട്ടിംഗ് കം ഷോപ്പിംഗ് ഡേയാണത്രേ വെള്ളിയാഴ്ച. കാളവണ്ടിയില്‍ പോകുന്നവരായാലും നടന്ന് പോകുന്നവരായാലും ഇരട്ടകളായിട്ടോ മുരട്ടകളായിട്ടോ മാത്രമേ ഈ ഏരിയ തരണം ചെയ്തിരുന്നുള്ളൂ.
അതുമാത്രമല്ല, പോകുന്ന എല്ലാപേരുടെയും കയ്യില്‍ ഒരു കത്തിയോ ഇല്ലെങ്കില്‍ ഒരു ചെറിയ പേനാക്കത്തിയെങ്കിലും കാണുമായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. എന്നുവച്ച് ഇവരാരും പുത്തൂരം വീട്ടില്‍ ജനിച്ചവരോ തച്ചോളി ഒതേനന്മാരൊ അല്ല കേട്ടോ. ചുണ്ണാമ്പ് കൊടുക്കാനാണ് കത്തി. ആരോടാണ് എപ്പോഴാണ് ചുരുളിവളവിലെ അഗതികള്‍ മുറുക്കാന്‍ മുട്ടിയിട്ട് ചുണ്ണാമ്പ് ചോദിക്കുന്നതെന്നറിയില്ലല്ലോ.
പേടിച്ച് വിറച്ച് ആരെങ്കിലും വന്നിട്ട് പോകാമെന്നു വഴിയില്‍ നില്‍ക്കുന്ന ആരെങ്കിലും "ഞാനും കൂടെ വരട്ടേ അണ്ണാ" എന്ന് ചോദിച്ചാല്‍ ആരും കൂടെ കൂട്ടാറില്ല എന്നു മാത്രമല്ല ജാതിമതഭേതമന്യേ കുരിശും വരച്ച് കഴിയുന്നതും വേഗം അവിടുന്ന് സ്കൂട്ടാവുകയും ചെയ്യും.
പ്രേതങ്ങള്‍ക്കെല്ലാം മോര്‍ഫിംഗ് നല്ല വശമാണെന്ന് പൊതുവേയൊരു ധാരണ നിലനിന്നിരുന്നതുകാരണം ചോദിച്ചത് നാട്ടുകാരനെപ്പോലെ വന്ന പ്രേതമാണോ മറുതയാണോ അഗതികളില്‍ ആരെങ്കിലുമാണോന്ന് അറിയില്ലല്ലോ. അതുകൊണ്ടാണ് കുരിശിനെ കൂട്ടുപിടിക്കുന്നത്. എന്ത് മോര്‍ഫ് ചെയ്താലും കുരിശ് കണ്ടാല്‍ തനിനിറം പുറത്താകുമല്ലോ?
അങ്ങനെ ചുരുളിവളവില്‍ വച്ചുള്ള ഏതു ചോദ്യവും തെറ്റിദ്ധരിക്കപ്പെട്ടിരുന്ന കാലത്താണ് ...
പിള്ളചേട്ടന് കൂട്ടില്ലാതെ ചന്തക്ക് പോകേണ്ട ഒരവസരം വന്നു പെട്ടത്. പോകാന്‍ വേറെ ആളില്ലാത്തതിനാലും നിവൃത്തിയില്ലാതതിനാലും രണ്ടും കല്‍പ്പിച്ച് പോകാന്‍ തന്നെ തീരിച്ചു.
അര്‍ജ്ജുനനും ഭല്‍ഗുണനും പാര്‍ത്ഥനും കിരീടിയെയുമെല്ലാം കൂട്ടുപിടിച്ചാണ് പോക്കെങ്കിലും, കേട്ടവ പലതും മനസ്സില്‍ മെഗാസീരിയല്‍ പോലെ ഒന്നിനുപുറകെ മറ്റൊന്നായി അവസാനമില്ലാതെ ഓടിക്കൊണ്ടിരുന്നതിനാല്‍ 'കമോണ്‍ പിള്ളേ യൂ കാന്‍ ഡൂ ഇറ്റ്" എന്ന മേല്‍പ്പറഞ്ഞ കൂട്ടുപിടിച്ചവരുടെ പ്രോത്സാഹനങ്ങളൊന്നും പിള്ളച്ചേട്ടനെ കാര്യമായി സഹായിച്ചില്ല.
