Sunday, December 30, 2007

ആത്മവിദ്യാലയമേ...പാഠം 1 - സ്മരണാഞ്ജലി

ആത്മവിദ്യാലയമേ
അവനിയിലാത്മവിദ്യാലയമേ...

ആ വരികളിലെ അര്‍ത്ഥവും ആഴവും മനസ്സിലാവുന്നതിന്‌ മുന്‍പുതന്നെ ഇഷ്ടപ്പെട്ടിരുന്ന, സംഗീതവാസന തൊട്ടുതീണ്ടിയിട്ടില്ലെങ്കിലും ഇടക്കൊക്കെ മൂളിയിരുന്ന ഇപ്പോഴും മൂളാറുള്ള (ആരും കേള്‍ക്കാതെ) എന്റെ എക്കാലത്തേയും ഇഷ്ടഗാനങ്ങളിലൊന്ന്‌.

(അതെങ്ങനെ സംഗീതം പഠിക്കണം പഠിക്കണന്ന്‌ നടന്നാല്‍ മതിയൊ. ചെന്ന്‌ കയറാന്‍ ഒരു സിംഹത്തിന്റെയെന്നല്ല ഒരു സിംഹവാലന്റെ മടപോലുമില്ല.)

അനുഗ്രഹീത കലാകാരന്‍ കമുകറ പുരുഷോത്തമന്‍ സാറിന്റെ അനേകം ഹിറ്റുകളിലൊന്ന്‌.

ഞാന്‍ ഇദ്ദേഹത്ത്‌ "സാര്‍' എന്നു വിളിക്കുന്നത്‌, അദ്ദേഹം എന്റെ സാറായതുകൊണ്ട്‌ തന്നെയാണ്‌ കേട്ടോ. എന്നുവച്ചാല്‍, സാക്ഷാല്‍ 'ഹെഡ്‌മാസ്റ്റര്‍'.

'അരുണാചലം ഹയര്‍ സെക്കന്ററി സ്കൂളിന്റെ' മതിലുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ മഹത്തായ, സംഭവബഹുലമായ ആറ്‌ വര്‍ഷം ഈയുള്ളവനുമുണ്ടായിരുന്നു.

6-ം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, കമുകറ സാറില്‍ നിന്നു തന്നെ ആ പാട്ട്‌ നേരിട്ട്‌ കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്‌. ക്ലാസ്സില്‍ സാറില്ലാതിരുന്ന സമയത്ത്‌ പകരക്കാരനായി വന്നതാണ്‌. ഞങ്ങല്‍ കുട്ടികളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി ഒരു പാട്ടു പാടി. ഒരു പക്ഷേ ഇത്രയും കുറച്ച്‌ ശ്രോതാക്കളുടെ മുന്നിലുള്ള സാറിന്റെ ആദ്യത്തെ പെര്‍ഫോമന്‍സ്സായിരുന്നിരിക്കണം അത്‌.

അതുമാത്രമല്ല, ഒരു അത്യപൂര്‍വ്വ ഭാഗ്യം കൂടെ ഈയുള്ളവന്‌ കിട്ടിയിട്ടുണ്ട്‌,

അന്തോണിച്ചനെപ്പോലെ കയ്യില്‍ അഞ്ചിന്റെ പൈസയില്ലാതെയാണ്‌ സ്കൂളിലേക്ക്‌ പോകുന്നത്‌. ഉണ്ടായിട്ട്‌ കൊണ്ടുപോകാത്തതല്ല. എന്നാലിവനെയൊന്നു സഹായിച്ചിട്ടുതന്നെ കാര്യം എന്നു കരുതിയിട്ടുണ്ടാവണം. ഇത്തിരി പൊന്നു തന്നു. പക്ഷേ പൊന്നാക്കിത്തന്നത്‌ എന്റെ ചെവിയായിരുന്നു എന്ന്‌ മാത്രം. അതും വെറും നിസ്സാര കാര്യത്തിന്‌..

എന്റെ അളിയന്‍ ഷാഹുലും എന്റെ ക്ലാസ്സില്‍ തന്നെയാണ്‌. പാഠ്യേതര കാര്യങ്ങളായ ഏതു തല്ലുകൊള്ളിത്തരത്തിനും 'അളി' ഏതോ പരസ്യവാചകം പോലെയാണ്‌ "എന്നും ഒരു ചുവട്‌ മുന്നില്‍'.

ഇന്റര്‍വെല്‍ സമയത്ത്‌ ബ്ലാക്ക്‌ബോര്‍ഡ്‌ മായ്ക്കാനുള്ള ഡസ്റ്റര്‍ എടുത്ത്‌ എറിഞ്ഞു 'സുന്ദരന്‌ പൗഡറിടല്‍' കളിക്കുന്ന ശിലമുണ്ടായിരുന്നു ഞങ്ങള്‍ക്ക്‌. അന്ന്‌ എറി കിട്ടിയത്‌ എനിക്കാണ്‌, എറിഞ്ഞത്‌ അളിയും. അവനെയിനി മഷിയിട്ട്‌ നോക്കിയാല്‍ കിട്ടില്ലാന്നറിയവുന്നതിനാല്‍ എന്നാല്‍പ്പിന്നെ ഇതിരിക്കട്ടെയെന്ന്‌ കരുതി ഓടുന്ന അവനെ ഉന്നം വച്ച്‌ ഒറ്റ കാച്ച്‌ കാച്ചി.

പുകഴ്ത്തൂകയാണെന്ന്‌ തോന്നരുത്‌ പണ്ടുതൊട്ടേ എനിക്ക്‌ ഭയങ്കര ഉന്നമാണ്‌. അതുകൊണ്ടുതന്നെ എറി ക്ര്യത്യം കൊണ്ടു... സാറിന്റെ തോളില്‍.

