Monday, June 14, 2010

നിശയുടെ രാത്രി


'എന്തൊരു ഉറക്കമാടാാ ഇത്‌.. എണീക്ക്‌.. എടാാ.. മണി 9 ആയി.. നീ വരുന്നില്ലേ.. എണിക്കെടേയ്‌..'

തലേന്ന്‌ നാടകം കണ്ടതിന്റെ ഉറക്കക്ഷീണം വിടാത്ത കണ്ണും തിരുമ്മി എണിറ്റപ്പോള്‍ ചങ്ങാതി മുന്നില്‍, അവന്‌ ഒരടി മുന്നില്‍ അവന്റെ കോന്ത്രപ്പല്ല്‌..

'എന്റമ്മേയ്‌.. താടക.. താടക..'
'ടാാ.. ടാാാ.. ഇത്‌ ഞാനാ വിജയന്‍..'
'ഹോാ.. മനുഷ്യനെ ഉറക്കത്തീന്ന്‌ വിളിച്ച്‌ പേടിപ്പിക്കുന്നാാ.. കോപ്പേ..'
'നീയെന്താ ഈ വരാന്തയില്‍ കിടക്കുന്നത്‌...'
'ഓാ.. വെറുതേ.. ഇവിടെ നല്ല കാറ്റ്‌..' (പാതിരാത്രി വന്ന്‌ കതകിന്‌ മുട്ടിയതും, കതക്‌ തുറന്ന്‌ തരാതിരുന്നതും കൊതുക്‌ കടികൊണ്ട്‌ വെളിയില്‍ കിടന്നതും ഇവനോടെന്തിന്‌ പറയണം)
'ഈ പല്ലൊന്നു കെട്ടിക്കണം..' ആരോടെന്നില്ലാതെ വിജയന്‍
'കഷ്ടം തന്നെ.. നിന്റെ വീട്ടുകാര്‌ നിന്നെ കെട്ടിക്കാന്‍ നോക്കിക്കൊണ്ടിരിക്കുന്നു.. അപ്പോഴാ പല്ല്‌.. പുല്ല്‌..'
'നീയെന്താ തപ്പുന്നത്‌..'
'ഇന്നലെ ഇവിടെ വച്ച ബീഡിക്കുറ്റി..'
'ങാാാ.. അതു പറയാനാ ഞാന്‍ വന്നത്‌. കുറ്റി ഓന്ത്‌ എടുത്ത്‌ കാണും..'
'ങും.. പിന്നേ.. ഓന്ത്‌ ഇപ്പോള്‍ ബീഡിക്കുറ്റിയല്ലേ എടുക്കുന്നത്‌..'
'ഓന്ത്‌ എന്ന്‌ വച്ചാല്‍.. ഓന്ത്‌ ഹരി..'
'അതെങ്ങനെ നിനക്കറിയാം..'
'എനിക്ക്‌ മാത്രമല്ല ഇപ്പോള്‍ നാട്ടുകാര്‍ക്ക്‌ മൊത്തം അറിയാം.. '
'തെളിച്ച്‌ പറേടേയ്‌..'
'തെളിക്കാനൊന്നുമില്ല.. അവിടെ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടക്കുകയാ.. കഥ, തിര്‍ക്കഥ, സംഭാഷണം, സംവിധാനം, പാട്ട്‌, ഡാന്‍സ്‌, നായകന്‍, നായിക, വില്ലന്‍ എല്ലാം അവന്‍ തന്നെ.. '
'എവിടെ..'
'അവന്റെ വീടിന്റെ കൂരപ്പുറത്ത്‌.. അതാണ്‌ സ്റ്റേജ്‌.. ഇന്നലത്തെ നാടകത്തിന്റെ അവതരണം ശരിയല്ല, ആര്‍ടിസ്റ്റുകളുടെ പെര്‍ഫോമന്‍സ്സ്‌ പോരാ.. ഇങ്ങനെ വേണ്ടിയിരുന്നു അഭിനയിക്കേണ്ടത്‌ എന്നും പറഞ്ഞ്‌ രാവിലെ തുടങ്ങിയതാ..'
'എന്നിട്ട്‌..'
'എന്നിട്ടൊന്നുമില്ല.. വസ്ത്രാക്ഷേപം കഴിഞ്ഞു.. അതുകൊണ്ട്‌ സ്ത്രീ പ്രേക്ഷകര്‍ ഇല്ല.. ഏണിക്ക്‌ ആള്‌ പോയിട്ടുണ്ട്‌.. താഴെയിറക്കാന്‍..'
'അതിന്‌ ഏണിയൊന്നും വേണ്ട.. തുരപ്പന്‍ ഗോപിയോട്‌ പറഞ്ഞാല്‍ മതി.. എറിഞ്ഞ്‌ താഴെയിട്ടോളും..'
ഇനിയിപ്പോ ഞാന്‍ എന്ത്‌ ചെയ്യും എന്ന്‌ ചിന്തിച്ചിരിക്കുമ്പോള്‍..
'എടാാാ.. ഇന്നലെ ഭാവന വന്നിരുന്നു അല്ലേ..'
'ഭ.. വൃത്തികെട്ടവനേ.. ആഭാസാ.. അവളെന്തിനാടാ ഇവിടെ വരുന്നത്‌.. ശോഭനമായ ഭാവി കാത്തിരിക്കുന്ന അവളുടെ മകള്‍ ശോഭനയായിരുന്നെങ്കില്‍ പിന്നേം..'
'അതല്ലടാ.. ഭാവന.. ഭാവന..' തറയില്‍ ചിതരിക്കിടക്കുന്ന പേപ്പറുകളില്‍ ഒന്നെടുത്ത്‌ നിവര്‍ത്തിയിട്ട്‌.. 'ഈ കഥയെഴുതുമ്പോള്‍ വരുന്ന ഭാവനയില്ലേ.. ലത്‌..'
'ങാാാ.. അത്‌ ഇന്നലെ ഉച്ചക്ക്‌ വന്നതാ.. വന്നപാടെ ഞാനതിനെ എന്റെ തൂലികയിലാക്കി പേപ്പറിലേക്ക്‌ ഒഴുക്കി.. കണ്ട്‌ വന്ന അവള്‍ അപ്പോത്തന്നെ ചുരുട്ടിക്കൂട്ടി പുറത്തേക്കും ഒഴുക്കി.. അക്ഷരവിരോധി..'