ചുരുളിവളവ് എത്തേണ്ടിവന്നില്ല, പ്രതീക്ഷിച്ചതു സംഭവിച്ചു.
"അണ്ണാ സമയമെന്തായി ?"
സമയം കളയാതെ, ധൈര്യം കൈവിടാതെ പിള്ളച്ചേട്ടന്റെ മറുപടിയും വന്നു.
"സമയമെന്തിന് കവടി നിരത്തി നല്ലനേരം നോക്കാനാ. പെരുമഴയത്ത് കായലില്‍ ചാടി ചാവാന്‍ പോണവന് കുടയെന്തിനാ?. ഇനിയിപ്പോ സമയമറിഞ്ഞിട്ടെന്തെടുക്കാന്... പിച്ചിക്കീറി തിന്ന് നിന്റെയൊക്കെ ആക്രാന്തം തീരട്ടെ"
ഇതുപറയുമ്പോള്‍ ധൈര്യം കൊണ്ട് പിള്ളച്ചേട്ടന്‍ കരയുന്നുണ്ടായിരുന്നു.
വാല്‍ : ചുരുളിവളവിനെപ്പേടിച്ച് രാവിലെ ആദ്യത്തെ ബസ്സിന് ചന്തക്ക് പോകാന്‍ വേണ്ടി കടവരാന്തയില്‍ കാത്തിരുന്ന കുരുമുളക് കച്ചവടക്കാരന്‍ കേശവന് വെളുക്കുംവരെ കൂട്ടിനൊരാളെക്കിട്ടി... ബോധമില്ലാതെ കിടക്കുന്ന പിള്ളച്ചേട്ടന്റെ ബോഡി.
രണ്ടുപേര്‍ക്കും പിന്നെയൊരാഴ്ച വിട്ടുമാറാത്ത പനിയായിരുന്നു. 'ചന്തക്ക് പോയപ്പോള്‍ മഞ്ഞ് കൊണ്ടതാത്രേ'
Wednesday, November 14, 2007
മാതൃകാ ദമ്പതികള്‍
ആരാണ് ഭര്‍ത്താവ് ആരാണ് ഭാര്യ എന്നൊരു സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും, ആലുമ്മൂട്ടിലെ വേലപ്പനും ഭാര്യ സത്യഭാമയും നാട്ടിലെ മാതൃകാ ദമ്പതികളാണേയ്...
ഷാജഹാനെയും മുംതാസിനെയും പോലെ, ലൈലയെയും മജ്നൂവിനെയും പോലെ, സത്യവാനെയും സാവിത്രിയെയും പോലെയൊന്നുമല്ലെങ്കിലും
അലുവയും സാമ്പാറും പോലെ, ലഡുവും ചമ്മന്തിയും പോലെ ഇവരുടെ ജോഡിപ്പൊരുത്തം ഈസ് സംതിങ് ടിഫ്‌റന്റ്.
കല്ല്യാണം കഴിഞ്ഞ നാളുകളില്‍ ഏകദേശം കട്ടക്ക്‌കട്ടക്ക് നിന്നിരുന്ന രണ്ടുപേരുടേയും ബോഡീലാഗ്വേജിന് അധികനാള്‍ കഴിയുമുന്‍പുതന്നെ "ഹാ എന്തൊരു ചേയ്ഞ്ച്" എന്നു പറയത്തക്ക ചെയ്ഞ്ച് വന്നു.
സത്യഭാമ നടക്കിരുത്താന്‍ പരുവത്തിലായപ്പോള്‍, വേലപ്പന്‍ നടയിലിരിക്കാന്‍ (ഭിക്ഷക്കായി) പരുവത്തിലുമായി.
ഇവര്‍ നടന്ന് പോകുന്നതു കണ്ടാല്‍ ആരും പറഞ്ഞുപോകും, ആനയും പാപ്പാനും പോകുന്ന പോലേന്ന്.