കയ്യില്‍ വടിയില്ലാതിരുന്നതിനാലോ എന്തോ അറിയില്ല, കിട്ടിയപാടെ ചെവിക്ക്‌ പിടിച്ച്‌ അതിന്റെ ക്വാളിറ്റി ചെക്ക്‌ നടത്തി ഐ.എസ്‌.ഐ. മുദ്രയും കുത്തി. രണ്ട്‌ ദിവസത്തേക്ക്‌ കാണുന്നവരൊക്കെ ചോദിച്ചു ചെവിക്കെന്ത്‌ പറ്റിയെന്ന്‌.

സാറിനെ ബ്ലാക്‌മെയില്‍ ചെയ്ത്‌ പാടിപ്പിച്ച ക്രെഡിറ്റും ഞങ്ങള്‍ അരുണാചലംകാര്‍ക്കാണ്‌.

സന്ദര്‍ഭത്തിന്‌ 'സ്കൂള്‍ ഡേ' വരെ കാത്തിരിക്കേണ്ടിവന്നു എന്നു മാത്രം.

'സ്കൂള്‍ ഡേ' ഞങ്ങളുടെ ആഘോഷങ്ങളുടെ ദിനങ്ങളാണ്‌. ഉത്സവത്തിന്റെ പ്രതീതിയാണ്‌ അരുണാചലത്തിന്‌. കലാകാരന്മാരും കായികതാരങ്ങളും തങ്ങളിലെ പ്രതിഭയെ പൊടിതട്ടിയെടുത്ത്‌ സടകുടഞ്ഞ്‌ രംഗത്തേക്ക്‌ വരും.

പൊടിതട്ടാത്തവരും സടകുടയാത്തവരും കുടയാന്‍ പൊടിയും സടയുമില്ലാത്തവരും കാണികളായി രാവിലെ തന്നെയെത്തും. അവര്‍ക്ക്‌ എങ്ങനെയും അര്‍മ്മാധിക്കാം (അദ്ധ്യാപകരുടെ കണ്ണില്‍പ്പെടാതെ).

ക്ര്യത്യമായിപ്പറഞ്ഞാല്‍...

പുരാതന കാട്ടുവാസികളുടെ കാതടപ്പിക്കുന്ന ട്രഡിഷണല്‍ പക്കവാദ്യത്തിന്റെ അകമ്പടിയോടെ, വാദ്യത്തിനൊപ്പം തുള്ളിത്തുള്ളി വന്ന വേഷപ്രശ്ചന്ന കാന്റിടേറ്റായ സീനിയര്‍ കോമളാങ്കിയുടെ ഓലകൊണ്ടു ചുറ്റിമറച്ച കാട്ടുവാസികളുടെ (സോ കാള്‍ഡ്‌) പാവാട അഴിഞ്ഞ്‌ വീഴുന്നതുവരെ.

"ഓലയാല്‍ മേഞ്ഞൊരു കൊമ്പുഗ്ര്യഹത്തിന്റെ..." എന്ന്‌ പരമന്‍ പത്തനാപുരം പാടിയപോലെ...

"ഓലയാല്‍ തുന്നിയൊരു പാവാടയഴിഞ്ഞതില്‍ മോങ്ങി നിന്നൊരു കോമളാങ്കി"യെ കൂവി പ്രോത്സാഹിപ്പിക്കുകയായിരുന്നു സീനിയറണ്ണന്മാര്‍.

കോമളാങ്കി കരഞ്ഞ്‌ കൊണ്ട്‌ സ്റ്റേജില്‍ നിന്നറങ്ങിപ്പോയെങ്കിലും അണ്ണന്മാരുടെ കൂവലിന്റെ ശക്തി കുറഞ്ഞില്ല. പോരാത്തതിന്‌ 'ഒണ്‍സ്‌ മോര്‍'-ന്റെ ഒരു നിലക്കാത്ത പ്രവാഹം തന്നെയാനിരുന്നു പിന്നെയവിടെ. (ശരിക്ക്‌ കണ്ട്‌ വിലയിരുത്താന്‍ പറ്റിയില്ലാത്രേ).

സിറ്റുവേഷന്‍ കൈകാര്യം ചെയ്യാന്‍ സ്റ്റേജില്‍ കയറിയ സാറിനോട്‌ "സാര്‍ പാടിയാല്‍ കൂവല്‍ നിര്‍ത്താം" എന്ന വ്യവസ്തയില്‍ കൂവല്‍ നിര്‍ത്തി.

ഒരിക്കല്‍ക്കൂടെ ആ ഗാനമാധുരി ആസ്വദിക്കാനായി. ഇനിയതിന്‌ കഴിയില്ലെങ്കിലും.

വാല്‍ : സാറിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന ഞങ്ങളെല്ലാം ഭാഗ്യവാന്മാരാണെന്ന ഓര്‍മ്മ എപ്പോഴും ഞങ്ങളുടെ മനസ്സിലുണ്ടാകും സാറിനെപ്പോലെ, സാറിന്റെ പാട്ടുപോലെ...

മാതാ പിതാ ഗുരു ദൈവം എന്നല്ലേ. ദൈവത്തിന്‌ താഴെ സ്വര്‍ഗ്ഗത്തിരുന്ന്‌ സാര്‍ ഇപ്പോഴും പാടുന്നുണ്ടാവുമോ...

"ഈശ്വരചിന്തയിതൊന്നേ മനുഷ്യന്‌ ശാശ്വതമീയുലകില്‍..."

ആ നല്ല സ്മരണകള്‍ക്കുമുന്നില്‍ കണ്ണുനീരിന്റെ നനവോടെ ..... ഗുരുവേ നമഃ
Related Posts Plugin for WordPress, Blogger...

Popular Posts