Tuesday, February 8, 2011

കഥയല്ലിത്‌ കളിയല്ലിത്‌...


എനിക്കെന്ത്‌ എന്ന്‌ ചിന്തിക്കുന്ന, എന്റെയാരുമല്ലല്ലോ എന്ന്‌ ചിന്തിക്കുന്ന 1.1 ബില്ല്യന്‍ ഇന്ത്യാക്കാരില്‍ ഒരുവന്‍. ഇതേ ചിന്തയുമായി പ്രതികരണശേഷി നഷ്ടപ്പെട്ട്‌ ജീവിക്കുന്ന ഏകദേശം 32 മില്ല്യന്‍ മലയാളികളില്‍ ഒരുവന്‍. ചെകുത്താന്മാര്‍ വെട്ടിപ്പിടിച്ച്‌ അരങ്ങ്‌ തകര്‍ത്ത്‌ വാഴുന്ന ദൈവത്തിന്റെ സ്വന്തം നാട്ടുകാരന്‍..

അമ്മമാരേ, പെങ്ങമ്മാരേ, മകളേ, പെണ്ണായിപ്പിറന്നവരേ..

ഗോവിന്ദച്ചാമിപോലുള്ള മൃഗങ്ങള്‍ ഇനിയുമുണ്ട്‌ നമ്മൂടെ നാട്ടില്‍. അനുശോചനം അറിയിച്ചിട്ടോ, നാല്‌ വരിയെഴുതി പ്രതിഷേധിച്ചിട്ടോ, ഒരു പ്രസംഗം നടത്തിയിട്ടോ, നിരാഹാരം കിടന്നിട്ടോ ഇവിടെ ഒന്നും നടക്കില്ല. മധ്യമങ്ങള്‍ക്ക്‌ രണ്ട്‌ ദിവസത്തെ ചൂടുള്ള വാര്‍ത്ത, സാമൂഹിക സാംസ്കാരിക നായകന്മാരുടെ ഞെട്ടലും അനുശോചനവും.. അതോടു കഴിഞ്ഞു. ഈ ജനാധിപത്യത്തില്‍ ഇതില്‍ കൂടുതല്‍ ആയുസ്സില്ല ഒരു പെണ്ണിന്റെ മാനത്തിനും ജീവനും.

നിങ്ങല്‍ ആരെയാണ്‌ പേടിക്കുന്നത്‌. ഇരുളിന്റെ മറവില്‍ ഒറ്റക്ക്‌ കിട്ടിയ പെണ്ണിനോട്‌ ആണത്വം കാണിച്ച ഗോവിന്ദച്ചാമി പോലുള്ള മൃഗങ്ങളോടോ ? അതോ കാലഹരണപ്പെട്ടുപോയ നമ്മുടെ നീതിന്യായവ്യവസ്തയെയോ, പ്രതികരണശേഷിയറ്റ ഈ സമൂഹത്തെയോ ? എന്തിനെയാണ്‌ നിങ്ങള്‍ പേടിക്കുന്നത്‌ ? ഇന്ത്യന്‍ നീതിന്യായവകുപ്പിന്റെ പരമാവധി ശിക്ഷയെന്നത്‌ ജീവപര്യന്തമാണ്‌. 1000 ജീവപര്യന്തം ഒരുമിച്ച്‌ വിധിക്കേണ്ടുന്ന പലരും സ്വൈരവിഹാരം ചെയ്യുന്ന നമ്മുടെ നാട്ടില്‍ സ്വയരക്ഷക്കുവേണ്ടി നിങ്ങള്‍ വാളെടുത്തില്ലെങ്കിലും ഒരു ബ്ലേഡ്‌ എങ്കിലും കയ്യില്‍ കരുതൂ. അല്ലാതെ, വീഴുന്നത്‌ കണ്ടിട്ടും കൂടെ ചാടിയവനെ കണ്ടിട്ടും നിലവിളി കേട്ടിട്ടും അത്‌ അവഗണിച്ചു കളഞ്ഞ പ്രഞ്ജയറ്റ ഒരു സമൂഹത്തില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ഒന്നും പ്രതീക്ഷിക്കാനില്ല.

