Tuesday, September 11, 2007

വിസിറ്റിംഗ്‌ കാര്‍ഡ്‌...

സുകുവിന്റെ വിസിറ്റിംഗ്‌ കാര്‍ഡിനെ പറ്റിയാണെങ്കില്‍ ...

"പൊതിക്കാത്ത തേങ്ങ കിട്ടിയ നായയുടെ അവസ്ത"യായി സുകുവിന്‌. കിട്ടിയ കാര്‍ഡുകള്‍ എന്ത്‌ എങ്ങനെ ചിലവാക്കണമെന്നറിയാതിരുന്ന സുകുവിന്റെ തലക്ക്‌ മുകളില്‍ 100 വാട്ടിന്റെ ബള്‍ബ്‌ കത്തി.

കൂട്ടുകരെയും പരിചയാക്കരെയും വിളിച്ച്‌ ഒന്ന്‌ ചിലവ്‌ ചെയ്യാം. ആരെങ്കിലും ചോദിച്ചാല്‍ ജോലികിട്ടിയതിന്റെ വകയാണെന്ന്‌ പറയുകയും ചെയ്യാം. സദുദ്ധേശത്തോടുകൂടി യുദ്ധകാലാടിസ്ഥാനത്തിലെടുത്ത ഈ തീരുമാനം എല്ലപേരെയും അറിയിക്കുകയും ചെയ്തു.

വന്നവര്‍ക്കൊക്കെ നാരങ്ങാവെള്ളവും പഴവും കൊടുത്തു. പോകാനിറങ്ങിയവര്‍ക്കൊക്കെ കയ്യില്‍ ചെറിയ ഒരു പൊതിയും കൊടുത്തു. പൊതി കിട്ടിയവര്‍ പലതും പറഞ്ഞു. അവന്റെ കമ്പനിയുടെ സാമ്പിളുകളായിരുക്കും എന്നു ചിലര്‍, മുട്ടായിയായിരിക്കും എന്നു ചിലര്‍, പൊതിയുടെ ഇരിപ്പുവശവും കിടപ്പുവശവും കണ്ട ചിലര്‍ പൈസയായിരിക്കും എന്നു പറഞ്ഞു. (മനുഷ്യന്റെ ഓരോ കാഴ്ചപ്പാടും ആഗ്രഹങ്ങളുമേ...)

എന്തായാലും ക്ഷമയില്ലാതെ ആളില്ലാത്ത സ്തലത്ത്‌ വച്ച്‌ തുറന്നു നോക്കിയവരും വീട്ടില്‍ ചെന്ന്‌ നോക്കിയവരും ഞെട്ടി. സെയില്‍സ്‌ റെപ്പായ സുകുവിന്റെ പത്ത്‌ പതിനഞ്ച്‌ വിസിറ്റിംഗ്‌ കാര്‍ഡ്‌. ഇതുവച്ചെന്ത്‌ ചെയ്യാന്‍, നാക്ക്‌ വടിക്കുകയെന്ന ശിലമില്ലാത്ത തന്നോട്‌ "നാക്ക്‌ വടിക്കൂ" എന്ന്‌ സിമ്പോളിക്കായിട്ട്‌ പറഞ്ഞതാണോ.

പിന്നീട്‌ സുകുവിനെ കണ്ടവര്‍ ചോദിച്ചു, "ഇതെന്തിനാടാ ഞങ്ങള്‍ക്ക്‌ നിന്റെ വിസിറ്റിംഗ്‌ കാര്‍ഡ്‌?"
"24*7 എന്ന കണക്കില്‍ കാണുന്ന നമ്മള്‍ തമ്മിലിതിന്റെ വല്ല കാര്യവുമുണ്ടോ?"
"നിങ്ങള്‍ക്ക്‌ പരിചയമുള്ളവര്‍ക്ക്‌ കൊടുക്ക്‌. ഇതുവച്ച്‌ പിന്നെ ഞാന്‍ എന്തു ചെയ്യാന്‍."
"ഇനിയും വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കരുത്‌"