സാംബശിവന്റെ കടുത്ത ആരാധകനായിരുന്ന വേലപ്പന്‍ ആകെയുള്ള മകനും ആ പേരുതന്നെയിട്ട് തന്റെ താരപ്രേമം പ്രകടമാക്കി. പേര് അന്വര്‍ത്ഥമാക്കാനെന്നോണം അവന്‍ തവളകളുടെയും കോഴിയുടെയും ചീവീടിന്റെയുമൊക്കെ പുറകെ കറങ്ങി നടക്കാന്‍ തുടങ്ങി.
സര്‍ക്കാറിന്റെ അരിയും ബക്കറ്റും 200 രൂപയും വാങ്ങാതെതന്നെ ചെറിയ കുടുംബം ആയിപ്പോയതില്‍ വേലപ്പന്റെ വിഷമം ചെറുതൊന്നുമല്ല.
മനപ്പൂര്‍വ്വമല്ല, മകന്‍ ജനിച്ചുകഴിഞ്ഞപ്പോല്‍ രണ്ടുപേരും വല്ലാതങ്ങ് ബിസ്സിയായി എന്നുള്ളതാണ് നേര്. അടുത്ത പ്രൊഡക്ഷനെക്കുറിച്ചോര്‍ക്കാന്‍ തന്നെ സമയം കിട്ടാതായി രണ്ടാള്‍ക്കും. ഭജനയും കളരിപ്പയറ്റും കഴിഞ്ഞ് സമയം കിട്ടിയിട്ട് വേണ്ടേ.
കവലസവാരിയും കഴിഞ്ഞ് വീട്ടിലേക്ക് വന്ന് കയറിയ വേലപ്പനെ എതിരേറ്റത് ഉമ്മറത്തിരുന്ന കരയുന്ന മകനാണ്.
"നീയെന്തിന്‌ടാ കരയണത്?"
"അമ്മ അടിച്ചു"
"ആഹാ, അത്രേയുള്ളാ. അമ്മയല്ലേ അടിച്ചത്, സാരമില്ല. അതിനൊക്കെ നീ അച്ഛനെക്കണ്ട് പഠീ. ഞാനെന്നെങ്കിലും ഇതുപോലെ കരഞ്ഞോണ്ട് ഉമ്മറത്തുവന്നിരിക്കുന്നത് നീ കണ്ടിട്ടുണ്ടാ?"
"അത് ഞാന്‍ എന്നും കാണുന്നതല്ലേ. അച്ഛന്‍ മുറിക്കകത്തിരുന്നല്ലേ കരയുന്നത്"
"ഉം ഉം. അതുവിട് അതുവിട്, എന്തിനാ അടിച്ചത്"
"അമ്മയെ ശൂര്‍പ്പണകേന്ന് വിളിച്ചതിന്"
"ഭഗവാനേ... അതുശരി, നീ നിനക്കുള്ളത് വാങ്ങിച്ചിട്ട് എനിക്കുള്ളതിന് ഫുള്‍പേയ്മെന്റും ചെയ്തിട്ടാണ് വന്നിരുന്ന് കരയണതല്ലേ?"
വേലപ്പന്‍ ഭാര്യയെ സ്നേഹം കൂടുമ്പോള്‍ (തല്ലുകൊണ്ട് സഹികെടുമ്പോള്‍ എന്നും പറയാം) വിളിക്കുന്ന ചെല്ലപ്പേരുകളിലൊന്നാണ് "ശൂര്‍പ്പണക". അതാണിന്ന് അരുമസന്താനം വിളിച്ചിരിക്കുന്നത്.
"അയ്യപ്പാാാ കാത്തോളണേ. കുറച്ച് മയത്തിലിടിച്ചാ മതിയായിരുന്നൂ" അറിയാതെയെങ്കിലും വേലപ്പന്‍ പറഞ്ഞുപോയി.
ഇതൊക്കേയാണെങ്കിലും സകുടുംബം ഒരു സിനിമക്ക് പോക്കുണ്ട് വേലപ്പന്. . സത്യന്‍ മാഷിന്റെ പടമാണെങ്കില്‍ വേലപ്പന്‍ ഹാപ്പി. മധുവിന്റെ പാടമാണെങ്കില്‍ സത്യഭാമ ഹാപ്പി.
പക്ഷേ എവിടെ ചെന്നാലും വേലപ്പനുള്ളത് വേലപ്പനുതന്നെ കിട്ടും.
"ദേ, ആരൊ പുറകീന്ന് തോണ്ടുന്നു."
