ശ്രീനിവാസാസന് എന്ന ശ്രീനിയ്ക്ക് കാതലന്‍ എന്ന ഇരട്ടപ്പേര് കിട്ടിയത് വെറുതേയൊന്നുമല്ല...
വെറും രണ്ടേ രണ്ട് തല്ലുകൊള്ളിത്തരമേ കക്ഷിയുടെ കയ്യിലുള്ളു. (എന്തിനധികം...)
ഒന്ന് ആര് എന്തു പറഞ്ഞാലും തര്‍ക്കിക്കുക. അതെന്താണെന്നോ എന്തിനാണെന്നോ ഉള്ള യാതൊരു പോതവും പൊക്കണവും ഇല്ലാതെ തര്‍ക്കിക്കുക. പിന്നെ (ദോഷം പറയരുതല്ലോ) തര്‍ക്കമാണെങ്കിലും കാലണക്ക് പ്രയോജനമില്ലാത്ത കാര്യമാണെങ്കിലും മുടിഞ്ഞ ആത്മാര്‍ത്ഥതയാണ് പഹയന്.
തര്‍ക്കം മൂത്ത് നില്ക്കുന്ന സമയത്ത് കക്ഷിയുടെ പഞ്ചേന്ദ്രിയങ്ങള്‍ പണിമുടക്കും എന്നുള്ളതിന് തെളിവാണ് 'നിന്റെ അച്ഛന് കുട്ടന് പണിക്കര്‍ക്ക് വരെ എതിരഭിപ്രായം ഇല്ലല്ലോ...' എന്ന് പറഞ്ഞതിന് 'എന്റെ ഏത് അച്ഛന്റെ കാര്യമാ നിങ്ങളീപ്പറയുന്നത്. അച്ഛനെന്നതിന് എന്താ തെളിവ്...' എന്ന് ചോദിച്ച് മാലോകരുടെ മുന്‍പിലേക്ക് വലിയൊരു ചോദ്യം വലിച്ചെറിഞ്ഞത്.
രണ്ടാമത്തേതാണ് പ്രശ്നം. ആ സ്കൂളിലെ ഏതു പെണ്ണിനെക്കണ്ടാലും ജൂനിയര്‍ സീനിയര്‍ പക്ഷപാതമില്ലാതെ 'ആ പെണ്ണിന് എന്നോട് ഒരു ഇത്...' എന്ന് അടുത്ത് നില്ക്കുന്നവരോട് വെറുതെയങ്ങ് തള്ളുക.
സീനിയറാണെങ്കിലും കാണാന്‍ കൊള്ളാം എന്ന ഒറ്റക്കാരണത്താല്‍ ഇന്റര്‍വെല്‍ സമയത്ത് സ്കൂള്‍ വരാന്തയില്‍ വച്ച് ഷീജയോട് നിന്നെ എനിക്കിഷ്ടമാണെന്ന രണ്ടേ രണ്ട് വാക്ക് വിറച്ച് വിറച്ച് പറഞ്ഞൊപ്പിച്ചു.
അതിനവള് രണ്ട് പുറത്തില്‍ കവിയാതെ മറുപടിയും പറഞ്ഞ് ഒരു എഫക്റ്റിന് വേണ്ടി കാര്‍ക്കിച്ച് തുപ്പി ചവിട്ടിക്കുലുക്കി നടന്ന് പോയി.
ഇതില്‍പ്പരമൊരു നാണക്കേട്. ഷെയിം...ഷെയിം...
ഇനിയിവളോട് നേരിട്ട് സംസാരിക്കാന്‍ എന്റെ പട്ടി പോകും എന്ന ഉറച്ച തീരുമാനത്തില്‍ ഒരു കത്തെഴുതിക്കൊടുത്തു.
'നിന്റെ വാക്കുകള്‍ ഓരോന്നും ഹ്ര്യദയത്തില്‍ ആണിയടിച്ചപോലുണ്ട്...'
അതിനുള്ള മറുപടിയും കൊണ്ട് പോയ ആള് തിരിച്ചു വന്നു...