അതുമാത്രമല്ല, കാണുന്നവരോടൊക്കെ കുശലാന്വേഷണം നടത്തുക എന്ന പുതിയ ശീലവും സുകു പ്രാബല്യത്തില്‍ വരുത്തി. "ബൈ" പറഞ്ഞു പിരിയുന്നവര്‍ക്ക്‌ ഷേക്‌ഹാന്‍ഡിന്റെ കൂടെ ഒരു വിസിറ്റിംഗ്‌ കാര്‍ഡും കൊടുത്തു. "എന്റെ മൊബൈല്‍ നമ്പര്‍ അതിലുണ്ട്‌. വല്ലപ്പോഴും വിളിക്കണം" എന്നൊരു റിമൈന്‍ഡര്‍ സഹിതം. ഇതേ ആള്‍ക്കാരെ അടുത്ത ദിവസം കണ്ടാലും അന്നു തന്നെ മറ്റെവിടെയെങ്കിലും വച്ച്‌ കണ്ടാലും, ഒരു ദിവസം തന്നെ പല പ്രാവശ്യം കണ്ടാലും സുകു ഇതുതന്നെ ചെയ്യും. ദിനപ്പത്രം കിട്ടുന്നോ ഇല്ലയോ, സുകുവിന്റെ കാര്‍ഡ്‌ എല്ലാ ദിവസവും എല്ലാപേര്‍ക്കും കിട്ടിയിരുന്നു. സുകുവിന്റെ പത്ത്‌ കാര്‍ഡില്ലാത്ത ഒരു പോക്കറ്റോ ഒരു വീടോ അവിടെയില്ലെന്നായി. സുകുവിനെ കാണാതിരിക്കാനും ഷേക്‌ഹാന്‍ഡ്‌ കൊടുക്കാതിരിക്കാനും നാട്ടുകാര്‍ കിണഞ്ഞ്‌ മല്‍സരിച്ചിരുന്നു. സുകു നേരെ തിരിച്ചും.

കൊടുത്ത കമ്പനിക്ക്‌ അതുകൊണ്ട്‌ അഞ്ചുപൈസയുടെ പ്രയോജനമോ വരുമാനമോ ഉണ്ടയിട്ടില്ല എന്നുള്ളത്‌ സത്യം തന്നെ, എന്നാലും ആര്‍ക്കും പ്രയോജനമില്ലാത്ത ഒരു സാധനമെന്ന്‌ പറഞ്ഞ്‌ തള്ളിക്കളയാന്‍ വരട്ടെ...

സുകുവിന്റമ്മക്കും പെട്ടിക്കട നടത്തുന്ന അമ്മാവനുമാണ്‌ അതുകൊണ്ട്‌ ഏറ്റവും കൂടുതല്‍ പ്രയോജനം ഉണ്ടായത്‌.

ഷാപ്പീന്നിറങ്ങി വരുന്ന "പക്കി"യെപ്പോലെ, തറയില്‍ ഉറക്കാത്ത പാദങ്ങളുമായി ആടിയാടി നിന്നിരുന്ന മേശക്കും മേശമുകളില്‍ ഇരിപ്പുറക്കാതിരുന്ന ടേബിള്‍ഫാനിനും ആട്ടം നിര്‍ത്തി സ്റ്റെഡിയാക്കാന്‍ സുകുവിന്റമ്മക്ക്‌ സഹായഹസ്തം നീട്ടിയത്‌ ഈ വിസിറ്റിംഗ്‌ കാര്‍ഡുകളാണ്‌. ഈ ടെക്‌നിക്കല്‍ സപ്പോട്ട്‌ സുകുവിന്റമ്മ പല അയല്‍വക്കങ്ങളില്‍ വിജയകരമായി ലഭ്യമാക്കിയിട്ടുമുണ്ട്‌ പില്‍ക്കാലത്ത്‌.

അമ്മാവന്‍ അതിനൊന്നും മിനക്കെട്ടില്ല. കക്ഷി ഈ സാധനം തന്റെ ബിസിനസ്സില്‍ നിക്ഷേപിച്ചു. കുറേ കാര്‍ഡുകളെടുത്ത്‌ ചെറിയ നാരുകല്‍ പോലെ കീറി ബീഡി കത്തിക്കാനുള്ള തകരപ്പാട്ടയില്‍ നിക്ഷേപിച്ചു.

(പെട്ടിക്കടയില്‍ നിന്ന്‌ ബീഡിയോ സിഗരറ്റോ വാങ്ങുന്നവര്‍ക്ക്‌ കത്തിക്കാന്‍ ഒരു കയറിന്റെ അറ്റത്ത്‌ തീ കത്തിച്ചു വയ്ക്കുന്ന പതിവുണ്ട്‌. ചിലര്‍ കുറച്ചുകൂടെ പരിഷ്കരിച്ച്‌ ഒരു ചെറിയ മണ്ണെണ്ണ വിളക്കും, അതില്‍ നിന്ന്‌ കത്തിക്കാന്‍ സിഗരറ്റിന്റെ കവര്‍ ചെറിയ നാരുകള്‍ പൊലെ കീറി അരുകിലുള്ള തകരപ്പാട്ടയില്‍ വച്ചിരുന്നു.)