"നീ കാര്യമാക്കണ്ടാ. ഗൗനിക്കാതിരുന്നാമതി."
ശരി. ഗൗനിക്കാതിരുന്നുകളയാം.
"ദേ, പിന്നേം തോണ്ടുന്നു. നിര്‍ത്തണില്ല."
"മോനെ അവിടെയിരുത്തീട്ട് നീയിങ്ങോട്ടിരി"
അതും ചെയ്തു. എന്നിട്ടും രക്ഷയില്ല. പിന്നേയും തോണ്ടല്‍ തന്നെ.
"നമുക്ക് വേറെ സീറ്റില്‍ പോയിരിക്കാം."
"അതൊന്നും വേണ്ടെടി. ഇനിയിപ്പോ ഇടവേള വരും, ലൈറ്റിടും. അപ്പോള്‍ നീയവനെയൊന്ന് തിരിഞ്ഞ് നോക്ക്."
"ഞാന്‍ നോക്കീട്ടെന്ത് കാര്യം."
"അതല്ലെടി. നിന്റെ മുഖം കാണാതെയാണ് അവന്‍ ഈ അക്രമമെല്ലാം കാണിക്കുന്നത്. ഒരിക്കല്‍ നിന്റെ മുഖം കണ്ടാല്‍പ്പിന്നെ അവനിതിന് മിനക്കെടില്ല. പശ്ചാത്തപിക്കുകയും ചെയ്യും."
സത്യന്‍ പടത്തില്‍ മുഴുകിയിരുന്ന വേലപ്പന്‍ പറഞ്ഞ് കഴിഞ്ഞതിന് ശേഷമാണ് എന്താണ് പറഞ്ഞതെന്നും അതിന്റെ പരിണതഭലങ്ങളെക്കുറിച്ച് ബോധവാനായതും.
"വീട്ടിലൊന്നെത്തിക്കോട്ടെ.." സത്യഭാമയുടെ മനോഗതം വേലപ്പന് കേള്‍ക്കാമായിരുന്നു.
ഏത് കപ്പ്യാര് വന്നാലും പള്ളിയിലെ മണിക്ക് പണിതന്നെയെന്ന് പറയുമ്പോലെ, ആരെന്ത് കാണിച്ചാലും അതവസാനം കറങ്ങിത്തിരിഞ്ഞ് ബൂമറാഗ് പോലെ വേലപ്പന്റെ മുതുകത്ത് തന്നെ വരും.
അന്നു രാത്രി വേലപ്പന് കാളരാത്രിയാണെന്നുള്ളത് പുറകിലിരുന്ന് തോണ്ടിയവനറിയേണ്ട കാര്യമില്ലല്ലോ.
വേലപ്പന്‍ നെടുവീര്‍പ്പിട്ടു "സംഭവാമീ യുഗേ യുഗേ" ഒപ്പം ഒരു മൂളിപ്പട്ടും പാടി "... നിദ്രാവിഹീനങ്ങളല്ലോ ഇന്നും എന്നുടെ രാവുകള്‍..."
കൈരേഖ നോക്കിക്കല്‍ വേലപ്പന്റെ വീക്‌നസ്സാണ്. നോക്കുന്ന എല്ലാപേര്‍ക്കും ഒന്നേ പറയാനുള്ളൂ. ശരീരക്ലേശം, മാനഹാനി മുതലായവയും അതുമൂലമുണ്ടാകുന്ന ധനനഷ്ടവും ഭലം. എല്ലാപേരും ഇതുതന്നെപ്പറഞ്ഞപ്പോള്‍ വേലപ്പന് വിശ്വാസമായി. ഇപ്പോള്‍ വേലപ്പന്റെ ഭാവി വേലപ്പന് നല്ലതുപോലെ അറിയാം.
ഭൂതം വര്‍ത്തമാനം പറഞ്ഞുകൊണ്ട് കൂടെ കൂടിയിരിക്കുകയല്ലേ. എങ്ങനെ ഭാവി ആറിയാതിരിക്കും.
ഇപ്പോള്‍ കൈരേഖ നോക്കിക്കലില്ല. പകരം മന്ത്രവാദത്തിലേക്ക് തിരിഞ്ഞു. പലപല മന്ത്രവാദികളേയും കണ്ടൂ. അറിയേണ്ടത് ഒന്നു മാത്രം ...