'നിന്റെ ഒരു ഫോട്ടോ അതില്‍ തൂക്കിയിട്. എന്റെ കയ്യില്‍ ഹനുമാന്റെ പടം ഇല്ല. അല്ലെങ്കില്‍ ഒന്ന് തരാമായിരുന്നു. രണ്ടും ഒന്ന് തന്നെ...'
ഇമേജ് രക്ഷിക്കാന്‍ വേണ്ടി പിന്മാറിയെന്ന് ചരിത്രം...
കാര്യമെന്തായാലും ശ്രീനിയുടെ മാവും പൂത്തു. അവനും ഒരു 'ലൈന്‍' വലിച്ചൂ. സ്റ്റേഷനറിക്കട നടത്തുന്ന ശ്രിധരന്‍ ചേട്ടന്റെ മകള്‍ ഹൈമവതിയാണ് ആ ഭാഗ്യതാരം.
ദിവസങ്ങള്‍ ആഴ്ചകളായും ആഴ്ചകള്‍ മാസങ്ങളായും പരിണമിച്ചുകൊണ്ടിരുന്നു. ശ്രീനി-ഹൈമുവിന്റെ ലീലകള്‍ക്കും പരിണാമം സംഭവിച്ചുകൊണ്ടിരുന്നു.
അതിന്റെ ഫലമായി ശ്രീനിയുടെ സമ്പാദ്യവും കൂടിക്കൂടി വന്നു.
ഒരു നാള് ഹൈമുവിനോട് തന്റെ സമ്പാദ്യത്തിന്റെ കാര്യം ശ്രീനി പറയുകയും ചെയ്തു.
'ചക്കരേ .. നിന്റെ പൊട്ടിപ്പോയ വളപ്പൊട്ടുകള്‍, കര്‍ച്ചീഫ്, പൊട്ട്, സ്ലൈഡ് ഇതൊക്കെയാണ് എന്റെ സമ്പാദ്യങ്ങള്‍.'
'അതു ശരി...അപ്പോ കയ്യില്‍ വേറെ ദമ്പടിയൊന്നും ഇല്ല അല്ലേ ? ഇതും വച്ചുകൊണ്ടാണോ എന്നെ റാണിയായി വാഴിക്കാം... എന്റെ കൂടെ ഇറങ്ങിപ്പൊരെന്ന് വിളിക്കുന്നത്.'
അല്ലറചില്ലറ ഒളിച്ച് കളിയും, കളിയും കാര്യവുമായി ഇങ്ങനെ അവരുടെ ജീവിതം തുടരുന്നതിനിടെയാണ് അരമനരഹസ്യം അങ്ങാടിപ്പാട്ടായത്.
പ്രേമസല്ലാപത്തിന്റെ അറ്റവും വക്കും കേട്ട് സുഖിക്കാറുണ്ടായിരുന്ന തുണക്കാരിയിലൂടെ ഹൈമുവിന്റെ ഒരു ചെറിയ ഡയലോഗ് ലീക്കായത്. ഈ ലീക്കായ ഡയലോഗ് സുഹ്ര്യത്തുക്കള്ക്കിടയില് ചോദ്യപ്പേപ്പര്‍ ലീക്കായതിനേക്കാള് വലിയ കോലാഹലമുണ്ടാക്കി.
ഡയലോഗ് ചെറുതാണെങ്കിലും ഉള്ളടക്കം അത്ര ചെറുതൊന്നുമായിരുന്നില്ല.
'അയ്യേ.... അതൊക്കെ കല്ല്യാണത്തിന് ശേഷം...' പിന്നെ കുണുങ്ങിയ ഒരു ചിരിയും. സംഗതി ഇത്രേയുള്ളൂ...
പലരും പല ആങ്കിളിലും ചിന്തിച്ചൂ. പലതും ചെന്നെത്തിയത് ഏതാണ്ട് ഒരേ ഉത്തരത്തിലും. അപ്പോത്തന്നെയത് തിരുത്തി ... 'ഏയ്.. അതായിരിക്കില്ല...'