നിവര്‍ത്തിയ പേപ്പറില്‍ ഒരു നിമിഷം കണ്ണോടിച്ച അവന്റെ മുഖം വികാരവിക്ഷോഭങ്ങളാല്‍ മാറിമറിയുന്നതും വിവിധഭാവങ്ങള്‍ തിരയടിക്കുന്നതും ഞാന്‍ കണ്ടു. അടിക്കും അടിക്കും എനിക്കറിയാം.. അതല്ലേ സംഭവം..

പിന്നെ, ദയനീയ ഭാവത്തില്‍ ചോദിച്ചു..' എന്താന്നടേയ്‌ ഇത്‌.. എനിക്കൊന്നും മനസ്സിലായില്ല..'
'ആവില്ല.. എടാ അതൊന്നും നിന്നെപ്പോലുള്ളവര്‍ക്ക്‌ പറഞ്ഞിട്ടുള്ളതല്ല..'

ഇതിനെന്താകുഴപ്പം.. അല്ല.. ഇതിനെന്താകുഴപ്പം..

കുറ്റാക്കൂരിരുട്ടില്‍ നിലാവിന്റെ അരണ്ട വെളിച്ചത്തില്‍ കുത്തിയൊലൊച്ചുവരുന്ന പുഴ നീന്തുകയാണ്‌ അയാള്‍. കയ്യിലിരുന്ന റാന്തല്‍ നെഞ്ചോട്‌ ചേര്‍ത്ത്‌ പിടിച്ച്‌ അവസാന ശക്തിയും സംഭരിച്ച്‌ അയാള്‍ നീന്തി. അങ്ങകലെ പാടവരമ്പത്ത്‌ അയാള്‍ കാത്തിരിക്കുന്നുണ്ടാവും എന്നെയും കാത്ത്‌. എത്രയും വേഗം എത്തണം. ഇവര്‍ക്ക്‌ ഈ പുഴയൊക്കെ ടാര്‍ ചെയ്താലെന്താ കുഴപ്പം.

അങ്ങകലെ പള്ളിയില്‍ മണി മുഴങ്ങി. അയാളുടെ മനസ്സ്‌ മന്ത്രിച്ചു.. പാതിരാ കഴിഞ്ഞിരിക്കുന്നു. കുറുക്കന്മാര്‍ കൂവുന്നു.. കോഴികള്‍ ഓരിയിടുന്നു.. ചാവാലിപ്പട്ടി ചെമ്പോത്തിനെ കടിച്ച്‌ കീറുന്നു.. തവള പമ്പിനെ വിഴുങ്ങി നെടുവീര്‍പ്പിടുന്നു.. ശിവ ശിവ.. കലികാലം.