വാല്‍ : ഇന്നുംകാണാം സുകുവിന്റെ വീട്ടിലെ മേശക്കാലിനടിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന കുറേ വിസിറ്റിംഗ്‌ കാര്‍ഡ്‌. ഒരു പക്ഷേ അയല്‍വക്കത്തും...

Sunday, September 9, 2007

സുകുവേട്ടാ..മൊബൈല്‍ അടിക്കുന്നു

വാഗ്‌ധാനങ്ങള്‍ക്ക്‌ യാതൊരു പഞ്ഞവുമില്ലല്ലോ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍. അതുപോലെ പലപല സേവനങ്ങളുടെ മോഹന വാഗ്‌ധാനങ്ങളടങ്ങിയ ഒരു പാക്കേജായിട്ടാണ്‌ എന്റെ നാട്ടില്‍ മൊബൈല്‍ ഫോണ്‍ എന്ന മഹാസംഭവം ത്ര്യപ്പാദങ്ങളെടുത്ത്‌ വച്ചത്‌.

ഒരു രൂപക്ക്‌ ലോകത്തേവിടെയും വിളിക്കാം..മണിക്കൂറുകളോളം സംസാരിക്കാം, 10 പൈസക്ക്‌ എസ്‌.എം.എസ്‌. അയക്കാം. (കേള്‍ക്കുന്നവര്‍ക്ക്‌ ശിലായുഗത്തിന്റെയോ വംശനാശം സംഭവിച്ച ഏതോ ഗോത്രവര്‍ഗ്ഗത്തിന്റെയോ ഭാഷയെ ഓര്‍മ്മിപ്പിക്കുംവിധം മലയാളം തന്നെ കഷ്ടപ്പെട്ട്‌ ബുദ്ധിമുട്ടി എഴുത്തുകൂട്ടി വായിക്കുന്ന സമ്പൂര്‍ണ്ണ സാക്ഷരരായ ഇവര്‍ക്ക്‌ 10 പൈസക്കല്ല വെറുതെയാക്കിയിട്ടും പ്രയോജനം ഉണ്ടെന്ന്‌ തോന്നുന്നില്ല.), ഈ-മെയില്‍ അയക്കാം, ഇന്റര്‍നെറ്റ്‌ നോക്കാം എന്നുവേണ്ട ഈ ലോകം തന്നെ കൈവെള്ളയില്‍ എന്നൊക്കെയുള്ള വാചകം കേട്ടാല്‍ ആരാണ്‌ ആ വലയില്‍ വീണുപോകാത്തത്‌.

"ചെറുക്കന്‌ മൊബൈലുണ്ടെന്ന്‌ പെണ്ണ്‌ വീട്ടികാരോടും, പെണ്ണിന്റെ ആങ്ങളക്ക്‌ മൊബൈലുണ്ട്‌, കല്ല്യാണത്തിന്‌ ശേഷം അത്‌ ചെറുക്കനുള്ളതാണെന്ന്‌ ചെറുക്കന്‍ വീട്ടുകാരോടും" ദല്ലാളന്മാര്‍ എടുത്ത്‌ പറയാന്‍ തുടങ്ങി.

"ചെറുക്കന്‍ ഗവ: ഉദ്യോഗസ്തനായിരിക്കണം" എന്ന്‌ പറയുന്ന ഗമയിലും ഗൗരവത്തിലുമാണ്‌ കാരണവന്മാര്‍ "ചെറുക്കന്‌ മൊബൈലുണ്ടയിരിക്കണം" എന്ന്‌ പറഞ്ഞിരുന്നത്‌.

പെണ്ണ്‌ കാണാന്‍ വന്ന്‌ ചായയും കുടിച്ച്‌ വടയും കടിച്ചിരുന്ന കാരണവര്‍ "ചെക്കനും പെണ്ണിനും എന്തെങ്കിലും ചോദിക്കുകയോ പറയുകയൊ വേണമെങ്കില്‍ ചെയ്യാം." എന്ന പതിവു ഡയലോഗ്‌ വീശിക്കഴിയുമ്പോള്‍...