ഇതെന്തിനുള്ള മറുപടിയായിരിക്കും. തുണക്കാരിക്കും വലിയ പിടിയില്ല. എല്ലാപേരും തലപുകഞ്ഞാലോചിച്ചൂ. വെറുതേ കുറച്ച് പുകച്ച് കളഞ്ഞതല്ലാതെ പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടയില്ല.
വരുന്നതുവരട്ടെ... ഇനിയിപ്പോള്‍ ശ്രീനിയോടുതന്നെ ചോദിക്കാം.
കൂട്ടുകാരുടെ നിര്‍ബന്ധത്തിന് മുന്നില്‍ ശ്രീനിക്ക് അധികം പിടിച്ച് നിക്കാനായില്ല... അവന് ആ രഹസ്യം പുറത്ത് വിട്ടു...
'ഒന്നുമില്ലടേയ്... അവളുടെ കയ്യില്‍ കിടക്കുന്ന ആ കുഞ്ഞ് മോതിരം ഒന്ന് പണയം വയ്ക്കാന്‍ ചോദിച്ചതാ....അതിനവള് പറയുവാ അതൊക്കെ കല്ല്യാണം കഴിഞ്ഞിട്ടുമതിയെന്ന്.'
'എന്തായാലും കുറഞ്ഞ സമയംകൊണ്ട് നിന്നെക്കുറിച്ചവള്‍ മനസ്സിലാക്കിയല്ലോ. നല്ല മതിപ്പാ നിന്നെക്കുറിച്ച്...'
'പോടാ...കയ്യില്‍ കാശില്ലാതെ പ്രേമിച്ച് നടക്കുന്നതിന്റെ വിഷമം നിങ്ങള്‍ക്ക് മനസ്സിലാവില്ല...'
വാല് : കൂട്ടുകാര്‍ മനസ്സിലാക്കിയില്ലെങ്കിലും ശ്രീനിയുടെ വിഷമം ഹൈമുവിന്റെ അച്ഛന് സാക്ഷാല്‍ ശ്രീധരന് ചേട്ടന് മനസ്സിലാക്കി. ഹൈമുവിനെ കാശുള്ള ഒരു ചെക്കനെ വേറെ കണ്ടുപിടിച്ചു. മംഗളവും പാടി.
Monday, April 14, 2008
Subscribe to:
Posts (Atom)
Popular Posts
-
എനിക്കെന്ത് എന്ന് ചിന്തിക്കുന്ന, എന്റെയാരുമല്ലല്ലോ എന്ന് ചിന്തിക്കുന്ന 1.1 ബില്ല്യന്‍ ഇന്ത്യാക്കാരില്‍ ഒരുവന്. ഇതേ ചിന്തയുമായി പ്രതികര...
-
ആത്മവിദ്യാലയമേ അവനിയിലാത്മവിദ്യാലയമേ... ആ വരികളിലെ അര്‍ത്ഥവും ആഴവും മനസ്സിലാവുന്നതിന് മുന്‍പുതന്നെ ഇഷ്ടപ്പെട്ടിരുന്ന, സംഗീതവാസന തൊട്ടുതീണ്ട...
-
'ഹല്ലോാാാ .... ഹൗ ആര് യൂ.... അയാം ഫൈന്‍.' ഇതു സാം രാജല്ലേ ? ഇവനെന്താ ഇങ്ങനെ എന്നാലോചിക്കണമെന്നുണ്ടായിരുന്നു എനിക്ക്. ചോദ്യവും ഉത്ത...
-
പുതിയ സ്ഥലം, പുതിയ ഭാഷ, പുതിയ ആള്ക്കാര്, എല്ലാം ഒന്ന് പരിചയപ്പെട്ട് വരുന്നതുവരെ അയലത്തെ മണിച്ചേച്ചിയുടെ മകന് കണ്ണന്റെ കൂടെ പോയി വരട്ട...
-
താന്‍ കൂവിയതുകൊണ്ടുമാത്രമാണ് നേരം വെളുത്തത്, ഇല്ലെങ്കില്‍ കാണാമായിരുന്നു എന്ന മട്ടില്‍ ധാരാസിംഗ് ഗോധയിലേക്കിറങ്ങുന്നപോലെ നെഞ്ചും വിരിച്ച്...