അയാള്‍ നടത്തത്തിന്‌ വേഗത കൂട്ടി. ചുണ്ടില്‍ എരിയുന്ന ബീഡിയെ അയാള്‍ കണ്ടില്ലെന്ന്‌ നടിച്ചു. നെഞ്ചിനകം പിടയുന്നത്‌ അയാള്‍ ദൂരെനിന്നും കണ്ടു. നക്ഷത്രങ്ങള്‍ അയാളെ നോക്കി കണ്ണുചിമ്മി. ഉറയില്‍ നിന്നും വാളൂരി അയാള്‍ മൂര്‍ച്ച ഉറപ്പുവരുത്തി.

വിജനമായ വഴിയില്‍ കാളവണ്ടിക്കാരന്റെ മൂളിപ്പാട്ടും കാളകളുടെ മൂളിപ്പാട്ടും മാറ്റൊലിക്കൊണ്ടു. കുടമണികളുടെ താളം ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു. ഒളിത്താവളങ്ങളില്‍ കാക്കകള്‍ ബലിച്ചോറ്‌ വിളമ്പുന്നു. ഇനി എവിടെയാണൊന്ന്‌ ഒളിക്കുക.

കുതിരക്കുളമ്പടികള്‍ അടുത്ത്‌ വരുന്നു. കൊട്ടാരത്തിലെ കാവല്‍ നായ്ക്കള്‍ നരനായാട്ടിന്‌ ഇറങ്ങിയതാവണം. നാലഞ്ച്‌ ഒറ്റയാന്മാര്‍ എങ്ങോട്ടെന്നില്ലാതെ പായുന്നത്‌ അരിശത്തോടെ ആയാള്‍ നോക്കി നിന്നു.

സര്‍പ്പക്കാവില്‍ സര്‍പ്പങ്ങള്‍ ഉറഞ്ഞ്‌ തുള്ളുന്നു. പാല്‍ പകര്‍ന്ന കൈയ്യില്‍ കൊത്തിയതിന്റെ തിമിര്‍പ്പാണ്‌. അവളുടെ പാദസരത്തിന്റെ സംഗീതം നിലച്ചതിന്റെ ആഘോഷമാണ്‌.

വെളിച്ചപ്പാടിന്റെ ശിരസ്സ്‌ പിളര്‍ന്ന്‌ രക്തം ഒഴുകുന്നു. രക്തദാഹികളായ കൂനനുറുമ്പുകള്‍ തേറ്റകള്‍ പുറത്തുകാട്ടി അട്ടഹസിക്കുന്നു. പുലികളെ മേയ്ച്ച്‌ തളര്‍ന്ന ഇടയബാലന്‍ ആട്ടുകട്ടിലില്‍ തോഴിമാരുമൊത്ത്‌ വിശ്രമിക്കുന്നു.

സൂര്യന്‍ മൂടുപടം നീക്കി മെല്ലെ തലപൊക്കി നോക്കി.. പ്രഭാതത്തിനിനിയും നാഴികകള്‍ ബാക്കി..കലപിലകൂടി കിളികള്‍ നിശബ്ദരായി പറന്നുപോയി. കാല്‍പനികതയുടെ കാലാന്തരങ്ങള്‍ക്കൊടുവില്‍ കാലവര്‍ഷം കരാളഹസ്തം നീട്ടുന്നു. ആഴ്‌ന്നിറങ്ങിയ വേരുകള്‍ അല്‍പം ദാഹജലത്തിനായ്‌ മാളങ്ങളില്‍ നിന്ന്‌ പുറത്ത്‌ വന്നു.

ജീവച്ഛവമായി പാടവരമ്പത്തിരുന്ന അയാളോട്‌, വിയര്‍പ്പ്‌ തുടച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു..

'പളനിയില്‍..'
'പാതാളഭൈരവന്‍ ഉറക്കത്തിലായിരുന്നു..'
'കാണിക്ക..'
'കുചേലന്‍ കൊണ്ട്‌ വന്നത്‌..'
'കതിരവന്‍ ..'
'ഇന്ന്‌ അവധിയിലാണ്‌..'
'തായമ്പക..'
'താളം പിഴച്ചുപോയിരുന്നു..'
'ഇത്‌..'
'ഒരു കതിനയാണ്‌.. അവള്‍ക്ക്‌..'
'അവള്‍ ..'
'പാചകപ്പുരയിലാണ്‌..'
'അവളുടെ വയറ്റില്‍ വളരുന്ന ഉദരം..'
'... '
അയാളുടെ കണ്ണുകളില്‍ ഇരുട്ട്‌ കയറി...