"കുട്ടിയുടെ പേരെന്താ" എന്ന പതിവു ചോദ്യത്തെ "എസ്‌.എം.എസ്‌. അയക്കാന്‍ അറിയാമൊ" എന്ന ചോദ്യം കയ്യടക്കി. നിലത്ത്‌ കാലിന്റെ തള്ളവിരകൊണ്ട്‌ "റ" പ്രാക്റ്റീസ്സ്‌ ചെയ്ത്‌, കേട്ടു കേട്ടു കേട്ടില്ല എന്ന മട്ടില്‍ നാണിച്ച്‌ "ഏതാ മോഡല്‍ ? നോക്കിയ ആണെങ്കില്‍ അറിയാം" എന്ന മറുപടിയും കയ്യടക്കി.

എന്നുമാത്രമല്ല അന്നുവരെ നാട്ടിലുണ്ടയിരുന്ന സംഭാഷണ ശൈലിയില്‍ത്തന്നെ കാര്യമായ മാറ്റമുണ്ടായി. "ടൈഗര്‍ കാളിംഗ്‌..ഓവര്‍ ഓവര്‍" എന്ന്‌ പണ്ട്‌ ജോസ്‌പ്രകാശ്‌ പറഞ്ഞിരുന്നപോലെ കേള്‍ക്കുന്നവരെ കണ്‍ഫൂസാക്കിയിരുന്ന ധാരാളം പദപ്രയോഗങ്ങള്‍ കൊണ്ട്‌ നാട്‌ നിറഞ്ഞു.

"ഫുള്‍ ചാര്‍ജിലല്ലേ" (സുഖമല്ലേ), "കക്ഷി റേഞ്ചിലാണോ" (അന്വേഷിക്കുന്നയാള്‍ പരിസരത്തെവിടെയെങ്കിലുമാണോ), "റേഞ്ചുണ്ടോ" (അവിടെ നിന്നാല്‍ കാണാമോ. (ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം)) "എസ്‌.എം.എസ്‌. വന്നോ" (കത്ത്‌ വന്നോ), "പുള്ളി ചാര്‍ജിങ്ങിലാണ്‌" (ഉറങ്ങുകയാണെന്നോ, റെസ്റ്റിലാണെന്നോ സാരം), "ഒരു പുതിയ സെറ്റ്‌ വന്നിട്ടുണ്ട്‌" (പുതിയ ഏതോ പെണ്‍കുട്ടി വന്നിട്ടുണ്ട്‌)...ഇങ്ങനെ നീളുന്നു.

മുമ്പ്‌ ജോലിയും കുടുംബമഹിമയും സ്വഭാവവുമൊക്കെ നോക്കിയാണ്‌ ചെറുക്കനെയും പെണ്ണിനെയും നിശ്ചയിച്ചിരുന്നത്‌. ഇപ്പോള്‍ മൊബൈല്‍ സെറ്റിനെയും ബ്രാന്‍ഡിനെയും അതിന്റെ സ്പെസിഫികേഷനേയും നോക്കി ജോലിയും കുടുംബമഹിമയും സ്വഭാവവുമൊക്കെ നിശ്ചയിക്കുന്ന അവസ്തയിലെത്തി. കളര്‍ ഡിസ്‌പ്ലേ യുള്ളവന്‍ ഒറ്റകളറുകാരനെക്കാള്‍ മുന്നില്‍, ഒരു കാമറയുള്ളവന്‍ കളര്‍ ഡിസ്‌പ്ലേക്കാരനേക്കാള്‍ മുന്നില്‍, രണ്ടുകാമറയുള്ളവന്റെ കര്യം പിന്നെ പറയണ്ട.

എട്ട്‌ പോക്കറ്റുള്ള ഷര്‍ട്ടും കളസവുമാണിട്ടിരിക്കുന്നതെങ്കില്‍പോലും മൊബൈല്‍ കയ്യിലേകൊണ്ട്‌ നടക്കൂ. നാലാളുകാണുമ്പൊള്‍, വെറുതെ മൊബിലിനിട്ട്‌ ഒരു ഞെക്കും കൊടുത്തിരുന്നു.