ഇവിടെ ആര്‍ക്കും ആരെയും തല്ലാം, കൊല്ലാം, എന്തും ചെയ്യാം. ശിഷ്ടകാലം അതിന്റെ ബലത്തില്‍ ദാദ കളിച്ച്‌ സുഖമായി കഴിയുകയും ചെയ്യാം. നമ്മുടെ ശിക്ഷാനിയമങ്ങളും നീതിന്യായവ്യവസ്തകളും അങ്ങനെയാണ്‌. അതുകൊണ്ട്‌ സ്ത്രീകളേ നിങ്ങള്‍ക്കും ഇതൊക്കെയാവാം. നിങ്ങളൊന്ന്‌ മാറ്റിച്ചിന്തിക്കൂ. ചുറ്റുമുള്ള നരാധമന്മാരുടെ കഴുകന്‍ കണ്ണുകളെ തിരിച്ചരിയൂ.. സ്വയരക്ഷ ഉറപ്പുവരുത്തു.

വെട്ടാന്‍ വരുന്ന പോത്തിനോട്‌ വേദമോതിയിട്ട്‌ കാര്യമില്ല. നിങ്ങളും വെട്ടാന്‍ ശിലിക്കൂ.. കഴുത്തുനോക്കിത്തന്നെ. ധീരവനിതകള്‍ എന്നും ഉണ്ടായിരുന്ന മണ്ണാണിത്‌. അവയില്‍ അല്‍പമെങ്കിലും നിങ്ങളും കാണിക്കൂ. അടുത്ത ഇരയെത്തേടി നടക്കുന്ന ഗോവിന്ദച്ചാമിമാര്‍ക്ക്‌ പാഠമാവണം, പേടിയാവണം നിങ്ങളുടെ കരുത്ത്‌.. നിങ്ങളുടെ മാറ്റം.

സുരക്ഷാനിയമങ്ങളും പരിഷ്കരണങ്ങളും ചര്‍ച്ചകളും പുരോഗമിക്കും, ചിലപ്പോള്‍ പ്രാബല്യത്തില്‍ വന്നെന്നും വരും. പക്ഷേ, അത്‌ എത്രകാലത്തേക്ക്‌ ? ഏറിയാല്‍ ഒരു മാസം. പിന്നെ നമ്മളത്‌ മറക്കും. വീണ്ടും ഒരു സൗമ്യ പിച്ചുചീന്തപ്പെടുമ്പോള്‍ നമ്മള്‍ വീണ്ടും ഒത്തുകൂടും.. വിഴുപ്പലക്കാന്‍. അപ്പോഴും നിങ്ങള്‍ക്ക്‌ സഹതാപമല്ലാതെ മറ്റൊന്നും കിട്ടാനില്ല. നഷ്ടം നിങ്ങളുടേത്‌ മാത്രം.

ഇനിയൊരു സൗമ്യ വാര്‍ത്തയാകാതിരിക്കാന്‍ ഇനിവരുന്ന സൗമ്യമാര്‍ക്ക്‌ സമാധാനജീവിതം നയിക്കാന്‍ അവരുടെ ചോര ഈ മണ്ണില്‍ വീഴാതിരിക്കാന്‍ കയറിപ്പിടിക്കുന്നവന്റെ കൈ വെട്ടിമാറ്റാനായില്ലെങ്കിലും തട്ടിമാറ്റാനുള്ള കരുത്താര്‍ജ്ജിക്കൂ. സ്വയം ആയുധമാകൂ. എല്ലാപേരും രാമനല്ല.. കലിയുഗമാണ്‌.. കേണപേക്ഷിക്കുമ്പോള്‍ മാനം കാക്കാന്‍ കൃഷ്ണനും വരില്ല ..

വേദനയോടെ.. പ്രതികരണശേഷി നഷ്ടപ്പെട്ട ഈ സമൂഹത്തിലെ ഒരുവന്റെ ഒരിറ്റ്‌ കണ്ണുനീര്‍ സൗമ്യക്കായ്‌ സമര്‍പ്പിക്കുന്നു.

വ്യക്തിപരമായ ഒരു അഭിപ്രായം : യാതൊരു മാനുഷീകപരിഗണനയും കൊടുക്കാതെ ഇവനെയൊക്കെ പച്ചക്ക്‌ കത്തിച്ചുകളയണം.
Related Posts Plugin for WordPress, Blogger...

Popular Posts