.... ഇനി പറ.. ഇതിനെന്താകുഴപ്പം.. അല്ല നിങ്ങള്‌ പറ.. ഇതിനെന്താകുഴപ്പം ....

വാല്‍ : ഒരു കാര്യം ഉറപ്പായി.. ഇന്നലെ ലവള്‌ (മറ്റേ ഭാവന) വന്നത്‌ കഞ്ചാവും കൊണ്ടായിരുന്നു.

Saturday, May 29, 2010

വെള്ളയ്‌ റോജാ - ഒരു സിനിമാക്കഥ


'നാളെ രക്ഷകര്‍ത്താവിനെ വിളിച്ചുകൊണ്ട്‌ വന്നിട്ട്‌ ക്ലാസ്സില്‍ കയറിയാല്‍ മതി...'

അടിയനോടിങ്ങനെ കല്‍പിച്ചത്‌ കരടിയാണ്‌. അടിയന്‍ ചെയ്ത അപരാധമോ വെറും നിസ്സാരം... ഉച്ചക്ക്‌ ശേഷം ക്ലാസ്സ്‌ കട്ട്‌ ചെയ്ത്‌ ഒരു സിനിമക്ക്‌ പോയി. അത്‌ ഇയ്യാളെങ്ങനെ കണ്ടുവെന്ന ചോദ്യം അപ്രസക്തമാണ്‌... കാരണവന്മാര്‍ക്ക്‌ എന്തും ആകാമല്ലോ... ഇത്‌ ഞാന്‍ ഒന്‍പതില്‍ പഠിക്കുന്ന കാലം.. (ഓഹോ.. അപ്പോല്‍ 9-ല്‍ പഠിച്ചിട്ടുണ്ട്‌ അല്ലേ ?.. എന്ന്‌ ചോദിക്കരുത്‌..)

ഇങ്ങനെയുള്ള എനിക്ക്‌ ഒരു ഭൂതകാലമുണ്ടായിരുന്നു. വല്ലപ്പോഴുമൊരിക്കല്‍ കുടുംബസമേതം ഒരു സിനിമ പതിവുള്ളതാണ്‌. പിള്ളേര്‍ക്കുള്ള കടലയും കടലമുട്ടായിയുമൊക്കെ വാങ്ങിത്തന്ന്‌, ഞങ്ങള്‍ എല്ലാപേരും സിനിമാഹാളില്‍ ഏറ്റവും പുറകില്‍ സ്ഥാനം പിടിക്കും. ഇരിപ്പുറയ്ക്കുന്നതിനുമുന്‍പ്‌ തന്നെ പരാതിയും തുടങ്ങും. ..

' എനിക്ക്‌ കാണുന്നില്ല .. അയാളുടെ തല മറഞ്ഞിട്ട്‌ കാണുന്നില്ല... ' (പറച്ചിലും കരച്ചിലും കേട്ടാല്‍ തോന്നും ഇവന്‍ ഇതുകണ്ടിട്ട്‌ നാളെ ചെന്ന്‌ ഈ സിനിമയുടെ അവലോകനം നടത്താനുണ്ടെന്നോ ഇതിനേക്കാള്‍ ഉഗ്രന്‍ തിരക്കഥ എഴുതാന്‍ പോകുന്നോ എന്ന്‌)
' സിനിമ തുടങ്ങട്ടെ, അപ്പോള്‍ കാണും...' എന്ന സമാധാനിപ്പിക്കല്‍ കേട്ട്‌ കടലയില്‍ കോണ്‍സന്റ്രേറ്റ്‌ ചെയ്യും.

എന്നാല്‍ സിനിമ തുടങ്ങാന്‍ ലൈറ്റ്‌ മങ്ങി അണഞ്ഞ്‌ ഇരുട്ട്‌ വീഴുമ്പോള്‍ ധൈര്യമെല്ലാം ചോര്‍ന്ന്‌ പോകും. പിന്നെ കരച്ചിലായി ..

'നമുക്ക്‌ പോകാം .. തീര്‍ന്നോ.. നമുക്ക്‌ പോകാം ... '
'നിന്നോട്‌ പറഞ്ഞതല്ലേ വരണ്ടാന്ന്‌... വന്നയുടനെ പോകാനല്ലല്ലോ വന്നത്‌...'