"അവള്‍ക്ക് നല്ല ബുദ്ധി കൊടുക്കണം എന്നു ചോദിക്കുന്നത് അത്യാഗ്രഹമാണ്, അതിക്രമമാണ്. അതുകൊണ്ട് മിനിമം എന്നെ ബാധിച്ചിരിക്കുന്ന ഈ ബാധയെ ഒഴിവാക്കിത്തരണം."
ചുട്ട കോഴിയെ പറപ്പിക്കും ചുടാത്ത കോഴിയെ ചുട്ടതിന് ശേഷം പറപ്പിക്കും എന്നൊക്കെപ്പറഞ്ഞ് മന്ത്രവാദികള്‍ പലരും വന്നു, മന്ത്രവാദങ്ങള്‍ പലതും ചെയ്തു. ഒടുവില്‍ ഒഴിഞ്ഞത് മന്ത്രവാദികളും ഒപ്പം ചുട്ട കോഴികളും. സത്യഭാമക്കൊരു കുലുക്കവുമില്ല. നാള്‍ക്കുനാള്‍ നന്നാകുന്നതൊഴിച്ചാല്‍.
ആയിടക്കാണ് മുടിപ്പുര ക്ഷേത്രത്തില്‍ ഒരു സന്യാസി വന്നു കൂടിയത്. സന്യാസി അധികം സംസാരിക്കാറില്ല. ആകെ ഒന്നോ രണ്ടോ വാക്കുകള്‍ മാത്രമേ മൊഴിഞ്ഞിരുന്നുള്ളൂ. അതുകൂടാതെ തിരുവായ് തുറക്കുന്നത്, ക്ഷേത്രം വക അല്ലെങ്കില്‍ ഭക്‌തര്‍ ആരുടെയെങ്കിലും വക അമൃതേത്തിന് മാത്രം.
സന്യാസിയിലും വേലപ്പന്‍ പ്രതീക്ഷയുടെ നാമ്പ് കണ്ടു. സന്യാസിയെക്കണ്ട് വേലപ്പന്‍ ചോദിച്ചു...
"സ്വാമീ, ദയയുണ്ടാകണം... ഇതില്‍ നിന്നെനിക്കൊരു മോചനം സാധ്യമാണോ?"
സ്വാമിയൊന്നു ചിരിച്ചു. പിന്നെ പതിവുപോലെ മൗനം തുടര്‍ന്നു.
വേലപ്പന്‍ തന്റെ പഴയ സ്ഥിതിയിലും തുടര്‍ന്നു. ഇപ്പോഴും തുടരുന്നു.
വാല്‍ : മൗനം ചിലര്‍ക്കെങ്കിലും ഭൂഷണം തന്നെയാണേയ്.
(മകനേ വേലപ്പാ നിന്റെ ചോദ്യത്തിന് ഉത്തരമറിയാമായിരുന്നെങ്കില്‍ ഞാനിങ്ങനെ സന്യാസത്തിനിറങ്ങിത്തിരിക്കുമായിരുന്നോ ?. ആണ്ട ബാധ കൊണ്ടേ പോകൂ.. മൈ ഡിയര്‍ സണ്‍)
Monday, November 5, 2007
കൂടോത്രം
താന്‍ കൂവിയതുകൊണ്ടുമാത്രമാണ് നേരം വെളുത്തത്, ഇല്ലെങ്കില്‍ കാണാമായിരുന്നു എന്ന മട്ടില്‍ ധാരാസിംഗ് ഗോധയിലേക്കിറങ്ങുന്നപോലെ നെഞ്ചും വിരിച്ച് കൂട്ടില്‍ നിന്നിറങ്ങി ചുട്ടുപാടൊക്കെയൊന്നു നിരീക്ഷിച്ച് നില്‍ക്കയാണ് പൂവന്‍. പിന്നാലെയും അടുത്ത കൂട്ടില്‍ നിന്നും കുടുംബം ഇറങ്ങുന്നത് നോക്കി, (ഒന്നും രണ്ടുമല്ലല്ലോ) എണ്ണിത്തിട്ടപ്പെടുത്തി, എല്ലാമുണ്ടെന്ന് ഉറപ്പുവരുത്തി.