ഇങ്ങനെ നാട്ടിലെവിടെയും ഇതുതന്നെ സംസാരവിഷയവും സംസാരഭാഷയും. ഏതോ അജ്ഞാതജീവിപോലെ റ്റിവിയിലും പത്രപ്പരസ്യങ്ങളിലും ഒതുങ്ങി നിന്നിരുന്ന ഈ സംഭവം ഒന്നു നേരില്‍ കാണാന്‍ നാട്ടുകാര്‍ക്ക്‌ ഭാഗ്യമുണ്ടായത്‌ വണ്ടിക്കടയിലെ സുകുമാരന്‍ എന്ന സുകുവിന്‌ ജോലികിട്ടിയതിനെത്തുടര്‍ന്നാണ്‌.

സെയില്‍സിലെ പണിയായത്‌ കാരണം സുകുവിന്‌ മൊബൈലും വിസിറ്റിംഗ്‌ കാര്‍ഡും മസ്റ്റ്‌. താമസിയാതെ സുകു നാട്ടിലൊരു പ്രസ്താനമായി മാറി.

അന്നുവരെ സുകുവിനെ ശ്രദ്ധിക്കാതിരുന്ന പലരും സുകുവിനെ ശ്രദ്ധിച്ചു തുടങ്ങി. സുകുവിനെ മിക്കസമയങ്ങളിലും വീടിന്റെ മുറ്റത്ത്‌ കാണാം വിത്ത്‌ മൊബൈല്‍. വലിയ വലിയ കാര്യങ്ങളാണ്‌ സംസാരിക്കുന്നതും. ആരാണെന്നും എന്താണെന്നും ആര്‍ക്കുമറിയില്ല. ഒന്നറിയാം. ഒരോ അഞ്ച്‌ മിനിറ്റ്‌ പത്ത്‌ മിനിറ്റിനൊരിക്കല്‍ സുകുവിനെ ആരോ വിളിക്കുന്നുണ്ട്‌.

"ആനവരും പിന്നേ, മണിയൊച്ച വരും മുന്നേ" എന്ന്‌ പറഞ്ഞ പോലെയായി സുകുവിന്റെ കാര്യം. സുകുവരുന്നത്‌ അരകിലോമീറ്റര്‍ മുമ്പേതന്നെ അറിഞ്ഞിരുന്നു. സംസാരിക്കാത്ത സുകുവിനെ കാതില്‍ മൊബൈലില്ലാത്ത സുകുവിനെ കാണാന്‍ കിട്ടില്ലെന്ന അവസ്ത. (എങ്ങനെ നടന്നിരുന്ന ചെറുക്കനാണ്‌. ഇപ്പോള്‍ അലച്ചലച്ച്‌ വായില്‍ വെള്ളമില്ല.)

ഫ്രെണ്ട്‌സര്‍ക്കിളില്‍ എത്തുന്ന സുകുവിന്റെ മൊബൈല്‍ എപ്പോഴും അടിച്ചുകൊണ്ടേയിരുന്നു. സംസാരിച്ച്‌ താഴെവയ്ക്കുമ്പോഴേക്കും അടുത്ത വിളി. മൊബൈലും അതിന്റെ പ്രവര്‍ത്തനവും അറിഞ്ഞുകൂടാത്ത സുഹ്ര്യത്‌വൃന്തം, മന്ത്രിയാകാന്‍ പറ്റാതിരുന്ന സ്ഥാനാര്‍ത്ഥി മറ്റു മന്ത്രിമാര്‍ സത്യപ്രതിഞ്ജ ചെയ്യുന്നത്‌ നോക്കുന്നതുപോലെ നോക്കി വെള്ളമിറക്കിയിരുന്നു. മുള്ളുവിളയിലെ ഷാജു ഗല്‍ഫില്‍ നിന്ന്‌ വരുന്നതുവരെ...

നാട്ടിലിതുവരെ ഇതാരും ഇറക്കിയിട്ടുണ്ടാവില്ല എന്ന്‌ വിചാരിച്ച്‌ കുട്ടിക്കുപ്പായവും കിന്നരിയും തോരണവുമൊക്കെയിട്ട്‌ പൊതിഞ്ഞാണ്‌ ഷാജു മൊബൈല്‍ കൊണ്ടുവന്നത്‌. അപ്പോഴിതാ ഇവിടെ ഒരുത്തന്‍ അതുംകൊണ്ട്‌ വിലസുന്നു. കാത്ത്‌ സൂക്ഷിച്ച്‌ കൊണ്ട്‌ വന്നത്‌ കാക്ക കൊണ്ടുപോയതുപോലെയായ ഷാജുവിന്‌ അധികം താമസിയാതെ രണ്ട്‌ കാര്യങ്ങല്‍ മനസ്സിലായി...