പിന്നെ ഉമ്മിച്ചിയുടെ വക ശകാരവും ഇരുട്ടത്തുള്ള നുള്ളും സഹിച്ച്‌ വലിയവായില്‍ കരഞ്ഞും മറ്റ്‌ കാണികളുടെ ക്രൂരനോട്ടം സഹിച്ചും ഇരിക്കുക തന്നെ. ഇടവേളയായാല്‍ പിന്നെയും ധൈര്യമായി. വീണ്ടും കടല ... വീണ്ടും കരച്ചില്‍. ഒരു വിധത്തിലൊന്ന്‌ വീട്ടിലെത്തിക്കിട്ടിയാല്‍ മതിയെന്നാകും.

അതിന്‌ കാരണമുണ്ട്‌.. ഇരുട്ടും, വലിയ ഒച്ചയും, അടിയും ബഹളവും, കുത്തും, കൊലപാതകവുമൊക്കെ, എനിക്ക്‌ ഭയങ്കര പേടിയായിട്ടൊന്നുമല്ല... അക്രമങ്ങളോട്‌ പണ്ട്‌ മുതലേ എനിക്കൊരു ഇഷ്ടക്കുറവുള്ളതുകൊണ്ടാണ്‌.. (എന്ത്‌ ചെയ്യാം ഞാനൊരു 'സമാധാന'പ്രിയനായിപ്പോയില്ലേ.. ഇപ്പറഞ്ഞ സാധനം ഇന്നേവരെ ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ലെങ്കിലും..)

പിന്നെ പിന്നെ ഞാന്‍ കുറച്ചൊന്ന്‌ പുരോഗമിച്ചു... ഒരു സിനിമയൊക്കെ കരയാതെ കാണാം എന്നായി..

അടുത്തവീട്ടിലെ ചേട്ടന്‍ സിനിമക്ക്‌ പോകുമ്പോള്‍ എന്നോട്‌ പറയാറുണ്ട്‌. അന്ന്‌ എന്നെപ്പോലൊരു മര്യാദക്കാരന്‍ ആ ജില്ലയില്‍ത്തന്നെ ഉണ്ടാകില്ല.. പറയുന്നതെന്തും കേള്‍ക്കും, എത്ര പ്രാവശ്യം വേണമെങ്കിലും കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിക്കൊടുക്കും. എന്തിനധികം മാറ്റിനിയുടെ സമയം ആകുംവരെ 'ഹൊ, ഇവനെ പ്രസവിച്ചില്ലായിരുന്നെങ്കില്‍ ഈ ലോകത്ത്‌ ഞാനെങ്ങനെ ജീവിച്ചേനെ' എന്ന്‌ എന്റെ മതാശ്രീ നെഞ്ചത്ത്‌ കൈവച്ച്‌ നിലവിളിക്കുംവിധമായിരിക്കും എന്റെ പ്രകടനങ്ങള്‍.

എന്നാലും സമയമാകുമ്പോള്‍ മാതാശ്രീ ഒരുമാതിരി രാഷ്ട്രീയക്കാരുടെ സ്വഭാവം കാണിക്കും. കാലുമാറല്‍.. പിന്നെ കരച്ചിലും നിലവിളിയുമൊക്കെ കഴിയുമ്പോള്‍ പോകാന്‍ സമ്മതിക്കും.. വിത്ത്‌ വാര്‍ണിംഗ്‌.. ഇത്‌ അവസാനത്തേതാ.. ഇനി ചോദിക്കരുത്‌.

ഇങ്ങനെ വലിയ ബുദ്ധിമുട്ടുകള്‍ സഹിച്ച്‌ ഓണത്തിനും സംക്രാന്തിക്കുമൊക്കെ ഒരു സിനിമ കണ്ട്‌ ത്ര്യപ്‌തനായി നടക്കുന്ന കാലത്താണ്‌ മാതാശ്രീയുടെ സഹോദരീകുടുംബം സ്കൂള്‍ അവധിക്ക്‌ ഞങ്ങടടുത്തേക്ക്‌ വന്നത്‌. കൂട്ടത്തില്‍ ഞങ്ങളുടെ നാട്‌ കാണാന്‍ അവരുടെ അയല്‍വാസിയുടെ മകന്‍ മണിയും.

മണി.. അധികം പ്രായവ്യത്യാസമൊന്നുമില്ലെങ്കിലും ഇത്തിരി ലോകപരിചയമുള്ളവന്‍. സിനിമയ്ക്കുവേണ്ടി എന്തും ചെയ്യുന്നവന്‍, ഒരു സിനിമ എത്ര തവണ കണ്ടാലും മതിവരാത്തവന്‍, സിനിമയില്‍ കൈവിഷം കിട്ടിയവന്‍. ഇവന്‍ ജനിച്ചപ്പോള്‍ സിനിമ പരസ്യത്തിന്റെ നോട്ടീസില്‍ മുക്കിയാണ്‌ വായില്‍ വെള്ളം ഇറ്റിച്ചതെന്ന്‌ തോന്നുന്നു. ജനിച്ചതും ഇവനെ കിടത്തിയത്‌ വല്ല നാനയിലോ ചിത്രഭൂമിയിലോ ആയിരിക്കണം. അല്ലാതെ ഇത്രേം ആക്രാന്തം വരാന്‍ ഒരു വഴിയും ഞാന്‍ കാണുന്നില്ല..