ശാന്തയുടെ വകയാണ് രണ്ട് പൂവനും നാല് പിടയും പിന്നെ കുറേ പീക്കിരികളും. രണ്ട് പൂവനും രണ്ട് കെട്ടിയതാണ്. രണ്ട് പിടകളുടേയും കുറേ പീക്കിരികളൂടേയും കസ്റ്റോഡിയനായിരുന്ന പൂവന്‍ കാട്ടുപൂച്ചയുമായുള്ള പോരാട്ടത്തിലെ ദയനീയ പരാജയത്തിന്റെ അനന്തിരഭലമായി സ്വര്‍ഗ്ഗാരോഹണം നടത്തീയതില്‍പ്പിന്നെയാണ് ആ കുടുംബത്തിന്റെ അഡീഷണല്‍ ഉത്തരവാദിത്വം കൂടെ ബാക്കിയുള്ള പൂവന് ഏറ്റേടുക്കേണ്ടിവന്നത്. (അതില്‍ പുള്ളി ഹാപ്പിയുമാണ്.)
ഇടക്കിടക്ക് കാട്ടുപൂച്ചയുടെ വിസിറ്റുള്ളതിനാല്‍ രാവിലെ എണീറ്റയുടന്‍ ശാന്തയുടെ ആദ്യത്തെപ്പണി കോഴികളെ കുട്ടികുറുമാലടക്കം എണ്ണിത്തിട്ടപ്പെടുത്തുകയെന്നതാണ്. അതുകഴിഞ്ഞേ ശന്തക്കെന്തുമുള്ളു. മുള്ളുന്നതുപോലും.
പാക്കരന്‍ - കെട്ടിയവന്‍, ബാര്‍ബറാണ്. പക്ഷേ ക്ഷുരകവ്ര്യത്തി പാര്‍ട്ടൈമാണ്. ഫുള്‍ട്ടൈം വെള്ളമടിക്കായി റിസര്‍വ്‌ഡാണ്.
ശോഭ, സുരേഷ്, രേഖ - മക്കള്‍, ഉസ്കൂളിലൊന്നും പോയി സമയം കളയാന്‍ ഞങ്ങളെക്കിട്ടില്ല എന്ന് അഞ്ചാം ക്ലാസ്സുകഴിഞ്ഞപ്പോഴേ ഉറച്ച തീരുമാനമെടുത്ത സൗഭാഗ്യങ്ങള്‍.
ഇതാണ് ശാന്തയുടെ കുടുംബം.
പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ് അടുപ്പ് കത്തിക്കാന്‍ മുറ്റത്തുണങ്ങാനിട്ടിരിക്കുന്ന വിറകെടുക്കാന്‍ ചെന്ന ശാന്ത, നടുമുറ്റത്ത് കിടക്കൂന്ന സാധനം കണ്ടൊന്നു ഞെട്ടി. ഞെട്ടലില്‍നിന്ന് പിടിവിട്ടവാറെ അലറിക്കൂവി വീട്ടുകരെയും നാട്ടുകരെയും ഇന്നത്തെ പുകിലിന് കൊടിയേറിയ വിവരം അറിയിച്ചു.
കാറലും നിലവിളിയും കേട്ട് പ്രഭാതകര്‍മ്മങ്ങളിലേര്‍പ്പെട്ടിരുന്ന കുടുംബാംഗങ്ങള്‍ ആദ്യവും അയല്‍പക്കക്കാര്‍ പിന്നാലെയുമായി സ്പോട്ടിലെത്തി. രണ്ടടി മാറിനിന്ന് ശാന്ത കണ്ണെടുക്കാതെ നോക്കിനിക്കുന്നിടത്തേക്ക് സൂക്ഷിച്ച് നോക്കി.
കൂടിയവര്‍ക്ക് അത്ര വിശ്വാസം പോരെങ്കിലും ശാന്തക്ക് ഒരു സംശയവുമില്ല ... ഇത് അത് തന്നെ...
" കൂടോത്രം "
വാഴയിലയില്‍, തെറ്റിപ്പൂവ്, ഭസ്മം, ചുവന്ന ചരട് പോരാത്തതിന് ചോരയും.