ഒന്ന്‌ .. ഇനിയിത്‌ വച്ച്‌ ജാഡ കാണിക്കാന്‍ പറ്റില്ല.
രണ്ട്‌ .. കൊവില്ലൂരില്‍ ഒരിടത്തും "റേഞ്ചില്ല" എന്ന ഞെട്ടിക്കുന്ന സത്യം.

ഇന്‍കമിഗിനും ഔട്ട്ഗോയിഗിനും യാതൊരു സ്കോപ്പുമില്ലാത്ത നാട്ടില്‍ മൊബൈല്‍ കൊണ്ടെന്ത്‌ കാര്യം.

അപ്പോഴും ഷാജുവിന്റെ മുന്നില്‍ മറ്റൊരു കടമ്പ ചൈന മതില്‍പോലെ നില്‍പ്പുണ്ട്‌. സുകുവിന്റെ നിര്‍ത്താതെയുള്ള ഫോണ്‍ വിളി.

പതിവുപോലെ രാവിലെ സന്തതസഹചാരിയായ മൊബൈലുമായി കവലയിലിറങ്ങിയ സുകുവിന്റെ മുന്നില്‍ സുഗ്രീവനെപ്പോലെ ദാ നില്‍ക്കുന്നു ഷാജു. ഒഴിഞ്ഞുമാറാന്‍ പറ്റാത്തത്ര അടുത്തുപോയതിനാല്‍ മാത്രം ഒരു ചെറിയ കുശലാന്വേഷണം നടത്തി. കിട്ടിയ സമയം പാഴാക്കാതെ ഷാജു മൊബൈലും ഒന്ന്‌ വാങ്ങിച്ചു നോക്കി. മൊബൈലിനെക്കുറിച്ച്‌ കുറച്ച്‌ വാചാലനായ ഷാജു പോകുന്നതിന്‌ മുന്‍പ്‌ ഒരു കാര്യം സുകുവിനെ ഓര്‍മ്മിപ്പിക്കാന്‍ മറന്നില്ല.

"സുകുവേ, ഞാനും വന്നപ്പോള്‍ ഒരു മൊബൈല്‍ കൊണ്ടുവന്നിരുന്നു. ഇവിടെ വന്നപ്പോഴാണറിയുന്നത്‌ ഇവിടെയെന്നല്ല ചുറ്റുവട്ടത്തുള്ള ഒരു സ്തലത്തും നെറ്റ്‌വര്‍ക്കില്ലെന്ന്‌.
സുകുവിന്റെ ഫോണിന്‌ നേരിട്ട്‌ സാറ്റലൈറ്റുമായിട്ടാണോ കണക്ഷന്‍?"

ഒരു കാര്യം അറിഞ്ഞുകഴിഞ്ഞാല്‍ അതിന്റെ ഒരു 100 കോപ്പി ദിസ്റ്റ്രിബ്യൂട്ട്‌ ചെയ്യാതെ നെഞ്ചിലെ കല്ലിറങ്ങാത്ത ജെനുസ്സില്‍പ്പെട്ട ഒരുവനാണിത്‌ പറഞ്ഞതെന്നോര്‍ത്തപ്പോള്‍ സുകുവിന്റെ നെഞ്ചില്‍ ഒരു കല്ലു കയറ്റി വച്ചതുപോലെയായി.

അതിനുശേഷം സുകുവിനെയും സുകുവിന്റെ ഫോണിനെയും അധികമാരും കണ്ടിട്ടില്ല.

വാല്‍ : എന്നും രാവിലെ സുകുവിനെ "അലറി" വിളിച്ചെഴുന്നേല്‍പ്പിക്കുകയെന്നത്‌ ഈ പാവം മൊബൈലിന്റെ പണിയായിരുന്നു. ഇങ്ങനെ അലറിയ മൊബൈലിന്റെ തൊണ്ടക്ക്‌ ഒരു റെസ്റ്റ്‌ കൊടുക്കാന്‍ കൂട്ടാക്കാതെ "സ്നൂസ്‌" ഞെക്കി ഞെക്കി സ്വാര്‍ത്ഥലാഭത്തിന്‌ വേണ്ടി കൊണ്ട്‌ നടക്കുകയായിരുന്നു സുകു. ദുഷ്ടന്‍.
Related Posts Plugin for WordPress, Blogger...

Popular Posts