പറഞ്ഞു വന്നത്‌ മണി വന്നു.. അതില്‍ എനിക്കും ഇത്തിരി സന്തോഷമില്ലാതില്ല. അവന്‍ അതിഥിയല്ലേ.. അപ്പോള്‍ അവന്‌ ഒന്നു കറങ്ങാന്‍ പോകാനൊന്നും പ്രത്യേകിച്ച്‌ തടസ്സങ്ങളൊന്നുമില്ലല്ലോ.

ഇവിടെ എത്ര തിയേറ്റര്‍ ഉണ്ട്‌, അങ്ങോട്ട്‌ പോകാനുള്ള വഴി, ഇപ്പോള്‍ അവിടെ ഏതൊക്കെ സിനിമയാണ്‌, എപ്പോഴൊക്കെയാണ്‌ ഷോ, പിന്നെ ആ സിനിമയെക്കുറിച്ച്‌ അറിഞ്ഞതും കേട്ടതുമായ ചില ചില്ലറ വിവരണങ്ങള്‍, എന്നിങ്ങനെ അവനുവേണ്ട വിജ്ഞാനപ്രധമായ കാര്യങ്ങള്‍ ഞാനാണ്‌ വിളംബിയിരുന്നത്‌.

'ഒന്നും കാണാതെ പോക്കര്‌ പോത്ത്‌ പൂട്ടാന്‍ പോകില്ലല്ലോ' എന്നോമറ്റോ ഒരു ചൊല്ലില്ലേ ?.. അതുപോലെ, ഇതില്‍ എനിക്കുള്ള ലാഭം.. അവന്‍ സിനിമക്ക്‌ പോകുമ്പോള്‍ എന്നെയും കൂടെ കൂട്ടും എന്നതാണ്‌.

അങ്ങനെയൊരു സുദിനം...

പത്മനാഭയില്‍ ശിവാജിഗണേശനും പ്രഭുവും ഡബിള്‍ റോളില്‍ തകര്‍ക്കുന്ന 'വെള്ളയ്‌ റോജ'. എത്രയധികം അടിയുണ്ടോ അത്രയ്ക്കും സിനിമ ഹിറ്റ്‌.. അടിപിടിയും ആക്ഷനും കൊണ്ട്‌ സിനിമയെ വിലയിരുത്തുന്ന കാലം.. ഇങ്ങനെ പുട്ടിന്‌ തേങ്ങയിടുന്നപോലെ 2 മിനിറ്റ്‌ ഡയലോഗും 5 മിനിറ്റ്‌ അടിയുമായി വന്ന വെള്ളയ്‌ റോജയെ സ്വീകരിക്കാതിരിക്കാന്‍ ഒരു കാരണവും ഞാന്‍ കണ്ടില്ല.. അതുകൊണ്ട്‌ തന്നെ അന്നത്തെ കലാപരിപാടികളുടെ പട്ടികയില്‍ വെള്ളയ്‌റോജയും ഉള്‍പ്പെടുത്തി.

അതിഥിയുടെ വിശാലമായ ശുപാര്‍ശയിന്മേല്‍ എനിക്കും അനുവാദം കിട്ടി. അങ്ങനെ ഞങ്ങള്‍ 'വെള്ളയ്‌റോജ' ഫസ്റ്റ്‌ഷോ കാണാന്‍ പോയി...

പക്ഷേ 'വെള്ളയ്‌റോജ' ഞാന്‍ വിചാരിച്ചപോലെ അല്ലായിരുന്നു.. കാര്യമായ അടികള്‍ ഒന്നുമില്ല എന്നതോ പോട്ടെ, സിനിമ തുടങ്ങിയപ്പോള്‍ തന്നെ രാത്രി സ്മശാനത്ത്‌ വച്ച്‌ പള്ളീലച്ഛനായ ഒരു ശിവാജിയെ തലക്കടിച്ച്‌ കൊല്ലുന്നു.. ശവം അവിടെത്തന്നെ ഒരു കല്ലറയില്‍ മറവ്‌ ചെയ്തശേഷം കൊലയാളികള്‍ പോകുന്നു.. അവര്‍ പോയതും കല്ലറ തുറന്ന്‌ പ്രേതമായ ശിവാജി പുറത്ത്‌ വരുന്നു.. അവിടെ പേടിപ്പെടുത്ത ഒച്ചയോടെ ടൈറ്റില്‍..