"ഇത് കൂടോത്രമല്ലെങ്കില്‍ പിന്നെന്താ. എന്റെ കുടുംബത്തെ നശിപ്പിക്കാന്‍ വേണ്ടിയല്ലെങ്കില്‍ പിന്നെയിതെന്താ, എനിക്ക് സദ്യ വിളംബിയതാ?"
ന്യായമായ ചോദ്യം. പക്ഷേ ആര്‍ക്കും മറുപടി നഹി നഹി. അതും മറുപടി പറയാന്‍ പറ്റിയ ചളുക്കും. ശാന്തയോട്. എന്നിട്ട് വേണം ആ പറഞ്ഞവനെ മെക്കിട്ട് കേറാന്‍.
പക്ഷേ ശാന്ത വളരെ ക്ലിയറാണ് ഇക്കാര്യത്തില്‍. ഏത് കൂടോത്രവും ശന്തക്ക് ഒറ്റ നോട്ടത്തില്‍ മനസ്സിലാകും. ശാന്തയിതെത്ര കണ്ടതാ.
ശാന്തയിങ്ങനെയാണ്, വീടിന്റെ പരിസരത്ത് അസാധാരണമായി എന്തുകണ്ടാലും അത് കൂടോത്രമായി മാറാന്‍ (മാറ്റാന്‍) ശാന്തക്ക് അധിക സമയം വേണ്ട. അതിപ്പോ വീടിന് മുകളില്‍കൂടെ പറന്ന് പോകുന്ന ഈച്ച മുള്ളിയതായാലും മതി.
"ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ" എന്നതുപോലെ..
"എനിക്ക് കൂടോത്രം ചെയ്തിട്ടുണ്ടെങ്കില്‍ ഇതവളല്ലാതെ മറ്റാരുമല്ല. ആ ഓമന. ആ എന്തിരവളല്ലാതെ മറ്റാരും ഇങ്ങനെ ചെയ്യില്ല."
ഇതൊന്നുമറിയാതെ രാവിലെ കട്ടനടിക്കുന്നതോടൊപ്പം, ഇന്നത്തെ ദിവസമെങ്ങനെ തള്ളിനീക്കും എന്ന താടിക്ക് കയ്യും കൊടുത്ത് അലോചനയിലാണ്ടിരുന്ന ഓമനയക്കന്‍ പതിവിലും ഉച്ചത്തില്‍ തന്റെ പേര് മുഴങ്ങുന്നതു കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്ന് പുറത്ത് വന്നു നോക്കിയത്.
ഒരു റോഡിനപ്പുറവും ഇപ്പുറവുമാണ് രണ്ട് പേരുടെയും വീട്. പക്ഷേ രണ്ടുപേര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും കണ്ടുകൂടാ. കീരിയും പമ്പും ഇവരുടെ മുന്നിലൊന്നുമല്ല. "ശാന്ത ഓമനയെ കണ്ടപോലെ" എന്നൊരു ചൊല്ലുതന്നെ കോവില്ലൂരില്‍ നിലവിലുണ്ട്.
ഹൗവ്വെവര്‍, കൊടിയേറിയ വിവരമറിഞ്ഞ നാട്ടുകാര്‍ ഇനി ഞങ്ങളുടെ കുറവുകൊണ്ട് മേളക്ക് കൊഴുപ്പ് കുറയണ്ടന്നു കരുതി വേലിക്കലും ഉമ്മറത്തുമൊക്കെയായി തല കാണിച്ച് തങ്ങളുടെ പ്രസന്‍സ്സ് അറിയിച്ചു. ശാന്തക്കു വേണ്ടതുമതാണ്. നാലാളുണ്ടെങ്കിലേ ഷോയ്ക്കൊരു രസമുള്ളൂ.
ശാന്തക്ക് അറിയേണ്ടത് ഒന്നുമാത്രം. "കോഴിയുടെ തല എവിടെയാടി നീ കുഴിച്ചിട്ടത്"
"ഇതെന്ത് പുകില്. ഞനൊന്നുമറിഞ്ഞില്ല രാമനാരായണാന്നിരുന്ന എന്നെ വിളിച്ച് കോഴിത്തല എവിടേന്നാ."
"വെളച്ചിലെടുക്കാതെടീ. എവിടേന്ന് പറഞ്ഞാ നിനക്ക് കൊള്ളാം."
"കോഴിത്തല, നിന്റെ ****. അല്ല പിന്നെ."