പോരേ പൂരം.. സ്മശാനം കല്ലറ പ്രേതം കൊല .. കൊല പ്രേതം കല്ലറ സ്മശാനം.. ഇതെങ്ങനെ ഇരുന്നു കാണും.. എത്ര സമയം കണ്ണടച്ചിരിക്കും.. കണ്ണടച്ചിരുന്നിട്ടും വലിയ കാര്യമൊന്നും ഉണ്ടായിരുന്നില്ല.. അവന്റെ ഒടുക്കത്തെ പശ്ചാത്തല സംഗീതം..

ഇങ്ങോട്ട്‌ വരാന്‍ വേണ്ടി കരഞ്ഞതിന്റെ ഇരട്ടി ഞാന്‍ അവിടെയിരുന്ന്‌ പോകാന്‍ വേണ്ടി കരഞ്ഞു.. മനസ്സില്‍.. എങ്ങനെയും ഒന്നു തീര്‍ന്ന്‌ കിട്ടാന്‍ വേണ്ടി പള്ളിയില്‍ 5 പൈസ നേര്‍ച്ചയിടാമെന്ന്‌ വരെ പ്രാര്‍ത്ഥിച്ചു.. അത്‌ വെറുതേയായി.. സിനിമ തീര്‍ന്ന്‌ പുറത്തിറങ്ങിയപ്പോള്‍ തൂക്കാന്‍ വിധിച്ചവനെ വെറുതേ വിട്ടപോലെ.. ഒരു ദീര്‍ഘശ്വാസം വിട്ടു..

അവിടംകൊണ്ട്‌ തീര്‍ന്നൂ എന്ന്‌ ഞാന്‍ കരുതിയതും വെറുതേയായി.. വീട്ടില്‍ വന്ന്‌ കിടന്ന്‌ ഉറങ്ങാന്‍ കണ്ണടച്ച എന്റെ മുന്നില്‍ പ്രേതമായ ശിവാജി വന്ന്‌ കണ്ണുരുട്ടുന്നു, അട്ടഹസിക്കുന്നു, ഇളിച്ച്‌ കാണിക്കുന്നു, കൊഞ്ഞനം കുത്തുന്നു.. തിരിഞ്ഞു കിടന്നു, കമിഴ്‌ന്ന്‌ കിടന്നു, തലവഴി പുതച്ച്‌ കിടന്നു, പുതക്കാതെ കിടന്നു.. ഒന്നിനും ശിവാജിയുടെ വരവിനെ തടുക്കാന്‍ കഴിഞ്ഞില്ല..

വരുന്നതു വരട്ടേ.. ധൈര്യം സംഭരിച്ച്‌ പതിയെ വിളിച്ചു.. 'ഉമ്മാാാാ..'
'ങും.. ഉറങ്ങിയില്ലേ നീ ഇതുവരെ..'
'ഇല്ല.. ഉമ്മിച്ചി ഉറങ്ങിയോ എന്ന്‌ നോക്കിയതാ..' എന്ന്‌ പറയാന്‍ തോന്നിയില്ല... 'ങു ങും.. ഒന്നുമില്ല.. ചുമ്മാ..'

വീണ്ടും തിരിഞ്ഞ്‌ കിടന്നു.. അതാ വീണ്ടും ശിവാജി വന്ന്‌ ചോര പുരണ്ട പല്ലു കാട്ടി ആട്ടഹസിക്കുന്നു.
'ഉമ്മാാാാ..'
'എന്താടാ..'
ആ ചോദ്യം എന്നോടാണോ ശിവാജിയോടാണോ എന്നറിയില്ല.. ശിവാജിയുടെ പൊടിപോലും കാണാനില്ല..
വീണ്ടും പറഞ്ഞു 'ങു ങും.. ഒന്നുമില്ല..'

കണ്ണടച്ച്‌ കിടന്ന എന്റെ മുന്നില്‍ വീണ്ടും അതാ ശിവാജി.. ചോരപുരണ്ട ളോഹയില്‍, ചുവന്ന ബാക്ക്‌ലൈറ്റില്‍, വിത്ത്‌ സ്മോക്ക്‌ എഫക്‌റ്റില്‍ നിന്ന്‌ ഇളിക്കുന്നു..

'ഉമ്മാാാാാ...' ഇത്തവണ വിളിയില്‍ ഒരു ദയനീയത ഉണ്ടായിരുന്നു..
'എന്താടാാ...' ചോദ്യത്തില്‍ ഇത്തിരി അമര്‍ഷവും..
'ങു ങും.. ഒന്നുമില്ല..'
'അവിടെ കിടക്കാന്‍ പേടിയുണ്ടെങ്കില്‍ എണീറ്റ്‌ അടുത്തു വാാ..'
കേള്‍ക്കേണ്ട താമസം പോയി ഉമ്മിച്ചിയുടെ അടുത്ത്‌ കിടന്നു.. ഹോ എന്തൊരു ആശ്വാസം.. ഇനി ശിവാജിയല്ല അവന്റെ 'നൈനാ' വന്നാലും എങ്കിട്ട മോതാതേ, ശുട്ട്‌ പൊസിക്കിടുവേന്‍.. എന്ന മട്ടില്‍ ഞാന്‍..

രാവിലെ ഉണര്‍ന്ന എന്നെ എതിരേറ്റത്‌ ചുക്ക്‌ കാപ്പിയും പനിക്കുള്ള ഗുളികയുമായിരുന്നു. അതിനു പിന്നാലെ മറ്റ്‌ കിടുവാലുകളുടെ ഒരുമാതിരി പരിഹാസം കലര്‍ന്ന, 'ഇക്കണക്കിന്‌ ഇവന്‍ ഡ്രാക്കുളയോ രക്തരക്ഷസോ കണ്ടാലോയെന്ന' മട്ടിലുള്ള ആക്കിയ ചിരിയും, തലപിടിച്ച്‌ ഓതുന്ന പള്ളിയിലെ മോതീനും.

കറുത്ത ചരട്‌ ഓതി ഉഴിഞ്ഞ്‌ കയ്യില്‍ കെട്ടിത്തന്ന്‌, തന്റെ പടിയും വാങ്ങി പുള്ളി പടിയിറങ്ങി. ചരടിലെ കുരുക്കുകള്‍ എണ്ണിയിരുന്ന എന്റെ തുടയില്‍ ചൂടുള്ളൊരു മരവിപ്പ്‌. കാരണമറിയാന്‍ കാറിക്കൊണ്ട്‌ തിരിഞ്ഞുനോക്കിയ എന്റെ മുന്നില്‍ കയ്യില്‍ തിരിച്ചു പിടിച്ച സാമ്പാറിലിട്ട തവിയുമായി ഉമ്മിച്ചി...

'വേണ്ടെന്ന്‌ പറഞ്ഞാലൊട്ട്‌ കേള്‍ക്കുകയുമില്ല, വെറുതേ മനുഷ്യനെ മിനക്കെടുത്താനായിട്ട്‌ ഓരോരൊ കുരുപ്പുകള്‌. ഇനി സിനിമക്കെന്നും പറഞ്ഞ്‌ നീ ഈ പടിയിറങ്ങ്‌.. അപ്പോള്‍ കാണിച്ചുതരാം ഞാന്‍.. ഇനി പനിക്ക്‌ മരുന്ന്‌ വാങ്ങാന്‍ നടക്കണം. ..

അടിയുടെ ചൂട്‌ മാറ്റാന്‍ ഊതി തണുപ്പിച്ച്‌ കൊണ്ടിരുന്ന എന്റെ കാതില്‍ പിന്നേം എന്തൊക്കെയൊ താരാട്ടുകള്‍ അവ്യക്തമായി വീഴുന്നുണ്ടായിരുന്നു.. സ്നേഹം തുളുംബിയ ശകാരങ്ങള്‍..

വാല്‍ : പക്ഷേ, ആ അടിയ്ക്ക്‌ ഞാന്‍ പ്രതീക്ഷിച്ചത്രേം ചൂട്‌ ഉണ്ടായിരുന്നില്ല.. അടിയുടെയും പനിയുടെയും ചൂടിനേക്കാള്‍ അധികം ചൂട്‌ തലേന്ന്‌ രാത്രി എന്നെ അരികില്‍ ചേര്‍ത്ത്‌ കിടത്തി തഴുകി സാന്ത്വനപ്പെടുത്തിയ കൈകള്‍ക്കുണ്ടായിരുന്നു..

ആ ചിറകിന്‍ കീഴില്‍ ഇനിയൊരു ജന്മം കൂടി എന്ന പ്രാര്‍ത്ഥനയോടെ...
Related Posts Plugin for WordPress, Blogger...

Popular Posts