കൊടിയിറങ്ങിയത് (അല്ല നാട്ടുകാരിടപെട്ട് ഇറക്കിയത്) വൈകിട്ടാണ്.
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
ആനപ്പാറ മുരളിയില്‍ സെക്കണ്ട്‌ഷോ കഴിഞ്ഞ് വന്ന അണ്ണന്മാര്‍ക്ക് വെറുതേയൊരുള്‍വിളിയുണ്ടായി.
"നമ്മുടെ ശന്തച്ചേച്ചിയെ കണ്ട് സുഖവിവരങ്ങള്‍ അന്വേഷിച്ചിട്ട് ഒരുപാട് കാലമായല്ലോന്ന്."
"എന്നല്‍പ്പിന്നെ വൈകിക്കണ്ട ഇപ്പോള്‍ പൊകുമ്പോത്തന്നെ അന്വേഷിച്ചേക്കാം"
"രണ്ട് മുന്ന് പിള്ളേരുള്ള വീടല്ലേടാ എങ്ങനെയാ വെറും കൈയ്യോടെ പോകുന്നത്"
"പോകുന്ന വഴിക്ക് എന്തെങ്കിലും കിട്ടും"
അങ്ങനെ പോകുന്ന വഴിക്ക് ഒരു ചിലവുമില്ലാതെ ശേഖരിച്ച സാധനങ്ങളാണ് വാഴയിലയും തെറ്റിപ്പുവുമൊക്കെ.
ഉറങ്ങിയവരെ ഉണര്‍ത്തണ്ടന്നും കൊണ്ടുവന്ന സാധനങ്ങള്‍ എങ്ങനെ തിരികെക്കൊണ്ടു പോകുമെന്നും വിചാരിച്ച് ഇലയും പൂവും മുറ്റത്ത് വച്ചുപോകുമ്പോള്‍ മുറൂക്കിച്ചുവപ്പിച്ചത് നീട്ടിയൊന്നു തുപ്പാനും ആണ്ണന്‍ മറന്നില്ല.
വാല്‍ : ശാന്ത ഇപ്പോഴും സമയം കിട്ടുമ്പോഴൊക്കെ വീടിന്റെ പരിസരത്ത് അന്വേഷിക്കാറുണ്ട്, ആ പഴയ കോഴിത്തല.
Subscribe to:
Posts (Atom)
Popular Posts
-
എനിക്കെന്ത് എന്ന് ചിന്തിക്കുന്ന, എന്റെയാരുമല്ലല്ലോ എന്ന് ചിന്തിക്കുന്ന 1.1 ബില്ല്യന്‍ ഇന്ത്യാക്കാരില്‍ ഒരുവന്. ഇതേ ചിന്തയുമായി പ്രതികര...
-
ആത്മവിദ്യാലയമേ അവനിയിലാത്മവിദ്യാലയമേ... ആ വരികളിലെ അര്‍ത്ഥവും ആഴവും മനസ്സിലാവുന്നതിന് മുന്‍പുതന്നെ ഇഷ്ടപ്പെട്ടിരുന്ന, സംഗീതവാസന തൊട്ടുതീണ്ട...
-
'ഹല്ലോാാാ .... ഹൗ ആര് യൂ.... അയാം ഫൈന്‍.' ഇതു സാം രാജല്ലേ ? ഇവനെന്താ ഇങ്ങനെ എന്നാലോചിക്കണമെന്നുണ്ടായിരുന്നു എനിക്ക്. ചോദ്യവും ഉത്ത...
-
പുതിയ സ്ഥലം, പുതിയ ഭാഷ, പുതിയ ആള്ക്കാര്, എല്ലാം ഒന്ന് പരിചയപ്പെട്ട് വരുന്നതുവരെ അയലത്തെ മണിച്ചേച്ചിയുടെ മകന്‍ കണ്ണന്റെ കൂടെ പോയി വരട്ട...
-
താന്‍ കൂവിയതുകൊണ്ടുമാത്രമാണ് നേരം വെളുത്തത്, ഇല്ലെങ്കില്‍ കാണാമായിരുന്നു എന്ന മട്ടില്‍ ധാരാസിംഗ് ഗോധയിലേക്കിറങ്ങുന്നപോലെ നെഞ്ചും വിരിച്ച്...